തര്‍ജ്ജനി

സാഹിതീയം

ഐക്യകേരളത്തിനൊപ്പം കഥയുടെ കാലസഞ്ചാരങ്ങള്‍

രാഷ്ട്രീയകേരളം യാഥാര്‍ത്ഥ്യമാകുന്നതിന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പേ തന്നെ സാമൂഹിക-സാംസ്ക്കാരിക ഏകകം എന്ന നിലയില്‍ കേരളം പിറന്നുകഴിഞ്ഞിരുന്നു. മലയാളം പിറന്നുവീണത്‌ കേരളത്തിന്റെ മടിത്തട്ടിലേക്കായിരുന്നല്ലോ. ഭൂവിസ്തൃതികളെ സവിശേഷതകളുടെ മുദ്രകളാല്‍ അങ്കിതമാക്കി വേര്‍പെടുത്തി അടയാളപ്പെടുത്തുന്നചരിത്രത്തിന്റെ കരുത്തുകള്‍ സഹസ്രാബ്ദങ്ങള്‍ക്ക്‌ മുമ്പേ ഉപഭൂണ്ഡത്തില്‍ ചലനാത്മകമായിരുന്നതിന്റെ അനന്തരഫലമാകണം ഈ വ്യതിരിക്തത.1957-ല്‍ ഇതിന്‌ രാഷ്ട്രീയവും ഭരണപരവുമായ മാനങ്ങള്‍ സംജാതമാവുകയും ചെയ്തു. പ്രാദേശികത്തനിമകള്‍ ആധുനികോത്തര ദേശീയതകള്‍ക്ക്‌ പ്രസക്തിയും പ്രേരണയും പെരുക്കുന്ന നവസഹസ്രാബ്ദത്തില്‍ കേരളത്തിന്റെ രാഷ്ട്രീയജനിതകം പരിണാമങ്ങള്‍ക്ക്‌ വിധേയമാകാനുള്ള സാദ്ധ്യതയെ തമസ്ക്കരിക്കാനോ തിരസ്ക്കരിക്കാനോ ആവുകയുമില്ല.

ഈയൊരു പശ്ചാത്തലത്തില്‍ ഐക്യകേരളത്തിന്റെ അമ്പതുവര്‍ഷങ്ങളോട്‌ ചേര്‍ത്തുവച്ച്‌ മലയാളകഥയുടെ വികാസപരിണാമങ്ങളെ രേപ്പെടുത്തുന്നതില്‍ ജ്ഞാനസംബന്ധമായ ജാഗരണങ്ങള്‍മാത്രമേ പ്രേരണയാകുന്നുള്ളു. അതിനപ്പുറം മലയാളകഥയുടെയും രാഷ്ട്രീയകേരളത്തിന്റെയും ഭാഗധേയങ്ങള്‍ പരസ്പരം വ്യാവര്‍ത്തിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതിന്റെ ജ്ഞാനം ഭദ്രരൂപമാകാന്‍ അമ്പതുവര്‍ഷം തീരെ ചെറിയൊരു കാലയളവാണ്‌. എങ്കിലും കേരളീയജീവിതത്തിന്റെ വികാസപരിണാമങ്ങള്‍ അതിന്റെ വിശദാംശങ്ങളോടെ ഏറ്റവും വിവൃതമായി ഉള്‍ച്ചേര്‍ന്നിരിക്കുന്ന സാഹിത്യരൂപം കഥയാണെന്നതിനാല്‍ ഏത്‌ ദിശയിലുമുള്ളകഥാപഠ നങ്ങള്‍ക്കും സാഹിത്യവിമര്‍ശത്തിന്റെ അതിരുകള്‍ക്ക്‌ അകത്തും പുറത്തും പ്രാധാന്യമുണ്ടെന്നത്‌ ഇത്തരം അന്വേഷണങ്ങള്‍ക്ക്‌ പ്രാധാന്യമേറ്റുന്നു.

കഥയെന്നത്‌ ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചെടുക്കുന്ന മന്ത്രവസ്തു അല്ല. അത്‌ തികച്ചും ഭൌതികമായ ഒരു ഭാഷോല്പന്നമാണ്‌. വ്യക്തിപ്രതിഭയിലുടെയാണ്‌ അത്‌ രൂപപ്പെടുന്നതെങ്കിലും സാമൂഹികമായ കാലാവസ്ഥ രൂപപ്പെടുത്തുന്ന ഉറവകളില്‍ നിന്നുമാണ്‌ എഴുത്തുകാരന്‍ തന്റെ ഉപകരണങ്ങളെയും അസംസ്കൃതവസ്തുക്കളെയും സമാഹരിക്കുന്നതും വ്യക്തിനിഷ്ഠമായി പരുവപ്പെടുത്തുന്നതും. എഴുതാനുള്ള പ്രേരണ സര്‍ഗ്ഗാത്മകതയാണ്‌. സര്‍ഗ്ഗാത്മകതയെന്നത്‌ ചുറ്റുപാടുകളോടുള്ള അസംതൃപ്തിയും ഭവിഷ്യോന്മുഖമായി ചുറ്റുപാടുകളെ സ്വാധീനിക്കാനും പുന:ക്രമീകരിക്കാനുമുള്ള മനുഷ്യന്റെ സ്വാഭാവികവാസനകളുമല്ലാതെ മറ്റൊന്നല്ല. കലഹവും കലാപവാസനയും എഴുത്തിന്റെ അവിഭാജ്യഘടകങ്ങളാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്‌. എഴുത്തുകാരന്റെ ആഭ്യന്തരവ്യക്തിത്വമാണ്‌ അയാളുടെ കലയെ അന്തിമമായി നിര്‍ണ്ണയിക്കുന്നതെങ്കിലും അതിനുള്ളിലെ സാമൂഹികഘടകങ്ങള്‍ ഒരിക്കലും ഓരങ്ങളിലേക്ക്‌ തഴയപ്പെടുന്നില്ല. അറിഞ്ഞും അറിയാതെയും എഴുത്ത്‌ സാമൂഹികപരിണാമത്തിന്റെ ബീജമോ ബീജവാഹികളോ ആകുന്നത്‌ അങ്ങിനെയാണ്‌. ഐക്യകേരളത്തിന്റെ ഇരട്ടിയിലധികം പ്രായമുള്ള മലയാളകഥാസാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യകഥയായി പരിഗണിക്കപ്പെടുന്ന 'വാസനാവികൃതി' വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ എഴുതി വിദ്യാവിനോദിനി മാസികയില്‍ പ്രസിദ്ധം ചെയ്യുന്നത്‌ 1897 ല്‍ ആണ്‌. ഐക്യകേരളത്തെക്കാളും അറുപത്തിയഞ്ച്‌ വയസ്സിന്റെ മൂപ്പുണ്ട്‌ മലയാള കഥയ്ക്ക്‌.

