തര്‍ജ്ജനി

യാത്ര

തപോവനം

ആറുപേര്‍ക്ക് വിസ്തരിച്ചുകിടക്കാവുന്നത്ര വലിയ ടെന്റാണ്. നിറയെ കമ്പിളിയുമുണ്ട്. ഞങ്ങള്‍ ശരീരത്തിനു താങ്ങാവുന്നത്ര കമ്പിളിയെടുത്തു് പുതച്ചു. കിടക്കാന്‍ തോന്നുന്നില്ല. തപോവനത്തിലെയത്ര തണുപ്പില്ല. ഗോമുഖിന്റെ താണ്ഡവം കേള്‍ക്കാനാവുന്നുണ്ട്. കാറ്റിന്റെ ശക്തി കൂടിക്കൂടി വരുന്നു. കുറേനേരം അങ്ങനെ ഇരുന്നു കാണും. പുറത്തു് അകലെനിന്നും ഒരു മനുഷ്യശബ്ദം കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. ഹിമാലയത്തില്‍ സൂക്ഷ്മശരീരികള്‍ സഞ്ചരിക്കാറുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്. അടിവയറ്റിലെ സംഭ്രമം മറച്ച് ഞാന്‍ ഗായത്രിയോട് പറഞ്ഞു: ‘പേടിയ്ക്കേണ്ട. അതു തോന്നിയതാണ്’

തോന്നിയതല്ല. വീണ്ടും ശബ്ദം. ഇപ്പോള്‍ വളരെ അടുത്തുനിന്നാണ്. ദൈവമേ പുലരാത്ത രാത്രിയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ഫലവത്താകാന്‍ പോവുകയാണോ?

“ക്ഷമിക്കണം, ഇതു ഞാനാണ്. ഇന്നു് ഞാന്‍ വിചാരിച്ച ദിക്കില്‍ നിന്നല്ല കാറ്റടിക്കുന്നത്. ടെന്റിന്റെ ഈ ഭാഗത്ത് ഒരു ചെറിയ ഓട്ടയുണ്ട്. അതിലൂടെ കാറ്റ് അകത്തു് കയറിയാല്‍ നിങ്ങള്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയില്ല. പെട്ടെന്ന് അടുത്തു വന്നു വിളിച്ചാല്‍ നിങ്ങള്‍ ഭയന്നാലോ എന്നു കരുതി അകലെ നിന്നു തന്നെ വിളിച്ചതാണ്. ടെന്റു തുറക്കേണ്ട, ഞാന്‍ പുറത്തു നിന്ന് ഈ ചാക്കുതുണിവെച്ച് തുന്നിക്കെട്ടിക്കോളാം.”

ഇപ്പോള്‍ മനസ്സിലാകുന്നു എതിനാണ് ഹിമാലയത്തില്‍ വന്നതെന്ന്. സ്വദേശത്തും വിദേശത്തും അനേകം ശിഷ്യരുള്ള ഒരു ഗുരുവാണ് പുറത്തെ തണുപ്പിലിരുന്ന് ചാക്ക് വെച്ച് ഓട്ടയടയ്ക്കുന്നത്. ഞങ്ങളാരാണ്. ഒരു ചെറിയ ശബ്ദം കേട്ടാല്‍ ഭയന്നുവിളിയ്ക്കുന്ന കൃമികീടങ്ങള്‍. ഇവിടെയാണ് ഋഷിത്വത്തിന്റെ മഹിമ നമുക്ക് വെളിപ്പെട്ട് കിട്ടുന്നത്. ആ മഹിമയാണ് പുറത്തിരുന്ന് ടെന്റ് തുന്നുന്നത്.

