തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - ഐതിഹ്യം

നങ്ങ്യാര്‍കൂത്തിന്റെ ഉത്ഭവത്തിന്‌ നിദാനം എന്നറിയപ്പെടുന്ന ഒരു കഥയുണ്ട്‌. പണ്ട്‌ നാടകാഭിനയത്തില്‍ വളരെ പ്രഗത്ഭയായിരുന്ന ഒരു നങ്ങ്യാരെ അവരുടെ അഭിനയപാടവം കണ്ട്‌ ആകൃഷ്ടനായി കുലശേഖരവര്‍മ്മന്‍ വിവാഹം ചെയ്യുകയും തന്മൂലം അവര്‍ക്കും സന്തതികള്‍ക്കും സ്വസമുദായത്തില്‍ നിന്ന്‌ ഭ്രഷ്ട്‌ വരികയും ചെയ്തുവത്രെ. കുലാചാരങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ ഇവര്‍ക്ക്‌ നേരിട്ട വിഷമങ്ങള്‍ പരിഹരിക്കുന്നതിന്‌
കുലശേഖരന്‍ സുഭദ്രാധനജ്ഞത്തില്‍ കല്പലതികയുടെ നിര്‍വ്വഹണരൂപമായി ശ്രീകൃഷ്ണചരിതം കൂട്ടിച്ചേര്‍ത്ത്‌ തന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ വര്‍ഷംതോറുമുള്ള അവതരണത്തിന്‌ അനുവാദം കൊടുക്കുകയും പ്രതിഫലമായി കരം ഒഴിവായുള്ള ഭൂമികള്‍ പതിച്ചുനല്കുകയും ചെയ്തു എന്നാണ്‌ കേട്ടുകേള്‍വി. മാത്രമല്ല, നങ്ങ്യാന്മാരുടെ അരങ്ങേറ്റമെന്ന ചടങ്ങിന്‌ ഈ ചേരിപ്പുറപ്പാട്‌ തന്നെ വേണമെന്ന്‌ നിര്‍ബന്ധമാക്കുകയും ചെയ്തുവത്രെ. അങ്ങനെയാകാം നങ്ങ്യാരുകൂത്തും കൂടിയാട്ടത്തോടൊപ്പം ക്ഷേത്രസംബന്ധിയായത്‌. ചാക്യാര്‍ക്ക്‌ അംഗുലീയാങ്കം എങ്ങനെയാണോ അതുപോലെതന്നെയാണ്‌ നങ്ങ്യാര്‍ക്ക്‌ ശ്രീകൃഷ്ണചരിതവും. മിക്കവാറും അഭിനയവിഷയങ്ങളെല്ലാം തന്നെ നങ്ങ്യാരുകൂത്തിലും പ്രതിപാദിക്കുന്നുണ്ട്‌.
കൂടിയാട്ട അഭിനയത്തിന്റെ എല്ലാ സ്വഭാവവിശേഷങ്ങളും പ്രത്യേകതകളും നങ്ങ്യാരുകൂത്ത്‌ അനുഷ്ഠിക്കുന്നുണ്ട്‌ എന്നത്‌ പ്രത്യക്ഷമാണല്ലോ. നങ്ങ്യാരുകൂത്തിന്റെ ആട്ടക്രമം വിശദമായി പരിശോധിച്ചാല്‍ കൂടിയാട്ടത്തില്‍ കാണുന്ന പല സങ്കേതങ്ങളുടെയും അഭിനയങ്ങളുടെ തന്നെയും ഉദ്ധരണികള്‍ നമുക്ക്‌ കാണാനാവും. ഉദാഹരണം - പടപ്പുറപ്പാട്‌ കാട്ടി, കൈലാസോദ്ധരണത്തിലെന്നപോലെ കാട്ടികൊള്‍ക തുടങ്ങിയ പരാമര്‍ശങ്ങള്‍ ‍. ഇത്തരം സംഗതികള്‍ കൊണ്ടും, കല്പലതിക നാടകവാക്യങ്ങള്‍ ഉദ്ധരിക്കുന്നതുകൊണ്ടും ശ്ലോകാര്‍ത്ഥങ്ങളുടെ അഭിനയഭാഗങ്ങളില്‍ ധനഞ്ജയം ഒന്നാമങ്കത്തിലെ ശ്ലോകങ്ങള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നു എന്നതുകൊണ്ടും പ്രസ്തുത നാടകരചനയ്ക്കു ശേഷമാണ്‌ ഈ അഭിനയപാരമ്പര്യം രൂപംപൂണ്ടത്‌ എന്ന് അനുമാനിക്കാം. എന്നാല്‍ ആഴത്തില്‍ ചിന്തിക്കുമ്പോള്‍ മറിച്ച് ഒരഭിപ്രായത്തിനും സാദ്ധ്യത കാണുന്നുണ്ട്‌. അതിന്‌ ഊന്നല്‍ കൊടുക്കുന്ന രണ്ടുമൂന്നു സംഗതികള്‍ ഇവിടെ കുറിക്കുന്നു.
