തര്‍ജ്ജനി

ഭ്രാന്ത്

എങ്ങുനിന്നെന്നില്ലാതെ
നമുക്കുമേല്‍ ചാടിവീഴും
തെരുവില്‍, ജീവിതതിരിവുകളില്‍
ഓര്‍മ്മച്ചതുപ്പില്‍
എപ്പോഴെന്നില്ലാതെ
നാം ആക്രമിക്കപ്പെടും.
ഇഷ്ടനഷ്ടങ്ങളുടെ ചതുരംഗത്തില്‍
ദുശ്ശകുനങ്ങളുടെ കണക്കെടുപ്പില്‍
ദുരന്തത്തില്‍ ചോരമണത്തില്‍
അഭിമാനച്യുതിയില്‍
തൃഷ്ണയൊടുങ്ങലില്‍
ഏകാന്തതയില്‍
എവിടെ വച്ചും
പതിയിരുന്ന് നമ്മെ പിടികൂടും
ഉഗ്രപ്രസരത്തില്‍ തളര്‍ത്തിയിടും
മനഃപ്പാളികളില്‍ ചൂണ്ടക്കൊളുത്തിട്ട്
അധിനിവേശം ഉറപ്പിക്കും.
ഭ്രമക്കുതിരകളെ വീഞ്ഞ് കുടിപ്പിക്കും
പൊട്ടിച്ചിരിയുടെ
ഗ്രാമഫോണ്‍ സൂചി ഊരിമാറ്റും
നിര്‍ത്താപറച്ചലില്‍
ചരടറുത്ത് പറന്നു പോയെന്ന്
ഊതി പറത്തും
അടക്കിയമര്‍ത്തിയ കരച്ചിലുകള്‍
നേര്‍ പാതിയില്‍ പിളര്‍ന്ന്
സ്ഥിരതയുടെ കടല്‍‌വള്ളികള്‍
പറിച്ചെടുക്കും
മഹാമൌനത്തില്‍ നങ്കൂരമിടുവിക്കും
ആക്രമണോത്സുകതയില്‍
ചിന്നം വിളിപ്പിക്കും
ഒളിയിടങ്ങള്‍
തിരഞ്ഞ് അലയേണ്ടതില്ല
മൃത്യുവെന്നപോലെ സദാ
ത്വക്കുരുമ്മി ഇരിപ്പുണ്ടാകും
നിശ്ചയമായും
ഒരിക്കല്‍ നാം അകപ്പെടും
ഭ്രാന്തന്‍ വിരല്‍മുദ്ര ഇല്ലാത്ത ഒരുവനും
ജീവിതം
ഉണ്ടായിട്ടില്ലെന്ന് തിരിച്ചറിയും

ബിന്ദു സന്തോഷ്
Subscribe Tharjani |