തര്‍ജ്ജനി

പുസ്തകം

ആഖ്യാനത്തിന്റെ നാനാത്വം

ജീവിതം അതിവേഗം പായുകയാണ്‌. കഥ പുറകേപോകുന്നു. ഈയര്‍ത്ഥത്തില്‍ ജീവിതം കഥയെ തോല്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ജീവിതത്തിന്റെ അന്തസ്സത്തയെ ഉള്ളടക്കിക്കൊണ്ട്‌ ഈ മത്സരത്തില്‍ കഥ ജീവിതത്തെ ചുളുവില്‍ പരാജയപ്പെടുത്തുകയും ചെയ്യുന്നു. എന്തായാലും ജീവിതത്തിന്റെ അകവും പുറവും കഥയ്ക്ക്‌ ഒരുപോലെ ആവശ്യമായ അസംസ്കൃത വസ്തുക്കളാണ്‌. എല്ലാം മാറിക്കൊണ്ടേയിരിക്കുന്നു. കഥയുടെ രൂപവും ഭാവവും മാറ്റത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നു. ജീവിതം മാറുന്നു കഥയും മാറുന്നു എന്നു ചുരുക്കിപ്പറയാം ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്‌ തന്റെ കഥയില്‍ ഉറച്ചു നിന്നുകൊണ്ട്‌ ആധുനികോത്തരമായ ജീവിത സമസ്യകളെ തേടുകയാണ്‌ 'കണ്ണടകളുടെ നഗര'ത്തില്‍.

'വായനയുടെ ലോകത്ത്‌ ബസ് കണ്ടക്ടര്‍ ഇടപെടുമ്പോള്‍' എന്ന കഥ നാം കണ്ടും കേട്ടും വായിച്ചും പരിചയിച്ച പ്രണയകഥകളെ എങ്ങനെ വ്യത്യസ്തമായി ആഖ്യാനം ചെയ്യാം എന്നതിന്റെ നല്ലൊരു മാതൃക തന്നെ സൃഷ്ടിക്കുന്നു. പൈങ്കിളിക്കഥകള്‍ എന്ന് ബുദ്ധിജീവികള്‍ വ്യവഹരിക്കുന്ന കഥകളെ, ആഖ്യാനത്തിലൂടെ എങ്ങനെ അതിജീവിക്കാം എന്നതിന്റെ തീവ്രമായ ഒരു പരീക്ഷണവുമാണ്‌ ഈ കഥ. 'യേശുപുരം പബ്ലിക്‌ ലൈബ്രറിയെക്കുറിച്ച്‌ ഒരു പരാതി' എന്ന കഥയോട്‌ പ്രമേയപരമായ ബന്ധമൊന്നും ഈ കഥയ്ക്കില്ല. സക്കറിയയുടെ കഥ ദാര്‍ശനികമായ മാനം കൈവരിച്ചു നില്‍ക്കുകയാണ്‌.

വിദ്യാഭ്യാസത്തെക്കുറിച്ച്‌, വായനയെക്കുറിച്ച്‌, പ്രണയത്തെക്കുറിച്ച്‌, പുസ്തകങ്ങളെക്കുറിച്ച്‌ ഇങ്ങനെ നിരവധികാര്യങ്ങള്‍ കഥയുടെ മാധ്യമത്തിലേക്ക്‌ വന്നു നിറയുകയും ആഖ്യാനത്തെ ലഹരിപിടിപ്പിക്കുകയും ചെയ്യുന്നു. സാമ്യകല്‍പ്പനകളെയും മറ്റും പുതുക്കി നിര്‍മ്മിച്ചുകൊണ്ട്‌ ഭാഷയുടെ ആവര്‍ത്ത സ്വഭാവത്തെ എങ്ങനെ ഫലപ്രദമായി മറികടക്കണം എന്നതിന്റെ ദൃഷ്ടാന്തമായി ഇവിടെ ആഖ്യാനം വഴിമാറുന്നു എന്നത്‌ പൊതുവെ ഈ സമാഹാരത്തിലെ കഥകളുടെ സവിശേഷതയാണ്‌. ആഖ്യാനത്തില്‍ സാമ്യകല്‍പ്പനകള്‍ വഴിമാറുന്നതിന്റെ രണ്ടുദാഹരണങ്ങള്‍ നോക്കുക. "അതുകേട്ടപ്പോള്‍ ഒരുദിവസം പ്രിയംവദ വന്ന് പമ്മന്റെ പുസ്തകം ചോദിച്ചാലെന്നവണ്ണം ജിതേന്ദ്രന്‍ വിളറി" (page 48).'വന്നുകഴിഞ്ഞാല്‍ത്തന്നെ മുട്ടത്തുവര്‍ക്കിയുടെ നായികമാരെപ്പോലെ പുസ്തകങ്ങളെ മറന്ന്‌ അലസമായി നില്‍ക്കാന്‍ തുടങ്ങി'(page 45)

