തര്‍ജ്ജനി

സംസ്കാരം

നാടോടി സിനിമ

ആദ്യമായി ‘നാടോടിസിനിമ’ കാണുന്നത് കൊടുങ്ങല്ലൂരിലാണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍, ആനന്ദ് പട്‌വര്‍ദ്ധന്‍ കേരളത്തിലെത്തിയപ്പോള്‍. ഒഡേസയായിരുന്നു സംഘാടകര്‍ എന്നാണോര്‍മ്മ. ‘ബോംബെ ഹമാരാ ശഹറും’ ‘മനസ്സാക്ഷിയുടെ തടവുകാരും’ അപ്പോള്‍ മാത്രം തിയ്യേറ്ററാക്കി മാറ്റിയ ഒരു പീടികക്കെട്ടിടത്തിലാണ് പ്രദര്‍ശിപ്പിച്ചത്. ഒരുപക്ഷേ ആദ്യമായിട്ടാണ് ബദല്‍ സാംസ്കാരിക പരിപ്രേക്ഷ്യം മുന്നോട്ട് വയ്ക്കുന്ന ഡോക്യുമെന്ററി കാണുന്നത്. അന്ന് ഇന്ത്യന്‍ മധ്യവര്‍ഗ്ഗം നായകസ്വരൂപമായി ഉയര്‍ത്തിക്കാട്ടിയ, മുംബയിലെ അധോലോകത്തെ അമര്‍ച്ച ചെയ്ത (?) റിബെയ്‌റോ എന്ന സിറ്റി പോലീസ് കമ്മീഷണറുടെ മറ്റൊരു മുഖമാണ് ‘ബോംബെ, ഞങ്ങളുടെ നഗര’ത്തില്‍ കണ്ടത്. പാവങ്ങളുടെ കണ്ണില്‍ ലോകത്തിന് മറ്റൊരു വര്‍ണ്ണമാണ് എന്നറിഞ്ഞു. അവരുടെ ഭൂമിയ്ക്ക് മറ്റൊരു രൂപവും മാനവുമാണെന്ന് നന്നായ് പതിഞ്ഞു. നഗരം ആകാശത്തേയ്ക്ക് ചൂണ്ടിയ ആയുധങ്ങള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളെ നോക്കി ഒരു ചേരിനിവാസി പറയുന്നു: “അത് പണിതത് ഞങ്ങളാണ്. പക്ഷേ, അക്കാര്യം കൊണ്ട് തന്നെ ഞങ്ങള്‍ കുടിയൊഴിയേണ്ടി വന്നിരിക്കുന്നു.” ആ സംഭാഷണത്തില്‍ നൂറ്റാണ്ടുകള്‍ മുഴങ്ങി. നാടും വീടുമില്ലാത്തവരുടെ ചരിത്രം ആ സംഭാഷണത്തില്‍ നിറഞ്ഞു. പ്രദര്‍ശനത്തിനൊടുവില്‍ അനുസരിക്കാത്ത താടിയും മുടിയും വസ്ത്രവുമായി പട്‌വര്‍ദ്ധന്‍ കാണികളെ അഭിമുഖീകരിക്കാനെത്തി. അടിയന്തരാവസ്ഥ തടവുകാരുടെ കഥ പറയുന്ന ‘മനസ്സാക്ഷിയുടെ തടവുകാരെ’പ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. പിറ്റേന്ന് ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന ഇടം ഒഡേസ്സ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.

തിയ്യേറ്ററുകള്‍ തകര്‍ന്നു വീഴുകയായിരുന്നു അപ്പോള്‍. ലോകം മുഴുവന്‍ ഒരു വെള്ളിത്തിരയാണെന്ന് പ്രഖ്യാപിക്കുന്ന ഒരൂറ്റം അന്ന് പട്‌വര്‍ദ്ധന്റെ കൂടെ വന്ന ഒഡേസ പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നു. അവര്‍ എല്ലായിടത്തും നടന്നു. വര്‍ത്തമാനം പറഞ്ഞു. നാടോടി സിനിമ എന്ന സങ്കല്പത്തെ, ടൂറിങ്ങ് ടാക്കീസുകള്‍ക്ക് വളരെ ശേഷം, ആധുനികമായി ഉറപ്പിയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ജനതയ്ക്ക് മനസ്സായിരുന്നു വെള്ളിത്തിര, ഇച്ഛാശക്തിയായിരുന്നു മൂലധനം.

തെരുവു നാടകം പോലെ, ദരിദ്ര നാടകവേദി പോലെ, നമുക്കൊരു സിനിമാവേദി വേണം. വിദ്യാലയങ്ങളിലൂടെ, ലൈബ്രറികളിലൂടെ, തൊഴില്‍ശാലകളിലൂടെ കയറിയിറങ്ങുന്ന അനേകം സിനിമാവേദികള്‍. സിലബസ്സിനു പുറത്തൊരു സിലബസ്സായി, ഒരു പ്രതിസംസ്കാര സന്ദേശമായി അത് കുഞ്ഞുങ്ങളിലൂടെ, വൃദ്ധരിലൂടെ, സ്ത്രീകളിലൂടെ പുരുഷന്മാരിലൂടെ, മനുഷ്യകുലത്തിന്റെ വിവിധ അതിരുകളിലൂടെ കടന്നു പോകണം. പുതിയ പുതിയ പൊതുസ്ഥലങ്ങള്‍ നിര്‍മ്മിക്കണം. പുതിയൊരു മാധ്യമപ്രവര്‍ത്തനമാകണം. സംസ്കാര വ്യവസായത്തിന്റെ കരുത്തിനെ അടിയില്‍ നിന്നു ചെറുക്കണം. ടി.വിയും പരസ്യങ്ങളും തങ്ങളെ എങ്ങനെ വലിയ ഉപഭോക്താക്കളായി തീര്‍ക്കുന്നു എന്ന് ഏവര്‍ക്കും തിരിച്ചറിയാവുന്ന വിധം. സംസ്കാരത്തിന്റെ പാഠപുസ്തകമാണ് സിനിമയെങ്കില്‍ ‘നാടോടുന്ന സിനിമ’ ഒരു ബദല്‍ വിദ്യാലയമാണ്.

പി. എന്‍ ഗോപീകൃഷ്ണന്‍

കൊടുങ്ങല്ലൂരില്‍ ജനനം. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ജോലി ചെയ്യുന്നു. കെ. എന്‍ പണിക്കരുടെ ‘സംസ്കാരവും ദേശീയതയും’ പി. എസ്. മനോജ് കുമാറുമൊത്ത് മലയാളത്തിലാക്കിയിട്ടുണ്ട്. മടിയന്മാരുടെ മാനിഫെസ്റ്റോ എന്ന കവിതാസമാഹാരം കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു.

വിലാസം: പി. എന്‍ ഗോപീകൃഷ്ണന്‍, കെ. എസ്. എഫ്. ഇ. ശക്തന്‍ തമ്പുരാന്‍ നഗര്‍, തൃശൂര്‍ - 21
ഫോണ്‍: 9447375573

Subscribe Tharjani |