തര്‍ജ്ജനി

യാത്ര

കേദാരനാഥം

എവര്‍‌സ്മൈലിംഗ് അവധൂതിനെക്കണ്ട് തിരിച്ചു നടക്കുമ്പോള്‍ മനസ്സു നിറയെ ഗുരുവായിരുന്നു. പാഞ്ഞൊഴുകുന്ന ഭാഗീരഥിയും അങ്ങകലെ ഉയര്‍ന്നുയര്‍ന്നു നില്ക്കുന്ന മഞ്ഞുമലകളും ഒന്നും അപ്പോള്‍ ആകര്‍ഷണീയമായി തോന്നിയില്ല. ആത്മാവിന്റെ കുളിരണിയിക്കുന്ന ഈ വിശുദ്ധഭൂമിയെക്കാള്‍ പ്രാധാന്യത്തോടെ എന്നില്‍ നിറയാന്‍ മാത്രം എന്തു ബന്ധമാണ് എനിക്ക് നിത്യനുമായുള്ളത്? ഇനിയുള്ള കാലം ഈ അവധൂതന്റെ കൂടെ കഴിഞ്ഞാലോ എന്ന ചിന്ത ഹൃദയത്തില്‍ തീവ്രമായി നിറഞ്ഞതുപോലും നിത്യനോടുള്ള സാമ്യം കാരണമായിരുന്നു. ഞാന്‍ എന്നോട് പല പ്രാവശ്യം ചോദിച്ചിട്ടുള്ളതാണ്. ആരാണെനിക്ക് ഈ മനുഷ്യന്‍? എന്തിനാണ് എന്റെ ഹൃദയം ഈ മനുഷ്യനെ ചുറ്റിപ്പറ്റി എന്നും ഒഴുകിക്കൊണ്ടിരിക്കുന്നത്?

സന്യാസിമാര്‍ പറയുന്ന മോക്ഷം ഒരിക്കലും കൊതിച്ചിട്ടില്ല. വ്യവഹാരജീവിതത്തിന്റെ വര്‍ണ്ണരാജികളില്‍ ഹൃദയമുടക്കി രമിച്ചിട്ടുണ്ടെങ്കിലും അതൊരിക്കലും എന്റെ ജീവിതവഴിയായിരുന്നില്ല. മുറിയാതൊഴുകുന്ന സമാധാനം അനുഭവിക്കാനുള്ള ത്വര ഏവരെയും പോലെ എന്നിലും നിറഞ്ഞു നിന്നിരുന്നു. എന്തിനെന്നില്ലാത്ത ആ യാത്ര അവസാനം ചെന്നെത്തിയത് നിത്യന്റെ മന്ദഹാസത്തിനു മുന്നിലായിരുന്നു. മൂന്നര വര്‍ഷം അദ്ദേഹത്തോടൊപ്പം കഴിഞ്ഞു. രാത്രിയും പകലും അദ്ദേഹത്തിന്റെ സഹവാ‍സിയായി. ഒരു കുഞ്ഞിനെയെന്നപോലെ അദ്ദേഹത്തെ ശുശ്രൂഷിക്കാനുള്ള അവസരം ലഭിച്ചു. പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത ഇല്ലാതിരുന്നെങ്കിലും അദ്ദേഹത്തിന്റെ സൂക്ഷ്മഭാഷണങ്ങള്‍ക്ക് ചെവിയോര്‍ത്തു.

എന്റേതായ ഒരു വഴിയിലൂടെ ഞാന്‍ സഞ്ചരിക്കുകയായിരുന്നു. പലപ്പോഴും അദ്ദേഹം അതിനു മൌനസമ്മതം തന്നു. അതെന്റെ യാത്രയെ ശരി വയ്ക്കുകയല്ല്ലായിരുന്നു; വീഴ്ചകളില്‍ നിന്നേ നിത്യാനിത്യങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം ഉദിക്കുകയുള്ളൂ എന്നറിയാവുന്ന ഗുരുവിന്റെ കാരുണ്യമായിരുന്നു. എന്നിട്ടും അദ്ദേഹത്തോടുള്ള എന്റെ ബന്ധത്തിന്റെ താല്പര്യം എവിടെയിരിക്കുന്നു എന്നു് ഇന്നും അറിയാന്‍ കഴിയുന്നില്ല.

ഗുരുവിന്റെ പല പ്രവൃത്തിയും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗുരു തെറ്റ് ചെയ്തു എന്നു് ഒരിക്കലും പറയാന്‍ എന്റെ ഹൃദയത്തിനായില്ല. എത്രയോ പ്രാവശ്യം ഞാന്‍ ഗുരുകുലം വിട്ടിറങ്ങിയതാണ്. ഗെയ്റ്റുവരെ മാത്രമേ എനിക്ക് പോകാനായുള്ളൂ. അകാരണമായ ഒരു വിങ്ങല്‍ എന്നെ പിന്നിലോട്ട് പിടിച്ചു വലിച്ചു. ഗുരു തന്നെ എന്നോട് വീട്ടിലേക്കു പോകാന്‍ ആജ്ഞാപിച്ചിട്ടുണ്ട്. ഞാന്‍ പോയില്ല. അദൃശ്യമായ ഒരുകണ്ണി എന്നെ നിത്യനോട് ബന്ധിച്ചിരിക്കുന്നു എന്ന് ബോദ്ധ്യമായി.

