തര്‍ജ്ജനി

പുസ്തകം

ബെസ്‌ പുര്‍ക്കാന

“നാടുഗദ്ദിക“യെന്ന നാടകത്തിനും “മാവേലി മന്‍‌ട്ര“മെന്ന നോവലിനും “ഗുഡ“യെന്ന സിനിമയ്ക്കും ശേഷം കെ. ജെ. ബേബിയുടെ പുതിയ നോവല്‍ ബെസ് പുര്‍ക്കാന ഈ മാസം ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിക്കുന്നു. നോവലില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

വല്യപ്പാ........അപ്പനും അമ്മേം തേണ്ടെ അടിവെക്കുന്നു...."
അപ്പച്ചന്‍ ഉറക്കെ വിളിച്ച്‌ പറയുന്നത്‌ കേട്ട്‌ ചാക്കോയുടെ മൂത്തമകന്‍ വര്‍ക്കിയും പെണ്ണമ്മയും പിടിച്ച്‌ കെട്ട്യപോലെ വഴക്ക്‌ നിര്‍ത്തി. വല്യപ്പനെ അവര്‍ക്ക്‌ പേടിയാണ്‌. വേറെ പോയീന്നൊന്നും നോക്കുല്ല.. കയ്യികീതുകൊണ്ട്‌ വീക്കിക്കളയും
"എന്നതാണ്ട.... എന്നതാണ്ട പ്രശ്നം? തല്ലുകൂടാനാണോടാ വേറെ വിട്ടത്‌?"
വല്യപ്പന്റെ ശബ്ദം മുഴങ്ങി. വര്‍ക്കി ഒന്നും അറിയാത്തത്‌ പോലെ നിന്നു. മധ്യസ്ഥം പിടിച്ച പെയിലോയുടെ മകന്‍ പീലി വലിഞ്ഞു.
"എന്നതാടി പെണ്ണമ്മേ?"
വല്യപ്പന്റെ ചോദ്യം കേട്ട്‌ പെണ്ണമ്മ കരഞ്ഞു.കുഞ്ഞ്‌ പെണ്ണ്‍ നാത്തൂനെ ആശ്വസിപ്പിക്കാന്‍ നോക്കി. അമ്മയുടെ കരച്ചില്‍ കണ്ട്‌ ഏലക്കുഞ്ഞ്‌ വിതുമ്പി നിന്നു.
'നിങ്ങക്കിങ്ങനെ അടിവെക്കണ നേരത്ത്‌ ഈ വീടൊന്ന് വൃത്തിയാക്കിക്കുടെ?"
"കന്നാലിത്തൊഴുത്ത്‌ ഇതിലും നല്ലതാണല്ലോടാ.. ഇക്കൊല്ലം മേച്ചിലൊന്നും ചെയ്യുന്നില്ലേടാ..?"
വല്യപ്പന്റെ ശകാരത്തില്‍ വര്‍ക്കി തല കുനിച്ച്‌ പീലിയെ നോക്കി
"മലബാറില്‌ പോകാനിരിക്കുന്നോര്‌ ഇവിടെ പിന്നെ എന്ന ഉണ്ടാക്കാനാ"
വര്‍ക്കിയുടെ ശബ്ദത്തിലിത്തിരി പരിഭവമുണ്ടായിരുന്നു.
"മലബാറില്‌ പോയി ഒണ്ടാക്കാനാ ഇവിടെ ഇപ്പത്തന്നെ വാരിവലിച്ചിട്ടിരിക്കുന്നത്‌."
"അതിപ്പ എങ്ങനെ ഒതുക്കി വച്ചാലും ഇവന്മാര്‌ വലിച്ച്‌ പുറത്തിടും"
വര്‍ക്കി പിള്ളാരുടെ പൊറത്തുവച്ചു
"ഇന്നെന്തിനാടാ നീ ഇവളെ നെലോളിപ്പിച്ചേ?"
"അവള്‌ പാക്കാങ്കറി വെച്ച്‌ മുഴുവന്‍ കണ്ടന്‍ കേറ്റ്യതിന്‌ ഞാനൊന്ന് ചോദിച്ചു അപ്പ തൊടങ്ങി മോങ്ങാന്‍........"
"അതിയാനെത്ര നല്ലതൊണ്ടാക്കിക്കൊടുത്താലും ഇതുവരെ നല്ലതാന്നൊരു വര്‍ത്തമാനം പറഞ്ഞിട്ടില്ല" പെണ്ണമ്മ സങ്കടപ്പെട്ടു.
"എടി നീ അമ്മേടെ ചക്കക്കുരു കറി മാത്രം ഒന്ന് തിന്ന് നോക്ക്‌..."
