തര്‍ജ്ജനി

കഥ

ചാറ്റുമുറിയിലെ പ്രണയം

പൂവില്‍ക്കുന്നവരുടെ തെരുവിനപ്പുറം ചാരനിറം പൂണ്ടുനിന്ന ആ തെരുവ്‌ പണ്ടെങ്ങോ തന്റെ ഓര്‍മകളില്‍ നിന്നും നഷ്ടപ്പെട്ടുപോയ ഒന്നാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. റമ്പര്‍ കത്തിയെരിയുന്ന ദുര്‍ഗന്ധം ഒരു പായല്‍ പോലെ കൊഴുത്ത്‌ കിടക്കുന്ന തെരുവോരം. പ്രവേശനകവാടത്തിന്റെ മുകളില്‍ എഴുതിവെച്ച പ്രാചീനവും വികൃതവുമായ അക്ഷരങ്ങള്‍. സന്ദേശങ്ങളില്‍ പെണ്‍കുട്ടി എഴുതിയതുപോലെ. തനിക്കുപ്രിയപ്പെട്ട തെരുവിലൂടെ വീണ്ടും നടക്കുന്നപോലെ ഒരു ലാഘവത്വം പെട്ടെന്ന്‌ കാലുകളെ ഗ്രസിക്കുന്നത്‌ അയാള്‍ അറിഞ്ഞു.

മടുപ്പുളവാക്കുന്ന വേളകളിലൊക്കെയും സാന്ത്വനവുമായി കടന്നുവരുന്ന ചാറ്റുമുറിയിലെ സുന്ദരിയെ അയാള്‍ ഓര്‍ത്തു. അവള്‍ ആദ്യമായി കടന്നുവന്നത്‌ ഒരു വൈറസ്‌ പോലെയായിരുന്നു. ചാറ്റുമുറിയെ വിറപ്പിച്ചുകൊണ്ട്‌, ചാട്ടുളിയുടെ മൂര്‍ച്ചയുള്ള വാക്കുകളോടെ.

അയാളുടെ സ്വകാര്യതകളിലേക്ക്‌ ഇറങ്ങിചെല്ലുവാന്‍ അവള്‍ ധൈര്യം കാണിച്ച ഒരു നിമിഷമാണ്‌ അയാള്‍ക്ക്‌ അവളോട്‌ പ്രണയമുണ്ടാവുന്നത്‌. കല്ല്യാണത്തെകുറിച്ച്‌ അയാള്‍ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഒരു തമാശയായിട്ടാണ്‌ എല്ലാം തുടങ്ങിയത്‌. കള്ളപ്പേരിലുള്ള ഇ മെയിലില്‍ വന്ന്‌ നിറയുന്ന അനേകം മെയിലുകള്‍ക്കിടയില്‍ ഒരു രഹസ്യ അറയുടെ വാതില്‍ ഒരു ദിവസം പതുക്കെ തുറക്കുന്നു. ലാവണ്യയെന്നായിരുന്നു അവളുടെ പേര്‌. പേരുപോലെ ഗ്രമീണനിഷ്കളങ്കതയുടെ ലാവണ്യം അവള്‍ അയച്ചുതന്ന ചിത്രത്തിനുണ്ടായിരുന്നു. അമ്മയുടെ തുടരെതുടരെയുള്ള നിര്‍ബന്ധമുണ്ടായിട്ടും പലകാര്യങ്ങളുടെ രക്തസമ്മര്‍ദ്ദങ്ങളില്‍ കുരുങ്ങി, വിവാഹം നീണ്ടുനീണ്ടു പോയത്‌ അന്നേരമാണ്‌ ഓര്‍മിക്കുന്നത്‌.