ഐക്യകേരളം രൂപംകൊള്ളുമ്പോള്‍ മലയാള കഥയില്‍ തകഴി, ബഷീര്‍ , പൊന്‍കുന്നം വര്‍ക്കി, കേശവദേവ്‌ തുടങ്ങിയവരിലൂടെ പുഷ്ക്കലമായ യഥാതഥസങ്കേതം ഉച്ചകത്തുന്ന കാലമായിരുന്നു. തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍ ', വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ' ബഷീറിന്റെ 'ജന്മദിനം' തുടങ്ങിയ കഥകള്‍ യഥാതഥസങ്കേതത്തെ പരുവപ്പെടുത്തിക്കൊണ്ട്‌ സാമൂഹ്യയാഥാര്‍ത്ഥ്യത്തിനപ്പുറമുള്ള മറ്റു ചിലതിനെക്കൂടി കഥയിലേക്ക്‌ കടത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിവച്ചിരുന്നു. ഇന്ന്‌ യാഥാസ്ഥിതിക മാര്‍ക്സിസമെന്ന്‌ വ്യവഹരിക്കപ്പെടുന്നതിനോട്‌ ചേര്‍ന്നുള്ള സാഹിത്യപാഠങ്ങളെ ദിശാമാറ്റം കൂടാതെ തന്നെ അതിലംഘിക്കാനുള്ള എഴുത്തിന്റെ തികച്ചും സ്വാഭാവികമായ ഉദ്യമമായിരുന്നു ഇത്‌. ദരിദ്രന്‍ ‍/സമ്പന്നന്‍ ‍, തൊഴിലാളി/മുതലാളി തുടങ്ങിയ പതിവ്‌ ദ്വന്ദങ്ങളെ വശങ്ങളിലേക്ക്‌ നീക്കിക്കൊണ്ട്‌ പ്രകൃതിയും മനുഷ്യനും ജന്തുക്കളും തമ്മിലുള്ള പാരസ്പര്യത്തെയാണ്‌ തകഴി 'വെള്ളപ്പൊക്കത്തില്‍ ' എന്ന കഥയില്‍ എഴുതുന്നത്‌. അതിനോടകം ചെടിപ്പുണ്ടാക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്ന സ്വന്തം കഥാക്കൂട്ടുകളെ അതിവര്‍ത്തിക്കാന്‍ തകഴി ഇതിലൂടെ ശ്രമിക്കുകയായിരുന്നു. ബഷീര്‍ തുടക്കം മുതല്‍ സാമൂഹികപരതയുടെ കേവലവും സാര്‍വലൌകികവുമായ മാനങ്ങളില്‍ ഊന്നുന്ന ഒരെഴുത്തുകാരനായിരുന്നു. ആധുനികോത്തരമെന്ന്‌ സമകാലം നിര്‍ദ്ദേശിക്കുന്ന അതികഥയുടെ (മെറ്റാഫിക്ഷന്‍ ‍) സങ്കേതങ്ങള്‍ അന്നേ സ്വന്തം ആഖ്യാനകലയില്‍ ബഷീര്‍ സന്നിവേശിപ്പിച്ചിരുന്നു. ഭാവിയെ ഇപ്രകാരം ആഖ്യാനകലയില്‍ സംക്ഷേപിക്കാനുള്ള ദീര്‍ഘദര്‍ശിത്വമാണ്‌ സ്വന്തം ക്രിയാകാലത്തിന്റെ വിഹ്വലതകളെ വരുംകാലത്തിന്റെ ലാവണ്യചമയങ്ങളില്‍ ഉരുവപ്പെടുത്താന്‍ ബഷീറിന്‌ പ്രേരണയായത്‌. ആഖ്യാനതന്ത്രത്തിന്റെ ഈ കാലാതിവര്‍ത്തിത്വമാണ്‌ വരുവാനിരിക്കുന്ന തലമുറകള്‍ക്കും ബഷീറിന്റെ കലയെ സമകാലികമാക്കുന്നത്‌. പുതുമുറക്കാരായ വിമര്‍ശകര്‍ ശബ്ദങ്ങള്‍ തുടങ്ങിയ രചനകള്‍ക്ക്‌ പുതുവായനകള്‍ അനായാസമായി തെളിയിച്ചെടുത്ത്‌ ബഷീറിന്‌ ആധുനികോത്തരപാഠം നിര്‍മ്മിക്കുന്നതിനു പിന്നിലും മറ്റൊന്നല്ല. സാമൂഹികപരതയുടെ ബാഹ്യവും പരുക്കനുമായ യാഥാര്‍ത്ഥ്യങ്ങളെ എഴുതുന്നതിലാണ്‌ പൊന്‍കുന്നം വര്‍ക്കി മുന്നിട്ടുനിന്നിരുന്നത്‌. എന്നാല്‍ ശബ്ദിക്കുന്ന കലപ്പയില്‍ സ്ഥൂലയാഥാര്‍ത്ഥ്യങ്ങളെ കവചമാക്കിക്കൊണ്ടുതന്നെ അതിനടിയിലെ സൂക്ഷ്മയാഥാര്‍ത്ഥ്യത്തെ സ്പര്‍ശിക്കാനാണ്‌ വര്‍ക്കി ഉദ്യമിക്കുന്നത്‌. അതിലദ്ദേഹം വിജയിക്കുകയും ചെയ്യുന്നു.

കേസരിസ്കൂളിന്റെ അനന്തരാവകാശവുമായി എഴുതുവാന്‍ തുടങ്ങിയവര്‍ ഇപ്രകാരം കേസരിയെ അതിവര്‍ത്തിക്കുന്നിടമാണ്‌ ഐക്യകേരളം സാക്ഷ്യപ്പെടുത്തുന്ന കഥയിലെ ആദ്യത്തെ വഴിമാറിച്ചവിട്ടലിന്‌ ഭൂമികയാകുന്നത്‌. സാമൂഹികയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വ്യക്തിയുടെ ആന്തരികതയിലേക്കുള്ള മലയാളഭാവനയുടെ കന്നിച്ചുവടുകളായിരുന്നു അവ. ഒരു പക്ഷേ രാഷ്ട്രീയകേരളത്തിന്റെ രൂപീകരണം മലയാളമാനവനെക്കുറിച്ച്‌ കൂടുതല്‍ സമഗ്രതയും ആഴവുമുള്ള ഒരവബോധം എഴുത്തുകാരില്‍ രൂപപ്പെടുത്തിയത്‌ സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക്‌ സഞ്ചരിക്കാന്‍ എഴുത്തുകാര്‍ക്ക്‌ പ്രേരണയായിട്ടുണ്ടാകും. തിരുവിതാംകൂര്‍ ‍, കൊച്ചി, മലബാര്‍ എന്നിങ്ങിനെ ശിഥിലരൂപമായിരുന്ന മലയാളഭൂമിക രാഷ്ട്രീയയാഥാര്‍ത്ഥ്യമെന്ന നിലയില്‍ ഏകരൂപമാര്‍ന്നത്‌ രാഷ്ട്രീയത്തെ എഴുത്തിന്റെ ലവണാംശമായി ദര്‍ശിച്ചിരുന്നവര്‍ക്ക്‌ പുത്തനിടങ്ങളിലേക്ക്‌ നോട്ടമയക്കാന്‍ ഉത്സാഹമുണര്‍ത്തിയിരിക്കണം എന്ന്‌ നിരീക്ഷിക്കുന്നതിലും യുക്തിഭംഗമില്ല.