ഗുരുവിനടുത്തെത്തുമ്പോള്‍ ധൈഷണികമായ തത്ത്വചിന്ത രസകരമായ ഒരനുഭൂതി നല്കിയിരുന്നെങ്കിലും അതൊരു ഗൌരവവിഷയമായി തോന്നിയിരുന്നില്ല. നടരാജഗുരുവില്‍ നിന്നും നിത്യന്‍ അമൃതം പോലെ സ്വീകരിച്ച അറിവിന്റെ സൂക്ഷ്മതകള്‍, ഹിമാലയപര്‍വ്വതത്തെ അത്ഭുതത്തോടെ നോക്കി നില്ക്കുന്ന ഒരു കുഞ്ഞു മനസ്സോടെ മാറി നിന്നു നോക്കുന്നതില്‍ മാത്രമേ എനിക്കു താല്പര്യമുണ്ടായിരുന്നുള്ളൂ. ഒരിക്കലും അതിന്റെ മുകളില്‍ കയറാന്‍ ഉള്ളു കൊതിച്ചിട്ടില്ല. കവിത, സംഗീതം, സാഹിത്യം അങ്ങനെ ഗുരു ആത്മാവിലേറ്റി താലോലിച്ചിരുന്ന വിഷയങ്ങളിലെല്ലാം എന്റെ ഇത്തിരിമനസ്സിന്റെ സഹൃദയത്വം വ്യാപരിച്ചിരുന്നെങ്കിലും അതൊന്നുമല്ല നിത്യനിലുള്ള പ്രണയത്തിനു നിദാനം. അദ്ദേഹം എഴുതിക്കൂട്ടിയ ഗ്രന്ഥങ്ങളുടെ മഹത്വം അത്ര ആഴത്തിലൊന്നും എന്നെ വശീകരിച്ചിട്ടില്ല. പിന്നെ എന്ത്?

എന്റെ ഹൃദയത്തിന്റെ ഉത്തരം ഇങ്ങനെയാണ്: “ആ മുഖകമലത്തില്‍ നിറഞ്ഞു നില്ക്കുന്ന ദിവ്യമായ തേജസ്സ്. മൌനം ഒഴുകി നീങ്ങുന്നതുപോലുള്ള നടത്തം. പൂ വിരിയുന്നതുപോലെ വിടരുന്ന ചുണ്ടുകള്‍. സൌമ്യവും ശാന്തവുമായ വിടര്‍ന്ന കണ്ണുകളിലെ നക്ഷത്രത്തിളക്കം. താമരയിതള്‍ പോലെ ലോലമായ ഉള്ളം കൈയും കാല്പാദവും. ചന്ദ്രിക പോലെ പൊഴിയുന്ന കുളിര്‍വചനങ്ങള്‍. സഹജാതര്‍ക്കുവേണ്ടി എന്നും തുറന്നു വച്ചിട്ടുള്ള ഹൃദയം. സദാ ഉണര്‍ന്നിരിക്കുന്ന പ്രകൃതം. ഒന്നും സ്ഥാപിക്കാന്‍ ശ്രമിക്കാത്ത ബോധധാര. അറിവിനു മുമ്പില്‍ തല കുനിക്കുന്ന ആത്മലോലത്വം. യാതൊരു അതിശയോക്തിയുമില്ലാത്ത ജീവിതം. പിന്നെ ആ മനുഷ്യന്റെ അടുത്തിരിക്കുമ്പോള്‍ അനുഭവിക്കാന്‍ കഴിയുന്ന അനായാസത. ഇതൊക്കെയായിരിക്കാം എന്നെ ആ മനുഷ്യനിലേക്ക് വീണ്ടും വീണ്ടും വലിച്ചടുപ്പിക്കുന്നത്."

ഞങ്ങള്‍ തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു. തെളിഞ്ഞ ആകാശം. നാളെ ജന്മാഷ്ടമിയാണ്. ഇവിടെ ജനങ്ങളുടെ തിക്കും തിരക്കുമാവും എന്നു പറഞ്ഞു കേട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടെന്നുറപ്പിച്ചു. ഉത്തരകാശിയില്‍ പോയി അവിടെ നിന്നും കേദാര്‍നാഥിലേയ്ക്കു പോകാം എന്നു കരുതി ബസ്സിനടുത്തേയ്ക്ക് നടന്നു. "ബസ്സിനി രണ്ടു മണിക്കൂര്‍ കഴിഞ്ഞേ പോകൂ. ഇപ്പോള്‍ ഒരു കാര്‍ പോകുന്നുണ്ട്. വേണമെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ വരാം” എന്നു സൌമ്യനായ ഒരു മനുഷ്യന്‍ അടുത്ത് വന്നു പറഞ്ഞു. കാറിന്റെ പിന്‍‌സീറ്റില്‍ ഞങ്ങള്‍ കയറിയിരുന്നു.

ഗംഗോത്രിയില്‍ നിന്നും കേദാര്‍നാഥിലേക്കു പോകാന്‍ ഉത്തരകാശി, ദരസു വഴി ടെഹരിയിലെത്തണം. അവിടെ നിന്നും ശ്രീനഗര്‍, രുദ്രപ്രയാഗ്, തില്‍‌വാര എന്നീയിടങ്ങളിലൂടെ സഞ്ചരിച്ചാല്‍ കേദാറിലെത്തും. ഗംഗോത്രിയില്‍ നിന്നും ടെഹരിയിലേക്ക് 165 കി.മീ. അവിടെനിന്നും കേദാറിലേക്ക് 178 കി. മീ ദൂരം. ഉത്തരകാശിയില്‍ നിന്നും നേരിട്ട് ഗൌരീകുണ്ഡ് വരെ ബസ്സ് പോകുന്നുണ്ട്. ഗൌരീകുണ്ഡില്‍ നിന്നും 14 കി. മീ. നടന്നു കയറി വേണം കേദാറിലെത്താന്‍.