ഞങ്ങള്‍ രാത്രി ഉറങ്ങിയില്ല. ധ്യാനാത്മകമായ ഒരു രാത്രിയായിരുന്നു അത്. ദൈവം കനിഞ്ഞു നല്‍കിയ പുണ്യരാത്രി. രാവിലെ വെളിച്ചം ഭൂമിയില്‍ പതിച്ചപ്പോള്‍തന്നെ വീണ്ടും സൂക്ഷ്മശരീരിയെത്തി. വലിയൊരു കപ്പില്‍ ചായയും രണ്ടു് കപ്പുമായാണ് ഇപ്രാവശ്യം വന്നത്. പുറത്തു നല്ല തണുപ്പുള്ളതിനാല്‍ സൂര്യന്‍ പുറത്തുവന്നിട്ട് ടെന്റ് വിട്ടിറങ്ങിയാല്‍ മതിയെന്ന് പറഞ്ഞ് അദ്ദേഹം നല്ല ചൂടുചായ കപ്പിലേക്കു പകര്‍ന്നു. ആ ചൂടുചായ എത്ര കിട്ടിയാലും നാം കുടിക്കും. കുറച്ചു നേരം ഞങ്ങളുടെ അടുത്തിരുന്ന് അദ്ദേഹം സംസാരിച്ചു. പാര്‍വ്വതി ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചതുപോലെ നമ്മളും തീവ്രതപസ്സിലൂടെ ശിവനില്‍ ലയിക്കണം എന്നദ്ദേഹം ഉപദേശിച്ചു. തലേന്നു രാത്രി വിഷമമൊന്നു ഉണ്ടായില്ലല്ലോ എന്നന്വേഷിക്കാനും അദ്ദേഹം മറന്നില്ല.

നേരം നന്നായി പുലര്‍ന്നപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങി. ധന്യമായ പ്രഭാതം. അകലെ ശിവലിംഗ പര്‍വ്വതവും ഭഗീരഥശൃംഗവും പ്രസന്നരായി പ്രശോഭിക്കുന്നു. ഗോമുഖില്‍ നിന്നും ഗംഗാമയി പ്രശാന്തഗംഭീരയായി പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു.

കുറച്ചു സമയം ബാബയുടെ അടുത്ത് പോയിരുന്നു. പ്രയാഗ്‌ഗിരി മഹാരാജ് ഒരു ഹഠയോഗിയാണ്. ഉത്തരകാശിയിലുള്ള ദൌന്ത്രിയിലാണ് ബാബയുടെ ആശ്രമം. തീര്‍ത്ഥാടനകാലത്തു് സന്ത്‌സേവയ്ക്കായി അദ്ദേഹം ഗോമുഖില്‍ വന്നു താമസിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതു തുടര്‍ന്നു വരികയാണത്രെ.

അദ്ദേഹത്തിന് പുരാണങ്ങളായ പുരാണങ്ങളെല്ലാം അറിയാം. അതെല്ലാം ഞങ്ങളോട് പറഞ്ഞു കൊണ്ടേയിരുന്നു. എന്തും വരട്ടെയെന്നു കരുതി ഞങ്ങളും ഗോമുഖിലെ വെള്ളത്തില്‍ ഒരു കുളി പാസ്സാക്കി. ശരീരത്തിലെ സര്‍വ്വകോശങ്ങളും കോച്ചിപ്പോയി. എങ്കിലും ഗംഗ ശരീരത്തിന്റെ എല്ലാ ഭാഗത്തും ചുംബിച്ചതില്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒരിക്കലും കേടുവരാത്ത പവിത്രയാണല്ലോ നമ്മുടെ ഗംഗ. ആയിരം വര്‍ഷം കുപ്പിയിലടച്ചു വച്ചാലും അവള്‍ ശുദ്ധയായിരിക്കുമത്രേ. പ്രകൃതിയുടെ മറ്റൊരു തമാശ.

ബാബയുണ്ടാക്കിയ നൂഡില്‍‌സ് കഴിച്ച് ഞങ്ങള്‍ ഭോജുബാസയിലേക്കു യാത്രതിരിച്ചു. എന്തെങ്കിലും കുറവുകള്‍ എന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്നതുപോലെയാണ് തോന്നിയത്. ഞങ്ങള്‍ നടന്നു. അപ്പോഴുണ്ട് നമ്മുടെ രാംബാബ പറന്നു വരുന്നു. ഞങ്ങള്‍ ഭോജുബാസയിലേക്കാണെന്നു പറഞ്ഞപ്പോള്‍ “ഞാനൊന്നു ഗോമുഖില്‍ മുങ്ങിയിട്ടു വരാം” എന്നും‌പറഞ്ഞ് ആള്‍ പോയി. അരമണിക്കൂറില്‍ കുളിച്ചു സുന്ദരനായി ആള്‍ വന്നു. തലേന്ന് ഗോമുഖില്‍ താമസിക്കാന്‍ കഴിഞ്ഞത് ഗംഗാമായുടെ അനുഗ്രഹം കൊണ്ടാണെന്നും അതു നഷ്ടപ്പെടുത്താതെ സാധന തുടരണമെന്നും അദ്ദേഹം ഉപദേശിച്ചു.

