തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - വളര്‍ച്ച

ഏതാണ്ട്‌ 20-25 വര്‍ഷത്തെ പഴക്കമേ നങ്ങ്യാര്‍ക്കൂത്തിന്റെ ഇന്നത്തെ അവതരണത്തിനും ദൃശ്യാനുഭവത്തിനും അവകാശപ്പെടാനാവു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്‌ ഈ കാലഘട്ടത്തില്‍ ഇതിനുണ്ടായത്‌. അനുഷ്ഠാനമെന്ന പുറംതോട്‌ പൊട്ടിച്ച്‌ കുടുംബങ്ങളില്‍ നിന്ന്‌ പടിയിറങ്ങി കൂടിയാട്ടത്തിന്‌ പൈങ്കുളം രാമചാക്യാരുടെ നേതൃത്വത്തില്‍ കേരളകലാമണ്ഡലത്തില്‍ അഭ്യാസക്കളരികള്‍ ഒരുങ്ങി. അവിടെയെത്തിയ വിദ്യാര്‍ത്ഥിനികള്‍ കൂടിയാട്ടത്തിലെ സ്ത്രീവേഷങ്ങള്‍ക്ക്‌ പ്രാധാന്യം നല്കിക്കൊണ്ട്‌ നങ്ങ്യാര്‍കൂത്തിന്റെ ആദ്യപാഠങ്ങള്‍ ഹൃദിസ്ഥമാക്കി. കൂടിയാട്ടത്തിന്‌ വ്യാപ്തി നല്കിയ രാമചാക്യാര്‍ക്ക്‌ നങ്ങ്യാര്‍ക്കൂത്തിന്റെ വളര്‍ച്ച കണ്ടറിയുവാനുള്ള അവസരം ഉണ്ടായില്ല. തുടര്‍ന്ന്‌, മിഴാവദ്ധ്യാപകനായിരുന്ന പി.കെ.നാരായണന്‍ നമ്പ്യാര്‍ 1984ല്‍ നങ്ങ്യാര്‍ക്കൂത്തിന്റെ ആട്ടപ്രകാരം അച്ചടിച്ച്‌ പ്രസിദ്ധപ്പെടുത്തി. ഇതിനിടെ ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തില്‍ നങ്ങ്യാര്‍ക്കൂത്തിന്റെ പരിശീലനം ആരംഭിക്കുന്നു. പ്രസിദ്ധഗവേഷകരും കലാപ്രവര്‍ത്തകരും ആയ ശ്രീ വേണുജിയുടെയും ശ്രീമതി നിര്‍മ്മലാപണിക്കരുടെയും ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും പ്രോത്സാഹനങ്ങളും നങ്ങ്യാര്‍ക്കൂത്തിന്റെ ഇന്നത്തെ വളര്‍ച്ചക്ക്‌ സഹായകമായി. അമ്മന്നൂര്‍ ആശാന്മാരുടെ ശിക്ഷണത്തില്‍ ഗുരുകുലത്തില്‍ നങ്ങ്യാര്‍ക്കൂത്ത്‌ സമ്പൂര്‍ണ്ണമായി പരിശീലിക്കപ്പെട്ടു. തൃശ്ശൂര്‍ വടക്കുംനാഥന്റെ കൂത്തരങ്ങ്‌ തുടര്‍ച്ചയായുള്ള അവതരണത്തിന്‌ വേദിയൊരുക്കി. 1988-ഓടെ തിരുവനന്തപുരത്ത്‌ മാര്‍ഗിയിലും നങ്ങ്യാര്‍ക്കൂത്തിന്‌ അരങ്ങുകളുണ്ടായി. 1992-ല്‍ ശ്രീമതി നിര്‍മ്മലാപണിക്കര്‍ ഇംഗ്ലീഷില്‍ ഒരു പുസ്തകം തയ്യാറാക്കി. ഇന്ന്‌ എല്ലാ സ്ഥാപനങ്ങളിലും നങ്ങ്യാര്‍ക്കൂത്ത്‌ കലാകാരികളുണ്ട്‌. കൂടിയാട്ടത്തോടൊപ്പം ഇതും മുഖ്യപാഠ്യവിഷയമാണ്‌.