സുഖകരമായ യാത്ര. അലര്‍ച്ചകളും പാട്ടിന്റെ ഘോരാട്ടഹാസവും ഇല്ലാതെ പ്രകൃതിയെ ആവോളം നുകര്‍ന്നു ശാന്തരായി ഞങ്ങള്‍ താഴോട്ടിറങ്ങിത്തുടങ്ങി. ഗംഗോത്രി, ഗോമുഖ്, തപോവന്‍ തുടങ്ങിയ പുണ്യദേശങ്ങളും അവിടെ കാണാനിടയായ ബാബമാരും നല്കിയ അനുഗ്രഹീതമായ അനുഭവങ്ങള്‍ അളവറ്റതായിരുന്നു. ഹിമാലയത്തിന്റെ മുകള്‍ത്തട്ടില്‍ ചെന്നു നില്ക്കാന്‍ ഒരിക്കലെങ്കിലും നിയോഗമുണ്ടായാല്‍ ജീവിതത്തിന്റെ മഹത്തായ രഹസ്യങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിനയം അല്പനേരത്തേയ്ക്കെങ്കിലും വരദാനമായി അതു നല്കാതിരിക്കില്ല.

ബോജുബാസയില്‍ വെച്ചു കാണാനിടയായ ഒറ്റക്കണ്ണനായ ആ ചെറുപ്പക്കാരന്‍ ബാബ കണ്മുമ്പില്‍ നിന്നും മായുന്നേയില്ല. കീറിപ്പറിഞ്ഞ ചാക്കു ചുറ്റി ശരീരം മറച്ച ആ ആറടിക്കാരന്‍ ചെരുപ്പു ധരിച്ചിരുന്നില്ല. കാലുരണ്ടും മുറിഞ്ഞ് പഴുത്തൊലിക്കുന്നു. ആരോഗ്യമുള്ള പ്രകൃതം. ഒരു കണ്ണ് പീള നിറഞ്ഞ് വികൃതമായിരിക്കുന്നു. എന്നിട്ടും ആ മുഖത്ത് എന്തൊരു സൌമ്യത! ഒരു മൌനമന്ദഹാസം സദാ ആ വട്ടമുഖത്ത് വിരിഞ്ഞു നിന്നിരുന്നു. തോളോളം നീട്ടി വളര്‍ത്തിയ മുടി ജട പിടിച്ചിട്ടില്ല. നേരെ വന്ന് അദ്ദേഹം ലാല്‍ബാബയുടെ ആശ്രമത്തിനു വെളിയിലിരുന്നു. ആരോടും ഒന്നും സംസാരിക്കുന്നില്ല. ആരോ ഒരാള്‍ ഒരു വലിയ പാത്രം നിറയെ ഉരുളക്കിഴങ്ങുകള്‍ പുഴുങ്ങിയത് കൊണ്ട് മുന്നില്‍ വച്ചു. സ്നേഹത്തോടെ അദ്ദേഹം അയാളെ നോക്കി ഒന്ന് ചിരിച്ചു. മഞ്ഞപ്പല്ലുകളില്‍ വിടര്‍ന്ന ആ പുഞ്ചിരി എത്ര നിഷ്കളങ്കത നിറഞ്ഞതായിരുന്നു! ഠപേന്ന് അതു തിന്നു തീര്‍ത്തു. അദ്ദേഹം ഉരുളക്കിഴങ്ങ് പുഴുങ്ങിയതുമാത്രമേ കഴിക്കൂ എന്ന് ലാല്‍‌ബാബ പറഞ്ഞു. ഭക്ഷണം കഴിഞ്ഞെഴുന്നേറ്റപ്പോള്‍ അകത്തു വിശ്രമിക്കാമെന്ന് ഒരാള്‍ പറഞ്ഞു. മറുപടി ഒന്നും പറയാതെ അദ്ദേഹം ഇറങ്ങി നടന്നു.

ഒന്നും ആവശ്യപ്പെടാതെ തന്നെ ആവശ്യങ്ങള്‍ നിറവേറപ്പെടുന്നു. നിസ്സംഗമായ അദ്ദേഹത്തിന്റെ പ്രതികരണം ആരെയും ശുണ്ഠിപിടിപ്പിക്കുന്നില്ല. എല്ലാവര്‍ക്കും ഒരു ആദരവ് അദ്ദേഹത്തോട് തോന്നുന്നു. വികൃതമായ ആ മുഖത്തെ വൈകൃതം ആരുടെയും മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കുന്നില്ല. എന്തോ ഒരു ശാന്തത ആ ശരീരം മുഴുവന്‍ നിറഞ്ഞു നില്ക്കുന്നതുപോലെ. ഹിമാലയത്തില്‍ ഇങ്ങനെയുള്ള മനുഷ്യര്‍ ഒരു പ്രതിഭാസം പോലെ കഴിയുന്നുണ്ട്. നമ്മുടെ എല്ലാ സങ്കല്പങ്ങളെയും കീഴ്‍മേല്‍ മറിക്കുന്ന ഇത്തരം സാന്നിദ്ധ്യം വൈവിദ്ധ്യവും വൈചിത്ര്യവുമാര്‍ന്ന ലോകങ്ങള്‍ വെളിവാക്കിത്തരുന്നു.

