തര്‍ജ്ജനി

സാഹിതീയം

നഷ്ട വസന്തസ്ഥലികള്‍

"ഒരു പുതിയഭൂമി വിരിഞ്ഞുയരട്ടെ ചങ്കൂറ്റമുള്ള ഒരു രണ്ടാം തലമുറ ജന്മമെടുക്കട്ടെ, സ്വാതന്ത്ര്യപ്രേമികളായ ഒരു ജനത വളര്‍ന്നുപൊങ്ങട്ടെ. അന്തിമസംഗരത്തിന്റെ കരുത്തും സമാശ്വാസവും നിറഞ്ഞ ഒരു സൗന്ദര്യം നമ്മുടെ രക്തത്തിന്റേയും ആത്മാവിന്റേയും സ്പന്ദമായിത്തീരട്ടെ വിലാപഗാനങ്ങള്‍ പോയ്മറയട്ടെ, വീരഗാഥകള്‍ എഴുതപ്പെടട്ടെ. മനുഷ്യരുടെ ഒരു വംശം ഇനി ഉയര്‍ന്ന് വന്ന് അധികാരമേല്‍ക്കട്ടെ"

അമേരിക്കന്‍ നീഗ്രോ കവിയായ മാര്‍ഗരറ്റ്‌ വാക്കറുടെ "എന്റെ ജനങ്ങള്‍ക്ക്‌" എന്ന കവിതയുടെ ഒരു ഭാഗമാണിത്‌. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെ പരിചയപ്പെടുത്തുന്നതിനാണ്‌ കേരളത്തില്‍ ഏറെ പ്രചരിക്കപ്പെട്ട ഈ കാവ്യഭാഗം ഉദ്ധരിച്ചത്‌. ഇന്നോര്‍മ്മിക്കുമ്പോള്‍ എഴുപതുകള്‍ കേരളത്തിന്റെ വസന്തകാലമായിരുന്നു. ഇന്ത്യന്‍ ചക്രവാളങ്ങളില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിന്‌ കാതോര്‍ക്കാന്‍ പര്യാപ്തമായ ഒരു സാംസ്കാരികത അന്നു നിലനിന്നിരുന്നു. ആ സാംസ്കാരികത ആണ്‌ എഴുപതുകള്‍ എന്ന് നാം വ്യവഹരിക്കുന്നത്‌. മലയാളിയുടെ സംസ്കരണ പ്രക്രിയക്ക്‌ ആക്കവും അര്‍ത്ഥവും കൈവന്നത്‌ എഴുപതുകളിലാണ്‌. എഴുപതുകള്‍ പ്രതിരോധത്തിന്റേയും ചോദ്യം ചെയ്യലിന്റേയും കാലമായിരുന്നു.എന്തും ചോദ്യം ചെയ്യുമ്പോഴും തകര്‍ക്കപ്പെടുമ്പോഴും പകരം വെയ്ക്കാവുന്ന മറ്റൊന്ന് നമ്മുടെ ചിന്താമണ്ഡലങ്ങളെ ജ്വലിപ്പിച്ചിരുന്നു. സഹജമായ വ്യക്തിപരത, സ്വാര്‍ത്ഥം ഏറെക്കുറെ വെടിയുകയും സമൂഹത്തില്‍ വ്യക്തി നിലകൊള്ളുകയും ചെയ്യുന്ന അപൂര്‍വ്വത എഴുപതുകളുടെ സാംസ്കാരികതയുടെ ശക്തമായ ഒരന്തര്‍ധാരയായിരുന്നു. സമൂഹത്തിലാണ്‌ വ്യക്തി ആവിഷ്കരിക്കപ്പെടേണ്ടതെന്ന തിരിച്ചറിവ്‌ നിയന്ത്രിക്കുന്ന സാംസ്കാരിക ചലനങ്ങള്‍ എഴുപതുകളുടെ ശക്തിയായിരുന്നു.

