തര്‍ജ്ജനി

ഓര്‍മ്മ

കോവിലന്‍

ഏകദേശം മുപ്പതുവര്‍ഷം മുന്‍പ്‌ കുടക്കല്ലിലേക്കും, മുനിയറയിലേക്കുമുള്ള വഴി ചെമ്മണ്‍ പാതയായിരുന്നു, ഞാവല്‍ മരങ്ങളും, കശുമാവുകളും വെട്ടിയുണ്ടാക്കിയ നാട്ടുപാത. ഈ നാട്ടുപാതയിലൊരിടത്തു വെച്ചാണ്‌ കോവിലനെ ഞാന്‍ ആദ്യമായി കാണുന്നത്‌. ഒരു ദിവസം ചാറ്റല്‍ മഴയും നനഞ്ഞ്‌, അരിയന്നൂരിന്റെ അയല്‍ ഗ്രാമമായ മറ്റം സെന്റ്‌ ഫ്രാന്‍സീസ്‌ സ്കുളിലേക്കുള്ള യാത്രയില്‍, ഞങ്ങള്‍ കുട്ടികളുടെ ഒരു ചെറിയ സംഘത്തിന്‌ സുഖമായി കടന്നുപോകാന്‍ വേണ്ടി പ്രായമായ ഒരാള്‍ പാതയോരത്തെ മുള്‍വേലിയരികിലേക്ക്‌ വല്ലാതെ നീങ്ങി നില്‍ക്കുകയും, ഞങ്ങള്‍ പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാത്ത മട്ടില്‍ പതിവ്‌ ബഹളവുമായി നടന്ന്‌ നീങ്ങുകയും ചെയ്തു.

“ടാ, നിനക്കറിയോ അദ്‌ ആരാന്ന്‌? പോത്തേ അദാടാ കോവിലന്‍ “
- എന്റെ അറിവില്ലായ്മക്കുമേല്‍ പരിഹാസം ചൊരിഞ്ഞ ചോദ്യവും ഉത്തരവും പോളിന്റേതായിരുന്നു. മുനിയറക്കടുത്ത്‌ പട്ടാളത്തില്‍ ജോലിയുണ്ടായിരുന്ന കോവിലന്‍ എന്നൊരാള്‍ താമസിക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്‌ സാഹിത്യത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമുള്ള കേട്ടറിവു മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ, ആ പുസ്തകങ്ങളില്‍ ഒന്നുപോലും ഞാന്‍ വായിച്ചിട്ടുമുണ്ടായിരുന്നില്ല. കോവിലന്റെ മകന്‍ അജിതന്‍, മറ്റം സ്കൂളില്‍ വളരെ ഉയര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്നതായി അറിയാം. ഇളയ മകള്‍ അമിത എന്റെ ഉമ്മയുടെ അനുജത്തിയുടെ ക്ലാസ്സില്‍ ചൂണ്ടല്‍ സ്കൂളില്‍ പഠിക്കുന്നുമുണ്ടായിരുന്നു. ഗഹനമായ വായനയിലേക്ക്‌ നയിക്കുന്ന, വായനശാല, കലാസമിതി എന്നീ ഘടകങ്ങളൊന്നും അന്ന്‌ അരിയന്നൂരില്‍ ഉണ്ടായിരുന്നില്ല.

കാലം പിന്നെയും കഴിഞ്ഞു......

“നാട്ടുകാരെ, പ്രിയപ്പെട്ട വോട്ടര്‍മാരെ, ആസന്നമായ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. അരവിന്ദാക്ഷനെ ആന ചിഹ്നത്തില്‍ വോട്ട്‌ രേഖപ്പെടുത്തി വിജയിപ്പിക്കുക......”
മണ്ടി ശശിയുടെ മുഴങ്ങുന്ന ശബ്ദത്തില്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ പ്രചരണവാഹനം നാടിളക്കി കുതിച്ചുപായുകയാണ്‌. ഒരു നീണ്ട ഇടവേളക്കു ശേഷമുള്ള 1979-ലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു നാടുമുഴുവന്‍. ഞങ്ങള്‍ വോട്ടാവകാശമില്ലാത്ത കൗമാരക്കാരുടെ സ്ഥാനാര്‍ത്ഥിയായിരുന്നു പഴയൊരു ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ അരവിന്ദാക്ഷന്‍. സ്കൂളിലേക്കും, തിരിച്ചുമുള്ള യാത്രകള്‍ കടുത്ത വാദപ്രതിവാദങ്ങളുടേതായിരുന്നു, തിരഞ്ഞെടുപ്പ് കാലമത്രയും.

തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ അവസാന ദിവസം ഞങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച്‌ ഞങ്ങളുടെ എതിരാളിയുടെ പോസ്റ്റര്‍ അരിയന്നൂരിലും പരിസരത്തും പ്രത്യക്ഷപ്പെട്ടു.

"ഇന്ന്‌ വൈകിട്ട്‌ 7 മണിക്ക്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥനാര്‍ഥി പി.ആര്‍.എന്‍. നമ്പീശന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണ സമാപാന യോഗത്തില്‍, കോവിലന്‍, പ്രൊഫ. പി. ഗോപിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിക്കുന്നു. മികച്ച കുറേ വ്യാകരണ പുസ്തകങ്ങളും, ചെറുകഥകളും രചിച്ചിട്ടുള്ള പ്രൊഫസര്‍ ഗോപിക്കുട്ടന്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ മലയാള വിഭാഗം തലവനായിരുന്നു അന്ന്.

കോവിലന്‍ എല്ലാവരുടേതുമാണെന്നും, ആയതിനാല്‍ തിരഞ്ഞെടുപ്പ്‌ യോഗത്തില്‍ പ്രസംഗിക്കുന്നത്‌ ശരിയല്ലെന്നുമുള്ള ഒരു വാദം എതിര്‍ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും മുന്നോട്ട്‌ വച്ചെങ്കിലും കോവിലനും, ഗോപിക്കുട്ടന്‍ മാഷും യോഗത്തില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. വളരെ സൗമ്യമായ നിലപാടായിരുന്നു കോവിലന്റേത്‌, സ്വതന്ത്രന്മാര്‍ തിരഞ്ഞെടുപ്പുകള്‍ക്കുശേഷം അധികാരമുള്ളിടത്തേക്ക്‌ മറുകണ്ടം ചാടിയ ചരിത്രമാണുള്ളതെന്ന്‌ ശക്തമായിതന്നെ കോവിലന്‍ പറഞ്ഞു. കുറേകൂടി പ്രകോപനപരമായിരുന്നു ഗോപിക്കുട്ടന്‍ മാഷിന്റെ പ്രസംഗം. സ്വതന്ത്രന്മാര്‍ വേവാത്ത ചേനകളാണെന്നായിരുന്നു മാഷിന്റെ നിരീക്ഷണം. . അവര്‍ കറികളില്‍ വേവാത്ത ചേന ഉണ്ടാക്കുന്ന ചവര്‍പ്പും, ചൊറിച്ചിലും, രാഷ്ടീയത്തിലും സൃഷ്ടിക്കുമെന്നായിരുന്നു മാഷ്‌ പറഞ്ഞുവെച്ചത്‌. അത് ശരിയായിരുന്നു എന്ന് തിരിച്ചറിയുന്നത് എത്രകാലം കഴിഞ്ഞിട്ടാണ് !

പൊതുയോഗത്തിനുശേഷം തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പുതിയ തലങ്ങളിലേക്ക്‌ മാറി. അതുവരെ കക്ഷി ചേരാതിരുന്ന പലരും വ്യക്തമായി പക്ഷം പിടിക്കാന്‍ തുടങ്ങി, എങ്കിലും നാട്ടിലെ സൗഹൃദങ്ങള്‍ക്ക്‌ മങ്ങലേല്‍ക്കാതിരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. അത് ഗ്രാമീണ നന്മയുടെ മുദ്രയായിയായിരുന്നു.

വളരെ സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പ്‌.

പിറ്റേ ദിവസം വടക്കാഞ്ചേരിയില്‍ വച്ച് വോട്ടെണ്ണല്‍. ഞങ്ങള്‍ കുട്ടികള്‍ക്ക്‌ വോട്ടെണ്ണുന്നിടത്തേക്ക്‌ പോകാനുള്ള അനുവാദം വീടുകളില്‍നിന്നും കിട്ടിയിരുന്നില്ല, സ്ഥാനാര്‍ത്ഥികളേക്കാളും, മുതിര്‍ന്നവരേക്കാളും കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു ഞങ്ങള്‍. കാത്തിരിപ്പിനറുതിയായി, വൈകിട്ട്‌ എട്ടുമണിയോടെ രണ്ട്‌ ചേരിയിലുംപ്പെട്ടവര്‍ ആ വാര്‍ത്തയുമായി തിരിച്ചുവന്നു-
കണ്ടാണിശ്ശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നും വി. അരവിന്ദാക്ഷന്‍ 104 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുന്നു!