ഈ മുഖം എന്തേ ഇപ്പോള്‍ മനസ്സില്‍ വന്നു നിറയുന്നതെന്ന് പിടികിട്ടുന്നില്ല. മനസ്സിന്റെ ലോകം അങ്ങനെയാണല്ലോ! എന്തിന് മനസ്സെന്നു പറയണം. ജീവിതം തന്നെ അങ്ങനെയല്ലേ? അപൂര്‍വ്വം ചില ആളുകള്‍ക്കു മാത്രം എത്തും പിടിയും കിട്ടിയ ഒരപൂര്‍വ്വത ജീവിതത്തെ വലയം ചെയ്തു നില്ക്കുന്നു. അറിഞ്ഞോ അറിയാതെയോ ആ രഹസ്യമറിയാതെ ഉഴലുന്നവരല്ലേ നാമൊക്കെയും. ഓരോരുത്തരും അവരുടെ ശരികളെ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഒരപൂര്‍ണ്ണത കിരുകിരുപ്പുണ്ടാക്കുന്നു. എന്നാലും ഈ മലനിരകളും അവയെ വലം വച്ചൊഴുകുന്ന സൌമ്യമേഘങ്ങളും ആകാശനീലിമയും ഒക്കെ കാണുമ്പോള്‍ എന്തോ ഒരു നിറവ് ജീവിതത്തിന് ഉണര്‍വ്വ് നല്കുന്നു. ജീവിക്കുന്നതില്‍ എന്തെന്നില്ലാത്ത കൃതാര്‍ത്ഥത തോന്നുന്നു. അതുകൊണ്ടായിരിക്കാം ഒരിക്കല്‍ ഹിമാലയത്തിലെത്തിയ യാത്രികന്‍ വീണ്ടും വീണ്ടും ഇവിടെ വന്നു പോ‍കാന്‍ വെമ്പുന്നത്.

ഉത്തരകാശി

ഉച്ചയോടെ ഉത്തരകാശിയിലെത്തി. കൈലാസാശ്രമത്തില്‍ പോയി താമസിക്കേണ്ടെന്ന് തീരുമാനിച്ചു. കൈലാസ്‌നാഥ് ക്ഷേത്രത്തിനടുത്തു തന്നെയുള്ള ഹില്‍‌വ്യൂ ഹോട്ടലില്‍ മുറിയെടുത്തു. കുറച്ചു നേരം വിശ്രമിച്ച് നടക്കാനിറങ്ങി. ഭാഗീരഥിയെ എത്ര കണ്ടിട്ടും മതി വരുന്നില്ല. എന്തൊരുണര്‍വ്വാണവള്‍ക്ക്. നമ്മുടെ എല്ലാ ക്ഷീണവും അവളെ ഒന്ന് കണ്ടാല്‍ തന്നെ എങ്ങോ പോയ്‍മറയും. നല്ല തെളിമയുള്ള ദിവസം. മലനിരകളില്‍ അങ്ങിങ്ങായി വിശ്രമിക്കുന്ന മേഘക്കൂട്ടങ്ങള്‍ കണ്ടപ്പോള്‍ അമ്മയുടെ നെഞ്ചില്‍ തലചായ്‍ച്ചുറങ്ങുന്ന കുഞ്ഞുങ്ങളെപ്പോലെ തോന്നി. വിശ്വനാഥക്ഷേത്രത്തില്‍ പോയി പഴയ ബാബയെ കണ്ടു. യാത്രയെല്ലാം സുഖമായിരുന്നില്ലേ എന്നദ്ദേഹം അന്വേഷിച്ചു.

കേദാര്‍സിംഗിനെ കണ്ടു. ശാന്തിബായ് പ്രഭാഷണത്തിനായി അകലെ ഒരു ഗ്രാമത്തില്‍ പോയിരിക്കുകയാണെന്നും, നിങ്ങള്‍ വരികയാണെങ്കില്‍ അങ്ങോട്ട് ചെല്ലണമെന്നു പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. യാത്രയില്‍ കണ്ടു മുട്ടുന്നവര്‍ പരസ്പരം നല്കുന്ന വാഗ്ദാനങ്ങള്‍ പലപ്പോഴും പിരിയുന്നതോടെ ഉപേക്ഷിക്കപ്പെടാറാണ് പതിവ്. തിരിച്ചു വരുമ്പോള്‍ കാണാം എന്നൊരു വാക്കു പറഞ്ഞതിന്റെ പേരില്‍ ആ വലിയ മനുഷ്യന്‍ ഞങ്ങളെ അവിടെ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു. സ്നേഹം എന്നു പറയുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് ഗുരു പറയാറുണ്ടായിരുന്നു.

വൈകുന്നേരമായതോടെ മഴതുടങ്ങി. നാളെ മഴ ചതിക്കാതിരുന്നാല്‍ മതി. രാത്രിയില്‍ നല്ല തണുപ്പായിരുന്നു. ഗോമുഖിലെയും തപോവനത്തിലെയും തണുപ്പിനുശേഷം തണുപ്പ് ഒരു പ്രശ്നമല്ലാതായിത്തീര്‍ന്നിരിക്കുന്നു. അനുഭവങ്ങള്‍ നല്കുന്ന അനുഭൂതികള്‍ നമ്മെ എത്ര പക്വമതികളാക്കി മാറ്റുന്നു. ഹിമാലയം എന്നു കേട്ടാല്‍ ഒരത്ഭുതം മാത്രമായിരുന്നു. ഇപ്പോള്‍ സ്വന്തം ഭവനത്തെക്കുറിച്ചു പറയുന്ന ലാഘവത്തോടെയാണ് ഞങ്ങള്‍ ആ മഞ്ഞുമലകളെക്കുറിച്ച് സംസാരിക്കുന്നത്. അനുഭവമാകാതിരിക്കുന്നിടത്തോളം എല്ലാം കാല്പനികം. അനുഭവിച്ചു കഴിഞ്ഞാല്‍ യാഥാര്‍ത്ഥ്യം. ഒരാള്‍ക്ക് യാഥാര്‍ത്ഥ്യമായിരിക്കുന്നത് വേറൊരാള്‍ക്ക് കാല്പനികമായി തോന്നുന്നു. “ഒരു പതിനായിരം ആതിഥേയരൊന്നായ് വരുവതുപോലെ വരും വിവേകവൃത്തി” എന്ന് തന്റെ ഒരനുഭവത്തെക്കുറിച്ച് ഒരു ഋഷി പറഞ്ഞാല്‍ അതിശയോക്തി നിറഞ്ഞ മനോവിഭ്രമം എന്ന് ഒരുകൂട്ടര്‍ പരിഹസിക്കും.