വായനയുടെയും വസന്തകാലമായിരുന്നു എഴുപതുകളും തുടര്‍ന്നുവന്ന എണ്‍പതുകളും. വായന ഗൗരവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നുതന്നെ ഗണിക്കപ്പെട്ടു. ഉജ്ജ്വലമായ വിപ്ലവബോധത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ എഴുത്തിലൂടെ വായനക്കാരന്റെ വികാരങ്ങളെ സംസ്കരിച്ചു. ദന്തഗോപുരങ്ങളിലോ അതിനടുത്തോ മാത്രം സഹവസിച്ചിരുന്ന കവിത ജനകീയമായി. അന്നുവരെയുണ്ടായിരുന്ന സൗന്ദര്യസങ്കല്‍പങ്ങളെ കരുത്തുറ്റ നവീന ജീവിതസങ്കല്‍പങ്ങള്‍ കൊണ്ട്‌ തന്നെ തകര്‍ത്തു. ഈ സംഹാരങ്ങളെല്ലാം പുതിയ സൃഷ്ടികള്‍ കൊണ്ട്‌ തന്നെ ന്യായീകരിക്കപ്പെട്ടു. കവിതയും നാടകവും എല്ലുറപ്പുള്ള കലാരൂപങ്ങളാവുന്നത്‌ ഈ കാലയളവിലാണെന്നോര്‍ക്കുക. ക്ഷണിക്കപ്പെട്ട സദസ്സിലായിരുന്നു ഇവിടെയെന്നും ആസ്വാദകര്‍, തെരുവായിരുന്നു. തെരുവ്നാടകങ്ങളും കവിതകളും കലയ്ക്ക്‌ പുറത്തുള്ളവരെ തേടി പുറമ്പോക്കുകളിലേക്ക്‌ വന്നു. സാമൂഹികചലനങ്ങളുടെ കര്‍ത്തൃസ്ഥാനങ്ങളില്‍ ഉയര്‍ന്നവ്യക്തികളുടെ ലക്ഷ്യപൂര്‍വ്വമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. അപരനെ സ്വീകരിക്കാനുള്ള സന്നദ്ധതയില്‍ നിന്ന് പോസിറ്റീവായ സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെട്ടുവന്നു. സ്ത്രീ പുരുഷ സമത്വസങ്കല്‍പങ്ങളില്‍ ആഴത്തിലുള്ള ചിന്തകളുണ്ടായി.

പ്രസിദ്ധീകരണങ്ങളും സജീവമായിരുന്ന കാലമാണിത്‌. അവയുടെ ഉള്ളടക്കങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തന്നെ മലയാളിയുടെ സമകാലീന ദാരിദ്രത്തിന്റെ ആഴങ്ങളറിയാനാവും. ആഴത്തിലുള്ള ചിന്തകള്‍ പങ്കുവയ്ക്കാനുണ്ടായിരുന്ന ആനുകാലികങ്ങള്‍ക്ക്‌ സമൂഹത്തില്‍ ഉന്മിഷത്തായ ജീവിതമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു. ലോകത്തിന്റെ ഏതു കോണിലുമുള്ള രാഷ്ട്രീയപ്രശ്നങ്ങളോട്‌ സംവദിക്കാനുള്ള മനസ്സ്‌ മലയാളിയ്ക്കുണ്ടായിരുന്നു. ഒരാഗോള മൂല്യസങ്കല്‍പം ആശ്ചര്യകരമായ ആവേശത്തോടെ നമ്മെയും ചൂഴ്‌ന്നു നിന്നു. വ്യക്തിപൂജയും ആത്മരതിയും അശ്ലീലമാന്നെന്ന ബോധം നമ്മെ ഭരിച്ചിരുന്നു. വ്യക്തിയ്ക്ക്‌ പകരം സമൂഹം പ്രസക്തമാവുമ്പോഴാണ്‌ സംവാദങ്ങളും കലാപ്രവര്‍ത്തനങ്ങളും സജീവമാകുന്നത്‌.

അയ്മേ സെയ്‌സര്‍ എന്ന ആഫ്രിക്കന്‍ കവിയുടെ 'ജന്മനാട്ടിലേക്ക്‌ മടങ്ങൂ' എന്ന കവിതയുടെ ഒരു ഭാഗം ശ്രദ്ധിക്കുക.

