തര്‍ജ്ജനി

മുഖമൊഴി

അവിശ്വാസത്തിന്റെ ജലനിരപ്പ്

നമുക്ക്‌ മനസിലാകാതെ പോകുന്ന ധാരാളം വാദങ്ങള്‍ ഇക്കാലത്തെ പല വിവാദങ്ങളിലുമടങ്ങിയിട്ടുണ്ട്‌. അതിനാല്‍ തന്നെ അവ എളുപ്പം പരിഹരിക്കപ്പെടുമെന്നും കരുതുകവയ്യ. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും മുതലെടുക്കുന്നവര്‍ക്കും സത്യത്തില്‍ അവയുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌, അത്‌ ഭീകരവും തലമുറകളോളം നിലനില്‍ക്കവുന്നതാണെന്നറിയാമെങ്കിലും അത്ര വേവലാതിയൊന്നുമില്ല. മുല്ലപ്പെരിയാര്‍ പ്രശ്നം ഒരു ഉദാഹരണമായെടുക്കാം. എന്തുകൊണ്ടാണ്‌ തമിഴ്‌നാട്‌ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കുന്നതിന്‌ ഇങ്ങനെ എതിര്‍ നില്‍ക്കുന്നത്‌ എന്നത്‌ നമുക്ക്‌ മനസിലാകാത്ത കാര്യമാണ്‌. തമിഴന്റെ വെള്ളം എന്നത്‌ അണക്കെട്ടിന്റെ ബലത്തെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌ എന്നതിനാല്‍ അവര്‍ക്കാണ്‌ ഇത്തരം പരിശോധനയില്‍ കൂടുതല്‍ താത്പര്യം ഉണ്ടാവേണ്ടത്‌. പകുതി കേരളം കടലിലേക്ക്‌ ഒഴുകിപ്പോകും എന്ന ദുരന്തം അവിടെ നില്‍ക്കട്ടെ. കാരണം അത്‌ ഏത്‌ അണ പൊട്ടിയാലും സംഭവിക്കാവുന്നതേയുള്ളൂ. എന്നാല്‍ ആരെങ്കിലും ഒരാള്‍ അണക്കെട്ടിന്റെ മുകളില്‍ നിന്നു തുമ്മിയാല്‍ പോലും തമിഴ്‌നാട്ടില്‍ വലിയ കോളിളക്കമുണ്ടാവുകയാണ്‌.

അണക്കെട്ട്‌ പരിശോധിക്കുന്നതിനെ തമിഴ്‌നാട്‌ തടയുന്നതെന്തുകൊണ്ടാവാം? അതിന്‌ ബലക്ഷയമുണ്ട്‌ എന്ന് നാം പറയുന്നത്‌ ശരിവെക്കുകയാണ്‌ തമിഴ്‌നാട്‌ അണ പരിശോധിക്കുന്നത്‌ തടയുന്നതിലൂടെ ചെയ്യുന്നത്‌ എന്ന അച്ച്യുതാനന്ദന്റെ പ്രസ്താവന തന്റെ വാദമുറപ്പിക്കാന്‍ ഒരുപക്ഷേ മതിയായേക്കാം, സത്യമതല്ല. കാരണം അണയ്ക്ക്‌ ബലക്ഷയമുണ്ടായാല്‍ അത്‌ തമിഴ്‌നാടിനേയും ബാധിക്കും. അതവര്‍ക്കും അറിയാം. നാം പരിശോധിക്കുന്നു എന്നതിനെയാണ്‌ തമിഴന്‍ ഭയക്കുന്നത്‌. ഇത്‌ മനസിലാക്കണമെങ്കില്‍ പ്രതിപക്ഷ നേതാവായിരുന്ന അച്ച്യുതാന്ദന്റെ ചില പ്രസ്താവനകള്‍ പരിശോധിക്കേണ്ടതുണ്ട്‌. തമിഴ്‌നാട്‌ ജലമൂറ്റുന്നു എന്നതായിരുന്നു അതിലൊന്ന്‌. ഇതുകേട്ടാല്‍ തോന്നുക തമിഴന്‍ ബക്കറ്റും പാട്ടയുമെടുത്ത്‌ പതിരാത്രിയില്‍ ആരും കാണാതെ മുല്ലപ്പെരിയാറില്‍ നിന്ന് ജലം മോഷ്ടിക്കുകയോ അനധികൃതമായി ദ്വാരമിട്ട്‌ ജലം കടത്തിക്കൊണ്ട്‌ പോവുകയോ ചെയുന്നു എന്നാവും. സത്യത്തില്‍ മുല്ലപ്പെറിയാര്‍ ഡാം നിര്‍മ്മിച്ചതു തന്നെ തമിഴ്‌നാടിന്‌ ജലം നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്‌. ഇനി അങ്ങനെ അല്ലായിരുന്നെങ്കില്‍ കൂടി വെള്ളത്തിന്‌ ആവശ്യവുമായി വരുന്ന ആള്‍ക്ക്‌ അത്‌ നല്‍കുക എന്നത്‌ ഒരു നല്ല കാര്യമാണ്‌. നമ്മുടെ ഭാഷയില്‍ ഏറ്റവും ദുഷ്ടനായ ആളെ മാത്രമെ വള്ളം നല്‍കാത്തെയാള്‍ എന്ന് വിശേഷിപ്പിക്കാറുള്ളൂ.