പിന്നെയും അവള്‍ കടന്നുവന്നു. ചിലപ്പോല്‍ ഒരു മൂളിപ്പാട്ട്‌ ചുണ്ടുകളില്‍ ഒളിപ്പിച്ചുവച്ചുകൊണ്ട്‌. മറ്റുചിലപ്പോള്‍ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാന്‍ ചില തമാശകളുടെ നനുത്ത ചിരി അവശേഷിപ്പിച്ചുകൊണ്ട്‌. അപ്പോഴൊക്കെ ഒരു പനനീര്‍ പൂവിന്റെ സുഗന്ധം അയാള്‍ക്കനുഭവപ്പെടുമായിരുന്നു.

"നീ കണ്ടുവെച്ച അരായാലും എനിക്ക്‌ സമ്മതാ. നിനക്ക്‌ തെറ്റുപറ്റില്ല്യാന്ന്‌ ഈ അമ്മയ്ക്കുറപ്പുണ്ട്‌ " ഫോണിലൂടെ വര്‍ഷങ്ങളുടെ ആയാസം പേറിയെത്തിയ അമ്മയുടെ ശബ്ദത്തില്‍ ആസ്തമ വലിഞ്ഞുനിന്നിരുന്നു.

ഇതുവരെ ആഞ്ജാതനായ താന്‍ ഇന്നെല്ലാം വെളിവാക്കുവാന്‍ പോകുകയാണെന്ന ചിന്ത അയാളുടെ ചങ്കിടിപ്പിച്ചു. വെറും അക്ഷരങ്ങളായി മാത്രം അനുഭവിച്ച ഒരാളെ ലാവണ്യ എങ്ങിനെയാവും തിരിച്ചറിയുക? ഫോട്ടോ അയക്കണം എന്ന അവളുടെ ആവശ്യങ്ങള്‍ക്കൊക്കെ പുഞ്ചിരിയോടെ ചില തമാശകളെഴുതി വഴുതിമാറുകയായിരുന്നല്ലോ ഇത്രനാളും.

നഗരം പെട്ടെന്നാണ്‌ അപരിചിതമാവാന്‍ തുടങ്ങിയത്‌. ഗലികള്‍ ഇടുങ്ങി വന്നു. ജീര്‍ണ്ണതയുടെ മേലങ്കിയണിഞ്ഞ്‌ കെട്ടിടങ്ങള്‍ ഏതുനിമിഷവും ഇടിഞ്ഞുവീഴുമെന്ന്‌ തോന്നിച്ചു. പ്രാചീനവും അസഹ്യവുമായ ഗന്ധം ചുറ്റും നിറഞ്ഞു. എന്നാല്‍ നഗരഭുപടത്തില്‍ തീര്‍ത്തും അപ്രസക്തമായ ഇറച്ചിക്കടയ്ക്കരികെ ചുവന്ന ഒരു അടയാളം കണ്ടപ്പോള്‍ അയാളുടെ നെഞ്ചിടിപ്പ്‌ വര്‍ദ്ധിക്കുകയാണുണ്ടായത്‌. ലാവണ്യ എപ്പോഴും തനിക്കെതിരെ പ്രയോഗിക്കാറുള്ള പ്രണയത്തിന്റെ രക്തം വാര്‍ന്നൊഴുകുന്ന ഹൃദയം. പെട്ടെന്നാരോ വരച്ചുകടന്നുകളഞ്ഞതുപോലെ അതില്‍ നിന്നും ചായം അപ്പോഴും താഴേക്ക്‌ ഒഴുകുന്നതുപോലെ തോന്നിച്ചു.