“-ഞാനുറച്ചു നില്‍ക്കും
എന്റെ ശിരസ്സ്‌ കപ്പലിന്ന്‌ അണിയമാക്കുക
എന്നെ ഒരച്ഛനോ ഒരു സഹോദരനോ ഒരു പുത്രനോ ആക്കാതിരിക്കുക.
എന്നെ ഒരേയൊരച്ഛനും സഹോദരനും പുത്രനുമാക്കുക.
എന്നെ ഒരു ഭര്‍ത്താവാക്കാതിരിക്കുക പകരം അനന്യമായ ജനതയ്ക്ക്‌ മുഴുവന്‍ കാമുകനാക്കുക-“

സമഷ്ടിയുടെ ദര്‍ശനമാണിത്‌. ഇച്ഛാശക്തിയുള്ള യുവത്വങ്ങള്‍ എത്തിച്ചേരാന്‍ കൊതിക്കുന്ന ലോകത്തില്‍ വ്യക്തി അപ്രസക്തനാവുകയാണ്‌. ഈ സാംസ്കാരികതയുടെ ഏറ്റവും വലിയ മേന്മ അതായിരുന്നു. ഇത്രയും ഉദാത്തമായ ഒരു സാംസ്കാരികത നമ്മെ ഉപേക്ഷിച്ച്‌ കടന്നു പോയി. നമ്മുടെ ആലസ്യങ്ങളില്‍ ജാഗ്രതയായിരിക്കാന്‍ കഴിയാത്തതിന്റെ പ്രത്യാഘാതമാണ്‌ ഈ വസന്തം നമുക്ക്‌ നഷ്ടമാക്കിയത്‌. വ്യക്തിയുടെ പിന്മടക്കം കെ.ജി.ശങ്കരപ്പിള്ള ശക്തമായി ആവിഷ്കരിച്ചിട്ടുണ്ട്‌

കുട താഴ്ത്തു-
കെതിരേവരുന്നവന്റെ വഴി
പോയിട്ടുയര്‍ത്താം
വേണ്ട കുശലശല്യം
നമ്മെത്തുറന്നു നാം വിട്ടുള്ള
വെയിലിന്റെ തോട്ടം കഴിഞ്ഞു.
ഇന്നത്തെ സന്ധ്യപ്പൊലിമയും പോയ്‌
ഇനി
ഇത്തടിപ്പാലം കടക്കണം
റൊട്ടിയും മുട്ടയും തേങ്ങയും വാങ്ങണം
വീടെത്തി ലോകത്തെപ്പുറത്തിട്ടടയ്ക്കണം
(കുടമറ)

