തര്‍ജ്ജനി

മലയാളത്തി‍ന്റെ ഹൈക്കു

'വിളക്ക്‌ പറയാനാരംഭിച്ചു.
ഒരു തുള്ളി വെളിച്ചംപോലും കാണുന്നീല.
വിളക്കു നോക്കിയതാകട്ടെ അതിന്റെ നിഴല്‍ ഭാഗത്തു മാത്രം.'
-വിളക്ക്‌

ധ്യാനനിരതനായിരിക്കുന്ന സന്യാസിയെ കാണുന്ന വഴിപോക്കരുടെ ഒരു സെന്‍ കഥയുണ്ട്‌. മദ്യപിച്ച്‌ ലെക്കുകെട്ടു വരുന്നവന്‌ തന്നെപ്പോലെ ദിക്കറിയാതെയിരിക്കുകയാണ്‌ സന്യാസിയുമെന്ന്‌ തോന്നുന്നു. ആ വഴിവന്ന ഓരോരുത്തരും ഓരോ രീതിയില്‍ സന്യാസിയെ സമീപിച്ചു. ഒടുവില്‍ വന്ന യുവസന്യാസി അദ്ദേഹത്തെ തിരിച്ചറിഞ്ഞ്‌ പരിചരിക്കുന്നു.

പി.കെ. പാറക്കടവിന്റെ കഥകളെ സമീപിക്കുമ്പോഴും നമുക്ക്‌ അനുഭവപ്പെടുക ഈ അവസ്ഥയാണ്‌. 'കഥയോളം വലുപ്പമില്ല' എന്ന്‌ വിവേചിച്ച്‌ 'കൊച്ചുകഥ'യെന്ന്‌ നാം പറയുമ്പോള്‍ പാറക്കടവ്‌ ചിരിയോടെ മാറിനില്‍ക്കുന്നു. കവിതയാണെന്ന്‌ കവി അയ്യപ്പപ്പണിക്കര്‍. വെളുത്ത കുഞ്ഞു കാന്‍വാസില്‍ കറുത്ത അക്ഷരങ്ങളാല്‍ വരച്ചിടുന്ന ബഹുവര്‍ണ പെയ്ന്‍റിംഗുകളാണ്‌ അവയെന്ന്‌ ചിത്രകാരനു തോന്നാം. ഇവയോരോന്നും ദര്‍ശനങ്ങള്‍ തന്നെയാണെന്ന്‌ പുസ്തകം മടക്കിവെച്ചുള്ള മനോവായനയില്‍ തെളിയുന്നു. ദര്‍ശനങ്ങള്‍ നിറഞ്ഞ കവിതകളാണ്‌ പാറക്കടവിന്റെ കഥകള്‍ എന്ന തിരിച്ചറിവ്‌ ഇവിടെനിന്നാണുണ്ടാവുക. തന്റെ രചനകള്‍ 'കഥ'യെന്ന പേരില്‍ അറിയപ്പെടാന്‍ എഴുത്തുകാരന്‍ ഇഷ്ടപ്പെടുന്നതും അതുകൊണ്ടാവണം. കുറഞ്ഞ വരികളില്‍ വിസ്തൃതമായ ഒരു ലോകത്തിന്റെ നോവും പിടച്ചിലുകളും മൗനത്തിന്റെ നിലവിളികളും കവിയുടെ കൈയടക്കത്തോടെ ചേര്‍ത്തുവെക്കുന്നതില്‍ ഈ കഥാകൃത്ത്‌ സവിശേഷ വൈഭവം പ്രകടിപ്പിക്കുന്നു.

ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച, മൂന്നു വരിയില്‍ നിരയൊത്തടുക്കിയ ഏതാനും വാക്കുകള്‍- നിങ്ങള്‍ അവയെ ഏതു കള്ളിയില്‍പ്പെടുത്തും?

പൂര്‍ണ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ച 'പി.കെ. പാറക്കടവിന്റെ കഥകള്‍' എന്ന പുതിയ പുസ്തകത്തില്‍ നിന്നെടുത്ത ഒരു രചനയാണിത്‌. വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോടും സാമൂഹിക പ്രശ്നങ്ങളോടുമുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ വിഷയമാവുന്ന നിരവധി രചനകള്‍ ഉള്‍പ്പെടെ 271 കഥകളുടെ സമാഹാരമാണിത്‌.

നീട്ടിപ്പരത്തി കഥകള്‍ പറയാന്‍ നമുക്ക്‌ ഏറെപ്പേരുണ്ട്‌. ചുരുക്കിപ്പറയാന്‍ അറിയുക കവിക്കാണ്‌. അങ്ങനെയുള്ള കഥകള്‍ പറയാന്‍ നമുക്ക്‌ ഏറെപ്പേരില്ല. ലോകത്തിന്‌ ഒരു ഖലീല്‍ ജിബ്രാന്‍ ഉണ്ടായിരുന്നെങ്കില്‍ മലയാളത്തിന്‌ ഒരാള്‍ മാത്രം. പകരക്കാരില്ലാത്ത ഈ രചനാ ശൈലി പാറക്കടവിന്‌ സ്വന്തം. സെന്‍ കഥകളുടെയും ജാപ്പനീസ്‌ ഹൈക്കുവിന്റെയും ദാര്‍ശനികതയും ജിബ്രാന്‍ കഥകളുടെ ഒതുക്കവും ഇവയ്ക്കുണ്ട്‌. അദ്ദേഹത്തിന്റെ ആറുവരി കഥയെ നമുക്ക്‌ അറുപത്‌ വരിയിലോ ആറു പേജിലോ ഉപന്യസിക്കാം. ജീവിതത്തെ, അതിന്റെ മേച്ചില്‍പ്പുറങ്ങളെ സൂക്ഷ്മതയോടെ സമീപിക്കുന്നതിലും ആവിഷ്ക്കരിക്കുന്നതിലും കഥാകാരന്‍ വിജയിക്കുന്നു.

സാഹിത്യത്തെ വിഭജിച്ചും വിവേചിച്ചും വിവിധ കള്ളികളില്‍ ഒതുക്കാന്‍ നാം ശ്രമിക്കുമ്പോള്‍ ഒരു കുഞ്ഞുകഥയായി പാറക്കടവ്‌ വരച്ചിടുന്ന വാക്കുകള്‍, ചുറ്റുമുള്ള കള്ളികള്‍ ഭേദിച്ച്‌ പുറത്തുകടന്ന്‌ മറ്റ്‌ കള്ളികളിലേക്ക്‌ എത്തിനോക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ കഥാപുസ്തകത്തില്‍ ഉടനീളം നമുക്കനുഭവിക്കാം. ഒപ്പം, ഇത്രയേറെ വൈവിധ്യമുള്ള വിഷയങ്ങളില്‍ ഇടപെടുകയും സാമൂഹിക പ്രശ്നങ്ങളോട്‌ യഥാസമയം രചനകളിലൂടെ പ്രതികരിക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ വേറെയില്ലെന്ന തിരിച്ചറിവും ഈ പുസ്തകം നമുക്ക്‌ പകര്‍ന്നുതരുന്നു.

എം. കുഞ്ഞാപ്പ
Subscribe Tharjani |