തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത്‌ - കുറിപ്പുകള്‍

കൂടിയാട്ടത്തിലെ സ്ത്രീസാന്നിദ്ധ്യം ഒരു ബാഹ്യാവലോകനം
ക്ഷേത്രകേന്ദ്രീകൃതമായി കൂത്തും കൂടിയാട്ടവും നടന്നിരുന്ന കാലത്തും ഇപ്പോഴും സ്ത്രീക്ക്‌ കൂടിയാട്ടത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്‌. സ്ത്രീകള്‍ക്ക്‌ രംഗപ്രവേശം അനുവദനീയമല്ലാതിരുന്ന കാലങ്ങളിലും കൂടിയാട്ടത്തിലെ സ്ത്രീസാന്നിദ്ധ്യത്തിന്‌ അത്‌ ബാധകമായിരുന്നില്ല. കുടുംബങ്ങളില്‍ത്തന്നെ അഭ്യസനവും കുടുംബാംഗങ്ങളോടൊപ്പം അവതരണവും; അങ്ങനെ തികച്ചും ഒരു കുടുംബാന്തരീക്ഷത്തിലാണ്‌ ഈ കലാരൂപം നിലനിന്നുപോന്നത്‌ എന്നതുകൊണ്ട്‌ നടികളെന്ന വര്‍ഗ്ഗത്തിനോടുള്ള സമൂഹത്തിന്റെ ഒരു പ്രത്യേക കാഴ്ചപ്പാട്‌ നങ്ങ്യാന്മാരോടുണ്ടായിരുന്നില്ല. മാത്രമല്ല, അവര്‍ക്കൊരു പതിത്വം കല്പിക്കുക എന്ന ചിന്താഗതിതന്നെ അന്ന്‌ അന്യമായിരുന്നു. വേഷം ധരിച്ചാല്‍ ശ്രീലകത്തിനു മുമ്പില്‍ സോപാനത്തില്‍ കയറി നിന്ന്‌ മണിയടിച്ചു തൊഴുവാന്‍ പോലും അനുവാദമുണ്ടായിരുന്ന അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാന്യമായ ഒരു പദവിതന്നെ സമൂഹത്തില്‍ ഉണ്ടായിരുന്നു. മറ്റു രംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടിയാട്ടത്തിലെ സ്ത്രീവിഭാഗത്തിനോട് പൊതുവെ ഇന്നും ഏറെക്കുറെ ആ മനോഭാവം തന്നെയാണ്‌ ഉള്ളത്‌.