ക്യാമ്പസുകളിലും പുറത്തും സൗഹൃദത്തിന്റെ ആദര്‍ശാത്മകമായ കൂട്ടുകെട്ടുകള്‍ രൂപപ്പെടുന്നത്‌ ഈ വസന്തകാല സാംസ്കാരികതയിലാണ്‌. സമഷ്ടിയുടെ പ്രശ്നങ്ങളില്‍ ചിന്തയും ഇടപെടലും വിദ്യാര്‍ത്ഥി പക്ഷത്തുനിന്നുമുണ്ടാവുന്നത്‌ ഏക ജീവിതാനശ്വര ഗാനങ്ങള്‍ ഈ സംഘങ്ങളെ ത്രസിപ്പിച്ചിരുന്നു എന്നര്‍ത്ഥം. ഈ സമൂഹത്തെ ഉണര്‍വോടെ നിലനിര്‍ത്താന്‍ പര്യാപ്തമായ പ്രസിദ്ധീകണങ്ങളും സജീവമായിരുന്നു. ചെറുതും വലുതുമായ പ്രസിദ്ധീകരണങ്ങള്‍ ഈ സാംസ്കാരികതയെ വിപുലവും സൂക്ഷ്മവുമാക്കിക്കൊണ്ടിരുന്നു. പ്രസിദ്ധീകരണങ്ങളുടെ മേഖലയില്‍ ഇന്ന് മുഖ്യധാര മാത്രം നിലനില്‍ക്കുന്നു. നിലനില്‍ക്കാന്‍ കഴിയാതെ തിരശ്ശീലയ്ക്ക്‌ പിന്നിലേക്ക്‌ മടങ്ങിയ സമാന്തര സംരംഭങ്ങള്‍ നിര്‍വ്വഹിച്ച ദൗത്യം അനാഥമായിക്കിടക്കുന്നു. ഇടപെടാന്‍ മറ്റാരുമില്ലെന്നറിയുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സംസ്കാരത്തിന്റെ മൊത്ത കച്ചവടക്കാരായി. ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍ കൂടി വന്നു ചേരുമ്പോള്‍, മലയാളി അച്ചടക്കത്തോടെ പാലിച്ച വസന്തകാലസംസ്കൃതി നിഷ്കരുണം തകര്‍ക്കപ്പെട്ടു. നവീനജീവിത സങ്കല്‍പത്തിന്റെ അടിസ്ഥാന ശിലകള്‍ പൊളിഞ്ഞു. പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലാതെ, ശുന്യതയിലേക്കിടിഞ്ഞു വീഴുന്നതിന്റെ കേവലാനന്ദങ്ങള്‍ ആഘോഷിക്കപ്പെട്ടു. പാചകക്കുറുപ്പുകളും ഡോക്ടറുടെ മറുപടിയും ഫാഷന്‍ ഭ്രമങ്ങളും ചൂതാട്ടവുമായി മാധ്യമങ്ങള്‍ വസന്തസ്വപ്നത്തിന്റെ ശവമഞ്ചത്തില്‍ കയറി നൃത്തം വെയ്ക്കാന്‍ തുടങ്ങി. നമ്മുടെ വര്‍ത്തമാനം അപകടകരമാം വിധത്തില്‍ സജീവമാക്കിയ യുവാക്കളുടെ തിളയ്ക്കുന്ന ചോരകള്‍ മെല്ലെ തണുക്കാന്‍ തുടങ്ങി. വീടുവിട്ട്‌ പുറത്തുവന്ന യുവസംഘങ്ങള്‍ തിരിച്ച്‌ വീട്ടിലേക്ക്‌ മടങ്ങി.'അച്ചടക്കമുള്ള'കുട്ടികളായി അവര്‍ വീടിന്റെ വ്യാകരണം പരിശീലിച്ചു. ജ്വലിക്കുന്ന യൗവ്വനങ്ങളെ ഇത്രയെളുപ്പം തളച്ചിടാന്‍, വ്യവസ്ഥിതിയ്ക്ക്‌ കഴിഞ്ഞതെങ്ങനെയെന്ന ചോദ്യത്തെ നമ്മുടെ ബുദ്ധിജീവികള്‍ വളരെ വിശദമായി മറികടന്നുപോയി.

എഴുപതുകള്‍ സമ്മാനിച്ച സാംസ്കാരികോര്‍ജ്ജത്തില്‍ നിന്നാണ്‌ മലയാളി രാഷ്ട്രീയ ചിന്തയുടെ സൂക്ഷ്മതകളിലേക്ക്‌ കടന്നുവരുന്നത്‌. സ്ത്രീ, പരിസ്ഥിതി, ദളിത്‌ ചിന്തകള്‍ സജീവമാകുന്നത്‌ എഴുപതുകളുടെ തുടര്‍ച്ചയാണ്‌. ഈ മേഖലയിലെ പല സങ്കല്‍പങ്ങളും മാറ്റിപ്പണിയുകയും പുനര്‍വായനയ്ക്ക്‌ കാരണമായിത്തീരുകയും ചെയ്യുന്നുണ്ട്‌. സ്ത്രീയുടെ ഭാവന, ഭാഷ, സ്വപ്നം, ലോകം എല്ലാം അന്വേഷിക്കപ്പെടേണ്ട തലങ്ങളാണെന്ന് നമ്മുടെ ബോധ്യങ്ങളിലേക്ക്‌ കടന്നുവന്നതും ഈ സാംസ്കാരികതയുടെ പ്രകാശങ്ങളിലൂടെയാണ്‌. സരസ്വതിയമ്മയും രാജലക്ഷ്മിയും വായനകളിലേക്ക്‌ വീണ്ടും കടന്നുവന്നു. മാധവിക്കുട്ടി സജീവമായി ചിന്തകളില്‍ ഇടപെട്ടു. സാറാജോസഫ്‌ സ്ത്രീയുടെ ലോകവും ഭാഷയും സൂക്ഷ്മമായി വിശദീകരിച്ചു. സ്ത്രീ എഴുത്തുകാരുടെ ഒരു നീണ്ട നിര തന്നെ മലയാളത്തിലുണ്ടായി. സ്ത്രീയുടെ അമര്‍ത്തിവച്ച സങ്കടങ്ങളും ദാഹങ്ങളും ആവിഷ്കാരങ്ങളില്‍ ജ്വലിക്കുന്ന ലാവാപ്രവാഹങ്ങളായി. പുഷാധികാരത്തിന്റെ ആയിരം കൈവഴികള്‍ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കലാമാതൃകകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. വിജയലക്ഷ്മിയുടെ മൃഗശിക്ഷകനില്‍ നിന്നൊരു ഭാഗം നോക്കുക.