വ്യക്തിയുടെ ആന്തരികതയില്‍ ഊന്നിക്കൊണ്ട്‌ സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ സൂക്ഷ്മവും ലോലവുമായ തലങ്ങളെ ഇതള്‍നീര്‍ത്തുന്നതില്‍ ബഷീര്‍ തന്റെ എഴുത്തിനെ പില്‍ക്കാലങ്ങളില്‍ ഏറെ മുന്നോട്ട്‌ കൊണ്ടുപോയി. തകഴി, ദേവ്‌, വര്‍ക്കി തുടങ്ങിയവര്‍ക്ക്‌ അതിന്‌ കഴിഞ്ഞില്ല. മാത്രവുമല്ല, ഉള്ളടക്കത്തില്‍ വരുത്തിയ മാറ്റം ആഖ്യാനത്തില്‍ പ്രകടമാക്കാന്‍ കഴിയാഞ്ഞതുമൂലം ഭാവുകത്വപരിണാമം സൃഷ്ടിക്കുന്നതിലും അവര്‍ക്ക്‌ വിജയിക്കാനായില്ല. യഥാതഥ ആഖ്യാനതന്ത്രങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാതെ തുടക്കം മുതല്‍ സ്വന്തമായി ഒരു വഴി കണ്ടെത്തിയതിനാല്‍ ബഷീറില്‍ ഈ വഴിമാറ്റം കൂടുതല്‍ സാര്‍ത്ഥകമായി. അതേ വഴിയില്‍ സഞ്ചരിച്ചവരായിരുന്നു ഉറൂബും പോഞ്ഞിക്കര റാഫിയും. ഇതില്‍ വ്യക്തിയുടെ ആന്തരികസങ്കീര്‍ണ്ണതകളെ കൂടുതല്‍ മിഴിവോടെ വെളിപ്പെടുത്തുന്നതില്‍ രാച്ചിയമ്മ തുടങ്ങിയ കഥകളിലൂടെ ഉറൂബായിരുന്നു മുന്നില്‍ നടന്നിരുന്നത്‌. മാനസികവൃത്തികളെ രേപ്പെടുത്തുന്നതില്‍ മികവുറ്റ ബോധധാരാസങ്കേതത്തെ മലയാളത്തിന്‌ പരിചയപ്പെടുത്തിയത്‌ റാഫിയായിരുന്നു. ഏതാണ്ട്‌ ഇതേ കാലയളവില്‍തന്നെയാണ്‌ ലളിതാംബിക അന്തര്‍ജനം, കെ.സരസ്വതിയമ്മ എന്നിവര്‍ മലയാളകഥയില്‍ ‍സ്ത്രീസ്വത്വത്തെ അതിന് മുമ്പ് കണ്ടിട്ടില്ലാത്തവിധം തനിമയോടെ ഫലപ്രദമായി എഴുതുവാന്‍ തുടങ്ങുന്നതും. എഴുത്തിലെ പെണ്‍വഴികളായി പില്‍ക്കാലത്ത്‌ ശ്രദ്ധേയമായ ഭാവുകത്വത്തിന്‌ ഇടം നേടിയെടുക്കാന്‍ ഉദ്യമിച്ചരില്‍ പ്രാത:സ്മരണീയ സരസ്വതിയമ്മ തന്നെ.

മലയാളത്തില്‍ റിയലിസത്തിന്റേതായി കുറിക്കപ്പെട്ട ആഖ്യാനചമയങ്ങളെ പൂര്‍ണ്ണമായി ഉപേക്ഷിച്ചുകൊണ്ടാണ്‌ എം.ടി.വാസുദേവന്‍ നായരും ടി.പത്മനാഭനും എഴുതിത്തുടങ്ങുന്നത്‌. ഭാവഗീതങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്നതും സംസ്കൃതത്തിന്റെ കേവുഭാരം കുറഞ്ഞതുമായ ഇവരുടെ ആഖ്യാനഭാഷ തകഴിയുടെ തലമുറയില്‍ നിന്നും ഭിന്നമായിരുന്നു. ആഖ്യാനത്തിന്‌ ആഴം പകരുന്നതിനായി ഘനഭാഷയെക്കാള്‍ ബിംബസമൃദ്ധിയെയാണ്‌ ഇവര്‍ ആശ്രയിച്ചത്‌. ഭാഷയെ ബിംബസമ്പന്നമാക്കുന്നതില്‍ എം.ടി ആയിരുന്നു മുന്നില്‍ ‍. ഭാഷയില്‍ സമാനത പുലര്‍ത്തിയിരുന്നെങ്കിലും പ്രമേയങ്ങളെ സ്വീകരിക്കുന്നതിലും പരിചരിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഇവര്‍ വ്യതിരിക്തരായിരുന്നു. ഇത്‌ മിക്കപ്പോഴും വേണ്ട രീതിയില്‍ തിരിച്ചറിയപ്പെട്ടിട്ടില്ല. സാമൂഹികപരതയോട്‌ മുഖംതിരിച്ചുനില്ക്കുന്നവരും ആത്മരതിയില്‍ അഭിരമിക്കുന്നവരുമാണ്‌ എം.ടി യുടെ മുഖ്യ കഥാപാത്രങ്ങള്‍ ‍. അധമബോധവും പ്രതികാരവാഞ്ഛയും പരാജയവും വേട്ടയാടുന്ന സ്വത്വത്തിന്റെ ഉടമകള്‍ ‍. തകഴിയുടെ തലമുറ സാമൂഹികപരതയെ ചെടിപ്പുളവാകും വിധം ലാളിച്ചതിന്റെ പരിണിതിയാണ്‌ ആത്മരതിയുടെ ഈ തള്ളിക്കയറ്റമെന്ന്‌ വ്യാഖ്യാനപര്‍വം ചമയ്ക്കാമെങ്കിലും ഈ പ്രവണത മലയാളകലയുടെ മൌലികധാരകളുമായി ഇഴചേര്‍ന്നല്ല അങ്കിതമായിരിക്കുന്നതെന്ന വസ്തുത ദമിതമാക്കപ്പെടേണ്ടതില്ല. എം.ടി. വാസുദേവന്‍ നായര്‍ക്കൊപ്പം കാല്പനികനെങ്കിലും ടി.പത്മനാഭന്റെ കഥാലോകം വ്യക്തികളുടെ ആന്തരികതയെ പിന്‍‌ചെല്ലുമ്പോഴും പാരസ്പര്യത്തിന്റെയും മാനുഷികമായ സഹവര്‍ത്തിത്വത്തിന്റെയും ഉദാരതകളെ ചേര്‍ത്തുവയ്‌ക്കുന്നവ തന്നെ. സംഗീതവും പ്രകൃതിയുംസാമുഹികനീതിയെച്ചൊല്ലിയുള്ള കാല്പനികത കലര്‍ന്ന ഉല്‍ക്കണ്ഠകളും പത്മനാഭന്റെ എഴുത്തില്‍ ഊടും പാവും ആകുന്നത്‌ ശ്രദ്ധേയമാണ്‌. തകഴിയും ബഷീറും പത്മനാഭന്റെ കഥാലോകത്ത്‌ ഒരിക്കലും അന്യരാകുന്നില്ല. തുടര്‍ച്ചയുടെ ജനിതകസാരത്തില്‍ അവരും സന്നിഹിതരാണ്‌.

