തര്‍ജ്ജനി

സാമൂഹികം

പനിക്കുന്ന കേരളം

കേരളത്തില്‍ പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഏകദേശം മൂന്ന് മാസം ആകുന്നു. ഒരു പ്രദേശത്തെ മുഴുവന്‍ മാനസികവും ശാരീരികവും സാമ്പത്തികവുമായി തളര്‍ത്തി പടര്‍ന്നു പിടിച്ച ഒരു രോഗത്തെ തീര്‍ത്തും അലക്ഷ്യമായും അശ്രദ്ധമായുമാണ് ബന്ധപ്പെട്ട അധികാരികള്‍ കൈകാര്യം ചെയ്തത്.

ആരോഗ്യ-ശുചിത്വബോധത്തില്‍ വികസിതരാജ്യങ്ങള്‍ക്ക് ഒപ്പം നില്ക്കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പകര്‍ച്ചപ്പനികളും അതു മൂലമുള്ള മരണവും ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതെന്നത് വൈരുദ്ധ്യമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. കുറഞ്ഞ ശിശുമരണനിരക്ക്, ഉയര്‍ന്ന ആയുര്‍‌ദൈര്‍ഘ്യം എന്നിവ മാത്രമല്ല, ഉയര്‍ന്ന ആളോഹരി മരുന്നുപയോഗം, ഉയര്‍ന്ന ആശുപത്രിസാന്ദ്രത, ഏറ്റവും കൂടുതല്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍, ഏറ്റവും കൂടുതല്‍ പ്രമേഹബാധിതര്‍ എന്നിവയും കേരളത്തിന്റെ സ്വന്തം. ഇതിനോടൊപ്പമാണ് ആരോഗ്യരംഗത്തെ സ്വാശ്രയ-സ്വകാര്യമേഖലകളുടെ സാമ്പത്തികതാല്പര്യങ്ങള്‍, വളരെ വൈകി മാത്രം ചലിച്ചു തുടങ്ങുന്ന ഭരണകൂടസംവിധാനം, ആരോഗ്യസേവനമേഖലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം, സാമൂഹികശുചിത്വബോധത്തില്‍ ഉദാസീനത, അമിതമായി മരുന്നുപയോഗിക്കാനുള്ള പ്രവണത തുടങ്ങിയ അസുഖകരമായ പ്രശ്നങ്ങള്‍ ചേര്‍ത്തു വായിക്കേണ്ടത്. ഇതൊക്കെയാണോ ആരോഗ്യത്തിന്റെ മാനദണ്ഡങ്ങള്‍? ആരാണ് നമ്മെ നിത്യരോഗികളും മരുന്നുതീനികളുമാക്കി മാറ്റിയത്?

ചിക്കുന്‍‌ഗുനിയയും ചികിത്സയും

ജലദോഷം മുതല്‍ എയ്‌ഡ്‌സ് വരെയുള്ള വൈറല്‍ രോഗങ്ങള്‍ക്ക് എന്ന പോലെ തന്നെ ചിക്കുന്‍‌ഗുനിയയ്ക്കും ആധുനികവൈദ്യശാസ്ത്രത്തില്‍ മരുന്നും ചികിത്സയും ഇല്ല. ഇതറിയാമെങ്കിലും വ്യാപകമായി വേദനസംഹാരികളും ശക്തമായ ആന്റിബയോട്ടിക്കുകളും സ്റ്റീറോയിഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നല്കിയായിരുന്നു ചികിത്സ. ഇവയില്‍ പലതും ആരോഗ്യവാനായ വ്യക്തികളില്‍ പോലും മാരകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. നല്ലൊരു ശതമാനം രോഗികളുടെയും മരണകാരണം യഥാര്‍ത്ഥത്തില്‍ അമിതവും അനാവശ്യവുമായ മരുന്നു പ്രയോഗമായിരുന്നു. അലോപ്പതിയില്‍ മരുന്നില്ല എന്നറിയുമ്പോള്‍ തന്നെ ഹോമിയോപ്പതി, ആയുര്‍വേദം തുടങ്ങിയ ചികിത്സാപദ്ധതികളുമായി ബന്ധപ്പെട്ട് രോഗികള്‍ക്ക് ചികിത്സ എത്തിച്ചുകൊടുക്കുവാന്‍ ഗുരുതരമായ കാലതാമസം നേരിട്ടു. അടിയന്തരഘട്ടങ്ങള്‍ മറികടക്കാന്‍ ദ്രുതകര്‍മ്മസേന, ബോധവല്‍ക്കരണത്തിനും വിവരവിനിമയത്തിനും മാസ് മീഡിയാ ഡിവിഷന്‍, സാധാരണ ഹെല്‍ത്ത് വര്‍ക്കറില്‍ തുടങ്ങി ഡയറക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥവിഭാഗം മുതലായ സംവിധാനങ്ങളെയൊന്നും സമയോചിതമായി ചലിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. കേന്ദ്ര ആരോഗ്യ ഏജന്‍സികളുടെയും ലോകാരോഗ്യസംഘടനയുടെയും മുന്നറിയിപ്പുകള്‍ നേരത്തെ തന്നെ ഉണ്ടായിട്ടും മുന്‍‌കരുതലുകള്‍ സ്വീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഭരണകൂടസംവിധാനങ്ങളുടെ ഭാഗത്തു നിന്ന് കുറ്റകരമായ അനാസ്ഥയും അവഗണനയും ഉണ്ടായി.