'ഇരയെക്കാല്‍ച്ചോട്ടിലമര്‍ത്തി, പ്പല്ലുകോര്‍-
ത്തുടക്കുമ്പോഴകം നിറയും സംതൃപ്തി,
തെറിക്കും ചോരയാല്‍ മുഖം നനയ്ക്കുവാന്‍
തരിക്കയാണെന്റെ നഖവും ദ്രംഷ്ടയും
നിരന്നിരിക്കുവോര്‍ പലരാണെന്‍മുന്നി-
ലവരെക്കൊല്ലുവാനുടല്‍ ത്രസിക്കുന്നു.
പറയു, പാവയോ മൃഗം? മെരുങ്ങിയാ-
ലടിമയെക്കണക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്ക്കെന്റെ വനചേതസ്സിലാ-
മൃഗപൗരാണികന്‍ കുടഞ്ഞെണീക്കുന്നു.
അതിപുരാതനന്‍, ഇലച്ചാര്‍ത്തിന്‍ മേലേ
കുതിപ്പോന്‍, സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍"

എഴുത്തിലും സാംസ്കാരികപ്രവര്‍ത്തനത്തിലും സജീവസാന്നിദ്ധ്യമായ സ്ത്രീ വസന്തകാല സാംസ്കാരികതയുടെ തുടര്‍ച്ചയാണ്‌. വിസ്തൃതമായ ഒരു സാംസ്കാരികതയുടെ സൂക്ഷ്മാംശത്തിലേക്കുള്ള വ്യതിയാനത്തിന്റെയും വിശദീകരണത്തിന്റെയും ഭാഗമായാണ്‌ സ്ത്രീ ചിന്തകള്‍ പ്രസക്തമായത്‌. പുരുഷ കേന്ദ്രിതമായ ഒരു സമൂഹം നിര്‍മ്മിച്ചെടുത്ത മാതൃകകള്‍ തിരസ്കരിക്കാന്‍ പര്യാപ്തമായ കാഴ്ചപ്പാട്‌ മലയാള സ്ത്രീ ആര്‍ജ്ജിച്ചെടുത്തിരുന്നു. പക്ഷേഅവളുടെ ചിന്തകളിലെ തീക്കനലുകള്‍ എത്ര പെട്ടന്നാണ്‌ ചാരം മൂടിയത്‌. അരങ്ങിലെത്തിയ സ്ത്രീയെ വസ്ത്രത്തിലും ആഭരണത്തിലും പാചകവിധിയിലും വിദഗ്ദമായി തളച്ചിടാന്‍ കഴിഞ്ഞു. വസന്തത്തിന്റെ നഷ്ടസൃതികള്‍ ഇവിടെ വേദനയായി നീറിപ്പിടയും. ചിന്തിക്കുന്ന സ്ത്രീയില്‍ ദളിതിന്റെ ലോകവും വിവൃതമാവുന്നത്‌ ഈ സാംസ്കാരികതയില്‍ തന്നെയാണ്‌. സവര്‍ണ്ണലോകം തിരസ്കരിച്ച ഏറെ ഇരുണ്ട ഒരു ജീവിതം ആഹ്ലാദകരമായി വ്യാവ്യാനിക്കപ്പെടുന്നുണ്ട്‌. കറുത്തകലകളുടെ സ്വീകാര്യതയും ഉയര്‍ത്തെഴുന്നേല്‍പ്പും ഈ വസന്തത്തെ പ്രസക്തമാക്കി. അടിച്ചമര്‍ത്തപ്പെടുന്നവരോടും തിരസ്കരിക്കപ്പെടുന്നവരോടും ആഭിമുഖ്യം പുലര്‍ത്തുന്ന നവ സങ്കല്‍പങ്ങളാണ്‌ പാരിസ്ഥിതികാന്വേഷണങ്ങളിലും പ്രകാശം ചൊരിഞ്ഞത്‌. പരിസ്ഥിതിയുടെ ഒരു രാഷ്ട്രീയം എഴുപതുകളുടെ സൂക്ഷ്മാംശങ്ങളില്‍ രൂപപ്പെട്ടു. ഇത്രയും സജീവമായിരുന്ന ഒരു ജനതയുടെ സാംസ്കാരിക സവിശേഷതയ്ക്കാണ്‌ നാം വസന്തകാലമെന്ന് വ്യവഹരിച്ചത്‌. ആ വസന്തം കടന്നുപോയ ഒറ്റയടിപ്പാതകളായിത്തീരുന്നു ഇന്നും നമ്മുടെ ചിന്താലോകങ്ങള്‍. വസന്തം ഉപേക്ഷിച്ചുപോയ ഭൂവിടങ്ങള്‍ നാം അന്വേഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്‌.