വൃത്തിയായ മുറ്റമുള്ള ഒരു നല്ല ഗുഹ. വാതിലുമുണ്ട്. ചാവിയെടുക്കാതെയാണ് ബാബ വന്നതു്. അതിനാല്‍ അകം കാണാനായില്ല. എങ്കിലും അതൊരു നല്ല കൊച്ചുമുറിയായിരിക്കും എന്ന് പുറത്തു നിന്നാലേ അറിയാം. ഏതുസമയത്തു വന്നാലും എത്ര കാലം വേണമെങ്കിലും നിങ്ങള്‍ക്കീ ഗുഹ ഉപയോഗിക്കാമെന്ന് രാംബാബ പറഞ്ഞു. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് മഞ്ഞു വീഴ്ചയില്ലാത്തത്. ആ സമയത്തു വന്നാല്‍ ഭക്ഷണവും മറ്റു സൌകര്യവുമെല്ലാം അദ്ദേഹം തന്നെ ശരിയാക്കിത്തരാമെന്നും ഏറ്റു. ഗുഹയ്ക്കുള്ളില്‍ ഒറ്റയ്ക്കിരുന്ന് ധ്യാനിക്കാനുള്ള ത്രാണിയാകുമ്പോള്‍ വരാമെന്ന് മനസ്സില്‍ പറഞ്ഞു. പോകുന്ന വഴിയില്‍ കണ്ട ഭൃഗു പര്‍വ്വതം ചൂണ്ടി രാംബാബ പറഞ്ഞു: ‘ഇവിടെയാണ് കബീര്‍ തപസ്സനുഷ്ഠിച്ചിരുന്നത്.’ ഞങ്ങള്‍ ആ മലയില്‍ നോക്കി പ്രാര്‍ത്ഥനയോടെ നിന്നു.

എത്രയെത്ര മഹാത്മാക്കളാണ് ഇവിടെ വന്നിരുന്ന് സായൂജ്യമടഞ്ഞിട്ടുള്ളത്. യേശുവും മുഹമ്മദും ഒക്കെ ഇവിടെ വന്നിട്ടുണ്ടെന്നു പറയുന്നത് സത്യം തന്നെയായിരിക്കും. അവരുടെ വാക്കിലെല്ലാം ഹിമാലയത്തിലെ മഞ്ഞിന്റെ വിശുദ്ധികൂടി കലര്‍ന്നിരിക്കുന്നത് അതുകൊണ്ടാണ്.

അന്നുരാത്രി ഞങ്ങള്‍ ലാല്‍ബാബയുടെ ആശ്രമത്തില്‍ തന്നെ താമസിച്ചു. രാംബാബയുടെ ചായ കുടിയ്ക്കാനും മറന്നില്ല. അദ്ദേഹത്തിന്റെ അടുത്ത് ഒന്നും പറയാതെ ചുമ്മാ ഇരിക്കാന്‍ ഒരു സുഖമാണ്. നിങ്ങള്‍ക്കു വേണമെങ്കില്‍ എന്റെ ഈ ടെന്റില്‍ കുറച്ചു നാള്‍ കഴിയാമെന്നും ഞാന്‍ ആ ഗുഹയില്‍ പോയി കഴിഞ്ഞോളാമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ നിസ്വാര്‍ത്ഥതയുടെ ആഴവും വ്യാപ്തിയുമൊക്കെ അനുഭവിക്കുകയായിരുന്നു. ഒരാള്‍ക്ക് ആത്മാനുഭൂതിയില്‍ രമിക്കാന്‍ അവസരം നല്‍കുകയെന്നത് ഇവരുടെ സഹജസ്വഭാവമാണ്. സൂര്യനില്‍ നിന്ന് ഒഴുകിവരുന്ന പ്രകാശം പോലെ സഹജം.