കൊതുകുനിവാരണം, പരിസരം വൃത്തിയാക്കല്‍ ബോധവത്കരണം, സെമിനാറുകള്‍, ലഘുലേഖാ വിതരണം തുടങ്ങിയ ചില മിനുക്കുപണികള്‍ ചെയ്താണ് നമ്മുടെ ആരോഗ്യവകുപ്പ് കൃത്യനിര്‍വ്വഹണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കുന്നത്. കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന കാതലായ പ്രശ്നങ്ങള്‍ എന്താണെന്ന് പഠിക്കുവാനോ പരിഹരിക്കാനോ ഇപ്പോഴും ശ്രമങ്ങളൊന്നും ആരംഭിച്ചിട്ടില്ല.

മാധ്യമങ്ങളുടെ ആഘോഷം

ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥന്മാരുടെയും പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്ത് ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളുകയാണ് ഒരു ജനാധിപത്യരാജ്യത്തെ മാധ്യമങ്ങളുടെ കടമ. ആ നിലയ്ക്ക് മാധ്യമങ്ങള്‍ ഒരു ദയനീയ പരാജയമായിരുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഏത് ദുരന്തത്തെയും പൈങ്കിളിവത്കരിച്ച്, വാര്‍ത്തകളും വിശേഷങ്ങളും മാത്രമായിക്കാണുകയും കച്ചവടം കൂട്ടാനുള്ള തന്ത്രങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്ന മാധ്യമഭീകരതയായിരുന്നു നമുക്ക് കാണാന്‍ കഴിഞ്ഞത്. മരണത്തിന്റെയും രോഗത്തിന്റെയും കഥകള്‍ ആലങ്കാരികമായി വരച്ചുകാട്ടി നടത്തി മത്സരം രോഗികളുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുകയും ഒരു ചെറിയ പനി വരുമ്പോള്‍ തന്നെ രോഗികളെ ഏറ്റവും മുന്തിയ അറവുശാലകളായ സ്വകാര്യ ആശുപത്രികളിലേക്ക് ആട്ടിത്തെളിക്കാന്‍ സഹായിക്കുകയുമാണ് ചെയ്തത്. ചികിത്സയില്ലാത്ത രോഗമെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോള്‍ അതേപടി പകര്‍ത്തുന്ന സുരക്ഷിതമാധ്യമപ്രവര്‍ത്തനത്തിന്റെ വഴിയാണ് മിക്കവരും സ്വീകരിച്ചത്.