എല്ല്ലാവരും ആവേശഭരിതരാണ്‌, അപ്പോഴേക്കും ആഹ്ലാദ പ്രകടനത്തിന്റ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു, ഞങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണം നടത്തിയ കോവിലന്റേയും, ഗോപിക്കുട്ടന്‍ മാഷിന്റേയും വീടുകളിലേക്കായിരിക്കും ജാഥ ആദ്യം പോകുക, പിന്നീട്‌ മാത്രം ഗ്രാമ പ്രദിക്ഷണം, അപ്പുട്ടേട്ടന്‍ ആദ്യ മുദ്രാവാക്യം മുഴക്കി. വര്‍ക്കിമാപ്പിളയുടെ കടയില്‍ നിന്നും വാങ്ങിയ വലിയൊരു ചേനയുമായിട്ടായിരുന്നു രവിയേട്ടന്റെ വരവ്‌, സ്വതന്ത്രന്മാര്‍ വേവാത്ത ചേനയെന്ന്‌ പറഞ്ഞ ഗോപിക്കുട്ടന്‍ മാഷിന്റെ വീട്ടിലേക്ക്‌ എറിയാനാണ്‌ ചേനയെന്ന്‌ ജോസ്‌ രഹസ്യമായി എന്നോട്‌ പറഞ്ഞു. കോവിലന്റെ വീടിനുമുന്നില്‍ ആഹ്ലാദപ്രകടനം മാത്രമേയുള്ളൂ.

ഗോപിക്കുട്ടന്‍ മാഷിന്റെ വീടിനുമുന്നിലെ പ്രകടനത്തിനു ശേഷം, കോവിലന്റെ 'ഗിരി'ക്കുമുന്നിലെത്തുമ്പോള്‍ വല്ലാതെ ഇരുട്ടിയിരുന്നു, ആ ഭാഗത്ത്‌ അന്ന്‌ വൈദ്യുതി എത്തിയിരുന്നോ എന്ന്‌ വ്യക്തമായി ഓര്‍ക്കുന്നില്ല, എങ്കിലും കടുത്ത ഇരുട്ടായിരുന്നു ആ പരിസരമാകെ, ചെറിയ മഴയുമുണ്ട്‌ ഇതൊന്നും ഞങ്ങളുടെ ആവേശം കെടുത്തിയിരുന്നില്ല, മുദ്രാവാക്യങ്ങള്‍ വളരെ മാന്യമായിരുന്നുവെങ്കിലും. ഞങ്ങളുടെ സിന്ദാബാദ്‌ വിളികളേക്കാള്‍ ഉച്ചത്തിലായിരുന്നു കുടക്കല്ല്‌ പരിസരത്തെ നായ്ക്കളുടേയും, കുറുക്കന്റേയും ഓരിയിടല്‍, ഇത്രയും ആളുകളെ അവരും ആദ്യമായി കാണുകയായിരുന്നു.

കോവിലന്റെ വീടിനുമുന്നിലെ പ്രകടനം ശക്തമായി തുടരവേ ഞങ്ങളുടെ നേതാക്കന്മാരില്‍ ചെറിയ അസ്വസ്ഥത പുകയുന്നതും, രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതും ഞങ്ങള്‍ ശ്രദ്ധിച്ചു. കാര്യമിതാണ്‌, ഇനി ജാഥ പോകേണ്ടത്‌, മുനിയറ ഇറങ്ങി എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഉറച്ച കോട്ടയായ കണ്ടാണശ്ശേരിയിലേക്കാണ്‌ അവിടെ ജാഥ തടയാന്‍ അവര്‍ തയ്യാറായി നില്‍പുണ്ടന്നാണ്‌ നേതാക്കള്‍ക്ക്‌ കിട്ടിയിട്ടുള്ള വിവരം, അതുകൊണ്ട്‌ കുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്ക്‌ പോകണം. ജാഥ മുനിയറയിറങ്ങവേ, ഞാന്‍, ജോസ്‌, പോള്‍ അങ്ങനെ കുറച്ച്‌ കുട്ടികള്‍ കോവിലന്റെ വീടിനുമുന്നില്‍ നിസ്സഹായരായി, എന്തുചെയ്യണമെന്നറിയാതെ ബാക്കിയായി. വീടുകളിലേക്കുള്ള വഴിയറിയാം, ചാറ്റല്‍മഴ വകവെക്കാതെ നടക്കുകയും ചെയ്യാം, പക്ഷേ, ഇരുട്ടും, നിര്‍ത്താതെ ഓരിയിടുന്ന നായ്ക്കളും ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