കാല്പനികതയുടെ നിലാത്തെളിഭാഷയില്‍ നിന്നും വിടുതല്‍ നേടാന്‍ കഥയില്‍ ഉദ്യമിച്ചവരില്‍ കോവിലന്‍ , നന്തനാര്‍ , യു.ഇ.ഖാദര്‍ ‍, വി.കെ.എന്‍ തുടങ്ങിയവരാണ്‌. ഇതില്‍ കോവിലനും വി.കെ.എന്നും സ്വന്തമായ ആഖ്യാനവഴികള്‍ തെളിയിച്ചെടുക്കുന്നതില്‍ കണിശമായിത്തന്നെ വിജയിക്കുകയും ചെയ്തു. സൈനികാനുഭവങ്ങളുടെ നവസമ്പന്നത ചൂടിയ ബിംബങ്ങളും പ്രയോഗങ്ങളും ചടുലവും ധ്വനിസാന്ദ്രവുമായി ചാട്ടുളിപോലെ ഉപയോഗപ്പെടുത്തുക വഴി മലയാളത്തിന്‌ അതുവരെ അപരിചിതമായിരുന്ന ഒരു അനുഭവലോകത്തെ എഴുതുവാന്‍ കോവിലന്‌ സാധിച്ചു. പലപ്പോഴും ഗണിതത്തിന്റെ കൃത്യതയും മൂര്‍ച്ചയുമാണ്‌ എഴുത്തില്‍ കോവിലന്‍ ഉന്നമിടുന്നതെന്ന്‌ വായനക്കരില്‍ സൂക്ഷ്മദൃഷ്ടികള്‍ക്ക്‌ തോന്നും. ഒപ്പം തന്നെ ദ്രാവിഡമായ ചില സൂക്ഷ്മതകളും കോവിലനില്‍ കണ്ടെത്താനാകും. പട്ടാളബാരക്കുകളില്‍ നിന്നും മടങ്ങിയെത്തിയശേഷം എഴുതിയ 'തട്ടകം' പോലുള്ള നോവലുകളില്‍ ഈ ദ്രാവിഡഭാവങ്ങള്‍ കൂടുതല്‍ വ്യക്തതയും കരുത്തും ആര്‍ജ്ജിക്കുന്നതായും കാണാം. ഉത്തരേന്ത്യന്‍ ഭാഷകളില്‍ ദളിത്‌സാഹിത്യം കൊണ്ടുവന്ന വാമൊഴിശീലുകളുടെ തനിമയോട്‌ കിടപിടിക്കുന്നതാണ്‌ കോവിലന്റെ എഴുത്തില്‍ തെളിയുന്ന ഈ ദ്രാവിഡഭാവങ്ങള്‍ . വന്യമായ കരുത്തും മണ്‍മയമായ തിളക്കങ്ങളും ഭാഷയിലേക്ക്‌ കടത്താന്‍ കോവിലന്‍ യത്നിക്കുകയും ഒട്ടൊക്കെ അതില്‍ വിജയിക്കുകയും ചെയ്തു.

വിമര്‍ശനകലയിലെ അക്കാദമിക്‍ വ്യവഹാരങ്ങള്‍ക്ക്‌ വഴങ്ങാതിരുന്നതുമൂലം ആദ്യഘട്ടത്തില്‍ ഹാസ്യകഥാകാരനെന്ന്‌ അവഗണിക്കപ്പെടുവാനായിരുന്നു ധൈഷണികതയുടെ ലാവണ്യരൂപമായി കഥയെ കല്പന ചെയ്യാനും വിരുദ്ധോക്തിയുടെ ഫലിതം കലര്‍ത്തി അതെഴുതാനും സര്‍ഗാത്മകധീരത കാണിച്ച വി.കെ.എന്നിന്റെ യോഗം. കുഞ്ചന്‍ നമ്പ്യാരുടെ തുടര്‍ച്ചയായും ചക്യാര്‍പാരമ്പര്യത്തിന്റെ സമകാലകണ്ണിയായും പില്ക്കാലത്ത്‌ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ആഖ്യാനകലയുടെ സര്‍വതലങ്ങളിലും രസനീയമായ മൌലികത പ്രദര്‍ശിപ്പിച്ച വി.കെ.എന്നിന്റെ എഴുത്തില്‍ മനുഷ്യോന്മുമായ സാമൂഹികവിമര്‍ശനം തന്നെയാണ്‌ മുന്നിട്ടുനിന്നിരുന്നത്‌. ഒയ്യാരത്ത്‌ ചന്തുമേനോനില്‍ തുടങ്ങിയ മലയാള ആധുനികതയുടെ തണ്ടെല്ല്‌ എക്കാലത്തും ഈ മനുഷ്യോന്മുത്വം തന്നെയായിരുന്നു. വി.കെ.എന്നിന്റെ കലയുടെ പ്രാഗ്‌ രൂപങ്ങള്‍ തേടിയുള്ള യാത്ര ആധുനികകാലത്ത്‌ തൊട്ടുനില്ക്കുക സത്താപരമായി വൈക്കം മുഹമ്മദ്‌ ബഷീറിനെ ആയിരിക്കും.

ഈ കാലയളവില്‍ പെണ്മയുടെ തീഷ്ണതകളുമായി കഥയില്‍ വ്യാപരിച്ച മാധവിക്കുട്ടി എഴുത്തിലെ പെണ്‍വഴികള്‍ക്ക്‌ ദൃഢതയും അനന്യതയും വര്‍ദ്ധിപ്പിച്ചു നല്കി. നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ലളിതരൂപങ്ങളുടെ പുറന്തോടിനുള്ളില്‍ സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും സംബന്ധിക്കുന്ന നിഷേധിയുടെ സ്ത്രീസ്വരമാണ്‌ അവര്‍ കേള്‍പ്പിച്ചത്‌. കുടുംബം തടവറയായി അസ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണപഞ്ജരങ്ങള്‍ക്കുള്ളില്‍ സ്വത്വം നിഷേധിക്കപ്പെടുന്ന ഏകാകികളായ സ്ത്രീകളുടെ രോദനവും കുതറലും സ്വാതന്ത്ര്യപ്രഖ്യാപനവും അവരുടെ കഥകള്‍ക്ക്‌ സവിശേഷമായ ദീപ്തി പകര്‍ന്നു. ഇന്ന്‌ മലയാളത്തില്‍ എഴുതുന്ന സകല സ്ത്രീകളും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മാധവിക്കുട്ടിയുടെ പിന്മുറക്കാരാണ്‌. അവര്‍ക്കാര്‍ക്കും കഥയുടെ ലാവണ്യയാത്രയില്‍ മാധവിക്കുട്ടിയെ ഇനിയും അതിലംഘിക്കാനായിട്ടില്ല എന്നതും സത്യം.

