തര്‍ജ്ജനി

മുഖമൊഴി

പനിക്കുമ്പോള്‍

ഇന്ത്യ വിവിധ തരം പനികളുടെ നാടാണെന്ന്‌ പറഞ്ഞത്‌ ബ്രിട്ടീഷുകാര്‍. അധിനിവേശത്തിന്റെ ആദ്യ പാഠം ഇതായിരുന്നുവെന്ന്‌ അക്കാലത്തെ ബ്രിട്ടീഷ്‌ വൈസ്രോയിമാരും മറ്റു ഉന്നതരും സ്ഥിരീകരിച്ചിട്ടുണ്ട്‌. പനികളുമായി ഏറ്റുമുട്ടി പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മരിച്ചത്‌ ആയിരക്കണക്കിന്‌ ബ്രിട്ടീഷ്‌ സൈനികരാണെന്നും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതേ കാലത്ത്‌ പനിയും വസൂരിയും മഞ്ഞപ്പിത്തവും വന്ന്‌ മരിച്ചത്‌ പതിനായിരക്കണക്കിന്‌ ഇന്ത്യക്കാരായിരുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൊടിയ ഭക്ഷ്യക്ഷാമവും പകര്‍ച്ചവ്യാധികളും അക്കാലത്ത്‌ കൊന്നു തീര്‍ത്തവരെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന വിവരണങ്ങള്‍ ചരിത്ര പുസ്തകങ്ങളില്‍ ലഭ്യമാണ്‌. യൂറോപ്പിന്‌ കറുത്ത മരണം നല്‍കിയ പ്ലേഗു പോലെ വിവിധ തരം പനികളും വസൂരിയും ഇന്ത്യയില്‍ നിരവധി പേരെ കൊന്നു തിന്നു. കേരളത്തിലെ പലനാടുകളിലും ഇക്കാലത്തിന്റെ ഓര്‍മയും പേറി നില്‍ക്കുന്ന കുരിപ്പു പുരകള്‍ (വസൂരിക്ക്‌ മലബാറില്‍ കുരിപ്പ്‌ എന്നാണ്‌ പറഞ്ഞിരുന്നത്‌- രോഗം ബാധിച്ചവരെ ഇത്തരം പുരകളില്‍ കൊണ്ടു വന്ന്‌ ഒറ്റക്ക്‌ മരിക്കാന്‍ വിടാറായിരുന്നു പതിവ്‌. ഇതു സംബന്ധിച്ച്‌ അടുത്ത കാലത്ത്‌ ദേവകി നിലയങ്ങോട്‌ ഹൃദയ സ്പര്‍ശിയായി എഴുതിയിരുന്നു). കടുത്ത പനിയും പൊള്ളനും വന്ന്‌ ഒരാള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വസൂരി രോഗിയായി മരിക്കുന്നതായിരുന്നു അക്കാലത്തെ കാഴ്ച. വസൂരി മാറി കുളിച്ച്‌ ശരീരമാസകലം കലകളുമായി കഴിഞ്ഞിരുന്നവരും വസൂരി ബാധക്കിടയില്‍ ചൊറിച്ചില്‍ അസഹനീയമായി കുളിച്ച്‌ പൊള്ളങ്ങള്‍ കല്ലിച്ചു പോയി രക്ഷപ്പെട്ട ചിലരും ഇന്നും കല്ലിച്ച പൊള്ളങ്ങളുമായി കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്‌.

പനിക്കിടക്കയില്‍ പകല്‍ തിളച്ചതും, പനിച്ച്‌ കിടന്ന്‌ തുള്ളുമ്പോള്‍ മകള്‍ ഓറഞ്ച്‌ നീട്ടുന്നതുമെല്ലാം നമ്മുടെ ആധുനിക കവിത അടയാളപ്പെടുത്തിയിട്ടുമുണ്ട്‌. ചികുന്‍ ഗുനിയ കേരളത്തിലാകമാനം ഭീതി പരത്തുകയും നിരവധി പേരുടെ ജീവന്‍ എടുക്കുകയും ചെയ്തപ്പോഴാണ്‌ ഏറെക്കാലത്തിനു ശേഷം മലയാളി ജനകീയാരോഗ്യം എന്ന പ്രശ്നത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയത്‌ (മരണകാരണം ചികുന്‍ ഗുനിയയല്ലന്നും അങ്ങിനെയൊരു രോഗമുണ്ടോയെന്ന്‌ സംശയമാണെന്നും പറഞ്ഞ്‌ തര്‍ക്കിക്കുന്നതല്ല ജനകീയാരോഗ്യത്തെക്കുറിച്ചുള്ള ചിന്ത).

