തര്‍ജ്ജനി

മുഖമൊഴി

കോണി വിട്ടുപോയ കയറ്റക്കാര്‍

കൊമ്പത്തുകയറിയിരുന്ന്‌ വീറോടെ അമ്പതുവര്‍ഷത്തെ കുഴലൂതുമ്പോള്‍ കയറിപ്പോകാന്‍ കോണിപ്പടിപോലെ ചുമലു തന്നവരെ ഓര്‍ക്കുന്നതും പേരുപറഞ്ഞ്‌ ഉടുക്കു മുട്ടിവിളിക്കുന്നതും നന്ന്‌. പക്ഷേ വരുംകാലത്തിനു വിളക്കുകാലിടുന്ന ഇന്നത്തെ കേമന്മാരില്‍ എത്രപേരുണ്ട്‌ ചുമലുപോയിട്ട്‌ തന്റെ നഖത്തുമ്പെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരായി, ചേതമില്ലാത്ത ഉദ്ധരണികളും കൊമ്പന്മാരുടെ ഒപ്പമിരുന്ന തഴമ്പുകാട്ടിയുള്ള ഗീര്‍വാണങ്ങളും വിളമ്പുകയല്ലാതെ. കയ്യിലിരുന്ന അല്‍പവെളിച്ചവും തല്ലിക്കെടുത്തി വായുകടക്കാത്ത സ്വന്തം പ്രസ്ഥാനക്കച്ചവടകേന്ദ്രങ്ങളുടെ ഉരുട്ടറകളിലേക്ക്‌ ആട്ടിത്തെളിച്ച്‌ തിരിച്ചുപോക്കിനുള്ള കോണിയും വെട്ടിക്കീറി പങ്കിട്ടെടുത്തതും ഇവര്‍തന്നെയല്ലേ.

ഇങ്ങനെ കേമന്മാരുടെ ചായ്‌വിനും ചരിവിനും ചേര്‍ന്ന്‌ ആട്ടിത്തെളിക്കപ്പെടേണ്ടവര്‍ മാത്രമാണോ ഒരു ജനപദം. ഒരുകേമന്‍ തെളിച്ചിടത്തേക്ക്‌ പോയവര്‍ക്ക്‌ കേമന്റെ കാലാന്ത്യത്തോടെ എന്തു സംഭവിക്കുന്നു? നാരായണഗുരു, അയ്യന്‍ കാളി തുടങ്ങി ഉദാഹരണങ്ങളേറെയുണ്ട്‌. സ്വാതന്ത്ര്യത്തിന്റെയും തിരിച്ചറിവിന്റെയും വെളിച്ചം ജനങ്ങളിലേക്ക്‌ പരക്കുന്നതും ഇതിന്റെ രണ്ടിന്റെയും ഒരു കേന്ദ്രത്തിലേക്ക്‌ ജനം ആകര്‍ഷിക്കപ്പടുന്നതും വ്യത്യസ്തമായ കാര്യമാണ്‌. രണ്ടാമെത്തതില്‍ വഞ്ചനയുടെയും അന്ധതയുടെയും മുതലെടുപ്പുണ്ട്‌. ഒരു തരം ആഭിചാരക്രിയപോലെയാണത്‌. അരനൂറ്റാണ്ടില്‍ പല ആഭിചാരക്രിയകള്‍ക്ക്‌ വിധേയരായവര്‍ ഇന്ന് ചെന്നുനില്‍ക്കുന്ന ചേരികള്‍ ശ്രദ്ധിച്ചാല്‍ ഇത്‌ മനസിലാകും. പഴയപ്രതാപിയുടെ പാദുക-കോണക പൂജയ്ക്കപ്പുറം ഒരു വളര്‍ച്ചയിലേക്കും അതിന്റെ കാലുകള്‍ നീണ്ടുചെന്നിട്ടില്ല. പകരം ഒരുതരം സംഘംചേരലും സമൂഹവിരുദ്ധ വിധ്വംസക-ഉപജാപക കൂട്ടുകെട്ടുകളും മാത്രമായി അവയൊക്കെയിന്ന് തേറ്റവളര്‍ത്തി കൊമ്പുകോര്‍ക്കലിന്‌ തയ്യാറെടുത്തുനില്‍ക്കുന്നു. ഉള്ളില്‍ പ്രകാശമിറങ്ങാതെ പ്രകാശങ്ങളുടെ പുറകേപോയവരുടെ ഗതിയാണിത്‌. ഏണിയുടെ കുറുക്കുവഴികളിലൂടെ മുകള്‍ത്തട്ടിലെത്തി ഏണി കളവുപോയവന്റെ ത്രിശങ്കുവാണിത്‌. ഓരോരുത്തര്‍ ചാരിയ ഏണിവഴി അവനവനു സൗകര്യപ്രദമായ ഇടങ്ങളിലേക്ക്‌ കയറിക്കൂടിയവരുടെ വ്യാജപറുദീസയാണിത്‌. എന്നിട്ട്‌ കൊമ്പത്തിരുന്നു പിന്തുടരാന്‍ മാതൃകകളില്ല എന്നു പരിതപിക്കുന്നു. മാതൃകള്‍ ആവശ്യത്തിനായാല്‍ കണ്ണുമടച്ച്‌ അനുഗമിച്ചാല്‍ മതിയല്ലോ.

