തര്‍ജ്ജനി

കവിത

മൊബൈല്‍ പാടുന്നു

നാട്ടിന്‍പുറത്തു നിന്നും നഗരത്തിലെത്തിയപ്പോള്‍
അവള്‍ക്കും കിട്ടി ഒരു മൊബൈല്‍
സഹൃദയനായ ചെറുപ്പക്കാരന്റെ സമ്മാനം
അതിന് അവളുടെ ഹൃദയത്തിന്റെ ആകൃതിയായിരുന്നു
ആദ്യമൊക്കെ അത് അവളെ വല്ലാതെ പേടിപ്പിച്ചു
പിന്നെ പലതും പഠിപ്പിച്ചു
പിന്നെപ്പിന്നെ
അത് നിശ്ശബ്ദജാഗ്രതയുടെ പ്രതിരൂപമായി
അവള്‍ക്കൊപ്പം സഞ്ചരിച്ചു
ഇടയ്ക്കിടെ വെട്ടം വീഴ്ത്തിയ അതിലെ മുഖത്തെഴുത്തുകള്‍
അവളുടെ സ്വകാര്യതകളെ ഒന്നൊന്നായി വിവൃതമാക്കി

സന്ദേശം ഒന്ന് :
ചുണ്ടുകള്‍ ഐസ്ക്രീം നുണഞ്ഞു
അവള്‍ ക്ലാസില്‍ നിന്നും ഇറങ്ങി

സന്ദേശം രണ്ട് :
കാഴ്ചബംഗ്ലാവിലെ തണലുകള്‍ ഇരുണ്ടു
അവള്‍ കലാലയം മുറിച്ചു കടന്നു

സന്ദേശം മൂന്ന് :
തിരശ്ശീലയില്‍ അവളുടെ മുഖം വലുതായി
അവള്‍ ഇരുട്ടിനെ സ്നേഹിച്ചു

സന്ദേശം നാല് :
ശരീരമാകെ കടല്‍ക്കാറ്റ് നനഞ്ഞു
അവള്‍ നഗരാതിര്‍ത്തികള്‍ പിന്നിട്ടു

സന്ദേശം അഞ്ച് :
അടഞ്ഞമുറിയില്‍ നീല വെളിച്ചം ഇരമ്പി
അവള്‍ ഭൂതകാല നിറങ്ങള്‍ മറന്നു

സന്ദേശം ആറ് :
ഇഷ്ടമാണ് പക്ഷേ....
അവള്‍ തന്നിലേയ്ക്കു തിരിച്ചു വന്നു

സന്ദേശം ഏഴ് :
താങ്ക്സ് ഫോര്‍ എവരിതിംഗ്..ഗുഡ് ബൈ

അവള്‍ ആകാശ ചുംബിയായൊരു
തുറസ്സിലേയ്ക്കു കയറുന്നു
ചുട്ടു പഴുത്ത തുറസ്സില്‍ അനാഥമായ ആ മൊബൈല്‍
ആരുടെയോ ഇഷ്ടരാഗം മൂളി
എന്നാല്‍
കാവല്‍ക്കാരന്റെ കാലൊച്ചയില്‍ പാട്ടു മറന്ന്
പെട്ടെന്ന്
അതൊരു കളിപ്പാട്ടമായി.

പി ആര്‍ ഹരികുമാര്‍
Subscribe Tharjani |