കാലഭേദമനുസരിച്ച്‌ അവതരണത്തില്‍ മാറ്റങ്ങള്‍ വന്നു എന്നത്‌ നേരുതന്നെ. മുന്‍കാലങ്ങളില്‍ പന്ത്രണ്ടുദിവസം കൊണ്ട്‌ ശ്രീകൃഷ്ണചരിതം മുഴുവനായി അഭിനയിക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്‌. അത്‌ അപ്പാടെ മാറി. ഒറ്റ ദിവസത്തെ അവതരണങ്ങളാണ്‌ ഇന്ന്‌ നടക്കുന്നത്‌. മാത്രമല്ല, ഏതെങ്കിലും ഒരുഭാഗം തെരഞ്ഞെടുത്ത്‌ അഭിനയിക്കുകയുമാണ്‌ ചെയ്യുന്നത്‌. ഈ അടുത്ത കാലത്തായി ശ്രീമതി മാര്‍ഗി സതി നങ്ങ്യാര്‍ക്കൂത്തിനുവേണ്ടി ശ്രീരാമചരിതം എന്ന പേരില്‍ ഒരാട്ടപ്രകാരം തയ്യാറാക്കിയിട്ടുണ്ട്‌. അതിന്റെ അവതരണം മാര്‍ഗിയില്‍ നടന്നുപോരുന്നുണ്ട്‌.
നങ്ങ്യാര്‍ക്കൂത്ത്‌ സ്ത്രീകള്‍ അവതരിപ്പിക്കുന്നു എന്നതുകൊണ്ട്‌ ഒരാസ്വാദകനുണ്ടാകാവുന്ന സ്നേഹഭാവമാണ്‌ അല്ലെങ്കില്‍ മൃദുസമീപനമാണ്‌ ഇതിന്റെ പെട്ടെന്നുള്ള വളര്‍ച്ചക്ക്‌ നിദാനമെന്ന ഒരു വാദം ഇന്ന്‌ കേള്‍ക്കുന്നുണ്ട്‌. പൂര്‍ണ്ണമായും നിഷേധിക്കുകയല്ല, എന്നാല്‍ ആ മനോഭാവം ഒന്നോ രണ്ടോ അരങ്ങുകളില്‍ കൂടുതല്‍ നിലനില്ക്കുമോ? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നങ്ങ്യാര്‍ക്കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും അരങ്ങുകള്‍ കണ്ടതിന്റെ വെളിച്ചത്തില്‍ ‍, അനുഭവിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീപക്ഷകല എന്നതിലുപരിയായി മറ്റു ചില വസ്തുതകളല്ലേ നങ്ങ്യാര്‍ക്കൂത്തിനെ പ്രചുരപ്രചാരമാക്കിയത്‌?

1) ഏതാണ്ട്‌ ഒന്ന്‌-ഒന്നര മണിക്കൂറിനുളളില്‍ ഒതുങ്ങുന്ന ഒരു കഥാഭാഗത്തിന്റെ അവതരണം.
2) ചിരപരിചിതമായി ശ്രീകൃഷ്ണ കഥകളുടെ ആവിഷ്കാരം
3) തുടക്കവും തുടര്‍ച്ചയും ആവശ്യപ്പെടാത്ത കഥാഭാഗങ്ങള്‍ ഉദാഹരണം - പൂതനാമോക്ഷം, കാളിയ മര്‍ദ്ദനം തുടങ്ങിയവ
4) സുശിക്ഷിതരായ നടികളും വാദകരും ഉണ്ടായി എന്നത്‌.
5) വേഷവിധാനത്തിന്റെ ചാരുത.
6) സംഘാടനത്തിലുള്ള സൌകര്യം.

ഈ ഘടകങ്ങള്‍ക്കുപുറമെ എല്ലാ കഥാപാത്രങ്ങളെയും ഒരാള്‍ തന്നെ അവതരിപ്പിക്കുമ്പോള്‍ അഭിനയവേദ്യമാകുന്ന പകര്‍ന്നാട്ടത്തിന്റെ ഭംഗി, ആസ്വാദ്യത ഇവയൊക്കെയല്ലേ നങ്ങ്യാര്‍കൂത്തിന്റെ ജനസമ്മതിക്കു കാരണം? എന്തായാലും ഈ പുനര്‍ജ്ജനി കൂടിയാട്ടത്തിന്റെ മൌലികതയ്ക്ക്‌ ആക്കം കൂട്ടുന്നതാണ്‌ എന്നതില്‍ സംശയമില്ല.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org