തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - ഐതിഹ്യം രണ്ട്‌

പണ്ട്‌ ദേവലോകത്തില്‍ നൃത്താചാര്യനായിരുന്ന ഭരതമുനി തന്റെ ശിഷ്യഗണങ്ങളില്‍ പ്രധാനിയായ ഘൃതാചിയുടെ അഭിനയത്തിലെ അനാസ്ഥ കാരണം അഭിനയരസഭംഗം വരികയാല്‍ കോപിച്ച്‌ ശപിച്ചു എന്നും ആചാര്യവര്യന്റെ ശാപത്തില്‍ നിന്ന്‌ മുക്തി കിട്ടുന്നതിലേക്ക്‌ അവള്‍ മനുഷ്യജാതിയില്‍ ജനിച്ച്‌ തന്റെ മോക്ഷപ്രാപ്തിക്ക് ഉപാധിയായിട്ട്‌ ദശമം കഥ കൂത്തായി അഗ്നിഹോത്രാദികളുടെ സഞ്ചയനസമയത്ത്‌ മൂന്നോ അഞ്ചോ പന്ത്രണ്ടോ ദിവസങ്ങള്‍ക്കൊണ്ട്‌ അഭിനയിക്കുകയും ചെയ്തുപോന്നു എന്നുമാണ്‌ വിശ്വാസം. ആ കൂത്തിന്‌ ചുടലക്കൂത്ത്‌ എന്നും പിന്നീട്‌ ഘൃതാചീവംശജര്‍ നങ്ങ്യാര്‍ എന്ന പേരില്‍ ഇതില്‍ നിന്നും ചില ഭാഗങ്ങള്‍ അഭിനയിക്കുന്നതു കാരണം ഈ കൂത്ത്‌ നങ്ങ്യാരുകൂത്ത്‌ എന്ന അപരനാമത്തിലും പ്രസിദ്ധമായിത്തീര്‍ന്നു. ഇതിന്റെ കാലനിര്‍ണ്ണയം-പരശുരാമ പ്രതിഷ്ഠകള്‍ക്കു വളരെ കാലം മുമ്പുള്ളതാണ്‌.
ശ്രീ രാവുണ്ണിനമ്പ്യാരുടെ ശേഖരങ്ങളില്‍ നിന്നും (പൂര്‍ണ്ണാജ്ഞലി - തൃപ്പൂണിത്തുറ പൂര്‍ണ്ണത്രശീയ സേവാസംഘം ഉത്സവ സോവനീര്‍ 1988) ലഭിച്ച ഈ ഐതിഹ്യത്തോടൊപ്പം നങ്ങ്യാരുകൂത്തിനെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളും കാണാനുണ്ട്‌. അദ്ദേഹത്തിന്റെ നിഗമനങ്ങളാണോ അതോ മറ്റെന്തെങ്കിലും രേഖകളുണ്ടോ എന്നത്‌ കണ്ടെത്താനായിട്ടില്ല.