രാത്രിയില്‍ എല്ലാവര്‍ക്കും ഒപ്പമിരുന്ന് ചപ്പാത്തി കഴിച്ചു. ഗായത്രി പരിവാറിന്റെ ഒരു സംഘം ഗോമുഖിലേക്കു പോകാനായി എത്തിയിരുന്നു. റാണയെയാണ് ഓര്‍മ്മ വന്നത്. നിലാവില്‍ സ്വയം മറന്ന് ആ രാത്രിയും അവസാനിച്ചു. രാവിലെ പ്രഭാതഭക്ഷണം കഴിച്ച് രാംബാബയോടു യാത്ര പറയാനായി ടെന്റിലേക്കു നടന്നു. പതിവു പോലെ ചായയും കുടിച്ച് അദ്ദേഹത്തിനരുകിലിരുന്നു.

ധ്യാനത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അറിവിനെ വാക്കുകളിലിട്ട് അമ്മാനമാടാന്‍ അല്പം ബുദ്ധിമാത്രം മതിയെന്നും അതുകൊണ്ടൊന്നും എത്തേണ്ടിടത്തെത്താനാവില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്റെ വാചകമടിക്കുള്ള മറുപടിയായാണതെനിക്കു തോന്നിയത്.

ധ്യാനിക്കണം. മനസ്സിന്റെ താണ്ഡവത്തില്‍ രമിക്കുകയോ ഭയക്കുകയോ ചെയ്യാതെ അവന്റെ ഒഴുക്കിനെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം. പ്രാണനില്‍ അനുഭൂതി നിറയണമെങ്കില്‍ ഹൃദയം ശുദ്ധമാകണം. ഈ വിശ്വമാണ് വിഷ്ണു. നരന്‍ തന്നെയാണ് നാരായണന്‍. അങ്ങകലെ കാണുന്ന ഭഗീരഥപര്‍വ്വതത്തെ ബ്രഹ്മ വിഷ്ണു മഹേശ്വരന്‍ എന്നു പറയുമ്പോള്‍ സൃഷ്ടി സ്ഥിതി ലയം എന്നു മനസ്സിലാക്കണം. എല്ലാ സൃഷ്ടികളും കടന്നു പോകേണ്ട വഴികള്‍. എന്നാല്‍ ഒരിക്കലും ഉണ്ടാവുകയോ നിലനില്‍ക്കുകയോ ഇല്ലാതാവുകയോ ചെയ്യാത്ത ഒന്നുണ്ട്. അതില്‍ ലയിക്കണം. അതിനാണ് ധ്യാനം. മാറിക്കൊണ്ടിരിക്കുന്ന ലോകങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള മാറാത്ത സത്യത്തില്‍ ലയിക്കാനുള്ള മാര്‍ഗ്ഗം. തത്ത്വചിന്തയോ ചര്‍ച്ചകളോ അങ്ങോട്ട് നയിക്കില്ല ഒരിക്കലും...

എപ്പോഴാണ് അദ്ദേഹം പറഞ്ഞു നിര്‍ത്തിയതെന്നറിയില്ല. ഞങ്ങള്‍ എത്രനേരം കണ്ണടച്ചങ്ങനെ ഇരുന്നെന്നും അറിയില്ല. കുറെ കഴിഞ്ഞ് ധ്യാനത്തില്‍ നിന്നുണര്‍ന്ന അദ്ദേഹം ഇനി ഊണു കഴിച്ചിട്ട് പോയാല്‍ മതിയെന്നു പറഞ്ഞു. ഞങ്ങളുടെ വസ്ത്രമെല്ലാം കഴുകിയിട്ടാല്‍ കൊള്ളാമെന്നുണ്ട്. ബാബ ഒരു ജൂബ്ബായും മുണ്ടും തന്നു. ഗായത്രിക്കു ധരിക്കാനായി അദ്ദേഹത്തിന്റെ മേലങ്കിയും കൊടുത്തു. ഗംഗയിലിറങ്ങി അലക്കിക്കുളിച്ചു. നല്ല വെയിലുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് പൊള്ളുന്നതുപോലെ തോന്നി. ഷര്‍ട്ടിടാതെയായിരുന്നു ഞാന്‍ ആ പുല്‍ത്തകിടിയില്‍ കമിഴ്ന്നു കിടന്നിരുന്നത്. പുറത്തെ തൊലി കരിഞ്ഞു പോയി. മൂക്കിലും അങ്ങനെ തന്നെ. സൂര്യാഘാതത്തിന്റെ ആദ്യഘട്ടം. അഞ്ചാറു ദിവസം കഴിഞ്ഞാണ് പുതിയ തൊലി വന്നത്.