അയാള്‍ക്ക്‌ മുന്നില്‍ ഓരോ അടയാളങ്ങളും അപ്പപ്പോള്‍ തെളിഞ്ഞുവന്നു. ഗലിയിലെ ദുര്‍ഗന്ധം വമിക്കുന്ന ഓടയ്ക്കപ്പുറം നരച്ച കെട്ടിടങ്ങളുടെ ഒരു നിരയാണ്‌. പന്ത്രണ്ടാം നമ്പര്‍ കെട്ടിടത്തിലെ നാലാം നിലയിലെ രണ്ടാമത്തെ ഫ്ലാറ്റിന്റെ ചാരനിറത്തിലുള്ള വാതിലിനുമുന്നില്‍ ഇത്തിരി നേരം അയാള്‍ നിന്നു. അവള്‍ പറഞ്ഞ ചുവന്ന അടയാളം ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തി കാളിംഗ്‌ ബെല്ലില്‍ വിരലമര്‍ത്തി അയാള്‍ ഒരു നിമിഷം കാത്തു. ഒരു പെണ്‍കുട്ടി വാതിലിനടുത്തേക്ക്‌ നടന്നടുക്കുന്നതും ചെറിയ ഒരു കരച്ചിലോടെ വാതില്‍ തുറക്കപ്പെടുന്നതും തെല്ലൊരു കോരിത്തരിപ്പോടെ അറിഞ്ഞു. ഞെട്ടിവിറച്ചുപോയി. വാതിലില്‍ വിടര്‍ന്ന്‌ നില്‍ക്കുന്ന പെണ്‍കുട്ടി ലാവണ്യ തന്നെയോ? കറുത്ത മുഖത്ത്‌ വെളുത്ത പല്ലുകളും ചടച്ച കണ്ണുകളും മാത്രമേ അയാള്‍ കണ്ടുള്ളൂ. കണ്ണുകളില്‍ തെല്ലിട അയാളുടെ നോട്ടം ഉടക്കിനിന്നു. ചത്ത ഒരു പരല്‍മല്‍സ്യത്തിന്റെ നിര്‍വികാരതയത്രയും മരവിച്ചുകിടക്കുന്ന, ചാരനിറംപൂണ്ട ഒരു ചാവുകടല്‍പോലെ. കംപ്യൂട്ടര്‍ മോണിറ്ററില്‍ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന ആ കണ്ണുകളുടെ വശ്യത എവിടെ. അവളുടെ ചുണ്ടുകളുടെ കോണൂകളില്‍ ഒളിപ്പിച്ചുവെച്ച നിതാന്തമായ പുഞ്ചിരിയെവിടെ. കലങ്ങിയ വെള്ളത്തിനു മീതേക്ക്‌ പെട്ടെന്ന്‌ ഉയര്‍ന്ന വന്ന പരല്‍മീനിനെ പോലെ അവളുടെ കണ്ണുകള്‍ കൂര്‍ക്കുകയും കൂടുതല്‍ വികൃതമാകുകയും ചെയ്തു.

"ആരാ?" അരോചകമായ ശബ്ദത്തില്‍ പെണ്‍കുട്ടി ചോദിച്ചു.

അയാള്‍ക്ക്‌ ശബ്ദിക്കാനായില്ല. വറ്റിയ തൊണ്ടയില്‍ മുള്ളുതടയുന്നുണ്ടോ? ശബ്ദത്തിനായി അയാള്‍ ഇത്തിരി നേരം പരതി.

"ഞാന്‍ ഒരാളെ പ്രതീക്ഷിക്കയായിരുന്നു. അയാളാണെന്നു വിചാരിച്ചു, ആദ്യം"

അവളുടെ മുഖം അല്‍പം കറുത്തുത്തുടുത്തു. ലജ്ജയാല്‍ അവള്‍ വാതിലിന്റെ നിഴല്‍പാടുകളിലേക്ക്‌ നീങ്ങി.

"കുട്ടി ആരെയാ പ്രതീക്ഷിക്കുന്നത്‌?" അയാള്‍ അപ്പോള്‍ ചങ്കിടിപ്പോടെ ചോദിച്ചു.

"എനിക്കറിയില്ല. പക്ഷേ ഞാനയാളെ സ്നേഹിക്കുന്നു, കുറേ നാളുകളായിട്ട്‌. ഞാനയാളെ ഇതുവരെ കണ്ടിട്ടില്ല."

"അറിയാത്ത, ഒരിക്കലും കാണാത്ത ഒരാളെ എങ്ങിനെയാണ്‌ സ്നേഹിക്കുന്നത്‌." പരിഭ്രമത്തെ വിളറിയ ഒരു ചിരിയാല്‍ മറച്ചുകൊണ്ട്‌ അയാള്‍ പെണ്‍കുട്ടിയെ നോക്കി.