എഴുപതുകളുടെ സാംസ്കാരികതയില്‍ പ്രണയം വിസ്തൃതമായ ഒരു സങ്കല്‍പമായിത്തീരുന്നുണ്ട്‌. മറ്റൊരാളുടെ വേദനാപൂര്‍ണ്ണമായ ജീവിതം സ്വാംശീകരിക്കാന്‍ കഴിയുന്നയാളിന്റെ ഉള്ളില്‍ മാത്രം പൂക്കുന്ന അസുലഭ സുന്ദരാനുഭവമായായിരുന്നു പ്രണയം. പ്രണയത്തിന്റെ അസ്വസ്ഥതകളിലും വേദനകളിലും വിശാലമായ ഒരു സാംസ്കാരികതയുടെ ഭാവരേണുക്കള്‍ പതിഞ്ഞുകിടപ്പുണ്ട്‌.

"അന്തിമേഘങ്ങളെക്കൊണ്ട്‌ പേടിച്ചുവോ
സന്ധ്യയുടെ ശോകം മനസ്സില്‍ നിറയുന്നുവോ
കാണുകീക്കടലിന്റെ കഥകളിയരങ്ങുകള്‍
കാലം പെരുമ്പറ മുഴക്കുന്ന സദിരുകള്‍
സ്നേഹം സമുദ്രമെന്നറിയുക മനസ്വിനി
സ്നേഹിപ്പവര്‍ക്കില്ല സ്വാസ്ഥ്യവും ശാന്തിയും
(ഡി. വിനയചന്ദ്രന്‍, പോവുക പ്രിയംവദേ)

സ്വാസ്ഥ്യവും ശാന്തിയും അപ്രാപ്യമായ ഈ സ്നേഹം വിശാലമാണ്‌. മുന്‍പ്‌ പറഞ്ഞ വസന്തത്തിന്റെ വിരല്‍പ്പാടുകള്‍ അതില്‍ പതിഞ്ഞു കിടപ്പുണ്ട്‌. ഈ പ്രണയം പിന്നിട്‌ കേരളത്തിലെ വലിയ വ്യവഹാര സാദ്ധ്യതയുള്ള വസ്തുവായി മാറി. വലന്റൈന്‍സ്‌ ഡേയും വിരഹഗാനങ്ങളുടെ കസറ്റുമായി പ്രണയം കമ്പോളങ്ങളില്‍ അണിനിരന്നു. മലബാറില്‍ പ്രസിദ്ധീകരിച്ച പ്രണയകവിതകളും കഥകളും വളരെപ്പെട്ടെന്ന് വിറ്റഴിഞ്ഞെന്നോര്‍മ്മിക്കുക. ഉയര്‍ന്നവായനയും രാഷ്ട്രീയചിന്തകളും ഉപേക്ഷിച്ച്‌ മലയാള യൗവ്വനങ്ങളെ പ്രണയത്തിന്റെ പൈങ്കിളി കൂടുതല്‍ കുടിയിരുത്തിയ മാധ്യമങ്ങളെ വിശ്ലേഷണം ചെയ്താല്‍, പ്രണയത്തിന്റെ കച്ചവട സാദ്ധ്യതകള്‍ ബോധ്യപ്പെടും.