ഭക്ഷണം കുശാലായിരുന്നു. നെയ്യൊക്കെ ചേര്‍ത്തുള്ള ചോറും ഉരുളക്കിഴങ്ങു കറിയും. ഈ ബാബമാരെല്ലാം നല്ല പാചകക്കാരാകുന്നതിനു പിന്നിലെ രഹസ്യം പിടികിട്ടുന്നില്ല. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗസ്റ്റ് ഹൌസ് നോക്കുന്ന നാരായണ്‍സിംഗ് ഗഡ്‌‌വാളി ഭജന്‍ പാടി ഞങ്ങളെ ആനന്ദിപ്പിച്ചു.

സ്നേഹമെന്നാലെന്ത്, അതിന്റെ സ്വരൂപമെന്ന് ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്ന ആ മനുഷ്യന്റെ അടുത്തു നിന്നും നടന്നു നീങ്ങുമ്പോള്‍ ശക്തിയായ കാറ്റ് വന്ന് ഞങ്ങളെ പിന്നോട്ടുതള്ളി തിരിച്ചു നടക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ഒരായിരം പ്രാവശ്യം തിരിഞ്ഞു നോക്കാന്‍ തോന്നിയെങ്കിലും കുറേദൂരം എത്തുന്നതുവരെ തിരിഞ്ഞതേയില്ല. പിന്നെ ഞങ്ങള്‍ തിരിഞ്ഞു. അങ്ങകലെ ഞങ്ങളേയും നോക്കി രാംബാബ അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ഗോമുഖിലേക്കു പോകുമ്പോള്‍ നരേഷിന്റെ ക്യാമറയില്‍ ബാബയോടൊത്തുള്ള ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ഞങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി കാറ്റില്‍ അലയടിക്കുന്നതുപോലെ തോന്നി. “ ചിത്രത്തില്‍ നോക്കി സ്മരിക്കുന്നതില്‍ അര്‍ത്ഥമില്ല. നാം ഒന്നിച്ചു കഴിഞ്ഞ നിമിഷങ്ങള്‍ ധ്യാനത്തിനുള്ള പ്രചോദനമായിത്തീര്‍ന്നാല്‍ മതി”

നടന്നു നടന്നു ഫല്‍ഹാരി ബാബയുടെ ആശ്രമത്തിനടുത്തെത്തി. ബാബയെകണ്ട് നമസ്കരിച്ചു പോകാമെന്ന് കരുതി. ആശ്രമത്തില്‍ നിന്നും ഭക്ഷണം കഴിച്ചു. പുറത്തിരുന്നിരുന്ന യുവാക്കളായ ശിഷ്യരിലൊരുവനുമായി കുറച്ചു നേരം സംസാരിച്ചു. ആള്‍ എല്ലാം വായിച്ചിരിക്കുന്നു. കര്‍മ്മത്തിലൂടെ ഭക്തിയിലേക്കും ഭക്തിയില്‍ നിന്നും ജ്ഞാനത്തിലേക്കും പടിപടിയായി ഉയര്‍ന്നു പോകേണ്ടതുണ്ടെന്നു പറഞ്ഞപ്പോള്‍ അതു ശരിയാനെന്നു് എനിക്കു തോന്നിയില്ല. ഞാന്‍ പറഞ്ഞു: “ഈ പ്രപഞ്ചത്തിനു മുഴുവന്‍ ആധാരമായിരിക്കുന്ന ശക്തിയില്‍ ആശ്ചര്യം കൊള്ളുകയാണെന്നതാണു് അറിവ്. ആ അറിവില്‍ നിറയുന്നവനില്‍ ഒന്നും കാണാന്‍ കഴിയാതാവുമ്പോള്‍ അവനില്‍ നിന്നും സംഭവിക്കുന്ന കര്‍മ്മമെല്ലാം ലോകകല്യാണത്തിനുതകുന്നതാവും.