വര്‍ക്കിയുടെ ഒച്ച കൂടി പെണ്ണമ്മ വീണ്ടും മറുവാക്ക്‌ പറയുമുമ്പ്‌ വല്യപ്പന്‍ ഇടപെട്ടു
"എടി പെണ്ണമ്മേ .... നീ കൊറച്ച്‌ കറിയിങ്ങെടുത്തേടി.. ഇവന്റെ കണ്ടനെവിട്യാന്ന് നോക്കട്ടെ.."
കേള്‍ക്കേണ്ട താമസം പെണ്ണമ്മ കിണ്ണത്തില്‍ പനങ്കുരുക്കും പാക്കാങ്കറിയും കൊടുത്തു.
"ഇതിനെവിടെ കണ്ടം കേരിന്നാടാ..? കുഞ്ഞുപെണ്ണേ വാ.. നല്ല പനങ്കുറുക്കും പാക്ലാങ്കറിയും.."
വലിച്ചേറിഞ്ഞ പാക്കാന്റെ തൊലിയിലെ ചോരയും ഈച്ചയും കണ്ട്‌ കുഞ്ഞ്പെണ്ണീന്റെ വായില്‌ ചറപറ വെള്ളം വന്ന് തുടങ്ങി യിരുന്നു. ഓക്കാനിക്കും മുന്‍പ്‌ അവള്‍ വെറുകിന്‍ കൂട്ടിനരുകിലേക്ക്‌ പോയീ. കൂട്ടില്‌ പരപരെ നടക്കുന്ന വെരുകിനെ നോക്കിനിന്നു.
"കുഞ്ഞുപെണ്ണേ വാ മോളെ.."
പെണ്ണമ്മ വാത്സല്യത്തോടെ വിളിച്ചു
"പൊന്നു നാത്തൂനേ വേണ്ടാഞ്ഞാ ഇപ്പ ചോറ്‌ തിന്ന തേയുള്ളു"
"ഞാനീക്കാലം നിറയെ ഒണ്ടാക്കിവച്ചിരിക്കുന്നത്‌ പിന്നാര്‍ക്കു തിന്നാനാ"
കുഞ്ഞ്പെണ്ണ്‍, അതിനുമറുപടി പറയാതെ മലബാറീന്ന് കുര്യന്‍ വന്ന കാര്യം പറഞ്ഞു.
'വന്നോ! എന്നതാ പറഞ്ഞേ?"
ആകാംക്ഷയോടെ പെണ്ണമ്മ ചോദിച്ചു.
"നല്ല സ്ഥലാന്നാ പറഞ്ഞെ........ നല്ല കറുത്ത മാണ്ണാണത്രേ... കാടും വയലും പൊഴേം.. മലേം ഒക്കെ ഉണ്ടെന്നാ പറഞ്ഞെ........"
കുഞ്ഞ്പെണ്ണ്‍ അറിഞ്ഞത്‌ പറഞ്ഞു.
"എനിക്ക്‌ കുഴപ്പമില്ലായിരുന്നു. അപ്പന്റെം എളേത്ത്ങ്ങടേം കാര്യം ഓര്‍ക്കുമ്പഴാ..അനിയത്തിയാരുടെ കല്യാണം കഴിഞ്ഞാ കൊഴപ്പമില്ലായിരുന്നു. അപ്പനാണെങ്കി വയറ്റിവേദന പണ്ടത്തെത്തേക്കാ കൂടുതലാ... അതുകൊണ്ട്‌ ഉഴുന്നാടേം കൊഴലപ്പോമൊക്കെ പിള്ളാര്‌ തന്നെ ഒണ്ടാക്കി കൊണ്ടോയിക്കൊടുക്കണം വെരുകു ചട്ടം കൂട്ടി ഒരു മര്‍ന്നരച്ച്‌ അപ്പന്‌ കൊടുത്തുവിട്ടിട്ടുണ്ട്‌.........."
പറഞ്ഞപ്പോഴേക്ക്‌ പെണ്ണമ്മയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. കുഞ്ഞ്പെണ്ണിനെ അവളോട്‌ ചേര്‍ത്ത്‌ നിര്‍ത്തി.
പെണ്ണമ്മ ഇങ്ങന്യാണ്‌ എന്തെങ്കിലും പരാതിയോ സങ്കടമോ ഉണ്ടെങ്കില്‍ കുഞ്ഞുപെണ്ണീണോട്‌ പറയും. ചേച്ചമ്മേനെ കെട്ടിക്കുന്നേന്‌ മുന്നെ ചേച്ചമ്മയോടായിരുന്നു. പെണ്ണമ്മ നാത്തൂന്‍ ചേര്‍ത്ത്‌ പിടിക്കുമ്പോഴൊക്കെ കുഞ്ഞ്പെണ്ണിന്‌ ചെറിയൊരു പേടി വരും അപ്പച്ചനെ പെറ്റപ്പോള്‍ കുറച്ച്‌ നാളത്തേക്ക്‌ പ്രാന്ത്‌ പോലാരുന്നത്രേ. വായി വരുന്നതൊക്കെ വിളിച്ചു പറയ്‌വാരുന്നു. വര്‍ക്കിയെ കണ്ണെടുത്ത കണ്ടുകൂടായിരുന്നു. ഇപ്പം എല്ലാവരോടും നല്ല സ്നേഹമായി.
