തര്‍ജ്ജനി

കവിത

ശവസൌഗന്ധികം

കറുത്ത വിഷപുഷ്പമാണ് എന്റെ പ്രേമം.
സ്പര്‍ശിക്കാതിരിക്കാന്‍ മുള്ളുകള്‍ കാവല്‍ നില്ക്കുന്ന
മണക്കുന്ന മാത്രയില്‍ മരണം ഉറപ്പാകുന്ന
ഇരുണ്ടു നീലിച്ച ഒരു പൂവ്,
കിളികളും തേനീച്ചകളും പതംഗങ്ങളും
-സര്‍വ്വരും ഉപേക്ഷിച്ച ശ്മശാനകുസുമം.

ശവശരീരത്തിന്റെ വാസനയുമായി
അമാവാസിനിശയില്‍ വിടര്‍ന്നയുടനെ കൊഴിയും
സര്‍പ്പശിരസ്സാര്‍ന്ന ഇതളുകളാണതിന്ന്.
(പിശാചിന്റെ പൂജാമാല്യം പോലെ!!)

തുറന്നു പറയാം വായനക്കാരാ...
എന്റെ ജീവിതം ഒരു ജീവിതമേയല്ല.
വജ്രധാര്‍ഷ്ട്യമാണ് വികാരങ്ങള്‍ക്ക്,
നിറവേറാത്തതാണ് ആഗ്രഹങ്ങള്‍.
മുറിവേറ്റ വനവ്യാഘ്രം പോലെ
അമറുകയാണീ അതൃപ്തജന്മം.

ഓ...ലതാ...
ഗൃഹാരാമത്തില്‍ മാത്രം പാറിപ്പറക്കും
ചെറുപുള്ളിച്ചിറകും ഓമല്‍ച്ചുവടുവയ്പുമുള്ള
പാപം എന്തെന്നറിയാത്ത
പാവം പൂമ്പാറ്റക്കുരുന്നാണല്ലോ നീ.
നിന്നെ ഭക്ഷിക്കാന്‍ മെല്ലെ ഇഴഞ്ഞടുക്കുന്ന
കാട്ടുഗൌളിയാണെന്റെ കാമം.

പി സലിം‌രാജ്

1968-ല്‍ ജനനം. തൃശൂരിലെ തളിക്കുളം സ്വദേശം.
പുസ്തകങ്ങള്‍: ഒരാള്‍ പ്രണയത്തെ അനുഭവിച്ച വിധം, വിപ്ലവഗാനങ്ങള്‍, അക്ഷരനന്മ, പാര്‍ട്ടിയെന്നാല്‍ എന്നീ കവിതാസമാഹാരങ്ങള്‍
പു.ക.സാ. സംഘം തൃശൂര്‍ ജില്ലാ കമ്മറ്റി അംഗമാണ്. ലിറ്റില്‍ മാഗസിന്‍, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനാണ്.

വിലാസം: പി. സലിം‌രാജ്, തളിക്കുളം പി. ഒ., തൃശൂര്‍ 680569
ഫോണ്‍: 0487 2601078

Subscribe Tharjani |