'എമിലി ഫെര്‍ണാണ്ടസ്‌ ഒരു ആധുനികോത്തര പ്രണയ(ദുരന്ത) കഥ' സവിശേഷവായന അര്‍ഹിക്കുന്ന ഒരു കഥയാണ്‌. പ്രണയം ആധുനികോത്തരകാലയളവില്‍ എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമായിത്തീരുകയാണിക്കഥ. ആധുനികോത്തരകാലയളവില്‍ പ്രണയം ഉദാത്തതയില്‍ നിന്നും വഴിമാറി പോകുന്നതിന്റെ രേഖാചിത്രമാണിത്‌. സാഹിത്യകാരന്മാര്‍ക്ക്‌ പൊതുവെ പ്രിയങ്കരമായ ഉദാത്തപ്രണയ ചിത്രീകരണത്തിന്‌ ഒരു ബദല്‍ ഇവിടെ രൂപപ്പെടുന്നു. എന്നാല്‍ ഈ ബദലും ഉദാത്തപ്രണയത്തിനുവേണ്ടിയുള്ള ഉത്കണ്‌ഠയില്‍ നിന്നുമാണ്‌ രൂപപ്പെടുന്നതെന്നുമോര്‍ക്കണം. കാലം എല്ലാറ്റിനെയും മാറ്റിക്കളയുന്നുവെന്നും പ്രണയസങ്കല്‍പങ്ങളെയും അത്‌ മാറ്റി മറിച്ചുവെന്നും ഈ കഥ നമ്മോട്‌ വിളിച്ചു പറയുന്നു.

മലയാളിയുടെ പ്രകൃതത്തെക്കുറിച്ചൊരു വിമര്‍ശനാഖ്യാനമെന്ന് വിശ്വസിക്കാവുന്ന കഥയാണ്‌ 'മലയാളി'. കഥ മലയാളിയുടെ സ്വഭാവവൈരുധ്യത്തിലേക്കാണ്‌ ഇറങ്ങിച്ചെല്ലുന്നത്‌. വ്യാജസാമൂഹിക ബോധത്തിന്റെ(pseudo social conciousness) പ്രേരണയില്‍ വീറുറ്റ വിമര്‍ശനം നടത്തുന്ന മലയാളി സ്വന്തം കാര്യം വരുമ്പോള്‍ കാലുമാറ്റം നടത്തുന്നതിന്റെ രസകരമായ അവതരണമാണ്‌ 'മലയാളി‘ എന്ന കഥ.

പുതിയ കാലത്തിന്റെ നിസ്സംഗതയെയും ദയയില്ലായ്മയെയും കഥയില്‍ ഏറ്റെടുത്ത്‌ വായനക്കാരെ ചൂണ്ടിക്കാണിക്കുവാനുള്ള ശ്രമമാണ്‌ 'കയര്‍' എന്ന കഥ. നമ്മുടെ കാലം എത്ര ക്രൂരമായാണ്‌ സഹജീവികളെ നേരിടുന്നത്‌ എന്നതിന്റെ വാങ്മയചിത്രം 'കയര്‍' പ്രദര്‍ശിപ്പിക്കുന്നു. 'കയര്‍' ഈ മനുഷ്യാവസ്ഥയുടെ ഈടുറ്റ രൂപകമായിത്തീരുകയാണ്‌. ഇതു തന്നെയാണ്‌ ഇക്കഥയുടെ സൌന്ദര്യമൂല്യത്തെ നിര്‍ണ്ണയിക്കുന്ന ഘടകവും.

ആധുനികോത്തരമായ കാലഘട്ടത്തിലെ ജീവിതത്തിന്റെ കാഴ്ചകള്‍ക്ക്‌ കൃത്രിമത്വത്തിന്റെയും മനുഷ്യപ്പറ്റില്ലായ്മയുടെയും വര്‍ണ്ണങ്ങളാണുള്ളത്‌. നൈസര്‍ഗ്ഗികമായ ജീവിതവിശുദ്ധികള്‍ പോയ്മറഞ്ഞിരിക്കുന്നു എന്ന ഭീതിദമായ സത്യത്തിന്‌ കഥാരൂപം കൊടുക്കുവാനുള്ള ശ്രമമാണ്‌ 'കണ്ണടകളുടെ നഗരം' ആനന്ദിലൂടെയും മുകുന്ദനിലൂടെയും കാക്കനാടനിലൂടെയും സേതുവിലൂടെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയിലൂടെയും കൊച്ചുബാവയിലൂടെയും കണ്ടുപരിചയിച്ച ഭ്രമാത്മകമായ കഥാന്തരീക്ഷത്തിന്റെ മറ്റൊരു രൂപം ഇവിടെ നാം അഭിമുഖീകരിക്കുന്നു. രണ്ടു തരത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളെ ഏറ്റുമുട്ടിച്ചുകൊണ്ടാണ്‌ കഥാകാരന്‍ ഈ ഭ്രമസദൃശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്‌. ഗ്രാമ-നഗരങ്ങളുടെ, വര്‍ത്തമാന-ഭൂതകാലങ്ങളുടെ ജീവിതങ്ങള്‍ അത്ഭുതകരമാം വണ്ണം എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് ഈ കഥ നമ്മുടെ ബോധത്തില്‍ ആഴത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട്‌ വേര്‍തിരിച്ചുകാണിക്കുന്നു. സ്വാര്‍ത്ഥതയുടെ ഓരോ നിറങ്ങളിലുള്ള കണ്ണാടികള്‍ കൊണ്ടേ അവര്‍ക്ക്‌ നഗരത്തിലെ കാഴ്ചകള്‍ കാണുവാന്‍ കഴിയുന്നുള്ളൂ. കഥ അവസാനവാക്യത്തിനു മുമ്പുവരെ നമ്മെ കഠിനമായി വീര്‍പ്പുമുട്ടിച്ചുകൊണ്ടേയിരിക്കുന്നു. അവസാന ഘട്ടം വരെ കഥ വലിയ അവസ്ഥകളില്‍ ജീവിക്കുന്നു. എന്നാല്‍ പ്രസ്താവനാരൂപത്തിലുള്ള ഒരു വാക്യത്തിലൂടെ കഥയ്ക്ക്‌ അന്ത്യം കുറിക്കുവാനുള്ള അനാദരണീയമായ ശ്രമം കഥയുടെ സൌന്ദര്യമൂല്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തു.