ഒ.വി.വിജയന്‍ ‍, എം.പി.നാരായണപിള്ള, കാക്കനാടന്‍ ‍, എം.മുകുന്ദന്‍ , പുനത്തില്‍ കുഞ്ഞബ്ദുള്ള, പത്മരാജന്‍ ‍, ആനന്ദ്‌, സക്കറിയ, സേതു, സി.വി.ശ്രീരാമന്‍ ‍, എന്‍.എസ്‌.മാധവന്‍ ‍, പട്ടത്തുവിള കരുണാകരന്‍ ‍, എം.സുകുമാരന്‍ ‍, യു.പി.ജയരാജ്‌, വൈശാഖന്‍ , മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി എന്നിങ്ങിനെ കഥയില്‍ ശ്രദ്ധേയരായി മാറിയ ഒരു കൂട്ടം എഴുത്തുകാര്‍ പിന്നീട്‌ മലയാളത്തിലുണ്ടായി. ഇവരോരുത്തര്‍ക്കും തനതായ ആഖ്യാനമുദ്രകള്‍ അവകാശപ്പെടാനുണ്ടെങ്കിലും പട്ടത്തുവിള കരുണാകരന്‍ ‍, എം.സുകുമാരന്‍ ‍, യു.പി.ജയരാജ്‌ എന്നിവര്‍ മുഖ്യധാരയില്‍ നിന്നും കുതറി കഥയില്‍ മറ്റൊരു ചാലുകീറാന്‍ സഫലമായി യത്നിച്ചവരാണ്‌. ബാക്കിയുള്ളവരില്‍ ശ്രീരാമനും വൈശാഖനും മുണ്ടൂരും ഒഴികെയുള്ളവര്‍ റിയലിസത്തോടും കാല്പനികതയോടും കലഹിച്ചുകൊണ്ട്‌ തുടക്കത്തില്‍ അസ്തിത്വവാദപരമായ ഉള്ളടക്കം സ്വീകരിച്ചുകൊണ്ടാണെങ്കിലും ആഖ്യാനഭാഷയെ നവീകരിക്കുന്നതില്‍ മുഖ്യശ്രദ്ധ ചെലുത്തിയവരാണ്‌ സാഹിത്യത്തിലെ ആധുനികരെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇവര്‍ . ഭാഷയെ നവീകരിക്കുന്നതിലൂടെ ഭാവുകത്വപരിണാമത്തിന്‌ പുതുവഴക്കം നിര്‍മ്മിക്കുന്നതില്‍ ഒ.വി.വിജയനാണ്‌ മുന്നിട്ടുനിന്നത്‌..

ദാര്‍ശനികസ്വഭാവമുള്ള ബിംബസമ്പന്നമായ മലയാളമായിരുന്നു വിജയന്റേത്‌. തരളമായ വൈകാരികതയുടെ അന്തരീക്ഷത്തിലാണ്‌ ആധുനികജീവിതത്തെ സംബന്ധിക്കുന്ന ദാര്‍ശനികപ്രശ്നങ്ങള്‍ വിജയന്‍ എഴുതിയത്‌. ഒരു സന്ദേഹിയുടെ മനസ്സ്‌ വിജയന്റെ എഴുത്തുകാരകര്‍ത്തൃത്വത്തിന്റെ മുഖമുദ്രയായിരുന്നു. എന്നാലും ഒരു പെന്‍ഡുലത്തിന്റെ ചാഞ്ചാട്ടമായി ഈ സന്ദേഹം മാറുന്നില്ല. രാഷ്ട്രീയം, ജാതിവ്യവസ്ഥ, തീവ്രവാദം തുടങ്ങിയ വിഷയങ്ങളെ വിഷയമോ വിഷയപശ്ചാത്തലമോ ആയി സ്വീകരിച്ച നിരവധികഥകള്‍ വിജയന്റേതായി ഉണ്ട്‌. സാമൂഹികപരതയെ വിജയന്‍ ഒരിക്കലും നിരസിച്ചിട്ടില്ല. ഇതര ആധുനികരും ദാര്‍ശനികമായ സമസ്യകള്‍ എഴുതിക്കൊണ്ടാണ്‌ തുടങ്ങിയതെങ്കിലും ക്രമേണ അവര്‍ നിഷ്ക്രിയരാവുകയോ സാമൂഹികപരതയെ ഉള്‍ക്കൊണ്ട്‌ തനത്‌ പാതകള്‍ തെളിച്ചെടുക്കുകയോ ചെയ്തു. സാഹിത്യത്തിലെ ആധുനികത രൂപപ്പെടുത്തിയ ദാര്‍ശനികാന്തരീക്ഷത്തെ തള്ളിക്കൊണ്ട്‌ കൂടുതല്‍ സമീചീനമായ പ്രമേയങ്ങളും ആഖ്യാനതന്ത്രങ്ങളും സ്വീകരിച്ച എം.മുകുന്ദന്‍ ഇപ്പോഴും സജീവനായിത്തന്നെ നിലകൊള്ളുന്നു. ഈ പശ്ചാത്തലത്തില്‍ അവസരവാദപരമായ അതിജീവനതന്ത്രങ്ങളാണ്‌ മുകുന്ദന്‍ പയറ്റുന്നതെന്ന വിമര്‍ശനവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. എം.പി.നാരായണപിള്ള, സക്കറിയ എന്നിവര്‍ കറുത്തഹാസ്യത്തിലൂടെ തങ്ങളുടെ രചനകള്‍ക്ക്‌ സാമൂഹികസ്വഭാവം പകര്‍ന്നു.

