തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - അവതരണാവകാശം

കേരളീയ ക്ഷേത്രങ്ങളുടെ കൂത്തമ്പലങ്ങളിലോ , വലിയമ്പലങ്ങളിലോ നിശ്ചിത കാലങ്ങളില്‍ നടന്നുപോന്നിരുന്ന ഈ അവതരണങ്ങളുടെ അവകാശികള്‍ നമ്പ്യാര്‍ കുടുംബങ്ങള്‍ മാത്രമാണ്‌. നിശ്ചിത ക്ഷേത്രങ്ങളിലെ അവതരണത്തിന്‌ അതാതിടങ്ങളില്‍ നിന്ന് തുച്ഛമെങ്കിലും അവര്‍ക്ക്‌ പ്രതിഫലവും ലഭിച്ചിരുന്നു. തങ്ങളുടെ കുലത്തൊഴില്‍ എന്ന രീതിയില്‍ തന്നെയാണ്‌ അവര്‍ അതിനെ കണ്ടിരുന്നതും. തൃശ്ശൂര്‍ വടക്കുംനാഥന്‍ ‍, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം, തിരുവില്വാമല, പഴയന്നൂര്‍, മുളഞ്ഞൂര്‍, തിരുമാന്ധാംകുന്ന്‌, കുഴൂര്‍, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ചൊവ്വര ശിവക്ഷേത്രം, കൃഷ്ണക്ഷേത്രം, പ്രളയക്കാട്‌, അമ്പലപ്പുഴ, തകഴി, കുമരനെല്ലൂര്‍ ‍, തിരുവാറ്റ, ആര്‍പ്പൂക്കര, തിരുനക്കര, കവിയൂര്‍ ‌എന്നിവിടങ്ങളിലെല്ലാം നങ്ങ്യാര്‍ക്കൂത്ത്‌ അഭിനയിച്ചിരുന്നു. ഏഴോ പന്ത്രണ്ടോ ദിവസങ്ങള്‍കൊണ്ട്‌ അവസാനിക്കത്തക്ക രീതിയിലാണ്‌ ഇത് അവതരിപ്പിച്ചിരുന്നത്‌.

മേലേടത്ത്,‌ വില്വാവട്ടത്ത്‌ , എടനാട്‌, മുരിങ്ങോത്ത്‌ എന്നീ നമ്പ്യാര്‍ കുടുംബങ്ങളും കുമരനെല്ലൂര്‍ , കവിയൂര്‍ ‍, കുഴൂര്‍ എന്നിവിടങ്ങളിലെല്ലാം കുടുംബക്കാരും നടത്തിപ്പോന്നിരുന്ന നങ്ങ്യാര്‍ക്കൂത്തിനെ സംബന്ധിച്ച ക്ഷേത്രാടിയന്തിരങ്ങളുടെ വിവരങ്ങള്‍ ഇന്ന്‌ ഏതാണ്ട്‌ ലഭ്യമാണ്‌. ഇവരില്‍ പലര്‍ക്കും കൂടിയാട്ടത്തിന് അവകാശമില്ലെന്ന അറിവും പ്രസക്തമാണ്‌. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടനുബന്ധിച്ചുള്ള ചടങ്ങുകളിലും മറ്റ്‌ ചില വിശേഷാവസരങ്ങളോടും ചേര്‍ന്നുമാണ്‌ നങ്ങ്യാര്‍ക്കൂത്തിന്റ അവതരണം നടക്കാറുള്ളത്‌. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട്‌ ഈ അവതരണങ്ങള്‍ മുടക്കുക എന്നത്‌ സങ്കല്പിക്കാന്‍ പോലും അന്ന്‌ സാദ്ധ്യമല്ലായിരുന്നു. ക്ഷേത്രച്ചടങ്ങുകളുടെ വിഘ്നം എന്നതിലുപരി ഇതുമൂലം സ്വകുലത്തില്‍ സംഭവിച്ചേക്കാവുന്ന അനിഷ്ടങ്ങളെക്കുറിച്ചുള്ള ഭയമായിരിക്കാം ഒരു നിഷ്ഠപോലെ ഈ തൊഴില്‍ തുടര്‍ന്ന പോന്നതിന്‌ അവര്‍ക്ക്‌ പ്രേരണയായത്‌. കല എന്നതിലുപരിയായി ഒരു അനുഷ്ഠാനം എന്നനിലയിലുള്ള ഭക്തി, തങ്ങള്‍ ചെയ്യേണ്ട ഒരു കര്‍മ്മമാണെന്ന ബോധം എന്നിവയ്ക്കായിരുന്നു മുന്‍തൂക്കം.

കാലത്തിന്റെ കുത്തൊഴുക്കില്‍ ‍, സാമൂഹ്യവ്യവസ്ഥിതികളുടെ തകിടം മറിച്ചിലില്‍ ഈ കലാരൂപങ്ങളും ഉള്‍പ്പെട്ടു. ക്രമേണ ക്രയോക്താക്കളുടെ ദാരിദ്ര്യം അനുഷ്ഠാനങ്ങളെത്തന്നെ ചടങ്ങുകളാക്കി മാറ്റി. കലാംശങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായി. അവതരണത്തിന്റെ ദിവസങ്ങളും, ദിവസത്തില്‍ തന്നെ ദൈര്‍ഘ്യവും കുറഞ്ഞുവന്നു. നാലഞ്ചുകുടുംബക്കര്‍ മാത്രമാണ്‌ ചടങ്ങുകളായെങ്കിലും ഇതിനെ നിലനിര്‍ത്തിപോന്നത്‌. ഏതാണ്ട്‌ എണ്‍പതുകള്‍ വരെ ഈ നില തന്നെ തുടര്‍ന്നു. കൂത്തമ്പലത്തില്‍ നിന്നു കൂത്തും കൂടിയാട്ടവും പുറത്തുവന്നിട്ടും പിന്നെയും വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നു നങ്ങ്യാര്‍ക്കൂത്തിന്റെ പുനരുദ്ധാരണത്തിന്‌.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org