തര്‍ജ്ജനി

കവിത

മഴക്കാല വിശേഷങ്ങള്‍

നിവര്‍ത്തിവച്ച കുട പോലെ വീട്‌
തുലാമഴയും ഇടവപ്പാതിയും കൊണ്ട്‌
ചോര്‍ന്നൊലിക്കുന്നു..
വരച്ചുവച്ച വീടിന്റ രേഖാചിത്രം
മടക്കിയുണ്ടാക്കിയ കടലാസ്‌സു വള്ളം
ജലഫണം ചുഴറ്റിയെറിയുന്നു.

നുണക്കുഴികള്‍ പൊടിയുന്ന
അച്ഛന്‍കോവിലാറ്‌
കുണ്ടുകള്‍ വിട്ട്‌ പുറത്തിറങ്ങി
കടവുകളിലും കാവുകളിലും
പിച്ചവച്ചു പരന്നൊഴുകുന്നു..

ജലമയം പുരണ്ട കാവ്‌
എടുപ്പുകുതിരകളായ്‌
വെയില്‍ച്ചില്ലുകള്‍ ചൂടി
കാറ്റില്‍ അലുക്കുകളിളക്കുന്നു.
മഴയില്‍ കെടാത്ത തീയുമായ്‌
പറമ്പിലെ ഭൂരുഹങ്ങള്‍
'ആല്‌'വിളക്കെഴുന്നള്ളിപ്പിന്റ
ആനന്ദമൂര്‍ച്ഛയില്‍....

തോര്‍ച്ചയില്‍,
ഇലകളില്‍ കണ്ണുവിരിഞ്ഞ്‌
ഭൂമി പിറക്കുന്നതു കാണാം..
പൊത്തുകളില്‍ തിരുകിവച്ച
സ്വനസ്തരങ്ങളില്‍ മഴക്കൂരാപ്പ്‌
സിംഫണി ചിട്ടപ്പെടുത്തും
ഏങ്ങലടികള്‍ നിലക്കാത്ത
പിഞ്ചുലതകളുടെ നിഴലനക്കം,
ജാലകം തുറന്നാല്‍
തിളങ്ങാന്‍ തുനിയുന്നതു കാണാം..

ഒരു മഴകൂടിയിരമ്പുന്നുണ്ട്‌,
കുട നിവര്‍ന്നിരിപ്പുണ്ട്‌.
ഞാനതിലേക്കു ചുരുണ്ടുകൂടട്ടെ.
വെയില്‍ വീണാല്‍ മഷികുടഞ്ഞ്‌
മറ്റൊരു വിശേഷം കുറിക്കാം...

ശ്രീകൃഷ്ണദാസ് മാത്തൂര്‍
Subscribe Tharjani |