എന്റെ മറുപടി ആള്‍ക്ക് പിടിച്ചു. എങ്കിലും സമ്മതിക്കാന്‍ തയ്യാറായില്ല. അങ്ങനെയും പറയാം എന്നു പറഞ്ഞ് ചിരിച്ചതേയുള്ളൂ. ബാബയെക്കണ്ട് നമസ്കരിച്ചു. ഗുജറാത്തി ആശ്രമത്തില്‍ നിന്നും സഞ്ചിയെടുത്ത് അടുത്തു തന്നെയുള്ള പുരാതനമായ ദണ്ഡി ആശ്രമത്തിലേക്കു നടന്നു. ഒരു വലിയ നടുമുറ്റത്തിനു ചുറ്റും രണ്ടു നിലയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഓടിട്ട പഴയ കെട്ടിടം. ഒരു ഭാഗത്തേക്കു നോക്കിയപ്പോള്‍ എപ്പോള്‍ വേണമെങ്കിലും അതു തകര്‍ന്നു വീഴുമെന്ന് തോന്നി. മുറ്റത്തുള്ള പൈപ്പിന്റെ ചുവട്ടില്‍ നിന്ന് വസ്ത്രം അലക്കിക്കൊണ്ടിരുന്ന ബനിയനിട്ട ആളുടെ അടുത്തേയ്ക്ക് ഞങ്ങല്‍ ചെന്നു.

“ഇവിടെയുള്ള മുഖ്യസ്വാമിയെ ഒന്നു കാണണമായിരുന്നു.” ഗായത്രി പറഞ്ഞു
“പറഞ്ഞോളൂ. ഞാന്‍ തന്നെയാണ് മുഖ്യസ്വാമി.” അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങളാകെ ചമ്മിപ്പോയി. “ഞങ്ങള്‍ക്ക് ഇന്നൊരു ദിവസം ഇവിടെ താമസിച്ചാല്‍ കൊള്ളാമായിരുന്നു.”
“എന്തിനാ ഒരു ദിവസമാക്കുന്നേ. ഒരാഴ്ച വേണമെങ്കിലും ഇവിടെ താമസിക്കാം. നിങ്ങള്‍ക്കൊക്കെ താമസിക്കാന്‍ വേണ്ടിക്കൂടിയാണീ ആശ്രമമിവിടെ പണിതിട്ടുള്ളതു്.” അത്രയും പറഞ്ഞ് അദ്ദേഹം ഒരാളെ വിളിച്ച് ഇവര്‍ക്കു മുറി ശരിയാക്കിക്കൊടുക്കാന്‍ പറഞ്ഞു. ആള്‍ സ്വധര്‍മ്മത്തിലേക്കു തിരിയുകയും ചെയ്തു.

എത്ര പുണ്യപുരുഷന്മാര്‍ ഇവിടെ കഴിഞ്ഞിട്ടുണ്ടാവും. ഒരു കാലത്തു ഇതു വലിയ പാഠശാലയായിരുന്നിരിക്കണം. വേദവേദാന്തങ്ങളുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി മുത്തും പവിഴവും കണ്ടെടുത്തു തന്റെ അടുത്തെത്തുന്ന ശിഷ്യരിലേക്ക് പകര്‍ന്നു കൊടുക്കാന്‍ കാരുണ്യം കാണിച്ച ഗുരുക്കന്മാരുടെ അദൃശ്യസാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ ഇടം തന്നെ.

വൈകിട്ടുള്ള സത്സംഗത്തില്‍ പങ്കെടുത്തു. പത്തു പേര്‍ ഉണ്ടായിരുന്നു. ഇത് ഭജനയും പൂജയും കൊണ്ട് മാത്ര തൃപ്തിപ്പെടുന്നവരുടെ ഇടമല്ല. പ്രാര്‍ത്ഥനയ്ക്കു ശേഷം ഒരാള്‍ ഞങ്ങള്‍ ഏതാശ്രമത്തില്‍ നിന്നും വരുന്നുവെന്നും ഞങ്ങളുടെ സമ്പ്രദായമെന്തെന്നും ചോദിച്ചു.