'യേശുപുരം പബ്ലിക്‌ ലൈബ്രറിയെക്കുറിച്ചൊരു പരാതി' പോലുള്ള സക്കറിയക്കഥകളുടെ ആഖ്യാനപരമായ സ്വാധീനം ഉണ്ണികൃഷ്ണനെ നയിക്കുന്നുവെന്നുള്ളത്‌ പരമമായ സത്യമാണ്‌. 'ഏനാത്ത്‌ പാലം സാദ്ധ്യതകളും സങ്കല്‍പങ്ങളും' ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച കാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ട കഥയാണ്‌. പാലം കേന്ദ്രീകരിച്ച്‌ ചില സാഹിത്യരചനകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌. 'കുറ്റിപ്പുറം പാലം' (ഇടശ്ശേരി) എന്ന കവിതയും 'കൈവരിയുടെ തെക്കേയറ്റം' (പത്മരാജന്‍) എന്ന കഥയും ഓര്‍ക്കുക. ഈ ഗണത്തിലേക്ക്‌ വ്യത്യസ്ത ദൌത്യവുമായി ഏനാത്ത്‌ പാലവും അണിചേരുകയാണ്‌. ആഖ്യാനം സ്വയം സമൃദ്ധിയായിത്തീരുകയും കഥ സമ്പന്നമായ ഒരു വാങ്മയാഘോഷമായിത്തീരുകയും ചെയ്യുകയാണിക്കഥയില്‍. ഏനാത്ത്‌ പാലവും കല്ലടയാറും കുളക്കടക്കുമാറും ആഖ്യാനമേറ്റെടുക്കുന്ന വിചിത്രമായ കഥപറച്ചില്‍ ഇവിടെ രൂപപ്പെടുന്നു. ജീവനില്ലാത്ത വസ്തുവിലേക്ക്‌ ജീവന്‍ കൊടുക്കുകയും പക്ഷിമൃഗാദികളെ മനുഷ്യവത്കരിക്കുകയും ചെയ്യുന്ന രീതി നാടോടിസാഹിത്യകാലം മുതല്‍ ഇവിടെ ഉണ്ടായിരുന്നു. കാളിദാസന്‍ മേഘത്തിന്‌ ജീവന്‍ വയ്പിച്ചത്‌ മനുഷ്യരുടെ സാഹിത്യബോധത്തെ ചില്ലറയൊന്നുമല്ല ത്രസിപ്പിച്ചത്‌. ഈ പാരമ്പര്യത്തെ ശക്തമാക്കുന്ന ആഖ്യാന പരീക്ഷണം മലയാളത്തില്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. നിലവിലുള്ള ആഖ്യാനം ഉപയോഗിക്കുമ്പോഴും ആഖ്യാനത്തില്‍ നവീനപരീക്ഷണങ്ങള്‍ നടത്തുക കലാബോധത്താല്‍ നയിക്കപ്പെടുന്ന കലാകാരന്റെ ബാധ്യതയാണ്‌.

കഥയിലെ പ്രമേയത്തിനും ഭാഷയ്ക്കും തമ്മില്‍ ഒരു ചേര്‍ച്ചയുണ്ടാവണം എന്ന ബോധം ആഖ്യാനത്തില്‍ പ്രബല സ്വാധീനം ചെലുത്തിയിട്ടുള്ള കഥയാണ്‌ 'ശങ്കരച്ചാരില്‍ ഓര്‍മ്മയുടെ നിലാവ്‌ നിറയുമ്പോള്‍'. ഒരു പുലികളിക്കാരന്റെ ജീവിതം വിന്യസിച്ചിരിക്കുന്ന ഈ ചെറിയകഥ തുടങ്ങുന്നതിങ്ങനെയാണ്‌. 'മുറ്റത്ത്‌ ഇളംവെയിലിന്റെ ചെറു പുലികള്‍ ആലസ്യത്തിലാണ്ടുകിടക്കുന്നത്‌ നോക്കി ശങ്കരച്ചാര്‌ വെറുതെയിരുന്നു'.(page 25) ഭാഷയുടെ ഇവ്വിധമുള്ള വിന്യാസം കഥയില്‍ ആദ്യന്തം നിലനിര്‍ത്താന്‍ കഥാകൃത്ത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. മലയാളത്തിന്റെ കഥന പാരമ്പര്യം ഈ രീതി പരീക്ഷിച്ചിട്ടുള്ളതാണ്‌. ഓര്‍മ്മയുടെ ലളിതമായ ഒരു ഘടനമാത്രമല്ല കഥയുടേത്‌. ഡോക്യുമെന്റെറി ആര്‍ട്ടിസ്റ്റിന്റെ ഇടപെടലുകള്‍ ഓര്‍മ്മയുടെ പ്രവാഹത്തെ തടഞ്ഞുനിര്‍ത്തുകയും ഓര്‍മ്മയെ ഒതുക്കിയെടുക്കുവാനുള കഥനശ്രമത്തിന്‌ തുണയാവുകയും ചെയ്യുന്നു. കഥയിലെ ശങ്കരച്ചാരെയും ചെണ്ടകാരന്‍ നീലാണ്ടനെയും പോലുള്ളവരുടെ ദാരിദ്ര്യം നിറഞ്ഞ ജീവിതം ഒരു വലിയ സാമൂഹികപ്രശ്നം തന്നെയാണ്‌. ഇത്‌ കഥയുടെ ഒരു ആനുഷംഗികപ്രശ്നമാണെങ്കിലും കഥയിലേക്ക്‌ ഇതുകടന്നുവരുന്നത്‌ നല്ലൊരു കാല്‍വെയ്പാണ്‌. പുലികളുടെ ഭാഷയും ക്യാമറയുടെ (യുമാറ്റിക്‌) ഭാഷയും ആഖ്യാനഭാഷയായി കഥയില്‍ ഇണചേരുന്നു. 'കണ്ണടകളുടെ നഗരം' എന്ന കഥയുടെ അന്ത്യം നിരാശയാണ്‌ ഉണര്‍ത്തിയതെങ്കില്‍ ഈ കഥയുടെ അന്ത്യം ഉജ്ജ്വലമായ ഒരു കഥാനുഭവമായിത്തീരുകയാണ്‌. ഡോക്യുമെന്റെറിയുടെ ആഖ്യാനധാരയും കഥയുടെ ആഖ്യാനധാരയും സംഗമിപ്പിക്കുന്ന ഈ ടെക്നിക്‌ കഥയുടെ മാധ്യമം തന്നെ അസാധാരണമാംവണ്ണം പരീക്ഷണത്തിലേക്കുയരുന്നതിന്റെ ചിത്രമാണ്‌ വായനക്കാര്‍ക്കു പകരുന്നത്‌. പുലികളിയും ചെണ്ടക്കാരനും കഥയുടെ ഉള്‍ലോകത്തേക്ക്‌ വന്നതിന്റെ പിന്നിലുള്ള ഫോക്‍ലോര്‍ പ്രേരണകളും വായനക്കാര്‍ തിരിച്ചറിയണം.