ചുടലക്കൂത്ത്‌ എന്ന നങ്ങ്യാരുകൂത്ത്‌ ആദ്യം അഭിനയിക്കലായിരുന്നു എന്നും പിന്നീട്‌ മിഴാവിന്റെ കൂടി വരവോടെ അത്‌ അഭിനയിപ്പിക്കലായിത്തീര്‍ന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നമ്പ്യാരുടെ ക്രമദീപികയില്‍ ഉള്‍പ്പെട്ട ചുടലക്കൂത്ത്‌ എന്നാണദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്‌ തന്നെ. കുറിപ്പുകള്‍ ഇങ്ങനെ നീളുന്നു.
ചുടലക്കൂത്തെന്ന നങ്ങ്യാരുകൂത്ത്‌ അഭിനയിക്കല്‍ , അഭിനയിപ്പിക്കലാകുന്നതിലേക്ക്‌ ആദ്യം മിഴാവെന്ന ദിവ്യവാദ്യത്തെ കൊണ്ടുവരികയും തുടര്‍ന്ന്‌ മിഴാവിന്‌ ജാതകര്‍മ്മം, നാമകരണം തുടങ്ങിയ ക്രിയകള്‍ ഉപനയനത്തില്‍ അവസാനിപ്പിച്ച്‌ ബ്രഹ്മചര്യത്തില്‍ നിര്‍ത്തിയശേഷം ഘൃതാചീവംശജരിലെ പുരുഷന്മാരില്‍ അത്‌ ഏല്പിക്കുകയും പാണീവാദനെന്ന നാമധേയത്തില്‍ രംഗനിയന്ത്രണ സ്വാതന്ത്ര്യത്തോടുകൂടെ അവര്‍ ചുടലക്കൂത്ത്‌ അഭിനയിക്കല്‍ അഭിനയിപ്പിക്കലാക്കിത്തീര്‍ക്കുകയും ചെയ്തു.
പിന്നീട്‌ സുഭദ്രാധനജ്ഞയം നാടകനിര്‍മ്മാണാനന്തരം ആ നാടകത്തിലെ നായികയ്ക്കും ചേടിക്കും മറ്റും അഭിനയസാദ്ധ്യതയ്ക്കുവേണ്ടി ദശമത്തിലെ ചില പ്രധാന ഭാഗങ്ങള്‍ അഭിനയയോഗ്യമാക്കിത്തീര്‍ക്കുക കാരണം ശ്രീകൃഷ്ണചരിതമെന്ന പേരില്‍ അത്‌ പ്രസിദ്ധമാവുകയും ചെയ്തു. എങ്കിലും ചുടലക്കൂത്ത്‌ അഭിനയിക്കാനുള്ള അവകാശാധികാരങ്ങള്‍ ഘൃതാചീവംഘജരില്‍ തന്നെ നിലനിന്നു. കോട്ടയത്ത്‌ കോടിമതക്കരയില്‍ പള്ളിപ്പുറത്തുകാവ്‌ ക്ഷേത്രത്തിനു സമീപമുള്ള വില്വാവട്ടത്തു കുടുംബക്കാരൊഴികെ മറ്റാരും നടത്തിയതായി കേട്ടുകേള്‍വിപോലുമില്ല.
ചുടലക്കൂത്ത്‌ എന്ന നങ്ങ്യാരുകൂത്ത്‌ അഭിനയിപ്പിക്കല്‍ പിന്നെയും അഭിനയിക്കലായിത്തീര്‍ന്നതാലോചിച്ചാല്‍ ഘൃതാചിക്ക്‌ മോക്ഷം ലഭിച്ചു എന്നു വേണം വിചാരിക്കാന്‍ .

ഒരു ലക്ഷ്യത്തെ മുന്‍നിര്‍ത്തികൊണ്ട്‌ അതായത്‌ മറ്റൊരാളുടെ കാര്യസാദ്ധ്യത്തിനായി അവതരിപ്പിച്ചിരുന്നതുകൊണ്ട്‌ അത്‌ അഭിനയിപ്പിക്കലായും അതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന്‌ അവശേഷിക്കുന്ന നങ്ങ്യാര്‍കൂത്ത്‌ പ്രത്യേകിച്ച്‌ ഒരു കാര്യസാദ്ധ്യത്തിനല്ലാതെ അവതരിപ്പിക്കുന്നതുകൊണ്ട്‌ അത്‌ അഭിനയിക്കലായിതീര്‍ന്നു എന്നും സാരം.
സത്യത്തില്‍ ഇവയെല്ലാം ഊഹാപോഹങ്ങളാണ്‌. എങ്കിലും ശ്രീകൃഷ്ണകഥകള്‍ പ്രതിപാദിക്കുന്ന ഒരഭിനയരൂപം അല്ലെങ്കില്‍ അവതരണശൈലി വളരെ പണ്ട്‌ മുതല്ക്കുതന്നെ ഇവിടെ വേരൂന്നിയിരുന്നു എന്നത്‌ വിശ്വസിക്കാതെ തരമില്ല.
നാടകാഭിയത്തില്‍ വിദഗ്ദ്ധകളായിരുന്ന ധാരാളം നങ്ങ്യാര്‍മാരെപ്പറ്റിയുള്ള കേട്ടുകേള്‍വിയുണ്ടെങ്കിലും അവയൊന്നും പക്ഷേ നങ്ങ്യാര്‍ക്കൂത്തിന്റെ മുന്‍കാലചരിത്രങ്ങളിലേക്ക്‌ ഒരു പരിധി വരെ വെളിച്ചം വീശുന്നവയല്ല. എന്തായാലും ഇന്ന്‌ നിലനില്ക്കുന്ന ശ്രീകൃഷ്ണചരിത്രാഖ്യാനം കൂത്ത്‌ കൂടിയാട്ടവേദി കൂത്തമ്പലത്തിനകത്ത്‌ എത്തിപ്പെട്ടതിനുശേഷം രൂപപ്പെട്ടുവന്നതാണ്‌. അവിടം മുതല്ക്കേ വ്യക്തമായ, കൃത്യമായ തെളിവുകള്‍ നമുക്ക്‌ എടുത്തു കാണിക്കാന്‍ സാധിക്കൂ.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org