മറ്റു ചില പ്രശ്നങ്ങള്‍

നഗരവത്കരണത്തിന്റെ ഭാഗമായി ഏറിക്കൊണ്ടിരിക്കുന്ന ഖരമാലിന്യങ്ങളുടെ സംസ്കരണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കെട്ടിടനിര്‍മ്മാണത്തിനും മറ്റുമായി കരപ്രദേശം കുഴിച്ച് മണ്ണെടുക്കുന്ന ശക്തമായ ഒരു ലോബി ഇവിടെ വ്യാപകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കരമണല്‍ഖനനം മൂലം പുതിയ കുളങ്ങള്‍ രൂപം കൊള്ളുകയും പാരിസ്ഥിതികമായ ആഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ കൃത്രിമമായി കുളങ്ങള്‍ ഉണ്ടാക്കുകയും കൊതുകിന്റെയും രോഗത്തിന്റെയും പേര് പറഞ്ഞ് പ്രകൃതിദത്തമായ കുളങ്ങളും തടാകങ്ങളും രാസ-വിഷമരുന്നുപ്രയോഗങ്ങളിലൂടെ മലിനമാക്കപ്പെടുകയും ചെയ്യുന്നു.

ഓര്‍ഗനോ ഫോസ്ഫേറ്റ് വിഭാഗത്തില്‍ പെടുന്ന രാസവസ്തുവാണ് കൊതുകുനാശിനിയായി ഉപയോഗിക്കുന്ന മാലത്തിയോണ്‍. ഇതു തളിക്കുമ്പോള്‍ കൊതുക് മാത്രമല്ല ആര്‍തോപോഡ വിഭാഗത്തില്‍ പെട്ട മറ്റെല്ലാജീവികളും ഒട്ടനവധി സൂക്ഷ്മജീവികളും കൂടിയാണ് നശിക്കുന്നത്.

കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മന്ത്പ്രതിരോധ ഗുളിക കഴിച്ചിട്ടുള്ളത് ആലപ്പുഴയിലുള്ളവരാണ്. ഈ ഗുളികയുടെ (D. E. C) തുടര്‍ച്ചയായ ഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പഠിക്കേണ്ടതാണ്.

ഭരണകൂടം സംരക്ഷിക്കുന്നത് ആരുടെ താത്പര്യങ്ങളെ?

കൃത്യമാ‍യ ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് കേന്ദ്രമന്ത്രിയും കേന്ദ്രസംഘവും കേരളത്തിലേക്ക് പറന്നിറങ്ങിയത്. അതുകൊണ്ട് പ്രാ‍ഥമികാന്വേഷണത്തില്‍ തന്നെ മരണം ചിക്കുന്‍‌ഗുനിയ മൂലമല്ല എന്ന് യാതൊരു സംശയവും കൂടാതെ പ്രഖ്യാപനം നടക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ആകട്ടെ രോഗികള്‍ക്ക് കൊടുത്ത മരുന്നുകളെക്കുറിച്ചും ഡോസിനെക്കുറിച്ചും അന്വേഷിക്കണമെന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ആ വഴിക്ക് എന്തെങ്കിലും നീക്കങ്ങളുണ്ടായതായി അറിവില്ല.

മരിച്ച രോഗികളില്‍ നിന്ന് ശേഖരിച്ച രക്തസാമ്പില്‍ പൂനെയിലോ ഹൈദ്രാബാദിലോ ഉള്ള പരീക്ഷണശാലകളില്‍ അയച്ച് രോഗാണുനിര്‍ണ്ണയം നടത്തിയാല്‍ മാത്രമേ ഉവരുടെ രോഗം ചിക്കുന്‍‌ഗുനിയ ആണോ അല്ലയോ എന്ന് അറിയാന്‍ പറ്റുകയുള്ളൂ. അപ്പോഴും ഈ രോഗം മൂലമാണ് മരിച്ചതെന്ന് പറയാന്‍ പറ്റില്ല. അതിന് പോസ്റ്റ് മോര്‍ട്ടം നടത്തണം. അത്തരത്തില്‍ ഒരു പോസ്റ്റ്മോര്‍ട്ടം പോലും നടന്നതായി അറിവില്ല. അങ്ങനെ ആഴ്ചകള്‍ വൈകി മാത്രം പറയാന്‍ കഴിയുന്ന ഒരു കാര്യം ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം നടത്തി നിഷേധിക്കുമ്പോള്‍ തന്നെ ഭരണകൂടത്തിന്റെ ചില താല്പര്യങ്ങള്‍ മറനീക്കി പുറത്തു വരുന്നതു കാണാം.