കേരളത്തിലെ വര്‍ത്തമാനസാംസ്കാരികത അപകടകരമായി മലയാളിയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. സംസ്കാരത്തിന്‌ ഒരുപാട്‌ സ്പോണ്‍സര്‍മാരുണ്ടായിത്തീരുകയും തങ്ങളാണ്‌ സംസ്കാരമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ത്രാണി പോലും നഷ്ടപ്പെട്ട്‌ നിത്യരോഗികളായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ മസ്തിഷ്കവും വൈകാരികതയും ആരെല്ലാമോ ആഴത്തില്‍ ഉഴുത്‌ മറിക്കുകയും വിത്തിടുകയും ചെയ്തിരിക്കുന്നു. പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്‌ സാംസ്കാരിക 'മുതലാളി'മാരുടെ ജനിതക വ്യതിയാനം വരുത്തിയമാറ്റം മാത്രം. വെളുപ്പാന്‍ കാലത്തുതന്നെ പത്രങ്ങള്‍ നോക്കി ചൂതാട്ടം നടത്തി ഇച്ഛാഭംഗിതരാകാന്‍ നമുക്ക്‌ കഴിയുന്നു. ഒരു കര്‍ഷകന്റെ ആത്മഹത്യ നമ്മോട്‌ എങ്ങനെയാവും സംവദിക്കുക. പീഡിതയായ ഒരു പെണ്‍കുട്ടിയുടെ വര്‍ത്തമാനം നാം എങ്ങനെയാവും കേള്‍ക്കുക?

സ്ത്രീശരീരം പരസ്യത്തിലും വാര്‍ത്തയിലും വിദഗ്ദമായി ഉപയോഗിക്കുകയും പുരുഷവായനക്കാരനെ നിത്യവും ഉത്തേജിതനാക്കി നിര്‍ത്തുകയും ചെയ്യുന്ന വൃത്താന്ത പത്രപ്രവര്‍ത്തം മുന്നോട്ട്‌ വെയ്ക്കുന്ന സാംസ്കാരികതയെന്താണ്‌? സാനിയ മിര്‍സയുടെ പല പോസിലുള്ള ഫോട്ടോകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷിച്ചതോര്‍മ്മിക്കുക. പെരുകിവരുന്ന പീഡനവാര്‍ത്തകള്‍ക്ക്‌ പിന്നില്‍, മാധ്യമങ്ങള്‍ സൃഷിക്കുന്ന സിരാരോഗികളുടെ പങ്കു വിലയിരുത്തപ്പെടേണ്ടതുണ്ട്‌. ലൈംഗികതയുടെ തൂവല്‍സ്പര്‍ശമില്ലാത്ത ആനുകാലിങ്ങള്‍ വിറ്റഴിക്കാനാവില്ലെന്ന സ്ഥിതി വന്നുചേര്‍ന്നിരിക്കുന്നു. മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്ന പുലരുവോളമുള്ള സാസ്കാരിക പരിപാടിയില്‍ അര്‍ദ്ധനഗ്നകളും അല്‍പവസ്ത്രകളും നിറഞ്ഞാടുമ്പോള്‍, പ്രബുദ്ധരായ മലയാളി വീണുകിടക്കുന്ന ജീര്‍ണ്ണതയുടെ ആഴം തിരിച്ചറിയാനാവും. എഴുപതുകളില്‍ നിന്ന് വ്യത്യസ്തമായി സാംസ്കാരിക ചലനങ്ങളുടെ കര്‍ത്തൃസ്ഥാനങ്ങളില്‍ കപടസംസ്കാരത്തിന്റെ അധോലോകങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു.

