തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത്‌ - ആമുഖം

കൂടിയാട്ടത്തിന്റെ വിഭാഗത്തില്‍പ്പെട്ട, എന്നാല്‍ ഇന്ന്‌ ഏതാണ്ട്‌ സ്വതന്ത്രരൂപമായിത്തന്നെ നില്ക്കുന്ന രണ്ടു കലാരൂപങ്ങളാണ്‌ ചാക്യാരുകൂത്തും നങ്ങ്യാരുകൂത്തും. തികച്ചും ക്ഷേത്രസംബന്ധികള്‍തന്നെയായ ഈ രണ്ടുരൂപങ്ങളും ഏകാഭിനയപ്രധാനങ്ങളുമാണ്‌. കഥാവിവരണമാണ്‌ രണ്ടിന്റെയും ഉദ്ദേശ്യമെങ്കിലും നങ്ങ്യാര്‍കൂത്തില്‍ ദൃശ്യപരതയുടെ സൌന്ദര്യവും ചാക്യാര്‍കൂത്തില്‍ ശ്രവ്യാനുഭൂതിയുടെ ആസ്വാദ്യതയും ആണ്‌ നമുക്ക്‌ ദര്‍ശിക്കാനാവുക. വാദ്യവിശേഷവും വേഷവിധാനങ്ങളും രംഗസജ്ജീകരണങ്ങളും എല്ലാം ഇരുരൂപങ്ങളിലും കൂടിയാട്ടത്തിന്റേതു തന്നെ.

ചാക്യാരുകൂത്തിന്‌ പ്രബന്ധകൂത്തെന്ന ഒരു പേരുകൂടിയുണ്ട്‌. വിദൂഷകവേഷം ധരിച്ച്‌ അരങ്ങണയുന്ന നടന്‍ പുരാണേതിഹാസങ്ങളിലെ സംസ്കൃതശ്ലോകങ്ങള്‍ ഉദ്ധരിച്ച്‌ അതിന്റെ വിശദമായ അര്‍ത്ഥം കഥകളും ഉപകഥകളും സാമൂഹ്യപരാമര്‍ശങ്ങളുമൊക്കെ കോര്‍ത്തിണക്കികൊണ്ട്‌ ഹാസ്യദ്യോതകമായി മലയാളഭാഷയില്‍കൂടി വിവരിക്കുകയാണ്‌ ചാക്യാര്‍കൂത്തിന്റെ രീതി. ഇതില്‍ നേരമ്പോക്കിനേക്കാള്‍ പ്രാധാന്യം അര്‍ത്ഥവ്യാഖ്യാനത്തിനാണ്‌. യുക്തിയുക്തമായ വ്യുല്പത്തിക്കാണ്‌. പുരുഷന്മാര്‍ മാത്രം കൈകൊര്യകര്‍ത്തൃത്വം വഹിച്ചിരുന്ന ചാക്യാര്‍കൂത്ത്‌ നമ്മുടെ വാചികാഭിനയപാരമ്പര്യത്തിന്റെ ഉച്ചാവസ്ഥയാണ്‌.

മുന്‍കാലങ്ങളില്‍ നങ്ങ്യാര്‍കൂത്ത്‌ എന്ന്‌ ഉപയോഗിക്കാറില്ല. നങ്ങ്യാരുകൂത്ത്‌ എന്നാണ്‌ ശരിയായ പദം. നങ്ങ്യാരമ്മകൂത്ത്‌ എന്നും ചിലേടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്‌. അതുപോലെ ചാക്യാര്‌‍കൂത്ത്‌ ആണ്‌ ചാക്യാര്‍കൂത്തായത്‌.

എന്നാല്‍ തികച്ചുമൊരു സ്ത്രീപക്ഷകലയായ നങ്ങ്യാര്‍കൂത്തിലാകട്ടെ ശ്രീകൃഷ്ണകഥകള്‍ മാത്രമാണ്‌ അവതരിപ്പിക്കുന്നത്‌. കൈമുദ്രകളിലൂടെയും മുഖാഭിനയത്തിലൂടെയും ആണ്‌ ഇതില്‍ കഥാകഥനം നിര്‍വ്വഹിക്കുന്നത്‌.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org