ഐറണിയുടെ വസന്തമാണ്‌ സക്കറിയയുടെ കഥകള്‍ ‍. മിക്കപ്പോഴും ആഖ്യാനഭാഷയിലൂടെ പ്രാചീനമായ ഒരന്തരീക്ഷം കഥയില്‍ നിലനിര്‍ത്തിക്കൊണ്ട്‌ സമകാലത്തെ ഗൂഢമായി രേപ്പെടുത്തുന്നു. ചിലപ്പോള്‍ സ്ഥിതിവിവരണത്തിന്റെയോ പത്രപ്രവര്‍ത്തകന്റെയോ ഭാഷ സ്വീകരിച്ചുകൊണ്ടാവും സക്കറിയ വിരുദ്ധോക്തിയുടെ സൌന്ദര്യം സൃഷ്ടിക്കുക. കൃതിയ്ക്കും വായനാപാഠത്തിനുമിടയില്‍ ഭാവനയുടെയും നര്‍മ്മത്തിന്റെയും ഒരു കിടങ്ങ്‌ സക്കറിയ തീര്‍ക്കുന്നു. ഇത്‌ താണ്ടുന്നവര്‍ക്ക്‌ ഈ എഴുത്തുകാരന്റെ രചനകള്‍ മറുപാഠങ്ങളുടെ ലാവണ്യം കാണിച്ചുതരുന്നു. സാമൂഹികവിമര്‍ശനം തന്നെയാണ്‌ സക്കറിയയുടെ കരുത്ത്‌. ഭാഷയുടെ പ്രയോഗസാദ്ധ്യതകള്‍ എഴുത്തിന്‌ വ്യതിരിക്തതയും നവീനതയും പകരുന്നത്‌ സക്കറിയ കഥകളുടെ സവിശേഷതയാണ്‌.

മുഖ്യധാരയോട്‌ കലഹിച്ചുകൊണ്ട്‌ കഥയെ രാഷ്ട്രീയാനുഭവത്തിന്റെ പൊള്ളുന്ന ഭൂമികയോട്‌ ചേര്‍ത്തുവയ്ക്കാന്‍ അഗാധമായൊരു പ്രതിബദ്ധതയോടെ എഴുത്തില്‍ വ്യാപരിച്ച പട്ടത്തുവിള കരുണാകരന്‍ , എം.സുകുമാരന്‍ , യു.പി.ജയരാജ്‌ എന്നിവരെ മലയാളകഥയുടെ സഞ്ചാരപഥങ്ങളില്‍ വേറിട്ടുതന്നെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. കഥയുടെ പ്രമേയപരിചരണത്തിലും സാങ്കേതികതയിലും ഒരുപോലെ ശ്രദ്ധചെലുത്തിയതിനാല്‍ ഇവരുടെ രചനകള്‍ ലാവണ്യപരമായ മികവ്‌ കൊണ്ടും സവിശേഷത ആര്‍ജ്ജിച്ചിട്ടുണ്ട്‌. തകഴിയുടെ തലമുറ കൊണ്ടുവന്ന സാമൂഹികപരതയെ കൂടുതല്‍ തീവ്രതയോടെ സമകാലികവും നവീനവുമായൊരു ലാവണ്യമൂശയില്‍ വാര്‍ത്തെടുക്കാനായെന്നതും ഈ ത്രിമൂര്‍ത്തികളുടെ നേട്ടമാണ്‌. വ്യക്തിപരതയില്‍ അമിതമായി അഭിരമിക്കാനുള്ള ത്വര എഴുത്തില്‍ മുന്നിട്ടുനിന്ന ഒരു കാലയളവിലാണ്‌പവിത്രമായൊരു ആത്മവിശ്വാസത്തോടെ കഥയെ ബലരഹിതരുടെ ഭീതികളോടും പ്രത്യാശകളോടും ചേര്‍ത്തുവയ്ക്കാന്‍ ഈ മൂവരും യത്നിച്ചത്‌. ഇന്ന്‌ കഥയുടെ ഉത്തരാധുനികലാവണ്യം അടയാളപ്പെടുത്തുന്ന പ്രമേയപരമായ മനുഷ്യോന്മുത ഇവരുടെ പ്രയത്നം പാഴായില്ലെന്നതിന്റെ തെളിവുപ്രമാണമായി കരുതപ്പെടണം. ഇതര ഇടതുപക്ഷ എഴുത്തുകാരില്‍ നിന്നും ഭിന്നമായി ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ദുര്‍നടത്തിപ്പുകളെ വിചാരണചെയ്യാനും ഇവര്‍ മുതിരുന്നുണ്ട്‌. കൊച്ചുബാവ, എന്‍ .പ്രഭാകരന്‍ , സാറ ജോസഫ്‌, തോമസ്‌ ജോസഫ്‌, അഷ്ടമൂര്‍ത്തി, വിക്ടര്‍ ലീനസ്‌, ചന്ദ്രമതി എന്നിവര്‍ തുടര്‍ന്നുള്ള തലമുറയില്‍ കഥയുടെ സാദ്ധ്യതകളെ വിപുലമാക്കിയവരാണ്‌. ആധുനികതയില്‍ നിന്നും പൂര്‍ണ്ണമായി കുതറിമാറിയ ആദ്യത്തെ ആധുനികോത്തര എഴുത്തുകാരന്‍ കൊച്ചുബാവയാണ്‌. സ്വീകരണമുറികളിലെ കൊച്ചുവര്‍ത്തമാനങ്ങളുടെ ഭാഷയെ ഉപയോഗപ്പെടുത്തി ദാര്‍ശനികതയെയും വൈകാരികതയെയും തീര്‍ത്തും ഒഴിവാക്കിയാണ്‌ കൊച്ചുബാവ തന്റെ ആഖ്യാനകലയെ വികസിപ്പിച്ചെടുത്തത്‌. സ്വഗതാഖ്യാനത്തെ പിന്തുടരുന്ന ബാവയുടെ രീതി ആഖ്യാതാവിനും വായനക്കാരനുമിടയിലെ അകലത്തെ നേര്‍പ്പിക്കുകയും തീവ്രമായ ഒരു ഇന്റിമസി അവര്‍ക്കിടയില്‍ രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. എന്‍ ‍.പ്രഭാകരനും ഭാഷ, ശില്പം എന്നിവയുടെ പരീക്ഷണങ്ങളില്‍ അഭിരമിക്കുന്നയാളാണ്‌. തോമസ്‌ ജോസഫിന്റെ സവിശേഷത അദ്ദേഹത്തിന്റെ കഥകളുടെ അന്തര്‍ധാരയായി നില്ക്കുന്ന മൃതിബോധമാണ്‌. രണ്ടുപേരും ആധുനികതയുടെ പതിവ്‌ ചമയങ്ങളില്‍നിന്നും വിഘടിച്ച്‌ നില്‍ക്കുന്നു. സാറാ ജോസഫില്‍ സ്ത്രീപക്ഷ രചന അതിന്റെ പരിമിതികള്‍ തകര്‍ത്ത്‌ മുഖ്യാധാരാസാഹിത്യമായി വികസിക്കുന്നു. സ്ത്രീയുടെ മാത്രം ലോകമല്ല ഇവിടെ എഴുതപ്പെടുന്നത്‌ മറിച്ച്‌ മനുഷ്യരുടെ ലോകത്തെ അതിന്റെ സമഗ്രതയില്‍ത്തന്നെ സ്ത്രീയുടെ വീക്ഷണകോണിലൂടെ എഴുതപ്പെടുകയാണ്‌. പരസ്പരം കുതറിനില്ക്കുന്ന ദ്വന്ദമായി സ്ത്രീയും പുരുഷനും ആഖ്യാനം ചെയ്യപ്പെടുന്ന പതിവ്‌ പെണ്‍രചനകളുടെ പരിമിതികളെ അതിലംഘിക്കാന്‍ സാറാ ജോസഫിന്‌ ഒട്ടൊക്കെ കഴിയുന്നുണ്ട്‌. കേവലം 12 കഥകള്‍ മാത്രമെഴുതി കഥാചരിത്രത്തില്‍ ഇടമുറപ്പിച്ച വിക്ടര്‍ ലീനസ്‌ പ്രതിജീവിതത്തിന്റെ അസ്വാഭാവികതകളെ അപൂര്‍വലാവണ്യത്തോടെ മലയാളകഥയിലേക്ക്‌ കൊണ്ടുവന്നാണ്‌ ശ്രദ്ധേയനായത്‌. ആധുനികതയുടെ രചനാസാമഗ്രികളെ തള്ളിക്കൊണ്ടാണ്‌ വിക്ടര്‍ ലീനസ്‌ ഇത്‌ സാധിക്കുന്നത്‌.