ചികുന്‍ ഗുനിയ വപ്പോഴാണ്‌ കേരളത്തിലെ പൊതുജനാരോഗ്യ പാലനം തീര്‍ത്തും മോശമാണെന്ന്‌ യാഥാര്‍ഥ്യം അതിന്റെ മൂര്‍ത്ത രൂപത്തില്‍ പുറത്തു വന്നത്‌. രോഗം ബാധിച്ച്‌ മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരില്‍ സാധാരക്കാരായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ പോയി ചികിത്സ നേടാന്‍ കഴിയാത്തവര്‍. നൂറിലധികം പേര്‍ മരിച്ചത്‌ അവര്‍ക്ക്‌ കൃത്യവും സമയക്ലിപ്തത പാലിച്ചും ചികിത്സ നല്‍കാന്‍ കഴിയാത്തതിനാലെന്ന്‌ മലയാളികള്‍ക്ക്‌ മനസ്സിലായി. സര്‍ക്കാര്‍ ആശുപത്രികള്‍ അനിവാര്യമാണെന്നും അവ നല്ല നിലയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അകാല മരണങ്ങളുണ്ടാകുമെന്ന സത്യം വെളിപ്പെട്ടു. അലോപ്പതി വൈദ്യം പരാജയപ്പെടുന്നിടത്ത്‌ ഹോമിയോക്കും മറ്റ്‌ ബദല്‍ ചികിത്സാ മാതൃകകള്‍ക്കും വിജയിക്കാന്‍ കഴിയുമെന്ന വാദവും പ്രത്യക്ഷപ്പെട്ടു. കൊതുകു തുരത്തികളുമായി നാടെങ്ങും സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ സംവിധാനങ്ങളും സജീവമായി. എന്നാല്‍ ചികുന്‍ ഗുനിയ പൊടുന്നനെ പിന്‍വാങ്ങി എന്ന പ്രതീതിയാണ്‌ ഇപ്പോഴുള്ളത്‌. അതോടെ ജനകീയാരോഗ്യ ചര്‍ച്ച, ബദല്‍ ചികിത്സാ വിധികള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും പിന്‍വാങ്ങി.

പകര്‍ച്ച വ്യാധികളെ നേരിടാന്‍ കൂട്ടായ കാഴ്ചപ്പാടും പ്രവര്‍ത്തനവും അനിവാര്യമെന്ന അഭിപ്രായവും മുങ്ങിപ്പോയി. ഇത്രയും കടുത്ത ജീവിതാവസ്ഥയില്‍ പോലും ജനകീയാരോഗ്യം പോലുള്ള വിഷയങ്ങളില്‍ നിന്ന്‌ മലയാളി പിന്നോക്കം പോവുകയാണ്‌. കൊതുകു നശീകരണവും മാലിന്യ നിര്‍മാര്‍ജനവും ആഘോഷമാക്കി കുറച്ചു ദിവസങ്ങള്‍ ചിലവിട്ട്‌ പഴയ ജീവിതത്തിലേക്ക്‌ മടങ്ങുമ്പോള്‍ കനത്ത മഴക്കാലത്തും അല്ലാത്തപ്പോഴും മരണകാരികളായ പനികള്‍ മലയാളിയെ തേടിയെത്തുമെന്ന കാര്യം ഓര്‍ക്കുന്നുവെങ്കില്‍ ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചയും നടപടികളും അനിവാര്യമായി വരും. എഴുപതുകളിലും എണ്‍പതുകളിലും നടത്തിയ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും പുതുക്കേണ്ടിയും വരും. കേരളത്തിലേയും ഇന്ത്യയിലേയും ഡോക്ടര്‍മാരുടെ കയ്യില്‍ തന്റെ ജീവന്‍ സുരക്ഷിതമായിരിക്കില്ലെന്നുറപ്പുള്ളതിനാലാണ്‌ താന്‍ ഹൃദയശസ്ത്രക്രിയക്ക്‌ ബ്രിട്ടനിലെ പ്രധാന ആശുപത്രി തിരഞ്ഞെടുത്തതെ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പറഞ്ഞയാള്‍ ഇന്ന്‌ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. അല്ലെങ്കില്‍ വസൂരി ബാധിച്ചവര്‍ക്ക്‌ ഏകാന്ത മരണം നല്‍കിയ പഴയ കുരുപ്പുപുരകളില്‍ നിന്ന്‌ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ദൂരം ഒട്ടുമില്ലാതാവും. അഥവാ കുരുപ്പുപുരകള്‍ സര്‍ക്കാര്‍ ആശുപത്രിയായി മാറും.

വി.മുസഫര്‍ അഹമ്മദ്‌
Subscribe Tharjani |