1. സ്ത്രീപ്രാതിനിദ്ധ്യം ഉള്ള പല കൂടിയാട്ടങ്ങളിലും സ്ത്രീപാത്രങ്ങളുടെ പുറപ്പാടുകള്‍ക്കും നിര്‍വ്വഹങ്ങള്‍ക്കും അവസരങ്ങളുണ്ട്‌. എന്നാല്‍ ‍, അവയെല്ലാം പ്രസ്തുത അങ്കത്തിന്റെ തന്നെ പേരില്‍ കൂടിയാട്ടനിര്‍വ്വഹണങ്ങളായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഉദാഹരണം, പര്‍ണ്ണശാലാങ്കത്തില്‍ ലളിതയുടെ നിര്‍വ്വഹണം, ധനജ്ഞയം അഞ്ചാമങ്കത്തില്‍ സുഭദ്രയുടെ നിര്‍വ്വഹണം എന്നിങ്ങനെ. എന്നാല്‍ എന്തുകൊണ്ട്‌ സുഭദ്രാധനജ്ഞയം രണ്ടാമങ്കത്തിലെ ചേടീ നിര്‍വ്വഹണത്തില്‍ മാത്രം നങ്ങ്യാര്‍കൂത്ത്‌ എന്ന പേര്‌ വന്നു.
2.നിര്‍വ്വഹണരൂപങ്ങളില്‍ സാധാരണയായി കഥാപാത്രങ്ങള്‍ സ്വന്തം കഥതന്നെയോ തന്റെ യജമാനന്റെ അല്ലെങ്കില്‍ സ്വാമിനിയുടെ ചരിത്രമോ ആണ്‌ വിവരിക്കുന്നത്‌. എന്നാല്‍ നങ്ങ്യാരുകൂത്തില്‍ ഇതുരണ്ടുമല്ല, മൂന്നാമതൊരാളുടെ കഥയാണ്‌ വര്‍ണ്ണിക്കുന്നത്‌. സുഭദ്രയുടെ സഖി ശ്രീകൃഷ്ണന്റെ കഥ വിവരിക്കുന്നു.
3. ഓരോ അങ്കങ്ങളിലും പുറപ്പാടുകള്‍ക്ക്‌ അരങ്ങു തളിക്കുക എന്നൊരു ചടങ്ങുണ്ട്‌. പ്രത്യേകം പുറപ്പാട്‌ നിര്‍ദ്ദേശിച്ചിട്ടുള്ള ഏതു കഥാപാത്രത്തിനും പ്രസ്തുത ദിവസം ഇത്‌ നിര്‍ബന്ധമാണ്‌. ഒരേ അങ്കത്തില്‍ തന്നെ ചിലപ്പോള്‍ രണ്ടുംമൂന്നും പുറപ്പാടുകളുണ്ടാകാം. എന്നിരുന്നാലും ‌അരങ്ങുതളി ശ്ലോകം ഒന്നുതന്നെയാണ്‌. എന്നാല്‍ , നങ്ങ്യാരുകൂത്തിന്‌ അരങ്ങു തളിക്കാനുള്ള ശ്ലോകവും അതേ അങ്കത്തില്‍ തന്നെ അര്‍ജ്ജുനന്റെ പുറപ്പാടിനുള്ള അരങ്ങുതളി ശ്ലോകവും രണ്ടും രണ്ടാണ്‌ ഉപയോഗിച്ചുവരുന്നത്‌. എന്നുതന്നെയല്ല, നങ്ങ്യാരുകൂത്തിന്‌ ഉപയോഗിക്കുന്ന പ്രസ്തുതപദ്യം ഒരു അരങ്ങുതളിശ്ലോകത്തിന് ഉണ്ടാവേണ്ട യാതൊരു നിയമങ്ങളും പാലിക്കുന്നുമില്ല. മാത്രമല്ല, ഇങ്ങനെയൊരാവശ്യത്തിന്‌ പ്രത്യേകമായി ഉണ്ടാക്കിയ പദ്യവുമല്ല. സാധാരണ ഒരു സ്ത്രോത്രം മാത്രമാണ്‌ അത്‌.