"എനിക്കറിഞ്ഞുകൂടാ. അയാളുടെ അക്ഷരങ്ങളില്‍ എല്ലായിപ്പോഴും സ്നേഹം തുടിച്ചിരുന്നു. ഞാന്‍ ആ അക്ഷരങ്ങളെയാണ്‌ സ്നേഹിക്കുന്നത്‌. ആരുമില്ലാത്ത എനിക്ക്‌ സ്നേഹം പകര്‍ന്ന അക്ഷരങ്ങളെ"

പൊടുന്നനെ അവളുടെ കണ്ണുകള്‍ നിറഞ്ഞു. ശബ്ദം നേര്‍ത്തു.

ഏതു സുന്ദരമുഖത്തും തിരിച്ചറിയാത്ത ഒരു വൈരൂപ്യമുണ്ടെന്നും വൈകൃതത്തിലും സൗന്ദര്യത്തിന്റെ ചില അംശങ്ങളുമുണ്ടെന്നും അന്നേരം അയാള്‍ക്ക്‌ തോന്നി. എന്നാല്‍ പ്രണയം ഇതിനുരണ്ടിനുമിടയ്ക്കാവുമ്പോള്‍, സങ്കല്‍പ്പങ്ങള്‍ പലപ്പോഴും സൗന്ദര്യാത്മകമാവുമ്പോള്‍ തിരഞ്ഞെടുപ്പ്‌ സങ്കീര്‍ണമാകുന്നു.

"സോറി. ഫ്ലാറ്റു നമ്പര്‍ മാറിയതാണ്‌" എന്നുപറഞ്ഞ്‌ പെട്ടെന്ന്‌ അവിടെ നിന്നും ഓടി ഒളിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. എന്നാല്‍ അതിനുമുമ്പേ പെണ്‍കുട്ടി വാതിലടച്ച്‌ കരയുന്നതിന്റെ അടക്കിയ ശബ്ദം അയാളുടെ കാതുകളെ കുത്തിമുറിവേല്‍പ്പിക്കാന്‍ തുടങ്ങി.

അയാള്‍ വാതിലില്‍ മുട്ടിയപ്പോള്‍ ഒരു ഏങ്ങലോടെ പെണ്‍കുട്ടി പറയുന്നത്‌ അയാള്‍ കേട്ടു.

"വേണ്ട, ഫ്ലാറ്റു നമ്പര്‍ മാറി വന്ന ഒരാളോട്‌ ഞാനെന്തിന്‌ എന്റെ സങ്കടങ്ങള്‍ പറയുന്നു. ഞാന്‍ സ്നേഹിച്ചിരുന്നത്‌ അക്ഷരങ്ങളെയായിരുന്നു. സാന്ത്വനം പകരുന്ന അക്ഷരങ്ങളെ മാത്രം."

കരച്ചിലിന്റെ തിരയടങ്ങിയപ്പോള്‍, പെണ്‍കുട്ടിയുടെ ഉറച്ച കാല്‍ വെയ്പ്പുകളുടെ ശബ്ദം അകന്നുപോകുന്നത്‌ വ്യക്തമായും കേട്ടുതുടങ്ങി. അത്‌ ഒരു കരച്ചിലിന്റെ അലകളായി ഏതോ ഗുഹാമുഖത്ത്‌ ചെന്ന്‌ അവസാനിക്കുന്നതു പോലെ അയാള്‍ക്ക്‌ തോന്നി.

നരച്ച കെട്ടിടത്തിന്റെ ചവിട്ടുപടികള്‍ ഒന്നൊന്നായി ഇറങ്ങുമ്പോള്‍ അസ്വസ്ഥമായ ഒരു വേദന അയാളെ അലട്ടുവാന്‍ തുടങ്ങി.

ഹക്കിം ചോലയില്‍
Subscribe Tharjani |
Submitted by jins (not verified) on Fri, 2011-12-23 23:30.

wow very good