കുഞ്ഞ്പെണ്ണ്‍ കുറച്ച്‌ ചേര്‍ന്ന് നിന്നു. പാവം നാത്തുന്‍
"നിന്റെ തല്‍ മുടി ചെടപിടിച്ചു"
നാത്തൂന്റെ കൈ കുഞ്ഞുപെണ്ണിന്റെ തല മുടിയ്ക്കിടയിലൂടെ നീങ്ങി.പുള്ളിക്കാരത്തിയ്ക്ക്‌ സ്നേഹം വന്നാല്‍ അങ്ങനെയാണ്‌. പേമ്പെരുക്ക്‌ തുടങ്ങും
"കുഞ്ഞുപെണ്ണേ വാടി... പോകാ...." വല്യപ്പന്‍ വിളിച്ചു.
ഞാനും ഞാനും ഞാനും അപ്പച്ചനും കൊച്ചും ഏലയും മുന്നില്‍ ചാറ്റി
"വേണ്ട അമ്മ കുളിപ്പിച്ചിട്ട്‌ .. അവരുടെ കൂടെ വന്നാല്‍ മതി. വര്‍ക്കി പറയാമ്മറന്നു...കുര്യനൊക്കെ മലബാറിന്ന് വന്നിട്ടൊണ്ട്‌" വല്യപ്പന്‍ പറഞ്ഞു.
"വന്നോ?"
കുര്യന്‍ വന്നൂന്നറിഞ്ഞതെ ഒരു കലമാനിനെ കണ്ടതുപോലെ വര്‍ക്കിയുടെ മന്‍സ്സ്‌ നിറഞ്ഞു. മലബാറിനെക്കുരിച്ചുള്ള കേട്ടറിവ്‌ വെച്ച്‌ പുള്ളിക്കാരനൊരുപാട്‌ പ്രതീക്ഷകളുണ്ട്‌. കൃഷിപ്പണിയൊക്കെ അറിയാം എറ്റുക്കണന്നുവച്ചാല്‍ എടുക്കുക്യേം ചെയ്യും പക്ഷേ... വര്‍ക്കിക്കേറ്റവും ഇഷ്ടം നായാട്ടാണ്‌, നാട്ടിലെ അറിയപ്പെറ്റുന്ന വെടിക്കരനാണ്‌.പുലിവര്‍ക്കി എന്നുപോലും പേരുള്ള ആളാണ്‌. ലൈസന്‍സ്‌ ഉള്ള തോക്കുകാരുടെ കൂടെ കൂലി വെടിയ്ക്ക്‌ പോകും വലിയ കിട്ടപ്പോരൊന്നുമില്ല കൂടിവന്നാല്‍..പത്തണേം, ചത്തമൃഗത്തിന്റെ ചങ്കും കരളും,പങ്കും. ഒരു കള്ളത്തോക്കുണ്ടെങ്കില്‍ മലബാറിനെ നേരിടാന്‍ പറ്റുമെന്ന് വര്‍ക്കി പലപ്പോഴും സന്തതസഹചാരിയായ പീലിയോട്‌ വീമ്പിളക്കും. എരുമേലിന്ന് ചേച്ചമ്മേം തങ്കച്ചനും വരുന്നുന്നറിഞ്ഞതേ വര്‍ക്കിയുടെ സന്തോഷം ഇരട്ടിയായി. വര്‍ക്കിനെക്കള്‍ വലിയ നായാട്ട്‌ പ്രാന്തനാണ്‌ തങ്കച്ചന്‍. അളിയനും അളിയനുങ്കൂടെ കൂറ്റ്യാപ്പിന്നെ ഇതുതന്നെ പറച്ചില്‍. എരുമേലി നല്ല കിണ്ണന്‍ തോക്കുണ്ടാക്കുന്ന കൊല്ലനുണ്ടത്രേ
"പെണ്ണമ്മേ പാക്കാനിറച്ചി കൊറച്ചേടുത്ത്‌ വെച്ചേരടി. മോന്തിയാകുമ്പഴേക്കും തങ്കച്ചന്‍ വരുന്നുണ്ടത്രേ" വര്‍ക്കി വിളിച്ചു പറയണത്‌ കേട്ട്‌ വല്യപ്പന്‍ ചിരിച്ചു.
