തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - കഥാഗതി

പ്രഭാസതീര്‍ത്ഥക്കരയിലേക്ക്‌ പോകുന്ന കല്പലതികയുടെ മനോവിചാരങ്ങളായി കടന്നുവരുന്ന ശ്രീകൃഷ്ണചരിതമാണ്‌ നങ്ങ്യാരുകൂത്തിലെ പ്രമേയം. യാദവരാജധാനിയായ മധുരാപുരിയുടെ ഉത്ഭവം മുതല്‍ ഉഗ്രസേനന്റെ ഭരണകാലം, കംസദേവകിമാരുടെ ജനനം, വിവാഹാദികള്‍ , കംസനു ലഭിക്കുന്ന ശാപം, തുടര്‍ന്ന്‌ ബലഭദ്രശ്രീകൃഷ്ണാവതാരങ്ങള്‍ മുപ്പത്തിനാലു ശ്ലോകങ്ങളിലായി ഒതുക്കിയിരിക്കുന്നു. പിന്നീടങ്ങോട്ട്‌ കൃഷ്ണലീലകളാണ്‌ മുഖ്യവിഷയം. അമ്പാടിയില്‍ രാമകൃഷ്ണന്മാരുടെ കുട്ടിക്കാലം, വിവിധ ക്രീഡകള്‍ , പൂതനാമോക്ഷം, ശകടാസുരവധം തുടങ്ങിയ ദുഷ്ടനിഗ്രഹകഥകള്‍ ‍, വൃന്ദാവനഗമനം, കാളിയമര്‍ദ്ദനം, വസ്ത്രാപഹരണം, രാസക്രീഡ, ഗോവര്‍ദ്ധനോദ്ധാരണം തുടങ്ങിയ ലീലകള്‍ ‍, മധുരാഗമനം, കംസവധം, ജരാസന്ധയുദ്ധം, ദ്വാരകാപുരി നിര്‍മ്മാണം, സുഭദ്രാജനനം എന്നീ വിഷയങ്ങളെല്ലാം വിസ്തരിച്ചഭിനയിച്ചശേഷം സുഭദ്രയുടെ ബാല്യകാലവും, യൌവനാരംഭദശയും വിവരിക്കുന്നു. ഇങ്ങനെയിരിക്കുന്ന കാലത്ത്‌ ഒരു ദിവസം ഭയങ്കരനായ ഒരു ഭൂതരൂപി പ്രത്യക്ഷപ്പെട്ട്‌ അവളെ അപഹരിക്കുകയും തുടര്‍ന്ന്‌ മോചിതയായി ദ്വാരകയില്‍ തിരിച്ചെത്തുന്ന അവള്‍ തന്നെ അരികില്‍ വിളിച്ച്‌ നഷ്ടപ്പെട്ടുപോയ തന്റെ പ്രിയ ഗാത്രിക അന്വേഷിക്കാന്‍ പറഞ്ഞയക്കുകയും അതനുസരിച്ച്‌ താനിപ്പോള്‍ പുറപ്പെട്ടിരിക്കുകയാണ്‌ എന്നുമുള്ള ചരിത്രങ്ങള്‍ ആടി നാടകവുമായി ബന്ധിപ്പിക്കുന്നു. മേല്പറഞ്ഞ കഥാഭാഗങ്ങളെല്ലാം കല്പലതിക ഏകസഖീപാത്രം പകര്‍ന്നാട്ടസ്വഭാവത്തിലവതരിപ്പിക്കുന്നു. ഇതാണ്‌ ശ്രീകൃഷ്ണചരിതത്തിന്റെ ക്രമം.

ഓരോ കൂടിയാട്ടങ്ങള്‍ക്കും പുറപ്പാട്‌, നിര്‍വ്വഹണം, നാടകാഭിനയം എന്നിങ്ങനെ മൂന്നു ഘട്ടങ്ങള്‍ ഉള്ളതുപോലെ അതിലെ നിര്‍വ്വഹണത്തിനും മൂന്നു ഭാഗങ്ങളുണ്ട്‌. അവ യഥാക്രമം അനുക്രമം, സംക്ഷേപം, ശ്ലോകാര്‍ത്ഥാഭിനയം എന്നിങ്ങനെ വിവക്ഷിക്കാം.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org