'തെങ്ങുകള്‍ വളരുന്നത്‌' എന്ന കഥയിലൂടെ കാലം എന്ന വ്യസനത്തിന്‌ മലയാള കഥയില്‍ മറ്റൊരു ഭാഷ്യം ലഭിക്കുകയാണ്‌. മനുഷ്യാവസ്ഥയെന്ന കാതരത കഥയ്ക്കുള്ളില്‍ പിടയുന്നതിനും ഇവിടെ വായനക്കാരന്‍ സാക്ഷിയായിത്തീരുന്നു. ഭൌതിക ജീവിതത്തിലെ കാലത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വേവലാതികള്‍, ആധിപൂണ്ട മനസ്സിന്‌ ഉടമകളായ സാഹിത്യകലാകാരന്മാരെ ഏറെ മഥിച്ചിട്ടുള്ള പ്രശ്നമാണ്‌. തീയും പുകയും തിന്ന് ആയുസ്സിന്റെ അവസാന പുറവും എണ്ണിത്തീര്‍ത്ത്‌ മണ്ണടരുകളിലേക്ക്‌ മടങ്ങുന്ന ജീവിതത്തെക്കുറിച്ചൂള്ള ഈ ആധി കഥയിലുടനീളം അന്തര്‍ധാരയായി നില്‍ക്കുന്നു. അതുകൊണ്ട്‌ ദൈനംദിന ജീവിതപ്രശ്നങ്ങള്‍ക്കപ്പുറം കഥ ദാര്‍ശനികമാനം കാംക്ഷിച്ചുനില്‍ക്കുന്നു.

കാരുണ്യം നഷ്ടപ്പെട്ട കാലത്തെ വിദഗ്ദ്ധമായ നിരീക്ഷണത്തിന്‌ വിധേയമാക്കുകയും പോസ്റ്റ്മാര്‍ട്ടം ചെയ്യുകയുമാണ്‌ 'നല്ല സമരിയക്കാരന്‍' എന്ന കൊച്ചു കഥ. ആധുനികോത്തരമായ ജീവിതപ്പാതയില്‍ ചില കാഴ്ചകള്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ കഥ ഉണ്ടാക്കിയെടുത്തിരിക്കുന്നത്‌. ഈ ചെറിയ കഥയില്‍ കാഴ്ച ആഖ്യാനമായി മാറുകയും കാഴ്ചയുടെ ആഖ്യാനം ഉപദര്‍ശനമായിത്തീരുകയും ചെയ്യുന്നു. കാഴ്ചകളിലൂന്നിയുള്ള ചലച്ചിത്രാഖ്യാനം (Cinematic narration) കഥയെ നിയന്ത്രിക്കുന്ന ചെറിയൊരു സര്‍ഗ്ഗപരീക്ഷണമിവിടെയുണ്ട്‌. സിനിമാറ്റിക്‌ നരേഷന്‍ ഈ എഴുത്തുകാരനില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. മാത്രമല്ല ഇന്നത്തെ ഏറ്റവും വലിയ ജനകീയ കലാ രൂപമെന്നനിലയില്‍ സിനിമയെ കഥാകൃത്ത്‌ ആഖ്യാനസംസ്കാരമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്‌. ഷോട്ടുകളും സീനുകളുമായി എല്ലാ സംഭവങ്ങളെയും മാറ്റാനുള്ള ഒരു ത്വരയാണിത്‌. ദൃശ്യമാധ്യമവുമായി ബന്ധപ്പെട്ട പദാവലികള്‍ തന്നെ ആഖ്യാനത്തിലേക്ക്‌ വന്നു നിറയുന്നതിന്റെ ചില ഉദാഹരണങ്ങള്‍ നോക്കുക.