എന്തും ആദ്യം കാണുമ്പോള്‍ അറിയുമ്പോള്‍ നമ്മള്‍ ആശ്ചര്യപ്പെടുന്നു. ആദ്യമായി ട്രെയിന്‍ കണ്ടപ്പോള്‍, റേഡിയോയില്‍ നിന്നും സംഗീതം ശ്രവിച്ചപ്പോള്‍, ആകാശത്തിലൂടെ പക്ഷിയെപ്പോലെ പറന്നു പോകുന്ന വിമാനം കണ്ടപ്പോള്‍ എന്തൊരു അത്ഭുതമായിരുന്നു. അതിനുപിന്നിലുള്ള യാന്ത്രികതയും താന്ത്രികതയും മനസ്സിലായപ്പോള്‍ അതൊരു സാ‍ധാരണ സംഭവമായി. അത്ഭുതപ്പെടേണ്ടതായ ഒന്നും അതിലില്ലെന്നു ബോദ്ധ്യമായി. അറിവില്ലായ്മയാണ് ആശ്ചര്യത്തിനും അത്ഭുതത്തിനും കാരണമെന്ന് പിന്നീട് നാം അറിഞ്ഞു.

അദ്ധ്യാത്മലോകത്ത് നാം കാണുന്ന ആശ്ചര്യങ്ങളുടെ പിന്നിലും ഈ അറിവില്ലായ്മ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ ആകാശത്തുകൂടെ പറന്നു പോയേക്കാം. വെള്ളത്തിനു മുകളിലൂടെ നടന്നേക്കാം. അന്തരീക്ഷത്തില്‍ നിന്ന് ഭസ്മവും ശിവലിംഗവും എടുത്തേക്കാം. സ്പര്‍ശം കൊണ്ട് രോഗം ശമിപ്പിച്ചേക്കാം. ആശ്ചര്യപ്പെടേണ്ടതായി ഒന്നും അതിലില്ല. എന്തിനും സാധ്യതയുള്ള ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത്. സാദ്ധ്യതയെ സാ‍ദ്ധ്യമാക്കാനുള്ള സാധന അനുഷ്ഠിക്കുന്നവന് എന്തും പ്രാപ്യമാണ്. അതറിയാന്‍ കഴിയുന്നവര്‍ ഒന്നിലും ഭ്രമിച്ച് മയങ്ങി വീഴില്ല. അത്ഭുതങ്ങളിലേക്കല്ല, ഉന്നത ജീവിതമൂല്യങ്ങളിലേക്കാണ് നമ്മള്‍ ആകൃഷ്ടരാകേണ്ടത്.

എല്ലാവര്‍ക്കും സമ്മതമാകുന്ന ഒരു ദര്‍ശനം വെറും സ്വപ്നം മാത്രമാണ്. അതിനായി ആരെങ്കിലും ശ്രമിച്ചാല്‍ അതു വൃഥാവിലായിപ്പോവുകയേയുള്ളൂ. അങ്ങനെ സംഭവിക്കേണ്ട ആവശ്യവുമില്ല. കോടാനുകോടി ജീവിതദര്‍ശങ്ങളും വിശ്വാസപ്രമാണങ്ങളും ഉണ്ടാകട്ടെ. അനേകം വര്‍ണ്ണങ്ങളുള്ള പൂക്കള്‍ വിടര്‍ന്ന് സുഗന്ധം പൊഴിക്കട്ടെ. വൈവിദ്ധ്യത്തിന്റെ മനോഹാരിത അനുഭവിക്കാനും മൂല്യങ്ങളുടെ സ്വരലയത്തില്‍ അഭിരമിക്കാനും നമുക്കു കഴിയട്ടെ.

തന്റെ ശരികള്‍ അപരന്റെ മേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കാതെ സ്വന്തം ജീവിതത്തിന്റെ ധന്യതയ്ക്കായി മാത്രം ഉപയോഗിക്കാം. വേറൊരാളുടെ സമ്മതത്തിലല്ല തന്റെ ജീവിതത്തിന്റെ അടിത്തറ ഉറപ്പിക്കേണ്ടത്. തന്റെ വഴി തന്റേതു മാതമായ വഴിയാണ്. തികച്ചും തനതായവഴി. നമ്മുടെ ധന്യതയിലേക്ക് ആകൃഷ്ടരായി ആരെങ്കിലും നമ്മെ സമീപിക്കുന്നെങ്കില്‍ അവര്‍ക്കു മാത്രം നമ്മുടെ ജീവിതവീക്ഷണം പകര്‍ന്നു കൊടുക്കാം. പരസ്പരം പോരടിച്ചു ശിഥിലമാക്കിക്കളയാനുള്ളതല്ല ജീവിതം. സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കാനുള്ളതാണ്. പരസ്പരസഹകരണത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും വളര്‍ന്നു വികസിക്കേണ്ടതാണ്. അങ്ങനെ ഒരു ജീവിതാവബോധം ഞങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞു നില്ക്കണേ എന്ന് ഈ ഹിമാലയത്തിന്റെ മടിത്തട്ടിലിരുന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുപോകുന്നു.