ഉത്തരാധുനിക എഴുത്തുകാരുടെ തലമുറ എന്ന്‌ വിശേഷിക്കപ്പെടുന്ന സമകാലികരില്‍ മുന്നില്‍ നില്ക്കുന്നത്‌ കെ.ഇ.സെബാസ്റ്റ്യന്‍ ‍, സന്തോഷ്‌ ഏച്ചിക്കാനം, ശിഹാബുദ്ദീന്‍പൊയ്ത്തുംകടവ്‌, സുഭാഷ്‌ ചന്ദ്രന്‍ ‍, രാമചന്ദ്രന്‍ ‍, കെ.ആര്‍ .മീര, സിതാര, സുസ്മേഷ്‌ ചന്ത്രോത്ത്‌, പ്രിയ എ.എസ്‌, കെ. രേഖ, സെബാസ്റ്റ്യന്‍ പള്ളിത്തോട്‌, ധന്യാരാജ്‌,സി.അനൂപ്‌, ഐസക്‌ ഈപ്പന്‍ എന്നിവരൊക്കെയാണ്‌. ഇവരില്‍ കെ.ഇ.സെബാസ്റ്റ്യന്‍ , സന്തോഷ്‌ ഏച്ചിക്കാനം, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌, കെ.ആര്‍ ‍.മീര, സുസ്മേഷ്‌ ചന്ത്രോത്ത്‌ എന്നിവര്‍ വേറിട്ട മികവുകൊണ്ട്‌ കഥയുടെ ഭാവി ശോഭനം തന്നെയെന്ന പ്രതീക്ഷ വളര്‍ത്തുന്നു. കെ.ഇ.സെബാസ്റ്റ്യന്റെ 'രാത്രികളുടെ രാത്രി', സുസ്മേഷ്‌ ചന്ത്രോത്തിന്റെ 'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം' എന്നിവ പ്രാതിനിധ്യ സ്വഭാവമുള്ള രചനകളാണ്‌.

കേരളീയ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരചരിത്രമാണ്‌ 'രാത്രികളുടെ രാത്രി' എന്ന കഥയുടെ പ്രമേയകേന്ദ്രം. ഈയൊരു പ്രമേയപരിസരത്തെ ആസ്പദമാക്കി നിരവധികഥകള്‍ ഇതിനകം മലയാളത്തില്‍ വന്നുകഴിഞ്ഞുവെങ്കിലും അവയില്‍നിന്നെല്ലാം 'രാത്രികളുടെരാത്രി' വ്യത്യസ്തത പുലര്‍ത്തുന്നു. അനേകം അടരുകളും മാനങ്ങളും കുമിയുന്ന ഈ കഥയുടെ ആഖ്യാനം ഒരു അമ്മൂമ്മക്കഥ പോലെയാണ്‌ തുടങ്ങുന്നത്‌. വായനയിലൂടെ തുടര്‍ന്ന്‌ നമ്മള്‍ അറിയുന്നു ഇത്‌ ഒരച്ഛന്‍ മകന്‌ പറഞ്ഞ്കൊടുക്കുന്ന കഥയാണെന്ന്‌. സ്വാതന്ത്ര്യത്തിലേക്ക്‌ പുലരാന്‍ പോകുന്ന ഒരു ആഗസ്റ്റ്‌ പതിന്നാലിന്റെ രാത്രിയില്‍ അനുഷ്ഠാനകഥ പോലെ ഉച്ചരിക്കപ്പെടുന്ന ഒന്ന്‌. ദീനം വന്ന പേരക്കിടാവിന്‌ മരുന്ന്‌ വാങ്ങാനായി രാത്രിയില്‍ സഞ്ചരിച്ച അന്തിര എന്ന വൃദ്ധന്റെയും അയാളെ ഒടുക്കാനൊരുങ്ങുന്ന ഭൂതത്തിന്റെയും കഥ. കഥയെ മുറിച്ചുകൊണ്ട്‌ വര്‍ത്തമാനകാലം കടന്ന്‌ വരുന്നു. കഥ പൂര്‍ത്തിയാകാതെ അച്ഛനും മകനും രാത്രിയിലേക്കിറങ്ങുന്നു. നാഗരികതയുടെ അടയാളങ്ങള്‍ വെടിഞ്ഞ്‌ ഒറ്റയടിപ്പാതകളിലുടെയും പാടവരമ്പുകളിലുടെയും മാത്രമാണ്‌ ആ രാത്രിയില്‍ അവര്‍ സഞ്ചരിച്ചത്‌. പാതിരാവില്‍ സ്വാതന്ത്ര്യാനന്തരവര്‍ഷങ്ങളുടെ എണ്ണം സൂചിപ്പിച്ചുകൊണ്ട്‌ അമ്പത്‌ വെടിയൊച്ചകള്‍ മുഴങ്ങുമ്പോള്‍ അച്ഛനും മകനും ഒരിക്കല്‍ ഇ.എം.എസ്‌ പ്രസംഗിച്ച പുളിമരത്തിന്റെചോട്ടിലായിരുന്നു. ഇ.എം.എസ്‌ ആ പുളിമരച്ചോട്ടില്‍ പ്രസംഗിച്ച വിവരം മകനോട്‌ വെളിപ്പെടുത്തുമ്പോള്‍ ചരിത്രം ആഖ്യാനത്തിലേക്ക്‌ കടന്ന്‌ വരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെയും വ്യക്തികളെയും ആനയിച്ചുകൊണ്ട്‌ ആഖ്യാനത്തിന്‌ ആധികാരിക നല്കുന്ന രീതി സെബാസ്റ്റ്യന്റെ ഒട്ടുമുക്കാലും കഥകളില്‍ കാണാം. ഭ്രമകല്പനകളുടെ ആഖ്യാനാന്തരീക്ഷത്തില്‍ രാഷ്ട്രീയവും ചരിത്രവും കലര്‍ത്തി സെബാസ്റ്റ്യന്‍ അനായാസമായി സമകാല കഥയുടെ ലാവണ്യമാതൃകകള്‍ തീര്‍ക്കുന്നു. ഭാരതീയമെന്നതിനേക്കാള്‍ സമകാല കേരളീയാവസ്ഥയാണ്‌ 'രാത്രികളുടെ രാത്രി'യില്‍ നിര്‍മ്മിക്കപ്പെടുന്നത്‌. സമൂഹത്തിന്റെ ഒരു പ്രതിരോധ ഉപകരണം എന്ന നിലയിലാണ്‌ ഈ കഥയില്‍ ആഖ്യാനം നിറവേറുന്നത്‌. എങ്കിലും ആശയങ്ങളുടെ ഭാരം വായനയില്‍ അനുഭവപ്പെടുന്നില്ല. ബുദ്ധിപരമായ കസര്‍ത്തോ പ്രഹേളികാരൂപമുള്ള അര്‍ത്ഥവാദശില്പമോ ആയി കഥ പരിണമിക്കുന്നുമില്ല.