ചാക്കോയുടെ രണ്ടാമത്തെ മകനാണ്‌ പാപ്പച്ചന്‍ പാപ്പച്ചന്റെ മകന്‍ ജോര്‍ജ്ജിനെ അവിടെ കൊണ്ടാക്കണം . പിന്നെ പാപ്പച്ചനോട്‌ കുര്യന്‍ വന്നകാര്യം പറയേം വേണം
പനയോലകള്‍ കൊണ്ട്‌ മറച്ച പാപ്പച്ചന്റെ നല്ല വൃത്തിയുള്ള ചെറിയ വീട്‌ ഒാലവാതില്‍ കൊണ്ട്‌ അടച്ചിരിക്കുന്നു. മിണ്ടല്ലേന്ന് വല്യ്പ്പന്‍ കൈ കൊണ്ട്‌ കാണിച്ച്‌ കുഞ്ഞുപെണ്ണും ജോര്‍ജ്ജും വീടിന്റെ അടുത്തേക്ക്‌ പതുങ്ങിചെന്നു. അകത്ത്‌ നിന്ന് സുരിയാനിപ്പാട്ട്‌ കുര്‍ബാന മൂളുന്നതും, എന്തോകറുമുറെ തിന്നുന്നതും കേട്ടു.അരിത്തറപ്പള്ളിപ്പെരുന്നാളിന്‌ പോയിട്ട്‌ വന്നതല്ലെയുള്ളു.ഉഴുന്നാടയായിരിക്കുക്‌. വല്യപ്പന്‍ പെട്ടെന്ന് പാപ്പച്ചാന്നൊരു വിളി. അകത്ത്‌ ട്രെങ്ക്പെട്ടി അടഞ്ഞതും എന്തോന്നൊരു നെലോളിയും കേട്ടു
വല്യപ്പന്‍ ചിരിച്ചു.
"പറമ്പിലിറങ്ങി നല്ല എലി പണിയുമ്പോലെ പണിയണ്ട നേരത്ത്‌ എന്താടാ പരിപാടി?ങേ ഏ?
പാപ്പച്ചന്‍ മെല്ലെ ഓലവാതില്‍ തുറന്നു. പേടിച്ച്‌ വരണ്ട ഒരു ചിരി മുഖത്ത്‌ കെടാറായിരിക്കുന്നു. "ഈശോമിശിഹായ്ക്ക്‌ സ്തുതിയായിരിക്കട്ടെ.."
പാപ്പച്ചന്‍ വല്യപ്പനെ തൊഴുതു. പാപ്പച്ചന്റെ പിറകില്‍ ചിന്നമ്മയും എത്തി
ചിന്നമ്മയുടെ കൈയില്‍ തുന്നിക്കൊണ്ടിരുന്ന വെന്തിങ്ങയും സൂചിയും നൂലുമുണ്ട്‌
"വല്യപ്പനിരി" ചിന്നമ്മ പറഞ്ഞു.
"അരിത്തറപ്പള്ളിന്ന് കൊണ്ട്വന്ന ആനമ്പെള്ളം വെക്കാനൊരു പാത്രം തപ്പ്വാരുന്നു."
പാപ്പച്ചന്‍ അങ്ങനാണ്‌. ലോകത്തുള്ള സകല പള്ളികളിലും പെരുന്നാളിന്‌ വെന്തിങ്ങാ വിക്കാന്‍ പോകും പെരുന്നാളിന്‌ കഴിഞ്ഞ്‌ പോരുമ്പം അവിടന്ന് ശകലം ഹന്നാന്‍ വെള്ളം കൊണ്ടുവരും. അടുത്ത വീടുകളിലൊക്കെ പിള്ളാര്‍ക്ക്‌ വല്ല കരച്ചിലോ സിത്താന്തോ വന്നാല്‌ അമ്മമാര്‌ കൊച്ചുങ്ങളേങ്കൊണ്ട്‌ പാപ്പച്ചന്റെടുത്ത്‌ വരും പാപ്പച്ചന്‍ ഒന്ന് പ്രാര്‍ത്ഥിച്ചാ പിള്ളാര്‌ടെ കരച്ചില്‌ നിക്കും നിക്കാത്തതാണെങ്കില്‍ ചെറിയ കുട്ടികളാണെങ്കില്‍ കുണ്ടിക്കൊരു നുള്ളും ഇത്തിരി വലിയോരാണെങ്കില്‍ ചെറുവടികൊണ്ട്‌ ഒരറ്റിം കൊടുക്കും. അതോടെ ഒരു വിധം