ശ്രീനഗര്‍

രാവിലെ ഒന്‍പതു മണിവരെ മഴയുണ്ടായിരുന്നു. മഞ്ഞുനൂല്‍ മഴ. പത്തുമണി കഴിഞ്ഞ് ഞങ്ങള്‍ ഇറങ്ങി. ശ്രീനഗറിലേക്കുള്ള ബസ്സില്‍ നിറയെ പട്ടാളക്കാരായിരുന്നു. എത്രയോ കാലമായി ശ്രീനഗറിനെക്കുറിച്ചും അവിടുത്തെ ഭീകരതയെക്കുറിച്ചും കേള്‍ക്കുന്നു. ബോംബും മെഷീന്‍ ഗണ്ണും നിറഞ്ഞ പട്ടണത്തിലേക്കുള്ള യാത്രയാണല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ ഭീതിയായി. യാത്രക്കാരെല്ലാം ഒരു ഭയവുമില്ലാതെ ആഹ്ലാദത്തോടെ ഇരിക്കുന്നതു കണ്ടപ്പോള്‍ ഒരാശ്വാസം. എന്നാലും ചിന്തകള്‍ അരിച്ചു കയറുകയാണ്. ശ്രീനഗറിലെത്തുമ്പോല്‍ തീവ്രവാദികള്‍ ഈ ബസ്സെങ്ങാനും ബോംബിട്ടു തകര്‍ക്കുമോ? വണ്ടിയിലിരിക്കുന്ന പട്ടാളക്കാരുടെ എണ്ണം അവരറിഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതു സംഭവിക്കുക തന്നെ ചെയ്യും. ദൈവമേ, അതോര്‍ക്കാന്‍ കൂടി വയ്യ.

ശ്രീനഗറിനോടടുക്കുമ്പോള്‍ താഴ്വരകളില്‍ തട്ടുതട്ടായി ഉയര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങള്‍ കാണാം. കാശ്മീരിലെ താഴ്വരകള്‍ ഹരിതകംബളം ധരിച്ച സുന്ദരികളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതെത്ര സത്യമാണ് എന്നൊക്കെ ഓര്‍ത്ത് രസിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. വണ്ടി ബസ്റ്റാന്റില്‍ നിറുത്തിയപ്പോഴാണ് ശ്രീനഗറിലെത്തിയെന്ന് മനസ്സിലായത്. സമയം അഞ്ചുമണി കഴിഞ്ഞിരുന്നു.

ഞാന്‍ ചുറ്റും നോക്കി. മെഷീന്‍ ഗണ്‍ പിടിച്ച പട്ടാളക്കാരെ എങ്ങും കാണാനില്ല. ബസ്സിനടുത്തൂടെ നടന്നുപോകുന്ന ആളുകളെ ഞാന്‍ സൂക്ഷിച്ചു നോക്കി. വല്ല തീവ്രവാദികളും ബോംബുമായി വരുന്നുണ്ടോ? ആത്മഹത്യാഗ്രൂപ്പുകളാണ് അധികവും എന്നാണ് കേട്ടിട്ടുള്ളത്. മനുഷ്യന്റെ ഭ്രാന്തമായ വൈകാരികത ഈ ലോകത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്തേ അടങ്ങൂ എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോള്‍ മുന്‍‌സീറ്റിലിരിക്കുന്ന ആള്‍ പൊട്ടിച്ചിരിക്കുന്നതു കണ്ടു. എന്താണു സംഭവം എന്നറിയാനായി ഞാന്‍ ഗായത്രിയെ നോക്കി. ഗായത്രി പറഞ്ഞു: “ഇത് കാശ്മീരിലെ ശ്രീനഗറല്ല, ഗഡ്വാളിലെ ശ്രീനഗറാ‍ണ്. നമ്മളെപ്പോലെ സംശയം പ്രകടിപ്പിച്ച തൊട്ടടുത്തിരിക്കുന്ന ആളുടെ വാക്കു കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചതാണ്”

പിന്നെ കുറച്ചു നേരത്തേക്ക് ചിരിച്ചു ചിരിച്ചു മണ്ണുകപ്പി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഉള്ളിലെ മഞ്ഞുരുകി ആവിയായിപ്പോയത് അറിഞ്ഞതേയില്ല. “സത്യവും സാദൃശ്യവും ഒന്നല്ല” എന്നു പറയുന്നത് എത്ര സത്യം.

ഹൃഷികേശില്‍ നിന്നും പുറപ്പെടുന്നവര്‍ ദേവപ്രയാഗ് കഴിഞ്ഞു വേണം ശ്രീനഗറിലെത്താന്‍. ഭാഗീരഥിയും അളകനന്ദയും സംഗമിക്കുന്ന ഇടമാണ് ദേവപ്രയാഗ്. ബദരീനാഥില്‍ നിന്നും തിരിച്ചിറങ്ങുമ്പോഴാണ് അവിടം കാണാന്‍ കഴിഞ്ഞത്. ബദരീനാഥിലെ പാണ്ഡന്മാരെല്ലാം മഞ്ഞുകാലത്ത് ഇവിടെയാണ് താമസിക്കുന്നത്. ധാരാളം കൊച്ചുകൊച്ചു ക്ഷേത്രങ്ങളുള്ള ഇടമാണ് ദേവപ്രയാഗ്. പ്രധാനക്ഷേത്രം രഘുനാഥക്ഷേത്രവും ദേവീക്ഷേത്രവുമാണ്. ശ്രീരാമക്ഷേത്രമായ രഘുനാഥക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത് തെലുങ്ക് സംസാരിക്കുന്ന പൂജാരിമാരാണ്. ശതാബ്ദങ്ങള്‍ക്ക് മുമ്പ് കുടിയേറിയവരാണവര്‍. ദേവീക്ഷേത്രത്തിലെ ഭീമന്‍ മണിനാദം മൈലുകള്‍ക്കപ്പുറത്തു കേള്‍ക്കാം. ഹൃഷികേശില്‍ നിന്നും ദേവപ്രയാഗിലേക്ക് 70 കിലോ മീറ്ററും അവിടെനിന്ന് ശ്രീനഗറിലേക്ക് 35 കിലോ മീറ്ററും ദൂരമുണ്ട്. ശ്രീനഗറില്‍ നിന്നും 4 കിലോ മീറ്റര്‍ മുമ്പ് ഗംഗോത്രിയില്‍ നിന്നും ടെഹരി വഴി കേദാര്‍നാഥിലേക്കുള്ള വഴി വന്നു ചേരുന്നു.