1. 'കോണിപ്പടിയില്‍ ആരുടേയോ കാലൊച്ച മുഴങ്ങിയപ്പോള്‍ ജിതേന്ദ്രന്‍ ടി.വി. യിലെ പാരീസ്‌ കളക്ഷനില്‍ നിന്നും റിമോട്ട്‌ കണ്‍ട്രോളറിലെ രണ്ടാം നമ്പര്‍ ബട്ടണില്‍ ആഞ്ഞുകുത്തി. ചടുലമായ ഒരു നീക്കത്തിലൂടെ ഏഷ്യാനെറ്റിലെ വായനാമുറിയിലെത്തി' (page 51)
2. 'അതുപോലെ ശങ്കരച്ചാരുടെ ഉള്ളില്‍ നിറയുന്ന നിലാവ്‌ ഞാന്‍ ഏതു ഫ്രയിമിലാ പകര്‍ത്തുക.'
3.'എങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ ദൃശ്യം പോലെ ആ കാഴ്ച എന്നെ പേടിപ്പിച്ചു.' (page 51)
4. അവിചാരിതമായി കണ്ണാടിയില്‍ കണ്ട തന്റെ മുഖത്തിന്‌ ആ പഴയ മലയാളം സിനിമയിലെ സത്യന്റെ മുഖവുമായി സാമ്യമുണ്ടെന്നും അയാള്‍ കണ്ടുപിടിച്ചു.

പുതിയ തന്ത്രങ്ങളിലൂടെ എങ്ങനെ കഥപറയാം എന്നത്‌ ഈ എഴുത്തുകാരനെ സദാ മഥിക്കുന്ന പ്രശ്നമാണ്‌ എന്ന് സമാഹാരത്തിലെ എല്ലാ കഥകളും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. അതുകൊണ്ടാണ്‌ കഥകളുടെ ഘടനയെ അഴിച്ചു വാര്‍ക്കുവാനുള്ള ഈ കഥാകരന്റെ താത്പര്യമാണ്‌ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്‌ എന്ന അവതാരികയില്‍ കെ.പി.അപ്പന്‍ കുറിച്ചിട്ടത്‌.

വ്യവസ്ഥിതിക്കും ജീവിതത്തിനുമിടയില്‍ പിടയുന്ന യുവത്വം കഥയുടെ ഒരു വലിയ സാദ്ധ്യതയാണ്‌. ആനന്ദ്‌ 'മരണസര്‍ട്ടിഫിക്കറ്റില്‍' ഈ സാദ്ധ്യത ഉപയോഗിച്ചിട്ടുള്ളത്‌ ഇവിടെ ഓര്‍ക്കാവുന്നതാണ്‌. അപൂര്‍വമായിട്ടാണെങ്കിലും മലയാളകഥ ഈ സാദ്ധ്യതയെ കണ്ടറിഞ്ഞു ശക്തമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. 'കെ.പി ദിനേശന്‍ ഒരു കത്തു കൂടി എഴുതുന്നു' എന്ന കഥയെ ഈ രീതിയില്‍ വിലയിരുത്തേണ്ടതുമാണ്‌. നമ്മുടെ വ്യവസ്ഥിതിയില്‍ ചെറുപ്പക്കാര്‍ എത്രമാത്രം പീഡിതരും അസ്വസ്ഥരുമായിത്തീരുന്നു എന്ന് ഈ കഥ സാക്ഷ്യപ്പെടുത്തുന്നു. വ്യവസ്ഥിതി അവരെ ആത്യന്തികമായി ഭ്രാന്തരാക്കിതീര്‍ക്കുകയാണ്‌. മറ്റു നോവലുകളിലെ കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും തന്റെ കഥയില്‍ ഒരിടത്ത്‌ കൂട്ടിമുട്ടിച്ച്‌ ആഖ്യാനത്തെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാക്കി മാറ്റുവാനും ഉണ്ണികൃഷ്ണനു കഴിഞ്ഞു. 'ഖസാക്കിന്റെ ഇതിഹാസവും' 'മയ്യഴിപ്പുഴയുടെ തീരങ്ങ'ളുമാണ്‌ ഇങ്ങനെ ആഖ്യാനത്തിലേറ്റുമുട്ടുന്നത്‌. (page 42) യേശുപുരം പബ്ലിക്‌ ലൈബ്രറിയെക്കുറിച്ചൊരു പരാതി എന്ന കഥയെഴുതുംവഴിയുടെ സ്വാധീനം ഈ കഥയില്‍ ശക്തമായി മുഴങ്ങി കേള്‍ക്കുന്നുണ്ട്‌. നാടകത്തിനുള്ളില്‍ നാടകം സിനിമയ്ക്കുള്ളില്‍ സിനിമ എന്നതു പോലെ കഥയ്ക്കുള്ളില്‍ കഥയെ അവതരിപ്പിക്കുന്ന കഥന പരീക്ഷണം കൂടി ഈ കഥ ഒരിടത്ത്‌ നിര്‍വഹിച്ചിട്ടുണ്ട്‌. കഥയ്ക്കുള്ളിലെ കഥയാവട്ടെ പ്രധാനകഥയുടെ വികാരലോകവുമായി മാറിനിന്നുകൊണ്ടാണ്‌ താദാത്മ്യപ്പെടുന്നത്‌. ഔദ്യോഗിക കത്തുകളുടെ(official Letter) അവതരണ സാദ്ധ്യതയെ കഥനസാദ്ധ്യതയായി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ പരിശോധനയും ഈ കഥയില്‍ നിര്‍വഹിക്കുന്നുണ്ട്‌. പരാതിക്കത്തിന്റെ(letters for compliment) വിനിമയമൂല്യത്തെ അതിശക്തമായി സക്കറിയ പരീക്ഷിച്ചിട്ടുള്ളതാണെങ്കിലും വ്യത്യസ്തമായ സന്ദര്‍ഭത്തില്‍ ഉണ്ണികൃഷ്ണനും ഇത്‌ ശക്തമായിത്തനെയാണ്‌ കഥ പറയും തന്ത്രമായി സ്വീകരിച്ചിട്ടുള്ളത്‌.