മുഖ്യമന്ത്രിയയതിനു ശേഷം അച്ച്യുതാന്ദന്‍ ഈ പ്രസ്താവന തിരുത്തിയിട്ടുണ്ട്‌. എന്നാല്‍ തമിഴന്‌ അതില്‍ വിശ്വാസമില്ല. കാരണം ജലമൂറ്റുന്നു എന്ന് ആരോപണം നടത്തുകയും പ്രകൃതിവിഭവങ്ങള്‍ നമ്മുടേതെന്ന സ്വാര്‍ഥമായ ലാക്കോടെ കാണുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയും അതിന്റെ നേതാവുമാണ്‌ ഭരണത്തില്‍. അപ്പോള്‍ ഇങ്ങനെ ഒരു പരിശോധന തങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‌ പിന്‍ബലമായികാണിക്കാന്‍ അതില്‍ കൃതൃമത്വം കാട്ടി അവതരിപ്പിക്കാന്‍ കേരളം ശ്രമിക്കും എന്ന ഭയമാണ്‌ തമിഴ്‌നാടിന്‌.

നമ്മുടെ നാല്‍പത്തിനാലുനദികളും തമിഴ്‌നാട്ടിലേക്ക്കൂടി തിരിച്ചുവിടുകയാണ്‌ പറ്റുമെങ്കില്‍ വേണ്ടത്‌. നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതരത്തില്‍ കരാറുണ്ടാക്കുകയാവാം. നമുക്ക്‌ കറണ്ട്‌ വേണം പച്ചക്കറിവേണം എടുക്കുന്ന വെള്ളത്തിന്റെ കണക്കുവേണം അതിന്‌ ന്യായമായ പ്രതിഫലം വേണം, നമ്മുടെ സുരക്ഷിതത്വത്തിന്‌ ഭീഷണിയുണ്ടാവരുത്‌. സര്‍വ്വോപരി നമ്മുടെ നിയന്ത്രണത്തിലാവണം തുടങ്ങി എല്ലാ നിബന്ധനകളും നമുക്ക്‌ വെയ്ക്കാം. പക്ഷേ വെള്ളം തരില്ല എന്നു പറയാന്‍ നമുക്ക്‌ അവകാശമില്ല. അങ്ങനെ പറയുകയുമരുത്‌. നമ്മുടെ ആവശ്യത്തില്‍ കഴിഞ്ഞുള്ള വെള്ളമേ നല്‍കേണ്ടതുള്ളൂ. ഇത്‌ തമിഴന്റെ കാര്യത്തില്‍ മാത്രമല്ല ആരുടെ കാര്യത്തിലും പ്രയോഗികമാണ്‌. ഇക്കാണുന്ന നദികളൊന്നും നമ്മുടെ അധീനതയിലായത്‌ നമ്മുടെ തറവാട്ടുസ്വത്തായി ഭാഗം വെച്ച്‌ കിട്ടിയതിനാലല്ല. സംസ്ഥാനങ്ങളുടെ വിതം വെപ്പില്‍ പരിഗണിക്കപ്പെട്ടാല്‍ വീതം വെപ്പുതന്നെ അസാദ്ധ്യമാകുമെന്നുകണ്ടതിനാല്‍ പണ്ടുള്ളവരുടെ കാരുണ്യത്തില്‍ നമ്മുടെ നിയന്ത്രണത്തിലായിപ്പോയതാണ്‌ ഈ നദികള്‍. പല അളവുകോലുണ്ടായതില്‍ ഒരു അളവുകോല്‍, ഭാഷാടിസ്ഥാനം എടുത്തപ്പോള്‍ ചെരിയൊരു പിശക്‌.

അതിനാല്‍ ആദ്യം വേണ്ടത്‌ തമിഴിന്റെ വിശ്വാസമാര്‍ജ്ജിക്കുക എന്നതാണ്‌.

സുബൈര്‍, തുഖ്‌ബ
Subscribe Tharjani |