രുദ്രപ്രയാഗ്

ബസ്സില്‍ നിറയെ ആളുകളുണ്ടായിരുന്നു. എല്ലാവരും കേദാര്‍‌നാഥിലേക്കുള്ളവര്‍ തന്നെ. ശ്രീനഗറില്‍ നിന്നും മുകളിലോട്ടുള്ള യാത്ര തുടരുമ്പോള്‍ ഗ്രാമങ്ങളുടെ എണ്ണം കുറഞ്ഞു വരും. ഹിമാലയന്‍ റോഡുകള്‍ എപ്പോഴും ഇടിഞ്ഞുവീഴുന്നതിനാല്‍ അവിടെയെല്ലാം സ്ഥിരം പണിക്കാരുണ്ടാകും. വൃക്ഷച്ചുവട്ടില്‍ തളര്‍ന്നിരിക്കുന്ന ഈ മനുഷ്യരെ കാണുമ്പോള്‍ ഇവരുടെ അദ്ധ്വാനം കൊണ്ടാണല്ലോ ഞങ്ങള്‍ ഈ ബസ്സില്‍ സുഖമായിരുന്നു യാത്ര ചെയ്യുന്നതെന്ന് ഓര്‍ക്കാതിരിക്കാനാവില്ല. നന്ദിയോടെ അവരെ നോക്കി കൈ വീശിയാല്‍ കേദാര്‍നാഥ് കീ ജയ് എന്ന് അവര്‍ ആര്‍ത്തു വിളിക്കും. ഒരുവന്റെ ത്യാഗം മറ്റൊരുവന്റെ സുഖമായി മാറുന്നു.

നയനമനോഹരമായ 34 കിലോ മീറ്റര്‍ ദൂരം പിന്നിട്ടാല്‍ നാം രുദ്രപ്രയാഗിലെത്തും. പാലങ്ങള്‍ക്കു മുകളിലൂടെ പോകുന്ന വണ്ടിയിലിരുന്ന് അനേകം അടി താഴ്ചയിലൂടെ കുത്തിയൊഴുകുന്ന മന്ദാകിനിയെ കാണേണ്ടതു തന്നെയാണ്. മലഞ്ചെരിവുകളില്‍ കൂട്ടം കൂട്ടമായി മേയുന്ന ചെമ്മരിയാടുകളെയും ആട്ടിടയനെയും കാണുമ്പോള്‍ യെറുശലേമിലെ ഇടയനെയാണ് നാം ഓര്‍ക്കുക. കുഞ്ഞാടിനെ നെഞ്ചോട് ചേര്‍ത്തു നടക്കുന്ന ക്രിസ്തുവിന്റെ ഹൃദയം ഈ ഹിമാലയം പോലെ തന്നെ ആയിരുന്നിരിക്കാം.

കേദാര്‍നാഥില്‍ നിന്നുത്ഭവിച്ചു വരുന്ന മന്ദാകിനിയും ബദരീനാഥ് വഴി ഒഴുകിയെത്തുന്ന പ്രക്ഷുബ്ദമായ അളകനന്ദയും സംഗമിക്കുന്ന മനോഹരപ്രദേശമാണ് രുദ്രപ്രയാഗ്. തെളിഞ്ഞ നീല നിറത്തോടുകൂടിയ മന്ദാകിനി കലങ്ങി മറിഞ്ഞ അളകനന്ദയുമായി ചേരുന്നതു കണ്ടപ്പോള്‍ അത്ര സുഖകരമായ സംഗമമായി തോന്നിയില്ല. ആ ശുദ്ധനീലിമ നഷ്ടപ്പെടുന്നത് സഹിക്കാവുന്നതല്ല. എങ്കിലും ഒന്നിച്ചു ചേരുകയെന്ന മഹത്തായൊരു നന്മ അതിലുള്ളതുപോലെ തോന്നാതിരുന്നില്ല. വണ്ടി കുറച്ചു നേരം അവിടെ നിറുത്തി.

ഗുപ്തകാശി

രുദ്രപ്രയാഗില്‍ നിന്നും യാത്രതുടര്‍ന്ന് അഗസ്ത്യമുനി കഴിഞ്ഞാണ് ഗുപ്തകാശിയിലെത്തുക. അഗസ്ത്യന്‍ തപസ്സു ചെയ്തിരുന്ന തുറസ്സും വിസ്തൃതവുമായ പ്രദേശമാണ് അഗസ്ത്യമുനി. റോഡിനിരുവശവുമുള്ള വിശാലമായ വയലേലകള്‍ കടന്നു നാം ഒരു നാല്‍ക്കവലയില്‍ എത്തും. അവിടെ നിന്നും ഇടത്തോട്ടാണ് നമുക്ക് പോകേണ്ടത്. നേരെ പോയാല്‍ ഒഖിമഠിലേക്കും മദ്ധ്യമഹേശ്വറിലേക്കും എത്താം.