കൃഷ്ണഃ കരോതു കല്യാണം
കംസകുഞ്ജരകേസരീ
കാളിന്ദീലോലകല്ലോല
കോലാഹല കുതൂഹലീ
-നങ്ങ്യാര്‍കൂത്തിന്റെ അരങ്ങുതളിശ്ലോകം

തീര്‍ത്ഥസ്നാനപ്രഥിമതമഹിമാ യസ്സുഭദ്രം പ്രണേതും
പര്യാപ്തശ്രീഃപരമഥ പരിവ്രാജക വ്യാജവേഷഃ
യോ വാ ഗോപീനയനകുമുദവ്രാതചന്ദ്രസ്യ ബന്ധുഃ
സോയം യുഷ്മാന്‍ ശതമഖസുതഃ പാതു ഗാണ്ഡീവധന്വാ
-ധനഞ്ജയം രണ്ടാമങ്കത്തില്‍ അര്‍ജുനന്റെ അരങ്ങുതളിശ്ലോകം‌.

4. നങ്ങ്യാരുകൂത്തില്‍ ശ്രീകൃഷ്ണചരിതം സമ്പൂര്‍ണ്ണമായി, അതായത്‌ സ്വര്‍ഗ്ഗാരോഹണം വരെ ഉണ്ടായിരുന്നു എന്നു കേട്ടുകേള്‍വിയുണ്ട്‌. അങ്ങനെയെങ്കില്‍ പുറപ്പാട്‌ ഇന്നത്തെയാവാന്‍ തരമില്ല. തികച്ചും വിഭിന്നമായ മറ്റൊന്നായിരിക്കണം.

മേല്‍പ്പറഞ്ഞ മൂന്നു നാലു വസ്തുതകളും ചിലപ്പതികാരം പോലുള്ള തമിഴ്‌ കൃതികളിലെ ചില പരാമര്‍ശങ്ങളും ചുടലക്കൂത്ത്‌ എന്ന ഒരനുഷ്ഠാനത്തിന്റെ കേള്‍വിയും എല്ലാം തന്നെ നങ്ങ്യാരുകൂത്തിന്റെ മുന്‍കാലങ്ങള്‍ അന്വേഷിക്കാന്‍ ജിജ്ഞാസ നല്കുന്നവയാണ്‌. എന്തായാലും സുഭദ്രാധനജ്ഞയത്തിന്റെ കൂടിയാട്ടരൂപത്തിലുള്ള ഘടനയില്‍ നങ്ങ്യാരുകൂത്തിന്‌ യാതൊരു പ്രസക്തിയും ഇല്ലെന്നത്‌ യഥാര്‍ത്ഥമായ ഒരു വസ്തുതയാണ്‌. പിന്നീടെപ്പോഴോ കൂട്ടിച്ചേര്‍ത്തതാകാനേ തരമുള്ളു. ഈ ഒരവസ്ഥയില്‍ ഐതിഹ്യത്തിന്‌ പ്രസക്തിയേറുന്നുണ്ട്‌.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org