“ടാ, ഒരു കംബ്രാന്തല്‍ (ശരറാന്തല്‍) വെളിച്ചം ഇങ്ങ്ട്‌ വര്‍ണ്ട്‌, വല്ലോരും തല്ലാന്‍ വരാവോ?“
- പോള്‍ ഭയപ്പെട്ടു. വെളിച്ചം അടുത്തടുത്ത്‌ വരികയാണ്‌, കൊണ്ടതുതന്നെ, ഓടാന്‍ ധൈര്യമില്ലാത്തതിനാല്‍ കിട്ടുന്നത്‌ വാങ്ങാന്‍ തയ്യാറായി ഞങ്ങള്‍ നിന്നു. വെളിച്ചം ആടുത്തെത്തിയപ്പോള്‍ അതിനു പിറകിലെ ആളെ ഞങ്ങള്‍ക്ക്‌ മനസ്സിലായി - അത്‌ കോവിലനായിരുന്നു.
“എന്താ മക്കളെ ഇവിടെ നിന്നത്‌?“ കോവിലന്‍ ചോദിച്ചു.
“വീട്ടീപോണം..” -
ജോസ്‌ പെട്ടെന്ന്‌ മറുപടി പറഞ്ഞു.
“നിങ്ങള്‍ എന്തിനാ ഇവിടെ വന്നത്‌?“
കാര്യമറിയാമെങ്കിലും കോവിലന്‍ ചോദിച്ചു. ഞങ്ങള്‍ക്ക്‌ മറുപടിയുണ്ടായിരുന്നില്ല.
“എന്റെ കൂടെ പോന്നോളൂ, ഞാന്‍ നടക്കാവിലേക്കാക്കി തരാം.” -
കോവിലന്‍ പറഞ്ഞു. കോവിലന്‍ മുന്നിലും കുറ്റബോധവും അനുസരണയുമുള്ള കുട്ടികളായി ഞങ്ങള്‍ പിന്നിലും നടക്കാവ്‌ ലക്ഷ്യമാക്കി നടന്നു തുടങ്ങി. ഭാഗ്യത്തിന്‌ കുറച്ച്‌ നടന്ന്‌ കഴിഞ്ഞപ്പോള്‍ ആരോ ഒരാള്‍ ടോര്‍ച്ചുമായി വരുന്നുണ്ടായിരുന്നു.
“ ആരാ അയ്യപ്പേട്ടനാ? എതാ ഈ കുട്ട്യേള്‌?“
- അയാള്‍ കോവിലനോട്‌ ചോദിച്ചു.
“ഇവര്‌ നമ്മടെ കുട്ട്യേളാ, ഒന്ന്‌ നടക്കാവ്‌ വരെ ആക്കികൊടുക്ക്‌ “ ഇത്രയും പറഞ്ഞ്‌ കോവിലന്‍ തിരിച്ചു നടന്നു, മൗനികളായി, വഴിയാത്രക്കാരനു പിന്നില്‍ ഞങ്ങള്‍ നടക്കാവിലേക്കും.

മൂന്ന്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. കോവിലനുമായി കൂടുതല്‍ അടുത്തിടപെടാന്‍ ധാരാളം അവസരങ്ങള്‍ പിന്നീടുണ്ടായി, കോവിലന്റെ മകന്‍ അജിതന്റെ കൂട്ടുകാരനെന്നനിലയില്‍, കോവിലന്‍ രക്ഷാധികാരിയായ 'ജ്വാല'യുടെ പ്രവര്‍ത്തകനായി. അങ്ങനെയൊക്കെ. സാഹിത്യത്തേക്കാള്‍ സാഹിത്യേതര വിഷയങ്ങളായിരുന്നു പലപ്പോഴും ഞങ്ങള്‍ സംസാരിച്ചിരുന്നത്‌. നിരവധി ബഹുമതികള്‍, കുടക്കല്ലും, മുനിയറയും കയറി കോവിലനെത്തേടി വന്നു. ഇപ്പോള്‍ എഴുത്തച്ഛന്‍ പുരസ്കാരവും. പഴയ നാട്ടുവഴികള്‍, ടാറിട്ട റോഡുകളായി. ഇരുള്‍ മൂടിയ നാട്ടുവഴികളില്‍ വഴിവിളക്കുകളായി. ഇരുട്ടിലേയ്ക്കിറങ്ങാന്‍ അറച്ചു നിന്ന ആ പഴയ കുട്ടികള്‍ മദ്ധ്യ വയസ്കരുമായി. ഓര്‍ക്കുമ്പോള്‍ അന്ന്‌ കോവിലന്‍ കാണിച്ചുതന്ന വെളിച്ചം കേവലം മുനിയറയും, കുടക്കല്ല്‌ പറമ്പും ഇറങ്ങാന്‍ വേണ്ടി മാത്രമായിരുന്നില്ല, അത്‌ പിന്നീടുള്ള ജീവിതത്തെയും, സാമൂഹികബോധത്തെയും വല്ലാതെ സ്വാധീനിച്ചു എന്നതാണ് സത്യം.

ഷംസുദീന്‍
മസ്കറ്റ്
Subscribe Tharjani |