നാരായണഗുരുകുലത്തില്‍ നിന്നാണ് വരുന്നതെന്നും മനുഷ്യമനസ്സിനെ വിശാലതയിലേക്കു നയിക്കുന്നതെന്തും ഞങ്ങളുടെ സമ്പ്രദായത്തില്‍ പെടുമെന്നും മറുപടി പറഞ്ഞപ്പോള്‍ അവര്‍ക്കതു് രസിച്ചില്ല.

അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ അദ്വൈതിയാണോ ദ്വൈതിയാണോ വിശിഷ്ടാദ്വൈതിയാണോ എന്നാണ് ചോദിച്ചത്?”
“വിഭാഗീയതയുണ്ടാക്കുന്ന ഒന്നിലും ഞങ്ങള്‍ക്കു താല്പര്യമില്ല”
“ബ്രഹ്മം സത്യം, ജഗത് മിഥ്യ എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?”
“കൈ പൊള്ളിയാല്‍ അതു് മിഥ്യയാണെന്ന് പറയാന്‍ കഴിയുമോ? പ്രകൃതിയെ നിഷേധാത്മകമായി വ്യാഖ്യാനിക്കുന്ന മിഥ്യാസങ്കല്പത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. സദാ മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചപ്രതിഭാസത്തില്‍ മാറാതിരിക്കുന്ന ഒരു പൊരുളുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആകാശത്തെ ചും‌ബിച്ചു നില്‍ക്കുന്ന ശിവലിംഗ പര്‍വ്വതത്തെ നോക്കി അതില്ലാത്തതാണെന്നും വെറും തോന്നലാണെന്നും പറഞ്ഞ് തിരിഞ്ഞു നടക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.”

എന്റെ വക്രമായ ഉത്തരം അദ്ദേഹത്തെ ശുണ്ഠി പിടിപ്പിച്ചു. നിങ്ങളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ് അയാള്‍ സംസാരം നിര്‍ത്തി.

ഞങ്ങള്‍ പറയുന്നതെല്ലാം ശാന്തമായി കേട്ടു കൊണ്ടിരുന്ന സ്വാമിജിയോട് അങ്ങയുടെ സമ്പ്രദായമെന്തെന്ന് ഞാന്‍ ചോദിച്ചു. എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി വെറുതെ ചോദിച്ചതാണ്. “രാവിലെ എഴുന്നേല്‍ക്കും. പ്രാഥമികകൃത്യങ്ങളെല്ലാം കഴിഞ്ഞാല്‍ എന്തെങ്കിലും കഴിക്കും. പിന്നെ ചുമ്മാ നടക്കും. ഉച്ചയാവുമ്പോള്‍ വീണ്ടും ഭക്ഷണം കഴിക്കണമല്ലോ. അടുക്കളയില്‍ കയറി പാചകം ചെയ്യും. അലക്കും. വൈകുന്നേരം ചായ കുടിക്കും. രാത്രി എന്തെങ്കിലും കഴിക്കും. ഉറക്കം വരുമ്പോള്‍ ഉറങ്ങും. വീണ്ടും നേരം വെളുക്കുമ്പോള്‍ എഴുന്നേല്‍ക്കും. ഇതാണേ എന്റെ സമ്പ്രദായം”

എല്ലാവരും ചിരിച്ചു. എനിക്കെന്തോ ചിരിക്കാന്‍ തോന്നിയില്ല. എന്റെ അഹങ്കാരത്തിന്മേലാണ് അദ്ദേഹത്തിന്റെ വാക്ക് വന്നു പതിച്ചത്. ഞാന്‍ മൌനമായി ഇരുന്നു. ഉള്ളിലൊരു വിങ്ങല്‍. ഞാന്‍ എന്നോട് തന്നെ ചോദിച്ചു: “എന്തിനാണ് നീ വിഷമിക്കുന്നതു്. നീ പറഞ്ഞത് ശരിതന്നെയായിരുന്നല്ലോ. നീ ഗുരുക്കന്മാരില്‍ നിന്നു കേട്ട് പഠിച്ചതല്ലേ പറഞ്ഞുള്ളൂ. അതിലെന്താ തെറ്റ്”

അതിനു മറുപടിയെന്നോണം എന്നിലിരിക്കുന്ന വേറൊരാള്‍ പറഞ്ഞു: “നീ പറഞ്ഞതു ശരിയാണെങ്കിലും അതു കേട്ട് പഠിച്ചതാണ്. അറിഞ്ഞതല്ല, അനുഭവിച്ചതല്ല. ഗുരുതുല്യരായ മനുഷ്യരുടെ മുന്നിലിരുന്ന് പഠിച്ചത് പറയരുത്. ഹൃദയത്തില്‍ നിന്ന് ഉണര്‍ന്നു വരാത്ത ചോദ്യങ്ങള്‍ ഉണ്ടാക്കി ചോദിക്കരുത്.”