ചീത്തയൊക്കെ പോണ്ടതാണ്‌. പുള്ളിക്കാരനിത്‌ പടിച്ചത്‌ ജൂലിയസ്‌ കത്തനാരുടെ കൂടെ സഹായിയായി ആറേഴുവര്‍ഷം നടന്നപ്പഴാണ്‌ ജൂലിയസ്‌ കത്തനാര്‌ ഭയങ്കരനായിര്‌ന്നല്ലോ! കടമറ്റത്ത്‌ കത്തനാരുടെ അത്രേം ഇല്ലെങ്കിലും പിശാചു പിടുത്തത്തില്‍ ബഹുകേമനായിരുന്നു. ജൂലിയസ്‌ കത്തനാരുടെ ഫിഡില്‌ വായനക്കാരനാരുന്നല്ലോ ഫിഡില്‌ ദേവസ്യാ. ഫിഡില്‌ ദേവസ്യയ്ക്കൊറ്റ മകളേ ഒണ്ടായിരുന്നുള്ളു. ചിന്നമ്മ. ചിന്നമ്മേനെ കെട്ട്യതോടെയാണ്‌ പാപ്പച്ചന്‍ കുടുംബജീവിതത്തിലെക്ക്‌ തിരിച്ച്‌ വന്നത്‌. വല്യപ്പന്‍ പാപ്പച്ചനെ അത്രകാര്യമല്ല..... വല്യപ്പനുമായിട്ടത്രേം അടുത്തിട്ടുമില്ല. അതുകൊണ്ട്‌ മിക്കപ്പോഴും വല്യപ്പന്‍ പാപ്പച്ചനെ കളിയാക്കും.. പിശാച്‌ പിടുത്തക്കാരനെന്ന്. ഇവിളിക്കും. ഇന്നെന്തോ ഇവര്‌ടെ നിപ്പും പരിഭവോം കണ്ടാവാം വല്യപ്പന്‌ ചിൂരിയായിരുന്നു.
"ഇന്നലെ മുതല്‌ തൊടങ്ങീതാടാവ്വേ ഈ ചിരിം കൊളുത്തും...
അപ്പന്റെ കുഴിമാടത്തീന്നൊരു വെളക്ക്‌ കണ്ടതാ.ശ്ക്ക്ന്നൊരു വെട്ടം അരീത്തറപ്പള്ളിന്ന് കൊണ്ടുവന്ന ആനാന്‍ വെള്ളം ശകലം ഇങ്ങെടുത്തേ...."
പാപ്പച്ചന്‍ അകത്ത്‌ പോയി ഹന്നാന്‍ വെള്ളവും കുന്തിരിക്കവും കൊണ്ടുവന്നു. ഹന്നാന്‍ വെള്ളം തൊട്ട്‌ വല്യപ്പന്‍ നെറ്റിയില്‍ കുരിശ്‌ വരച്ചപ്പോ പിടിച്ച്‌ കെട്ട്യപോലെചിരി നിന്നു. തമാശാണോ കാര്യണോ വല്യപ്പനീ കാട്ട്ന്നതെന്ന് കുഞ്ഞുപെണ്ണിന്‌ പിടുത്തം കിട്ടിയില്ല.വല്യപ്പന്‍ ഒരു തിക്കഷണം ചോദിച്ചു വല്യവല്യപ്പന്റെ കുഴിമാടത്തില്‍ കത്തിക്കാന്‍.... പെട്ടെന്നെന്തോ ഒരിതുക്കൂട്ട്‌ വല്യപ്പന്റെ മൗഖത്ത്‌ നിറഞ്ഞു. തിരിക്കഷ്ണം എടുക്കാനായി പാപ്പച്ചന്‍ അകത്തേക്ക്‌ പോയപ്പൊ കുഞ്ഞുപെണ്ണ്‍ പിറകെ ചെന്നു

"പാപ്പഞ്ചാങ്കൂടെ വരണേ...” അവള്‍ പതിയെ പറഞ്ഞു.
“പേടിക്കണ്ട... ഞാനും വരാം.” പാപ്പച്ചന്‍ സമ്മതിച്ചു.

വല്യപ്പന്റപ്പന്‍ -യോഹന്നാന്റെ കുഴിമാടത്തില്‍ കാടും ഇരുട്ടും പിണഞ്ഞുകിടന്നു. വല്യപ്പന്‍ മുട്ടുകുത്തി- പാപ്പച്ചന്‍ തിരികൊളുത്തി
കുഞ്ഞുപെണ്ണിന്‌ പേടിയായി.