മൈഥിലിയുടെ വിചിത്രമായ മാനസികഭാവങ്ങളെ വ്യത്യസ്ത ഷോട്ടുകളാക്കി അവതരിപ്പിക്കുകയാണ്‌ 'പകല്‍ സ്വപ്നങ്ങളില്‍ മൈഥിലി ഇങ്ങനെ' എന്ന കഥയില്‍. മലയാള സാഹിത്യം പഠിച്ച മൈഥിലിയെ ഏകാന്തതയും വിചിത്രമായ മാനസികാനുഭവങ്ങളും വേട്ടയാടുന്നു. മൈഥിലിയുടെ ഓര്‍മ്മകളിലൂടെ കഥയ്ക്കുള്ളിലേക്ക്‌ കടന്നുവരികയാണ്‌ മായാശേഖര്‍-അവളുടെ കൂട്ടുകാരി. നാശാത്മകത, ക്ഷണികത തുടങ്ങിയ ജീവിതത്തിന്റെ ആത്യന്തിക ഭാവങ്ങളാണ്‌ ഈ കഥാപാത്രത്തെ വിചിത്രമാം വണ്ണം രൂപപ്പെടുത്തിയിരിക്കുന്നത്‌. ഇച്ചിരിനേരത്തേക്കുള്ള ഈ ജീവിതത്തില്‍ ഒരായിരം പ്രണയലേഖനങ്ങളെങ്കിലും വായിച്ചിരിക്കണമെന്ന അവളുടെ നിര്‍ബന്ധത്തിന്റെ പിന്നിലെ ലോജിക്കും ഇതാണ്‌. അവളുടെ കണ്ണിറുക്കിയുള്ള കുസൃതിച്ചിരിയുടെ അര്‍ത്ഥവും സൌന്ദര്യവും ഈ ലോജിക്കിലാണ്‌ നാം കാണേണ്ടത്‌. ഭ്രമാത്മകതയുടെ സ്വഭാവം ആഖ്യാനത്തിന്‌ കൈവരുമ്പോള്‍ കഥനം മായികമായൊരു ലാവണ്യപ്രഭ പ്രസരിപ്പിക്കും ഇവിടെ ആഖ്യാനം ആഖ്യാനത്തിനുള്ളില്‍ തന്നെ സൃഷ്ട്യുന്മുഖമാവുകയും ചെയ്യുന്നു. 'പകല്‍ സ്വപ്നങ്ങളില്‍ മൈഥിലി ഇങ്ങനെ' എന്ന കഥയുടെ ആഖ്യാനം ഈയൊരു നിലയിലാണ്‌ കൈവരിച്ചിരിക്കുന്നത്‌. മന:ശാസ്ത്ര ബോധം കൊണ്ടുകൂടി ഈ കഥയെ വായിക്കേണ്ടതുണ്ട്‌. വിശ്ലഥവും വിഭ്രമാത്മകവുമായ മനസ്സിനുടമയാണ്‌ മൈഥിലി കഥയില്‍. തികച്ചും വസ്തുനിഷ്‌ഠമായ ബോധത്താല്‍ നിയന്ത്രിക്കപ്പെടുകയാണ്‌ അവളുടെ ഭര്‍ത്താവ്‌. ഈ ചേരുവയുടെ സംഘര്‍ഷമാണ്‌ കഥയെ അസാധാരണാനുഭവമാക്കി മാറ്റുന്നത്‌. ഇവരുടെ ദാമ്പത്യത്തിന്റെ ആകുലതകള്‍ പലതാണ്‌. അനപത്യത അവരെ ഇരുവരെയും ശരിക്കും പീഡിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട്‌. പൊട്ടിയ തൊട്ടിലും ഉടഞ്ഞു പോയ കരിവളയും അവളുടെ സ്വപ്നങ്ങളില്‍ കടന്നുവന്നത്‌ അതുകൊണ്ടാണ്‌. കഥയിലെ കല്‍പനകളില്‍ പോലും ഇതിന്റെ സ്വാധീനം ഉണ്ട്‌. നോക്കുക.- "പിറക്കാതെ പോയ കുഞ്ഞുങ്ങളെ ഓര്‍ത്തിട്ടെന്നപോലെ വിടരാതെ പോയ നല്ല കിനാക്കളെയോര്‍ത്തും മൈഥിലി വ്യാകുലപ്പെട്ടു" (page 13) ഇതിന്‌ അനുബന്ധമായി പറയാവുന്ന സൂചനകള്‍ ഇനിയും കഥയിലുണ്ട്‌. ഇവരുടെ ദാമ്പത്യത്തിന്റെ ആകുലതകള്‍ പലതാണ്‌. മൈഥിലിയുടെ ഭ്രമത്മകമായ മനസ്സ്‌, കുഞ്ഞിക്കാലുകാണുവാനുള്ള ഇരുവരുടെയും ഉത്കണ്‌ഠകള്‍-ഇങ്ങനെ പലതായി ഇതു വഴിതിരിയുന്നു. അയാളുടെ സ്വപ്നങ്ങളില്‍ നിന്ന് രണ്ടു പിഞ്ചു കാലുകള്‍ മടങ്ങിവരാനാവാത്തവിധം തിരിച്ചുപോവുകയാണ്‌. മൈഥിലിയുടെ വിചിത്രമായ സ്വപ്നത്തില്‍ അരൂപികളായ കുരുന്നുകള്‍ ഒരമ്മയെ താരാട്ടുപാടിയുറക്കുന്ന ശബ്ദവും ദൃശ്യവും നിറയവേ കഥയ്ക്ക്‌ തിരശ്ശീല വീഴുകയും ചെയ്യുന്നു. എന്തായാലും അനപത്യതയുടെ നടുവില്‍ ആടിയുലയുന്ന മൈഥിലിയുടെ മനസ്സിനെ ഇടര്‍ച്ചയില്ലാതെ അത്യുജ്ജ്വലമായി അവതരിപ്പിക്കുകവഴി ഈ കഥ ഉന്നതമായ കലാവിജയമാണ്‌ നേടിയിട്ടുള്ളത്‌. ചുറ്റുപാടുമുള്ള എന്തില്‍ നിന്നും ആഖ്യാനത്തിന്റെ അനന്തസാദ്ധ്യതകളെ നുകര്‍ന്നെടുക്കാന്‍ ഈ എഴുത്തുകാരന്‍ ഉത്സാഹഭരിതനാകുന്നുണ്ട്‌. ഫുട്ബാള്‍കളിക്ക്‌ അതിന്റേതായ ഒരാഖ്യാന സൌന്ദര്യമുണ്ട്‌. ഇത്‌ കഥയിലേക്ക്‌ സ്വാംശീകരിക്കുന്നത്‌ നോക്കുക. 'കണ്ടു കൊണ്ടിരിക്കവെ നിരത്തിലെ സീബ്രാലൈനില്‍ മൈഥിലി മനസ്സുകൊണ്ടൊരു സെന്റര്‍ലൈന്‍ വരയ്ക്കയായി. ഇനി അതൊരു ഫുട്ബാള്‍ കോര്‍ട്ടാണ്‌ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകയറുന്ന യാത്രക്കാര്‍ ഇനി കളിക്കാരാണ്‌. ജേഴ്സിയില്ലാതെ കളിക്കുന്ന അവര്‍ വായുവിലേക്ക്‌ അദൃശ്യമായ പന്ത്‌ ആഞ്ഞടിക്കുന്നുണ്ട്‌. ഓരോ സെക്കന്റിലും പുതിയ പുതിയ കളിക്കാരാണ്‌ കടന്നുവരുന്നത്‌. ഗോളിയില്ലാത്ത പോസ്റ്റിലേക്ക്‌ രണ്ടു ടീമുകളും മാറി മാറി ഗോള്‍ അടിച്ചു കയറ്റുകയാണ്‌' (page 12)

