തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - നാടകാഭിനയവും നിര്‍വ്വഹണവും

രസാഭിനയത്തിന്റെ പരിപുഷ്ടിക്കും കഥാഭാഗങ്ങളുടെ പരിപൂര്‍ണ്ണതയ്ക്കും വേണ്ടിയാണല്ലോ കൂടിയാട്ടത്തില്‍ നിര്‍വ്വഹണമെന്ന ശാഖ രൂപംകൊണ്ടത്‌. നാടകവുമായി നേരിട്ടു ബന്ധം പുലര്‍ത്താത്ത ഈ ഭാഗത്തിന്റെ അവതരണം നടീനടന്മാരുടെ കഴിവിനനുസരിച്ച്‌ നീട്ടാനും ചുരുക്കാനും അവര്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. കൂടിയാട്ടവുമായി നിര്‍വ്വഹണത്തിനുള്ള പ്രധാനവും പ്രകടവുമായ വ്യത്യാസങ്ങളില്‍ ഒന്ന്‌ അവയിലെ വാചികവുമായി ബന്ധപ്പെട്ടതാണ്‌. നാടകത്തില്‍ കഥാപാത്രങ്ങളായി അരങ്ങില്‍ വരുന്ന നടീനടന്മാര്‍ അവരുടെ സംഭാഷണങ്ങള്‍ സ്വയം ഉച്ചരിച്ചശേഷം അത്‌ അഭിനയിക്കുന്നു. എന്നാല്‍ നിര്‍വ്വഹണത്തില്‍ അഭിനയം കഴിഞ്ഞാണ്‌ ശ്ലോകങ്ങളുടെ സ്വരിക്കല്‍ ‍. അതും കഥാപാത്രം സ്വയമേവ ഉച്ചരിക്കയല്ല. മറിച്ച്‌, അരങ്ങില്‍ താളം പിടിക്കാനിരിക്കുന്ന നങ്ങ്യാരാണ്‌ അത്‌ നിര്‍വ്വഹിക്കുന്നത്‌. കൂടിയാട്ടം നാടകമാകകൊണ്ട്‌ സംഭാഷണത്തിന്‌ പ്രസക്തിയേറും. അതും അതാതു കഥാപാത്രങ്ങള്‍തന്നെ പറയുകയും വേണം. ഒരു നാടകത്തെ സംബന്ധിച്ചിടത്തോളം സംഭാഷണങ്ങള്‍ അതിനെ നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണല്ലോ. അതുകൊണ്ടുതന്നെ കാഴ്ചയോടൊപ്പം കേള്‍വിയും കൂടിയാട്ടത്തില്‍ പ്രധാനമാണ്‌. എന്നാല്‍ നിര്‍വ്വഹണം ദൃശ്യത്തിന്‌ പ്രാധാന്യം നല്കുന്നു. എന്നതുകൊണ്ടും നാടകവുമായി നേരിട്ടൊരു ബന്ധം ഇല്ലാത്തതുകൊണ്ടും വാചികത്തിന്‌ പ്രാധാന്യം കല്പിക്കുന്നില്ല. അതും പോരാഞ്ഞ്‌, പൂര്‍വ്വകഥ വിവരിക്കുന്നത്‌ നാടകത്തിലെ കഥാപാത്രമായതുകൊണ്ട്‌ കവി കല്പിതമല്ലാത്ത വാക്കുകള്‍ ഉച്ചരിക്കാന്‍ അവര്‍ക്ക്‌ അവകാശവുമില്ല. അതുമൂലമാവാം നിര്‍വ്വഹണശ്ലോകങ്ങള്‍ ചൊല്ലുക എന്ന കൃത്യം പൂര്‍വ്വികര്‍ നങ്ങ്യാരെ ഏല്പിച്ചത്. കാഴ്ചക്ക്‌ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടായിരിക്കാം ഇതില്‍ ആദ്യം അഭിനയം നിര്‍വ്വഹിക്കുന്നത്‌.

പിന്നെ മറ്റൊരു വ്യത്യാസം, കൂടിയാട്ടത്തില്‍ ഓരോ കഥാപാത്രങ്ങളും അരങ്ങില്‍ വരുന്നുണ്ട്‌ എന്നതാണ്‌. എന്നാല്‍ നിര്‍വ്വഹണത്തില്‍ ഒറ്റ കഥാപാത്രം തന്നെ പകര്‍ന്നാടുകയാണ്‌ പതിവ്‌.

സുഭദ്രാധനഞ്ജയം രണ്ടാമങ്കത്തിന്റെ നിര്‍വ്വഹണരൂപമായ നങ്ങ്യാരുകൂത്ത്‌ ഒരു നിര്‍വ്വഹണത്തിന്റേതായ എല്ലാ മൂല്യങ്ങളും അനുസരിക്കുന്നുണ്ട്‌. കൃത്യമായി രചനാകാലം നിര്‍ണ്ണയിക്കാന്‍ സാദ്ധ്യമല്ലാത്തരൂപത്തിലാണ്‌ ശ്ലോകങ്ങളുടെ ക്രമീകരണം. മറ്റു നിര്‍വ്വഹണങ്ങളിലേതുപോലെതന്നെ ഇതിന്റെയും ശ്ലോകകര്‍ത്താവ്‌ ആരെന്ന്‌ വ്യക്തമല്ല. സ്വകൃതങ്ങളായ ശ്ലോകങ്ങള്‍ക്കൊപ്പം ഭാഗവതം, രാമപാണീവാദന്റെ കംസാവഹോ, ഗീതഗോവിന്ദം, ധനഞ്ജയം ഒന്നാമങ്കം എന്നിവകളില്‍ നിന്നും എടുത്ത ശ്ലോകങ്ങള്‍ കൂടിച്ചേര്‍ത്താണ്‌ ശ്രീകൃഷ്ണചരിതം എന്ന്‌ നാമകരണം ചെയ്ത്‌ നങ്ങ്യാര്‍കൂത്തിന്‌ വേണ്ടി തയ്യാറാക്കിയിരിക്കുന്നത്‌.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org