തീവ്രമായ മനുഷ്യാവബോധമാണ്‌ സുസ്മേഷ്‌ ചന്ത്രോത്തിന്റെ കഥയുടെ അകപ്പൊരുള്‍. ദരിദ്രയും തിരസ്കൃതയുമായ ഒരു യുവതിയെ ഒരപകടത്തിന്റെ തുടര്‍ച്ചയില്‍ ആശുപത്രിയെത്തിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്‌ 'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം' എന്ന കഥ. ആ ആഢംബര ആശുപത്രിയിലെ അനുഭവങ്ങള്‍ ‍, ഒപ്പം വന്നവരുടെ ഒഴിഞ്ഞുപോകല്‍ ‍, മനുഷ്യവിരുദ്ധമായ എന്തിന്റെയൊക്കെയോ ആകര്‍ഷകരൂപമായി ആശുപത്രി പരിണമിക്കുന്നതിലെ രഹസ്യാത്മകത, നിസ്സഹായനെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ മിക്കവാറും നിഷ്ഫലമായേക്കാവുന്ന അയാളുടെ ചെറുത്തുനില്ക്കല്‍ ഒക്കെ കലര്‍ന്ന്‌ ഈ കഥ നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ പ്രതീകമായി മാറുന്നു.

വൈകാരികതയെയും സങ്കീര്‍ണ്ണതകളെയും പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ആഖ്യാനസാങ്കേതികത, സിനിമ, ടെലിവിഷന്‍ , നാടകം തുടങ്ങിയ ഇതരകലാരൂപങ്ങളുടെ സാദ്ധ്യതകളെയും സന്നിവേശിപ്പിച്ച്‌ കഥയുടെ ആഖ്യാനസാമഗ്രികളെ വിപുലമാക്കാനുള്ള സന്നദ്ധത, മനുഷ്യരെയും പ്രകൃതിയെയും സമന്വയിപ്പിക്കുന്ന പാരസ്പര്യബോധം, ചരിത്രം, പ്രാദേശികത എന്നിവയിലുള്ള ഊന്നല്‍ ‍, കഥാരചനയെ അപഗൂഢവല്‍ക്കരിക്കുന്ന സൈദ്ധാന്തിക സമീപനങ്ങള്‍ , ബഹുലതയോടും ബഹുസ്വരതയോടുമുള്ള ആദരവ്‌ എനിവയാണ്‌ ഉത്തരാധുനിക കഥയെഴുത്തുകാരുടെ പൊതുസവിശേഷതകള്‍ . ആഖ്യാനത്തെ വര്‍ണ്ണശബളവും സെന്‍സെഷനലും ആക്കാനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ കൃതഹസ്തരുടെ രചനകളെപ്പോലും ഉപരിപ്ലവമാക്കുന്നുവെന്നതും ഈ കാലയളവിന്റെ ദോഷമാണ്‌. ടെലിവിഷന്‍ കൊണ്ടുവരുന്ന താരത്തിളക്കത്തോടുള്ള പ്രണയം പ്രതിഭയുടെ വികേന്ദ്രീകരണത്തിനും ധൂര്‍ത്തിനും ഇടം നല്കുന്നു. എന്നിട്ടും മികച്ച രചനകള്‍ ഇടവേളകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നുവെന്നത്‌ പ്രത്യാശാജനകമാണ്‌.

അമ്പതുവര്‍ഷം മുന്‍പ്‌ ഐക്യകേരളം നിലവില്‍ വന്ന കാലയളവില്‍ തകഴിയുടെ തലമുറയില്‍പ്പെട്ട ബഷീര്‍ തന്റെ കലയില്‍ സാമൂഹികപരതയെയും മനുഷ്യോന്മുതയെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ സാങ്കേതികവും ലാവണ്യപരവുമായ ഉയരങ്ങള്‍ താണ്ടാന്‍ ശ്രമിച്ചു. മനുഷ്യരോടും പക്ഷിമൃഗാദികളോടൂം പ്രപഞ്ചത്തോടും പണിക്കുറ്റം തീര്‍ന്ന സഹഭാവവും സ്നേഹവായ്പും ആയിരുന്നു ബഷീറിന്റെ കൊടിപ്പടം. ബഷീറിയന്‍ രചനകള്‍ മനുഷ്യബോധത്തിന്റെ നിലാത്തെളിയായി ഇന്നെന്നപോലെ വരുംകാലങ്ങളിലും നിലനില്ക്കും. വായനയെ ക്ലേശഭരിതവും സങ്കീര്‍ണ്ണവുമായി സങ്കല്പിക്കാന്‍ ബഷീര്‍ വിസമ്മതിച്ചതിന്റെ പരിണിതി കൂടിയാണിത്‌. മനുഷ്യാവസ്ഥയുടെ സങ്കീര്‍ണ്ണതകളെ അതിന്റെ ആഴങ്ങളിലേക്ക്‌ കടന്ന്‌ ആലേനം ചെയ്യാനൊരുമ്പെടുമ്പോള്‍ ആ സങ്കീര്‍ണ്ണത ആഖ്യാനത്തിലും പടരുക തികച്ചും സ്വാഭാവികം തന്നെ. എന്നാല്‍ സങ്കീര്‍ണ്ണത മാത്രമാണ് കലയെന്ന്‌ നമ്പുന്ന കുടിലജ്ഞാനികള്‍ പാഴ്‌വസ്തുക്കള്‍ പോലെ എന്നും ഇവിടെ ഉണ്ട്‌. ആധുനികോത്തര കാലയളവിലും ഇതിന്‌ മാറ്റമുണ്ടാകുന്നില്ല. എന്നാലും മലയാളകഥയുടെ വര്‍ത്തമാനകാല ഭ്രമണപഥങ്ങള്‍ ബഷീറിന്റെ എഴുത്തുമായി ഇഴചേര്‍ന്ന്‌ പുലരുന്നത്‌ നിരീക്ഷിക്കുക ആഹ്ലാദകരമാണ്‌.

പി.ജെ.ജെ.ആന്റണി
Subscribe Tharjani |