തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - കഥാസന്ദര്‍ഭം

തീര്‍ത്ഥസ്നാനം ചെയ്ത്‌ സഞ്ചരിച്ചിരുന്ന അര്‍ജ്ജുനന്‍ ഒരിക്കല്‍ പ്രഭാസ തീര്‍ത്ഥക്കരയില്‍ വെച്ച്‌ അതിസുന്ദരിയായ ഒരു കന്യകയെ ഭീമാകാരനായ ഒരു ഭൂതം പിടിച്ചുകൊണ്ടുപോകുന്നത്‌ കാണുകയും നിരാലംബയായി കേഴുന്ന അവളെ രാജധര്‍മ്മം അനുസരിച്ച്‌ രക്ഷിക്കുകയും ചെയ്യുന്നു. കണ്ട മാത്രയില്‍ തന്നെ ഇരുവരും അനുരാഗബദ്ധരാകുന്നു. ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയാണ്‌ ഈ കന്യക എന്ന്‌ അര്‍ജ്ജുനനോ തന്റെ ഹൃദയേശ്വരനായ പാര്‍ത്ഥനാണ്‌ തന്റെ രക്ഷകന്‍ എന്ന്‌ സുഭദ്രയോ പരസ്പരം അറിയുന്നില്ല. ഇതിന്നിടയില്‍ ശ്രീകൃഷ്ണന്‍ ഗരുഡനെ പറഞ്ഞയച്ച്‌ മായാശക്തികൊണ്ട്‌ സുഭദ്രയെ ദ്വാരകയില്‍ തിരിച്ചെത്തിക്കുന്നു. ഭൂതത്തിന്റെ പിടിവലിയില്‍ തന്റെ ഗാത്രിക നഷ്ടപ്പെട്ടു എന്ന വിവരം അവളറിയുന്നത്‌ അപ്പോഴാണ്‌. അര്‍ജ്ജുനന്റെ ദശനാമങ്ങളെഴുതിയ ആ മുലക്കച്ച എവിടെയാണെങ്കിലും അന്വേഷിച്ച്‌ എടുത്തുകൊണ്ടുവരാന്‍ തന്റെ സഖിയായ കല്പലതികയെ സുഭദ്ര നിയോഗിക്കുന്നു. കൂടാതെ, തന്നെ ഭൂതഹസ്തത്തില്‍ രക്ഷിച്ച ആ വീരപുരുഷന്‍ അവിടെ തന്നെ നില്ക്കുന്നുണ്ടോ എന്നന്വേഷിച്ചുവരണമെന്ന്‌ പറയാനും അവള്‍ മറക്കുന്നില്ല. ഇങ്ങനെ തന്റെ സ്വാമിനിയുടെ ശാസനയാല്‍ ഗാത്രിക അന്വേഷിച്ച്‌ പുറപ്പെട്ടിരിക്കുന്ന കല്പലതികയാണ്‌ നങ്ങ്യാരുകൂത്തില്‍ രംഗപ്രവേശം ചെയ്യുന്നത്‌. ഇങ്ങനെയാണ്‌ പ്രവേശസന്ദര്‍ഭം.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org