ഞാന്‍ സ്വാമിജിയെ നോക്കി. അദ്ദേഹം സാരമില്ലെന്ന മട്ടില്‍ തലയാട്ടി. ഇനി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് എഴുന്നേറ്റു. കുറേനേരം ആ വിങ്ങല്‍ തങ്ങി നിന്നു. വേദനയില്‍ നിന്നാണ് വേദമുണ്ടാകുന്നതെന്ന് ഗുരു പറഞ്ഞതു് എത്ര സത്യമാണ്.

പിറ്റേന്ന് സ്വാമിജിയോട് യാത്ര പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി മനസ്സുകൊണ്ട് മാപ്പ് പറഞ്ഞു. ചിരിച്ചുകൊണ്ട് അദ്ദേഹം തോളില്‍ തട്ടി. ആശ്രമത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എന്തോ ഒരു ഭാരം ഉള്ളില്‍ നിന്നും അലിഞ്ഞു പോയതുപോലെയാണ് തോന്നിയത്.

ഭാഗീരഥിയുടെ കുറുകെ കെട്ടിയിട്ടുള്ള പാലത്തിനോടടുക്കാറായപ്പോള്‍ ഗുരു നിത്യയും കുറെ ശിഷ്യരും നടന്നു വരുന്നു. സൌമ്യമായ കാവി ജൂബ്ബായും മുണ്ടും. തലയില്‍ അതേ തൊപ്പി. വെളുത്തു തടിച്ച ശരീരം. വെള്ളി നൂലുപോലുള്ള താടി. ഭൂമിയെ നോവിക്കതുള്ള നടത്തം. കാലില്‍ സോക്സും പിന്നെ ഗുരു ഇടാറുള്ള അതേ ചെരുപ്പും. ഒരു സ്വാമിയുടെ കൈയില്‍ പിടിച്ചാണ് നടക്കുന്നത്. കൂടെ ചെറുപ്പക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്. ഇടയ്ക്കിടയ്ക്ക് നിന്ന് ഗുരുവിന്റെ ആ വാക്കിംഗ് സ്റ്റിക്ക് ഗംഗയിലേക്കും ആകാശത്തേക്കും പിന്നെ പുല്‍ച്ചെടിയിലേക്കും മറ്റും ചൂണ്ടി എന്തോ സംസാരിക്കുന്നു. ഇടയ്ക്കിടയ്ക്ക് എന്തോ പറഞ്ഞ് ചിരിക്കുന്നു. കൂടെയുള്ളവരും പൊട്ടിച്ചിരിക്കുന്നു.

ഞങ്ങള്‍ അവിടെ നിന്നു. അദ്ദേഹം നടന്നുനടന്നു ഞങ്ങളുടെ അടുത്തു വന്നു. ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ നമസ്കരിച്ചു. അതു ഞങ്ങള്‍ക്ക് ‘എവര്‍ സ്മൈലിംഗ് അവധൂദ്’ എന്ന പേരില്‍ അറിയപ്പെടുന്ന ലക്ഷ്മണ്‍ ദാസ്ജി അവധൂദ് ആയിരുന്നില്ല. ഉത്തരഖണ്ഡില്‍ ഇന്നു ജീവിച്ചിരിക്കുന്ന മഹാനായ യോഗിശ്രേഷ്ഠനായിരുന്നില്ല. സ്നേഹത്തിന്റെ അമൃതൂട്ടി ഞങ്ങള്‍ക്ക് ജീവിതത്തിന്റെ മനോഹാരിത തൊട്ടുകാണിച്ചു തന്ന നിത്യനായിരുന്നു.

ഷൌക്കത്ത്
Subscribe Tharjani |