ഈ കാട്ടില്‍ നിന്നും വന്ന വലിയ പാമ്പാണ്‌ വല്യപ്പന്റെപ്പന്‍ യോഹന്നാനെ കൊത്തിയത്‌ പലപ്പഴും വെയില്‍ കാഞ്ഞ്‌ പാമ്പുകള്‍ ഇവിടെ കിടക്കാറിണ്ട്‌
മഴകളില്‍,കുറുക്കന്‍ പെണ്ണുകെട്ടും നേരങ്ങളില്‍ അവരിറങ്ങി വരാറുണ്ടത്രേ കുഴിമാടത്തിലെ കുരിശില്‍ പാമ്പ്‌ ചൊറഞ്ഞ്‌ കിടക്കുന്നത്‌ കണ്ടനാള്‌ കുഞ്ഞ്പെണ്ണ്‍ ശരിക്കും പേടിച്ചു. ഗീവര്‍ഗീസ്‌ പുണ്യാളന്റെ നേര്‍ക്ക്‌ ഒരു കോഴിനെ കൊടുക്കാന്ന് തെയ്യാമ്മ നേര്‍ച്ച നേര്‍ന്നു.പിന്നിട്‌ കുഞ്ഞുപെണ്ണതിലെ വരാറില്ലായിരുന്നു. വല്യപ്പനും പാപ്പച്ചനും കണ്ണടച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ കണ്ടപ്പോള്‍ അവള്‍ക്കും പ്രാര്‍ത്ഥിക്കണമെന്ന് തോന്നി. കണ്ടിട്ടില്ലെങ്കിലും വലിയപ്പന്റപ്പനെ കണ്ട്‌ നോക്കി. വലിയപ്പനെപ്പോലെ പൊക്കം കുറഞ്ഞ്‌...ചിരിച്ച്‌........ വലയുമായി ദൈവരാജ്യത്തിലൂടെ നടക്കുന്നു. കള്ളടിച്ചാ ചിരിം കളിം കള്ളില്ലെങ്കില്‍ പിടിച്ചുനിര്‍ത്ത്യ ഗൗരവം
പെട്ടെന്ന് കാറ്റിന്റെയുള്ളിലെന്തോ ചിറകടിച്ചു. മാലാഖമാരോ?!
കുഞ്ഞ്പെണ്ണ്‍ പേടിച്ച്‌ കണ്ണ്‍ തുറന്നു.
പാപ്പച്ചനും ശബ്ദം കേട്ടിടത്തേക്ക്‌ തുറിച്ച്‌ നോക്കി
പ്രാര്‍ത്ഥനയിരുന്ന വല്യപ്പനും കണ്ണു തുറന്നു.
വള്ളികള്‍ക്കിടയിലൊരു ഉപ്പന്‍ പറക്കാന്‍ പറ്റാതെ കുഴയുന്നു.
"പാപ്പച്ചായാ അതിനെന്തോ പറ്റീതാ" കുഞ്ഞ്പെണ്ണ്‍ പറഞ്ഞു.
വല്യപ്പന്‍ എണിറ്റ്‌ വള്ളികള്‍ വകഞ്ഞ്‌ ഉപ്പന്ററികിലെത്തി.
ഉപ്പന്‍ പേടിച്ച്‌ ഉറക്കെ ശബ്ദമുണ്ടാക്കുകയും വേഗത്തില്‍ ചിറകടക്കുകയും ചെയ്തു.
വല്യപ്പന്‍ മെല്ലെ ഉപ്പന്റെ ചിറക്‌ പൊത്തി നോക്കി. ആരോ തേച്ച്‌ വച്ച മൊളഞ്ഞീനില്‍ ഉപ്പന്റെ കാല്‌ ഒട്ടിയിരിക്കുന്നു.
വര്‍ക്കിയുടേം പീലീടേം പണിയായിരിക്കും
അതിന്‌ നോവാതെ അതിന്റെ കാല്‌ അരക്കീന്ന് വിടര്‍ത്തി... പുറത്തെടുത്ത്‌, ഒതുക്കിപ്പിടിച്ചു. വീട്ടില്‌ കൊണ്ടോയി മണ്ണെണ്ണ പുരട്ടി അരക്ക്‌ കളഞ്ഞ്‌ വിടാം അവര്‍ വീട്ടിലേക്ക്‌ നടന്നു.
ഇടയ്ക്കിടെ ഉപ്പന്‍ കൈക്കകത്തിരുന്ന് അനങ്ങ്യപ്പോള്‍ മെല്ലെമെല്ലെ... വല്യപ്പന്‌ ലാമ്പോസ്‌ പാതിരിയെ ഓര്‍മ്മവന്നു.

നീണ്ട്‌ മെലിഞ്ഞ ലോബ്രോസ്‌ പാതിരി-തലയില്‍ വട്ടത്തൊപ്പി-കയ്യിലെപ്പൊഴും ലണ്ടനീന്ന് ക്കൊണ്ടുവന്ന ഊന്നുവടി-മിക്കപ്പൊഴും പുകയുന്ന പൈപ്പ്‌... എന്തിനെന്നറിയില്ലാ... അത്ഭുതസിദ്ധിയുണ്ടെന്ന് കരുതുന്ന നീലക്കൊടുവേലിയുടെ വേര്‌. തിരക്കിലാണ്‌ ലാബ്രോസ്‌ പാതിരി എത്തിയത്‌.