ഭാഷയിലൂടെയും പ്രമേയങ്ങളിലൂടെയും അവതരണ രീതിയിലൂടെയും റിയലിസത്തേയും കാല്‍പനികതയേയും എങ്ങനെ മറികടക്കാമെന്നതിന്റെ കഥാ മാതൃകകളായിത്തീരുകയാണ്‌ സമാഹാരത്തിലെ ഓരോ കഥയും എന്നാല്‍ റിയലിസത്തോടും കാല്‍പനികതയോടും കഥകള്‍ക്ക്‌ സ്വപ്നാത്മകമായ ബന്ധവുമുണ്ട്‌. ഇത്‌ ആധുനികോത്തരമായ കഥ പറച്ചിലിന്റെ രീതിയുമാണ്‌. ചെസ്സ്‌ കളിയുടെ, ടെന്നീസ് കളിയുടെ, ഫുട്ബോള്‍കളിയുടെ, ബയോഡാറ്റയുടെ ആഖ്യാനസൌന്ദര്യം കഥനത്തിന്റെ ഉപകരണവും സൌന്ദര്യവുമാക്കിയെടുക്കുവാനുള്ള കഥാകൃത്തിന്റെ ആര്‍ത്തി പുളകത്തോടെ മാത്രമെ നമുക്ക്‌ വായിച്ചെടുക്കുവാന്‍ കഴിയൂ. ഈ പ്രപഞ്ചത്തിലുള്ള ആഖ്യാനത്തിന്റെ സ്പന്ദനമുള്ള എന്തും കഥപറച്ചിലിലേക്ക്‌ ഉപയുകതമാക്കുവാനുള്ള ഈ ജാഗരൂകത ആരുമേ കാണാതെ പോകരുത്‌. ചുറ്റുപാടുമുള്ള വസ്തുക്കളുടെ നേര്‍പ്രതിഫലനം നിര്‍വഹിക്കുക (പഴയ കഥകളുടെ രീതി) എന്നിടത്തുനിന്ന് തീവ്രസൌന്ദര്യമുള്ള ഗദ്യത്തിലൂടെയുള്ള ഒരപഗ്രഥന പ്രവാഹമായി കഥയൊഴുകുക എന്ന പരിണാമം മലയാള കഥാസമ്പ്രദായത്തിന്‌ ഉണ്ടായിട്ടുണ്ട്‌. ഇത്‌ കഥകളിലൂടെ ഏറ്റെടുക്കുവാനുള്ള ഉണ്ണികൃഷ്ണന്റെ ശ്രമം അനുമോദനാര്‍ഹമായ രീതിയില്‍ രചനകളില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. പുതിയ കാലത്തിന്റെ വാക്കുകളും ശൈലികളും പ്രയോഗങ്ങളും കഥനഭാഷയില്‍ ലയിപ്പിച്ചുച്ചേര്‍ക്കുക കഥാകാരന്റെ ദൌത്യമാണ്‌. ഇത്തരത്തിലുള്ള ധാരാളം യത്നങ്ങളും കഥാകൃത്ത്‌ നടത്തിയിട്ടുണ്ട്‌. കേവലം ഒരു ഉദാഹരണം മാത്രം സൂചിപ്പിക്കുന്നു. “ഒരു ചാനലിലും സീരിലൈസ്‌ ചെയ്യാത്ത വ്യഥകളാണ്‌ സര്‍ ഞങ്ങളുടേത്‌.“ (page 30) ചുറ്റുപാടുമുള്ള വസ്തുക്കളുടെ വിശദാംശത്തെ തീക്ഷ്ണസൌന്ദര്യമുള്ള അപഗ്രഥനാത്മക ഗദ്യത്തിന്റെ വിശദാംശങ്ങളിലേക്ക്‌ വഴിമാറ്റുന്നു എന്നതാണ്‌ മലയാള കഥനസമ്പ്രദായത്തിനുണ്ടായ പരിണാമം എന്ന് മേല്‍സൂചിപ്പിക്കുകയുണ്ടായല്ലോ. അതുകൊണ്ടാണ്‌ ഉണ്ണികൃഷ്ണന്റെ കഥയിലും അപഗ്രഥനത്തിന്റെ കൃത്യതയും വിശ്വാസ്യതയും സൌന്ദര്യവും പ്രകടമാകുമാറ്‌ വാക്യങ്ങള്‍ ദ്രുതഗതിയില്‍ വന്നു വീഴുന്നത്‌. അങ്ങനെ കഥന ഭാഷ ഗദ്യസൌന്ദര്യത്തിന്റെ ഊര്‍ജ്ജം വായനയിലേക്ക്‌ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രതിഭയും ഭാവനയുമുള്ള വ്യക്തി പ്രാപഞ്ചികക്കാഴ്ചകള്‍ നിശ്ചിതമായ പരിധികളെ ലംഘിച്ചുകൊണ്ടാണ്‌ കാണുന്നത്‌. അതായത്‌ കാഴ്ചയുടെ അനവധി മാനങ്ങള്‍ അവരില്‍ തെളിഞ്ഞു വരുന്നു എന്നര്‍ത്ഥം ഉണ്ണികൃഷ്ണനും ഇങ്ങനെ കഥകളിലൂടെ കാഴ്ചകള്‍ കാണുവാനും അതിലൂടെ സൌന്ദര്യപ്രഭ പ്രസരിപ്പിക്കുവാനും കഴിയുന്നു എന്നത്‌ ആഹ്ലാദകരമായ വായനാനുഭവമാണ്‌. ഏതുതരത്തിലുള്ള സാഹിത്യവും ആത്യന്തികമായി ഭാഷാനിര്‍മ്മാണമാണ്‌. ഉണ്ണികൃഷ്ണന്‍ കഥകളിലൂടെ തന്റെ കഥാഭാഷ ആരാഞ്ഞുകൊണ്ടിരിക്കുന്നു; കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കഥകളാണ്‌ ഇതിന്റെ ജീവിക്കുന്ന നിദര്‍ശനങ്ങള്‍.