അരങ്ങിലും അണിയറയിലും
നാടകങ്ങളില്‍ സ്ത്രീപാത്രങ്ങളുടെ അഭിനയവിഷയങ്ങള്‍ താരതമ്യേന കുറവാണെങ്കിലും ഉള്ളവയില്‍ തന്നെ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ മുന്‍കാലങ്ങളില്‍ അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. പുരുഷവേഷങ്ങള്‍ ചിട്ടയോടെ അഭ്യസിച്ച്‌ അവതരിപ്പിക്കുമ്പോഴും അരങ്ങില്‍ ഒപ്പം നില്ക്കുന്ന സ്ത്രീപാത്രങ്ങള്‍ നാടകഭാഗങ്ങള്‍ മുഴുമിപ്പിക്കാനുള്ള കഥാപാത്രങ്ങള്‍ മാത്രമായി മാറി. അഭിനയനാടകങ്ങളുടെ ഘടനയനുസരിച്ച്‌ പുരുഷകഥാപാത്രങ്ങളുടെ ഗദ്യപദ്യങ്ങള്‍ക്ക്‌ വിസ്തരിച്ച അഭിനയത്തിന്‌ സാദ്ധ്യതയുണ്ട്‌ എന്നത്‌ നേര്‌. അവര്‍ക്ക്‌ അത്‌ നിഷ്കര്‍ഷിച്ചഭിനയിക്കാന്‍ സ്വാതന്ത്ര്യവും അവസരവും അന്ന്‌ ഒരുക്കിയിരുന്നു എന്നതുകൊണ്ട്‌ അത്‌ എക്കാലത്തും പ്രസക്തങ്ങളായി മാറുകയും ചെയ്തു. സ്ത്രീപാത്രങ്ങള്‍ കൃത്യനിര്‍വ്വണത്തിനു മാത്രമായി എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം ഒരു പോരായ്മതന്നെയായിരുന്നു. അഭിനയവിഷയത്തില്‍ മാത്രമല്ല വേഷവിധാനങ്ങളിലും ഈ വ്യത്യസ്തത പ്രകടമായിരുന്നു.
പാത്രസ്വഭാവത്തിനനുസരിച്ച്‌ പുരുഷപാത്രങ്ങള്‍ക്ക്‌ പച്ച, പഴുക്ക, കത്തി, താടി എന്നിങ്ങനെ ഭേദങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌. എന്നാല്‍ സുഭദ്രയെന്നോ മലയവതി എന്നോ, ലളിത എന്നോ, സഖി എന്നോ ഒരു മാറ്റം സ്ത്രീവേഷങ്ങള്‍ക്കിടയിലില്ല. മുഖത്തെഴുത്തുകൊണ്ടും ശിരോലങ്കാരങ്ങള്‍ കൊണ്ടും മറ്റും രാമനെയും രാവണനെയും തിരിച്ചറിയുമ്പോള്‍ ലളിതയ്ക്കും നായികമാര്‍ക്കും സഖിമാര്‍ക്കുമെല്ലാം ഒരേ മുഖമാണ്‌, ഒരേ രൂപംതന്നെയാണ്‌. അഭിനയവിഷയങ്ങളിലെ അനേക സാദ്ധ്യതകളില്ലായ്മയാണോ സ്ത്രീവേഷങ്ങളുടെ ഈ ഏകത്വത്തിന്‌ കാരണം? എന്തായാലും വേഷവിധാനത്തിലെ ഈ വൈവിദ്ധ്യമില്ലായ്മ പക്ഷേ അന്നുമിന്നും ഒരു പ്രശ്നമായി തോന്നിയിട്ടില്ല. എന്നാല്‍ കാഴ്ചയ്ക്ക്‌ ആകര്‍ഷകത്വം ഉണ്ടാകുന്ന പ്രത്യേകം മെയ്‌‌ക്കോപ്പുകളും ശിരോലങ്കാരങ്ങളും പുരുഷപാത്രങ്ങള്‍ക്കുമാത്രമേ ഉപയോഗിച്ചിരുന്നുള്ളു എന്നത്‌ ശ്രദ്ധേയമാണ്‌. പ്രസ്തുത രീതിയിലുള്ള അലങ്കാരങ്ങള്‍ സ്ത്രീപാത്രങ്ങള്‍ക്കും എന്നെങ്കിലുമുണ്ടായിരുന്നോ എന്നത്‌ ഇന്നുള്ളവര്‍ക്ക്‌ കേട്ടുകേള്‍വിപോലും ഇല്ല. ഇങ്ങനെ അരങ്ങുപെരുമാറ്റത്തിലായാലും വേഷവിധാനത്തിലായാലും ഉണ്ടായിരുന്ന ഒരു ക്ഷീണാവസ്ഥ കൂടിയാട്ടത്തിലെ സ്ത്രീസാന്നിദ്ധ്യത്തിനൊരു പ്രശ്നമായിരുന്നു എങ്കില്‍ അത്‌ ഇന്നത്തെ വേദികളില്‍ പരിഹരിച്ചുകഴിഞ്ഞിട്ടുള്ളതാണ്‌.

വേഷവിധാനങ്ങളണിയുന്ന കാര്യത്തില്‍ കൂടിയാട്ടത്തില്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങള്‍ സ്ത്രീവേഷമായാലും, പുരുഷവേഷമായാലും ഒരു പോലെത്തന്നെയാണ്‌. അണിയറയില്‍ അന്നുമിന്നും, സ്ത്രീ വേറിട്ട ഒരാളല്ല. ഇതിന്റെ ഭാഗംതന്നെയാണ്‌.