ഊന്നുവള്ളക്കാരന്‍ യോഹന്നാന്‍ ലാബ്രോസ്‌ പാതിരിയുടെ പ്രധാന സഹായിയായി മലകളിലും താഴ്‌വരകളിലും നീലക്കൊടുവേലി തിരക്കി നടക്കുന്നു. കണ്ടമലവാസികളൊക്കെ നീലക്കൊടുവേലി ഉപ്പന്റെ കൂട്ടിലുണ്ടാവുമെന്നു പറഞ്ഞു. ഉപ്പന്‍ നീലക്കൊടുവേലിയുടേ കൂവല്‌ കേക്കാങ്കഴിയുമത്രെ! എത്രദൂരത്തണെങ്കിലും, ഏത്‌ മലമടക്കുകളിലാണെങ്കിലും ഉപ്പനത്‌ കൊത്തിക്കിണ്ട്‌ വരും നീലക്കൊടുവേലിയുടെ നിഴലില്‍ ഉപ്പന്‍ കുഞ്ഞുങ്ങള്‍ വളരും. നീലക്കൊടുവേലി ഉള്ളതുകൊണ്ട്‌ ആര്‍ക്കും, ഒരു ജീവിക്കും ഉപ്പന്റെ കൂട്‌ കാണാന്‍ കഴിയില്ല. ലാബ്രോസ്‌ പാതിരിയും യോഹന്നാനും പിന്നെ ഉപ്പന്‍ കൂടുകള്‍ തിരക്കി നടന്നു. കൂട്ടിന്‌ കൂട്ടിയ മലവാസികളില്‍ പലരേയും മലവെള്ളത്തിന്റെ തെളിമയില്‍ ജ്ഞാനസ്നാനം ചെയ്യിച്ച്‌ .. നസ്രാണികളാക്കി നാട്ടില്‍ നിന്നും കൊണ്ടുവന്ന പഴയ രോമക്കുപ്പായങ്ങളോ .. തൊപ്പികളോ ... യോഹന്നാനിലൂടെ അവരിലേക്കത്തിച്ചു. ഇടയ്ക്കിടെ യോഹന്നാന്റെ അരികില്‍ അവര്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥനകള്‍ ചൊല്ലിപ്പഠിച്ചു. നാവിനും കാതിനും വഴങ്ങാത്ത സുറിയാനി വാക്കുകള്‍ പറഞ്ഞ്‌ അവര്‍ തലതല്ലിച്ചിരിച്ചു. "കന്തീശാ... ആലാഹാ.." ലാബ്രോസ്‌ പാതിരി അവരുടെ തോളില്‍ കയ്യിട്ട്‌ ചിരികളുടെ നുറുങ്ങുകള്‍ പങ്കിട്ടെടുത്തു. അവര്‍കൂടിയ സ്ഥലം പിന്നീട്‌ കുരിശിന്മൂല എന്നറിയപ്പെട്ടു. അവരില്ലാത്ത നേരങ്ങളില്‍ കുരിശിന്‍ മൂലയില്‍ പാമ്പിന്‍ മൂലയിലെ പാമ്പുകളിറങ്ങി ചുറഞ്ഞും പിണഞ്ഞും കിടന്നു. ഇതു കണ്ട വിശ്വാസികളില്‍ പലരും രാത്രിയില്‍ പാമ്പിനെ കണ്ട്‌ പേടിച്ച്‌ കാറി. പേടിച്ചുകാറിയവരോടും അല്ലാത്തവരോടും ലാബ്രോസ്‌ പാതിരി ആദത്തിനെ പാമ്പ്‌ പാപിയാക്കിയ കഥ പറഞ്ഞു.