പഴയകാല ജീവിതത്തില്‍ നിന്നും ആധുനികജീവിതം എങ്ങനെയൊക്കെ ഭീതിദമാം വണ്ണം മാറിപ്പോകുന്നു എന്ന് കഥകൊണ്ട്‌ ജീവിച്ചുകാണിക്കുകയാണ്‌ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്‌. ചിരന്തനമായ മനുഷ്യാവസ്ഥകളും ഈ കഥാകാരനെ അസ്വസ്ഥനാക്കുന്നുണ്ട്‌ എന്ന് ചില കഥകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു. വര്‍ത്തമാനകാല ജീവിതത്തിന്റെ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളെ കഥകൊണ്ട്‌ അടയാളപ്പെടുത്തുവാനുള്ള ആദരണീയമായ ആഖ്യാനശ്രമം തീര്‍ച്ചയായും ഉണ്ണികൃഷ്ണന്‍ പൂഴിക്കാടിനെ മലയാളകഥയുടെ ചരിത്രത്തില്‍ ലബ്ധപ്രതിഷ്‌ഠനാക്കുകതന്നെ ചെയ്യും. എന്തായാലും കഥാകാരന്റെ തനതും കൂടുതല്‍ മികച്ചതുമായ കഥകള്‍ക്കുവേണ്ടി പ്രതീക്ഷാനിര്‍ഭരതയോടെ കാത്തിരിക്കാം.

ഡോ. ആര്‍. ഭദ്രന്‍
Subscribe Tharjani |