കേരളത്തില്‍ അപകടകരമായ വേഗതയില്‍ വളര്‍ന്ന് വരുന്ന തീരദേശടൂറിസത്തിന്റെ പറുദീസയാണ് ആലപ്പുഴ ജില്ല. ഇവിടെ കോടികള്‍ മുടക്കി ഡോളറുകള്‍ തിരിച്ചു പിടിക്കാന്‍ കാത്തിരിക്കുന്ന സമ്പന്നന്റെ താല്പര്യസംരക്ഷണത്തിന് 130 ദരിദ്രനാരായണന്മാരുടെ മരണത്തെക്കാള്‍ വിലയുണ്ട്. അന്താരാഷ്ട്ര ടൂറിസം കമ്പനികളും വിമാനക്കമ്പനികളും വച്ചു നീ‍ട്ടുന്ന പ്രലോഭനങ്ങള്‍ക്ക് വിലയുണ്ട്. വിദേശടൂറിസ്റ്റുകളും ഓപ്പറേറ്റര്‍മാരും ഇന്ത്യയിലേക്ക് എറിയുന്ന നക്കാപ്പിച്ചയ്ക്ക് തടസ്സം വരാതിരിക്കാനാണ് ഇത്രയും പെട്ടെന്നുള്ള നിഗമനങ്ങളും കണ്ടുപിടുത്തങ്ങളും. അല്ലാതെ ജനങ്ങളുടെ ആരോഗ്യത്തിലും നന്മയിലുമാണ് ശ്രദ്ധയെങ്കില്‍ ആദ്യം ചെയ്യേണ്ടത് ആഗോളകുത്തക മരുന്നുകമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള മാര്‍ക്കറ്റ് മാത്രമായി മൂന്നാംലോകരാജ്യങ്ങളെ മാറ്റുന്ന നയങ്ങള്‍ മാറ്റിയെഴുതുകയാണ്.

ദുരന്തങ്ങള്‍ ശിരസ്സിലേറ്റുന്നവര്‍

ദുരന്തങ്ങളെ മാര്‍ക്കറ്റ് ചെയ്യുന്ന കെട്ടകാലത്തില്‍ പ്രതിഷേധിക്കാന്‍ പോലും മറന്നു പോകുന്ന ഒരു തലമുറയുടെ നിര്‍ഗുണപ്രതിനിധികളാണ് നാം. അതുകൊണ്ട് തന്നെ തൊണ്ണൂറുകള്‍ക്ക് ശേഷം കേരളത്തില്‍ ഉണ്ടായിട്ടുള്ള മുഴുവന്‍ ദുരന്തങ്ങളെയും ബഹുരാഷ്ട്രകുത്തകക്കമ്പനികള്‍, ഭരണകൂടത്തിന്റെ ഒത്താശയോടെ, അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങളെ സംരക്ഷിക്കാനുള്ള ഉപാധിയാക്കി മാറ്റിയിട്ടുണ്ട്. ദുരന്തഭൂമികളിലേക്ക് സന്നദ്ധസംഘടനകളുടെ കടന്നു കയറ്റം, സഹായവാഗ്ദ്ധാനം, അതിന്റെ പേരില്‍ കോടികളുടെ കച്ചവടം, പഠനം, ചര്‍ച്ച, ഉപകരണങ്ങള്‍ വാങ്ങാനുള്ള ദര്‍ഘാസ്... അങ്ങനെ നീളുന്നു ലാഭക്കൊതിയും ആര്‍ത്തിയും പൂണ്ട തമ്പ്രാക്കന്മാരുടെ നീക്കങ്ങള്‍. നമ്മളോ, എന്തും ഒരെതിര്‍പ്പും സംശയവും കൂടാതെ ഏറ്റുവാങ്ങുന്ന ദാസ്യമനസ്ഥിതിയുടെ പൊന്തന്മാടകള്‍.