പാമ്പ്‌ നീട്ടിയ വിലക്കപ്പെട്ട പഴം തിന്നതിന്‌ നഷ്ടമായതോ പറുദീസ! തലമുറകളായി പാമ്പ്‌ പൂജനടത്തിവരുന്ന പലര്‍ക്കും ലാബ്രോസ്‌ പാതിരിയും യോഹന്നാനും പറഞ്ഞ ഇക്കഥ ഏശിയില്ല. കുരിശിന്റെ പിറകില്‍ അവരില്‍ ചിലര്‍ പാമ്പുകള്‍ക്ക്‌ കൊടുക്കാനുള്ളത്‌ കൊടുക്കുകയും ചെയ്തു. യോഹന്നനതത്ര തൃപ്തിയായില്ല. വിഷക്കായ്‌ തീറ്റിക്കുകയും, പറുദീസായില്‍ നിന്ന് പുറത്താക്കുകയും ചെയ്തത്‌ പോരാഞ്ഞ്‌ പിന്നേം തേങ്ങയോ? ദേഷ്യം വന്ന് യോഹന്നാന്‍ പാമ്പിന്‍ മൂലയില്‍ തീയിടുകയും ചെയ്തു. ലാബ്രോസ്‌ പാതിരിയുടെ പലേ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ഇംഗ്ലീഷ്‌ മരുന്നുകളും ലോകപ്രശസ്തമായി. അങ്ങനെയാണ്‌ എരുമേലീന്നുള്ള നീര്‍ച്ചോല ലോക്കോ പിള്ളവാതം പിടിച്ച മകള്‍ തെര്‍ത്യാമ്മേനേം കൊണ്ടുവരുന്നത്‌. കാളവണ്ടിയിലാണ്‌ വന്നത്‌. തെര്‍ത്യാമ്മേടെ കൂട്ടിനും പണിക്കുമായി കുഞ്ഞുമേരീം-കുഞ്ഞുമേരീടെ ഒരു വയസ്സുപോലുമാകാത്ത മകന്‍ പെയിലോയും. തെര്‍ത്യാമ്മേടെ കുഴപ്പമുള്ള കാലുനോക്കി ലാബ്രോസ്‌ പാതിരി കൈ ഒഴിഞ്ഞതാണ്‌. പക്ഷേ യോഹന്നാന്റെ ഇംഗ്ലീഷ്‌ മരുന്നിലുള്ള ആത്മവിശ്വാസം കൊണ്ട്‌ ഒന്ന് നിര്‍ത്തി നോക്ക്യാലോീന്ന് പറയ്യ്യേം ചെയ്തു. ഇതു കേക്കേണ്ട താമസം ഇതാ ഇപ്പം വരാന്നും പറഞ്ഞ്‌ ലൂക്കോ കാളവണ്ടി തിരിച്ചു.
നീര്‍ച്ചോല ലൂക്കോ പിന്നതിലെ വന്നില്ല.
"വല്യപ്പനും മോളുങ്കൂടെ ഉപ്പനെപ്പിടിക്കാമ്പോയതാണോ? "
കൊച്ചേപ്പിന്റെ ചോദ്യം കേട്ട്‌ വല്യപ്പന്‍ ഓര്‍മ്മകളീന്ന് പറന്നിങ്ങെത്തി.
കുഞ്ഞുമേരിയും പൈലോയും വീട്ടിലേക്ക്‌ വിളിച്ചു.
"അപ്പന്റെ കുഴിമാടത്തിന്നരികെ അരക്കില്‌ പിടിച്ച്‌ കിടന്നതാ".
വലിയപ്പന്‍ പറഞ്ഞു.
"ഇരുന്നിട്ട്‌ പോകാ " പൈലോ പറഞ്ഞു
"നിങ്ങള്‌ പണ്ട്‌ വന്ന കാര്യം ഞാനിങ്ങനെ ഓര്‍ക്ക്വാരുന്നു.. കാളവണ്ടീല്‌... അന്ന് പൈലോയ്ക്കൊരു വയസ്സില്ലാല്ലേ കുഞ്ഞുമേരീ ? ഇപ്പം മക്കള്‌ മൂന്നായി കുഞ്ഞുമേരി വല്യമ്മച്ചിയുമായി.കാലം പോണപോക്കെ.."
കുഞ്ഞുമേരി ചിരിച്ചു.
"അന്ന് നീര്‍ച്ചോല ലൂക്കോ തിരിച്ച്‌ വന്നാര്‌ന്നെങ്കി നിങ്ങളൊക്കെ എരുമേലിക്കാരായി വളര്‍ന്നേനേ. എല്ലാം ദൈവനിശ്ചയാന്ന് കരുത്യാ മതി.... നീര്‍ച്ചോല ലൂക്കോ തിരികെ വരാതിരുന്നതും .. തെര്‍ത്ത്യാമ്മേനെ ഞാന്‍ കെട്ടുന്നതും ചാക്കോ ഉണ്ടായതും , തെത്ത്യാമ്മ ദീനം മൂത്ത്‌ മരിക്കുന്നതും ... കുഞ്ഞു മേരിയുടെ മുഖം വാടി.
"വല്യമ്മച്ചി.. ഇത്തിരി എണ്ണ തരുമോ ഈ ഉപ്പന്റെ അരക്ക്‌ കളയാനാ.."
കുഞ്ഞുപെണ്ണ്‍ പെട്ടെന്ന് വിഷയം മാറ്റാനായി ഇടപെട്ടു. വല്യപ്പനല്ലെങ്കിലും കഥനീട്ടും .. കുഞ്ഞുമേരിയുടെ കരച്ചിലിലേ കഥ തീരൂ...
കൊച്ചേപ്പ്‌ ഉപ്പന്റെ അരക്ക്‌ വിടര്‍ത്തി... വല്യപ്പനതിനെ മുകളിലേക്ക്‌ പറത്തി... പിറുപിറുത്തു ---- " എനിക്കിവിടം വിടാമ്പറ്റ്വോ?"

കെ. ജെ. ബേബി
Subscribe Tharjani |