നമ്മുടെ സമരങ്ങളെല്ലാം ശീതികരിക്കപ്പെട്ടിരിക്കുന്നു. സമരം മേച്ഛമായ ഒരു പ്രവൃത്തിയായി തീര്‍ന്നതെന്നുമുതല്‍ക്കാണ്‌? നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ ചോര്‍ത്തിക്കളഞ്ഞ പരിഷ്കാരങ്ങള്‍ തുടക്കമിട്ടപ്പോള്‍ പ്രതിഷേധത്തിന്റെ ചെറുവിരലനക്കങ്ങള്‍ പോലും കണ്ടില്ലൊന്നോര്‍മ്മിക്കുക. പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങിയ യുവശക്തി ചേക്കേറിയതെവിടെയാണ്‌? തീറ്റ കൊടുത്ത്‌ മൃഗങ്ങളെ മെരുക്കുന്നതുപോലെ നമ്മളും തീറ്റയ്ക്ക്‌ മുന്നില്‍ മെരുങ്ങിക്കഴിഞ്ഞു. കേരളത്തില്‍ പുതുതായി പ്രത്യക്ഷപ്പെടുന്ന ഭക്ഷണവ്യവസായങ്ങള്‍ ശ്രദ്ധിക്കുക. സന്ധ്യയാവുമ്പോള്‍ കേരളത്തിലെ വഴിയോരങ്ങളില്‍ സജീവമാകുന്ന തട്ടുകടകള്‍ ശ്രദ്ധിക്കുക. എല്ലാ സമരങ്ങളും പ്രതിഷേധങ്ങളും ഈ തീറ്റയില്‍ സമാശ്വാസം കൊള്ളുന്നു. നമ്മുടെ വലിയ പ്രതിഷേധങ്ങള്‍ തീന്മേശപ്പുറത്ത്‌ ലളിതമായി പരിഹരിക്കപ്പെടുന്നു. ഏത്‌ വലിയ ശത്രുക്കളും ഈ കുടിയിലും തീറ്റയിലും വിസ്മൃതമായിത്തീരുന്ന ലളിതസുന്ദര കേരളം. തീറ്റയില്ലാതെ നമുക്കെന്ത്‌ ആഘോഷം

"തോക്കിന്റെ കാഞ്ചിയും ബുട്സും വരച്ചിട്ട
പോസ്റ്റര്‍ ചുമന്നു ദ്രവിച്ച മണ്‍ഭിത്തിയില്‍
കാലം വരച്ച തെറിപ്പൂക്കള്‍ വായിച്ചു
പോകുന്ന കുട്ടികള്‍ തുപ്പുന്ന ചോരയില്‍
കാണരുതാരും മഹാസങ്കടത്തിന്റെ
ആണിയും മുള്ളും തറച്ച പ്രത്യാശകള്‍"
(ആവര്‍ത്തനം-കുരിപ്പുഴ ശ്രീകുമാര്‍)

നമ്മുടെ വായനശാലകളില്‍ ആളൊഴിയുന്നു. നാലും കൂടിയ നാട്ടുപാതകളില്‍ ആളൊഴിയുന്നു. വയല്‍ വരമ്പിലും ഇടവഴിയിലും ആളൊഴിയുന്നു. അനുഷ്ടിച്ചു തീര്‍ക്കുന്ന ജീവിതത്തിന്റെ പൊരുളും പൊരുത്തക്കേടും അനാവരണം ചെയ്യാതെ കിടക്കുന്നു. എഴുപതുകള്‍ കേരളത്തിനു നല്‍കിയത്‌ എല്ലുറപ്പുള്ള ഒരു സാംസ്കാരികതയാണ്‌. ലോകത്തിന്‌മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാവുന്ന ഒരു സാംസ്കാരികത. വലിയൊരു ചിന്താലോകം മലയാളിയ്ക്കുണ്ടായിരുന്നു. വ്യക്തിയുടെ ത്യാഗത്തിന്റെ, ഉപേക്ഷിക്കലിന്റെ ദൃഢമായ മാനസികാവബോധങ്ങളില്‍ നിലനിന്ന സംസ്കാരികതയായിരുന്നു അത്‌. കേരളത്തില്‍ എഴുപതുകളിലേത്‌ മറ്റൊരിക്കലുമില്ലാതിരുന്ന സമഗ്രതയുടെ സംസ്കാരിക ദര്‍ശനമായിരുന്നു. ആ വസന്തം നമ്മെ കടന്നുപോയിരിക്കുന്നു.

കെ. കെ. സനില്‍
Subscribe Tharjani |