ഓരോ ദുരന്തങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്പോളമനസ്സിനെ തിരിച്ചറിയുന്ന ചെറുത്തു നില്പ് സംഘങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ എന്ന പോലെ കേരളത്തിലും ശക്തമാകുന്നു എന്നത് മാത്രമാണ് ഏകപ്രതീക്ഷ. മനുഷ്യനാണ് ഭൂമിയിലെ സര്‍വ്വചരാചരങ്ങളുടെയും കേന്ദ്രമെന്നും അവനുവേണ്ടി മാത്രമുള്ളതാണ് മറ്റ് ജീവജാലങ്ങളും പ്രകൃതിവിഭവങ്ങളും എന്ന തോന്നല്‍ തന്നെയാണ് അപകടങ്ങളുടെ കേന്ദ്രബിന്ദു. ജൈവവൈവിദ്ധ്യങ്ങള്‍ക്ക് ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥകള്‍ക്ക് പുറമേ ഇവയെ ചൂഷണം ചെയ്ത് കൊഴുക്കുന്ന ന്യൂനപക്ഷവും ഇരകളാക്കപ്പെട്ട് സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്നവരും തമ്മിലുള്ള അസമത്വവും അന്തരവും കൂടുന്നതോടെ അസംഖ്യം സംഘര്‍ഷങ്ങളും ഉടലെടുക്കുന്നു. ഭ്രാന്ത് പിടിച്ച ഉപഭോഗസംസ്കാരവും ഉപയോഗിച്ച് വലിച്ചെറിയുക എന്ന മുതലാളിത്തമനഃസ്ഥിതിയും മൂലം പ്രകൃതിയിലും ജീവജാലങ്ങളിലും ഉണ്ടായിട്ടുള്ള അപകടകരമായ മുറിവുകളും മനുഷ്യനിലുണ്ടായിട്ടുള്ള ശാരീരിക-മാനസിക-സാമൂഹിക സമ്മര്‍ദ്ദങ്ങളും മനുഷ്യന്റെ സഹജമായ പ്രതിരോധശേഷിയെ സാരമായി ബാധിച്ചു. ജീവിതശൈലിയിലും ആഹാരരീതിയിലും ഉണ്ടായ സംസ്കാരികവ്യതിയാനങ്ങളും പുതിയ പുതിയ രോഗങ്ങളും ദുരന്തങ്ങളും പകരുവാനും ആവര്‍ത്തിക്കുവാനും കാരണമായിട്ടുണ്ട്. ജലം, ഭൂമി, വനം, വായു തുടങ്ങി എല്ലാ വിഭവങ്ങളും മനുഷ്യനു മാത്രമുള്ളതല്ലെന്നും ചെറുതും വലുതുമായ അനേകം ജീവജാലങ്ങളുടേത് കൂടിയാണെന്നും നമ്മുടെ ആര്‍ത്തികള്‍ കൊണ്ട് മലിനമാക്കുന്നതും നിഷേധിക്കുന്നതും വരും തലമുറകളുടെ അവകാശമാണെന്നും മറക്കാന്‍ പാടില്ല. വിഷമരുന്നുകളും പകര്‍ച്ചവ്യാധികളും പെരുമഴയായി പെയ്യാത്ത പുതിയൊരു ലോകത്തിനായ് ഒരുമിച്ച് നില്ക്കുന്നതിന് ഒപ്പം തന്നെ വ്യക്തികള്‍ ആശയ-ആദര്‍ശശുദ്ധിയില്‍ അധിഷ്ഠിതമായ ഒരു ജീവിതക്രമം ബോധപൂര്‍വ്വം വികസിപ്പിച്ചെടുത്തെങ്കില്‍ മാത്രമേ ഈ പ്രതിസന്ധികള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ.

“പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം
അണുനിലയം യുദ്ധവും
ഇനി നമുക്കീ മണ്ണില്‍
വേണ്ടെന്നൊരു മനസ്സായി ചൊല്ലിടാം
വികസനം മര്‍ത്ത്യമനസ്സി-
ന്നടിയില്‍ നിന്നു തുടങ്ങണം
വികസനം അത് നന്മ പൂക്കും
ലോകസൃഷ്ടിക്കായിടാം.”

കനവിലെ ഉണര്‍ത്തുപാട്ട്

ഡോ. ഹരി പി. ജി.
വയനാട് മനുഷ്യാവകാശ സാംസ്കാരിക വേദി
കമ്പളക്കാട്
Subscribe Tharjani |