കേദാര്‍യാത്രയില്‍ രുദ്രപ്രയാഗില്‍ നിന്നും ഗുപ്തകാശിയിലേക്കുള്ള യാത്രയിലാണ് മഞ്ഞണിഞ്ഞ സുമേരു പര്‍വ്വതത്തിന്റെ ഹൃദയഹാരിയായ ദൃശ്യം ആദ്യമായി നമ്മുടെ കണ്മുമ്പിലെത്തുക. പുരാണപ്രസിദ്ധമായ ആ ആകാശവാസിയെ അകലെ നിന്നു കാണുമ്പോള്‍ ചിന്താവിലാപങ്ങള്‍ക്കുമകലെ മൌനഭൂമികയില്‍ മാത്രം അനുഭവിക്കാനാവുന്ന വിശുദ്ധിയാണ് നിറയുക.

സമുദ്രനിരപ്പില്‍ നിന്നും ആറായിരത്തോളം അടി ഉയരത്തില്‍ നില്ക്കുന്ന ഗുപ്തകാശിക്ക് ആ പേരു വരാന്‍ ഒരു കാരണമുണ്ട്. ഗോത്രഹത്യാപാപത്തില്‍ നിന്നും മോചിതരാകാന്‍ മഹാദേവനെ ആരാധിക്കാനായി വ്യാസമഹര്‍ഷി പാണ്ഡവരോട് ആവശ്യപ്പെട്ടു. ശിവാരാധനയ്ക്കായി കാശിയിലെത്തിയ കൊലപാതകികളായ പാണ്ഡവരെ കാണാന്‍ ഇഷ്ടപ്പെടാതെ ശിവന്‍ അവിടെ നിന്നും മുങ്ങി. പാണ്ഡവര്‍ പിന്നാലെ വച്ചു പിടിച്ചു. രുദ്രപ്രയാഗില്‍ വച്ച് ഒന്നു കണ്ടെങ്കിലും വീണ്ടും ആള്‍ സ്ഥലം വിട്ടു. ഗുപ്തകാശിയില്‍ വച്ച് ആള്‍ അപ്രത്യക്ഷനായി. മഹാദേവനെ കണ്ടെത്തിയേ അടങ്ങൂ എന്ന വാശിയോടെ പാണ്ഡവര്‍ മല കയറി. പോത്തിന്റെ രൂപം ധരിച്ച് മലയോടിക്കയറുന്ന ശിവന്റെ പിന്നാലെ പാണ്ഡവര്‍ പാഞ്ഞു. കേദാര്‍നാഥില്‍ വച്ച് ശിവന്‍ മണ്ണിലേക്ക് താഴ്ന്നു പോകാന്‍ തുടങ്ങി. പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നതിനുമുമ്പ് ഭീമന്‍ ഓടിയെത്തി പിന്‍ഭാഗം പിടിച്ചു വച്ചു. മറ്റുഭാഗങ്ങള്‍ ഹിമാലയത്തിന്റെ മറ്റു പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടു. അവ പഞ്ചകേദാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മുഖം രുദ്രനാഥിലും നാഭി മദ്ധ്യമഹേശ്വറിലും കൈകള്‍ തുംഗനാഥിലും സുവര്‍ണ്ണജട കല്പകേശ്വറിലുമാണത്രേ പ്രത്യക്ഷപ്പെട്ടത്. പാപങ്ങളില്‍ നിന്നും മോചിതരായ പാണ്ഡവര്‍ പഞ്ചകേദാരങ്ങളില്‍ ക്ഷേത്രങ്ങള്‍ പണിതു എന്നാണ് ഐതിഹ്യം. ശിവന്റെ ശരീരത്തിന്റെ മുകള്‍ഭാഗം നേപ്പാളിലെ മുഖാര്‍ബിന്ദ് എന്ന സ്ഥലത്ത് പ്രത്യക്ഷമാവുകയും പശുപതിനാഥ് എന്ന പേരില്‍ ആ ഇടം പ്രശസ്തമാകുകയും ചെയ്തു.

ശിവന്‍ പാണ്ഡവരില്‍ നിന്നും ഗുപ്തമായ ഇടമായതിനാലാണ് ഇത് ഗുപ്തകാശിയായത്. കലിയുഗത്തില്‍ ആദ്യകാലത്ത് കാശി പരിപാവനമായി കരുതപ്പെടുമെന്നും രണ്ടാം ഭാഗത്തില്‍ ഉത്തരകാശിയാണ് പരിപാവനമായി ഗണിക്കപ്പെടുകയെന്നും കലിയുഗത്തിന്റെ അന്ത്യഘട്ടത്തില്‍ ഗുപ്തകാശി ആ സ്ഥാനം നേടുമെന്നും വിശ്വസിക്കപ്പെടുന്നു. ശ്രീവിശ്വനാഥ്ജിയാണ് ഗുപ്തകാശിയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം.

നള, ഫാട്ട, രാം‌പൂര്‍, സോനപ്രയാഗ് എന്നീ അടുത്തടുത്തു കിടക്കുന്ന കൊച്ചു ഗ്രാമങ്ങള്‍ പിന്നിട്ട് ഗൌരീകുണ്ഡില്‍ എത്തുന്നതോടെ റോഡ് അവസാനിക്കുന്നു. ഇനി ഇവിടെ നിന്ന് 14 കിലോമീറ്റര്‍ നടന്നു വേണം കേദാര്‍നാഥിലെത്താന്‍.

ഷൌക്കത്ത്
Subscribe Tharjani |