കളരികളില്‍
ചാക്യാര്‍ കുടുംബത്തിലായാലും, നമ്പ്യാര്‍ കുടുംബത്തിലായാലും അതാതിടങ്ങളിലെ മുതിര്‍ന്നവര്‍തന്നെയാണ്‌ അന്ന്‌ കുട്ടികളെ അഭ്യസിപ്പിച്ചിരുന്നത്‌. കുടുംബങ്ങള്‍ തന്നെയായിരുന്നു കളരികള്‍ . പുതുതായി കൂടിയാട്ടങ്ങള്‍ ചിട്ടപ്പെടുത്തുന്ന അവസരങ്ങളില്‍ മാത്രമാണ്‌ ചാക്യാന്മാര്‍ നങ്ങ്യാന്മാര്‍ക്ക്‌ മുദ്രകളോ സ്വരസമ്പ്രദായങ്ങളോ ഉപദേശിച്ചിരുന്നത്. പല കുടുംബങ്ങളില്‍ നിന്നുമായി കൂത്ത്‌ - കൂടിയാട്ടാവസരങ്ങളില്‍ കൂത്തമ്പലങ്ങളില്‍ കൂടി കണ്ടിരുന്ന ആ സമ്പ്രദായം ഇന്ന്‌ ഒരു പക്ഷേ ഇല്ല എന്നുതന്നെ പറയാം. ഗുരുകുലത്തിലായാലും സ്ഥാപനങ്ങളിലായാലും ഇന്ന്‌ പ്രത്യേക കളരികള്‍ ഉണ്ട്‌. ഒപ്പം പരിശീലനത്തിന്‌ അവസരങ്ങളുണ്ട്‌. സ്ത്രീ-പുരുഷവേഷക്കാരും വാദകരും ഒന്നിച്ചിരുന്ന്‌ മുന്‍കൂട്ടി തയ്യാറാക്കിയാണ്‌ അവതരണങ്ങള്‍ നടത്തുന്നത്‌.
കളരികളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി ഒരേ ചിട്ടയില്‍ തന്നെയാണ്‌ ഇന്ന്‌ പരിശീലിപ്പിക്കുന്നത്‌. സ്ത്രീകള്‍ ഇത്രയും ഇളകിയാടി അഭിനയിക്കരുത്‌, നങ്ങ്യാര്‍കൂത്ത്‌ എന്നാല്‍ അതല്ല എന്നെല്ലാം 10-13 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒരു നങ്ങ്യാര്‍ തന്നെ എന്നോട്‌ പറയുകയുണ്ടായിട്ടുണ്ട്‌. ശ്രീകൃഷ്ണചരിതത്തിന്റെ ആട്ടപ്രകാരം കാണിച്ചുകൊടുത്തുകൊണ്ട്‌ അവരുടെ ധാരണ അന്നേ തിരുത്തുകയും ചെയ്തിരുന്നു. ഇന്നത്തെ അഭ്യാസക്കളരിയില്‍ സ്ത്രീക്ക്‌ സ്വതന്ത്രമായി അഭ്യസിക്കാന്‍ അവസരങ്ങളുണ്ടെന്ന്‌ മാത്രമല്ല നങ്ങ്യാര്‍കൂത്തില്‍ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ അതായത്‌ പുരുഷപാത്രങ്ങള്‍ക്കുമാത്രമായിട്ടുള്ള അഭിനയഭാഗങ്ങള്‍ പ്രത്യേകം എടുത്ത്‌ ശീലിപ്പിക്കാനും ആശാന്മാര്‍ സന്നദ്ധരാണ്‌.

കല്യാണസൌഗന്ധികത്തിലെ ഭീമന്‍ ‍, ധനജ്ഞയത്തിലെ അര്‍ജ്ജുനന്‍ എന്നീ വേഷങ്ങള്‍ ഏതാണ്ട്‌ മുഴുവനായും മറ്റു ചില പ്രധാനവേഷങ്ങളുടെ പ്രസക്തഭാഗങ്ങളും ഉപശ്ലോകങ്ങളുടെ ആട്ടങ്ങളും മറ്റും അമ്മന്നൂരാശാന്‍ തന്നെ എന്നെ ചൊല്ലിയാടിച്ചിട്ടുണ്ട്‌. ഇന്ന്‌ നങ്ങ്യാര്‍കൂത്തിലും നിര്‍വ്വഹണങ്ങളിലും വ്യത്യസ്തകഥാപാത്രങ്ങളായി പകര്‍ന്നാടുമ്പോള്‍ അവരുടെ (കഥാപാത്രങ്ങളുടെ ) മനോനിലകളെ - അവര്‍ക്ക്‌ കൂടിയാട്ടത്തിന്റെ സങ്കേതങ്ങള്‍ നിഷ്കര്‍ഷിക്കുന്ന സാദ്ധ്യതകളെ ചിട്ടകളെ സ്വാംശീകരിക്കാന്‍ അന്നത്തെ അഭ്യാസം ഏറെ സഹായകരമായി എന്ന്‌ തോന്നാറുണ്ട്‌. മാത്രമല്ല കൂടിയാട്ടത്തെക്കുറിച്ച്‌ ആകെയൊരറിവ്‌ ഉണ്ടാകാനും അതിന്റെ പ്രാധാന്യം അറിയാനും ഇതുമൂലം സാധിച്ചിട്ടുണ്ട്‌. അതുതന്നെയായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരുന്നതും. പക്ഷേ വാക്കാല്‍ പറയാറുള്ളത്‌ ഇങ്ങനെയാണ്‌. "ആരെയെങ്കിലും എന്നെങ്കിലും പഠിപ്പിക്കാന്‍ ഉപകാരമായാല്‍ ആയ്ക്കോട്ടെ" എന്ന്‌.
ഇന്ന്‌ സ്ത്രീവേഷങ്ങള്‍ രൂപത്തിലും ഭാവത്തിലും ഏറെ പ്രസക്തങ്ങളായിക്കഴിഞ്ഞു. അരങ്ങിലായാലും അണിയറയിലായാലും നിലനില്പ് എന്നൊരു പ്രശ്നം ഒഴിച്ച്‌ മറ്റൊന്നും കാതലായിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. അത്‌ സ്ത്രീക്കായാലും പുരുഷനായാലും ഒരുപോലെ തന്നെയാണു താനും. പരിശീലനവും, something is missing here വേണമെന്ന ഉറച്ച ചിന്തയും മാത്രം പോരാ, വളരാനുള്ള ഒരന്തരീക്ഷവും വേദികളുടെ ലഭ്യതയും നിലനില്പിന്റെ പ്രധാന ഘടകങ്ങളാണ്‌.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org