അര ഡസനോളം മാതൃകകളും അവരെയൊക്കെ അനുഗമിച്ച കുട്ടിത്തേവാങ്കുകളും ചേര്‍ന്ന് അന്നം മുടക്കിയ നാടാണിതെന്ന് ഇനിയും തിരിച്ചറിയാതിരുന്നുകൂടാ. നിരവധി മാതൃകകളെ പിന്തുടരുകയും മാതൃകകള്‍ കാലച്ചരിവുകളില്‍ അപ്രത്യക്ഷരാവുകയും ചെയ്യുമ്പോള്‍ കിടങ്ങിലാവുന്ന കൂട്ടത്തെ രക്ഷിക്കാന്‍ അടുത്ത രക്ഷകനു വേണ്ടി അഖണ്ഡമാതൃകായജ്ഞത്തിനപ്പുറം പോംവഴിയെന്താണ്‌?. അനുകരണഭ്രമങ്ങളുടെയും കാല്‍പനികാവേശങ്ങളുടെയും പരീക്ഷണശാലയായില്‍ മേശപ്പുറത്തു ചാടിക്കേറാനുള്ള ആവേശം തന്റെ ലോകോത്തരമനസ്സാണെന്ന ഭാവം അടുത്തു നോക്കിയാല്‍ കഴിവില്ലായ്മയെയും ഹിപ്പോക്രസിയേയും മറികടക്കാനുള്ള തന്ത്രമാണെന്നു കാണാം. മാതൃകകള്‍ മുക്കിക്കൊന്ന ആത്മശക്തി വീണ്ടെടുക്കേണ്ട കര്‍മ്മത്തിനും ഒരു മാതൃകയെ തിരയുകയാണ്‌ നമ്മള്‍. അമ്പതാണ്ടിന്റെ മധുരം പുഴുങ്ങിയുണ്ട്‌ ആത്മവിസ്മൃതിയിലേക്ക്‌ സ്വയം റദ്ദ്ചെയ്യാതെ ആചാര്യബിംബങ്ങളുടെ ഊട്ടുപുരകളില്‍ നിന്ന് ഇറങ്ങി നടക്കാനുള്ള ധൈര്യം കാണിക്കുക. കേമത്തത്തിലെ ആഭിചാരശക്തിക്ക്‌ വഴിപ്പെടുന്ന ദുര്‍ബ്ബല മനസികനിലയില്‍ നിന്ന് ഇനിയും മുക്തിനേടാനാവുന്നില്ലെങ്കില്‍ അടച്ചുവെച്ച കുടം തുറന്നു വരാന്‍ തയ്യാറായിരിക്കുന്ന ഭൂതദുര്‍ഭൂതങ്ങളുടെ വായിലേക്ക്‌ നമുക്ക്‌ ഒന്നിച്ചു നടക്കാം.

സുനില്‍ കൃഷ്ണന്‍
Subscribe Tharjani |
Submitted by hari on Thu, 2006-11-09 22:26.

തര്‍ജ്ജനി ഈ ലക്കം വളരെ നന്നായിരിക്കുന്നു... ആശംസകള്‍.