തര്‍ജ്ജനി

സിനിമ: ഒളിച്ചേ.. കണ്ടേ..

oliche kande

ഹ്രസ്വചിത്രങ്ങളുടെ വിഭാഗത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന ഫിലിം ക്രിട്ടിക്ക്‌ അവാര്‍ഡ്‌ നേടിയ 'ഒളിച്ചേ കണ്ടേ' എന്ന സിനിമ ഈയടുത്ത്‌ തൃശ്ശൂരില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ചന്ദ്രമോഹന്‍ പനങ്ങാട്‌ നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌ എം ജി ശശിയാണ്‌. അദ്ദേഹത്തിന്റെ 'കനവു മലയിലേയ്ക്ക്‌' എന്ന ചിത്രം ഏറ്റവും മികച്ച ഡോക്കുമെന്ററി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ നേടിയിരുന്നു. ആദിവാസി കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കാനുള്ള കെ.ജെ.ബേബിയുടെ ശ്രമങ്ങളും കനവും ആയിരുന്നു അതിലെ പ്രതിപാദ്യം. ഈ ഡോക്കുമെന്ററി കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഭാരതത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. അതിനുശേഷം മിനി സ്ക്രീനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എം.ജി.ശശി ഇപ്പോള്‍ മറ്റൊരു ഹ്രസ്വ ചിത്രത്തിന്റെ കൂടി പണിപ്പുരയിലാണു്‌.

മരണമാണ്‌ 'ഒളിച്ചേ കണ്ടേ' എന്ന സിനിമയുടെ പ്രമേയം. 'ജീവിതത്തോടുള്ള പ്രണയമാണു്‌ എന്നെ ഇത്തരമൊരു സിനിമ എടൂക്കാന്‍ പ്രേരിപ്പിച്ചത്‌' തന്റെ അനന്തിരവളുടെ മരണം ഓര്‍മ്മിച്ചുകൊണ്ട്‌ ശ്രീ ശശി പറയുന്നു. 'മരണത്തോട്‌ പലരും പല രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്‌. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുടെ മനസ്സിലേയ്ക്ക്‌ കുടിയേറുന്നു' എന്നതാണു്‌ സിനിമയുടെ കാതല്‍. വൈശാഖന്റെ ഒരു ചെറുകഥയെ അടിസ്ഥാനമാക്കിയാണു സിനിമയുടെ തിരക്കഥ.

മരണമാണു പ്രമേയമെങ്കിലും സിനിമയിലൊരിക്കലും മരണമോ മരണാനന്തര ചടങ്ങുകളോ കടന്നുവരുന്നില്ല. ഏക മകളുടെ വിയോഗമുണ്ടാക്കുന്ന ഏകാന്തതയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന മതാപിതാക്കളിലാണ്‌ ഈ ചിത്രം തുടങ്ങുന്നത്‌. വീട്‌ അനാഥമാക്കിക്കൊണ്ട്‌, അവരുടെ ജീവന്റെ അഴകും അര്‍ത്ഥവുമായിരുന്ന മാളു യാത്രയാവുമ്പോള്‍, ആ കടുത്ത യാഥാര്‍ത്ഥ്യം അവര്‍ക്ക്‌ അംഗീകരിക്കുവാനാകുന്നില്ല. നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയെ പൊടുന്നനവേ അപകടം വന്ന് തട്ടിയെടുക്കുമ്പോള്‍, പകച്ചു നിന്നുപോകുന്ന അച്ഛനമ്മമാര്‍.

മരണം പഞ്ചഭൂതങ്ങളിലേയ്ക്കുള്ള തിരിച്ചുപോക്കാണെന്ന ഭാരതീയ സങ്കല്‍പ്പമാണു ഈ സിനിമയുടെ ദര്‍ശനം. മരണം തത്വചിന്തയില്‍ ഒരു നഷ്ടമോ നിഷേധമോ അല്ല. ഒരു ഗ്രാമീണ പശ്ഛാത്തലത്തില്‍ നിന്നും രംഗത്തേയ്ക്ക്‌ വരുന്ന മാളു. പ്രകൃതിയുടെ സംഗീതം. പുലരിയില്‍ ലളിത താളങ്ങളുടെ അകമ്പടിയില്‍ ഗ്രാമീണ സൌന്ദര്യം വിരിഞ്ഞുവരുന്നു. മാളു പ്രകൃതിയുടെ ഒരു ഭാഗം പോലെ. പഴക്കവും പാരമ്പര്യവുമുള്ള കൊട്ടാര സദൃശ്യമായ വീട്‌ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു. പക്ഷെ അവരുടെ മകള്‍ ഇപ്പോഴും അവരുടെ ജീവിതത്തിന്റെ ഭാഗമായി തുടരുന്നു.

എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍, പ്രിയപ്പെട്ടവരുടെ മരണം, വേര്‍പാട്‌ അംഗീകരിക്കുന്നതുവരെ നമ്മുടെ മനസ്സിന്റെ താളം തെറ്റിക്കുന്നു. മരണം ഒരു സത്യമായി അംഗീകരിക്കാത്ത ഒരു മാനസികാവസ്ഥയിലാണ്‌ കഥ കേന്ദ്രീകരിച്ചിരിക്കുന്നത്‌. യാഥാര്‍ത്ഥ്യം മനസ്സിനു അംഗീകരിക്കാനാവാതെ വരുമ്പോള്‍ ഭാവനകള്‍ മാനസിക വിഭ്രാന്തികളാകുന്നു. അച്ചുതന്‍ കുട്ടിയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകളായ മാളു മരിച്ചിട്ട്‌ 18 ദിവസം കഴിയുന്നു. പക്ഷെ അവര്‍ക്ക്‌ ഇപ്പോഴും അടുത്തുണ്ട്‌, കുന്നിന്‍ ചെരിവുകളില്‍ ആട്ടികുട്ടിയ്ക്കൊപ്പം ഓടിക്കളിച്ചും ഒളിച്ചു കളിച്ചുകൊണ്ടും അവള്‍ അദൃശ്യസാന്നിദ്ധ്യമായി തുടരുന്നു. സ്ക്കൂള്‍ ജീവിതത്തിന്റെ മധുരസ്മരണകളുമായി, അവയെ വര്‍ത്തമാനവുമായി താരതമ്യപ്പെടുത്തിക്കൊണ്ട്‌ അവള്‍ അച്ഛനൊപ്പം നഗരത്തിലേയ്ക്ക്‌ പോകുന്നു.

ജീവിതം എന്തു മാത്രം മാറിപ്പോവുന്നു എന്ന്‌ അവര്‍ക്കൊപ്പം പട്ടണത്തിലെത്തുന്ന നാം മനസിലാക്കുന്നു. ശാന്തമായ ജീവിതത്തിനു നിറം കൊടുക്കുന്ന ഒന്നും അവിടെയില്ല. നഗരവാസിയുടെ നിര്‍ജ്ജീവത എവിടെയും കരിനിഴല്‍ വിതയ്ക്കുന്നു. അച്ചുതന്‍ കുട്ടിയുടെ വിഭ്രമങ്ങളിലൂടെ മാളു മരിച്ച അപകടം ചിത്രീകരിക്കുമ്പോള്‍, മുതിര്‍ന്നവരുടെ നിസ്സംഗമായ ഇടപെടലുകളില്‍ കുട്ടികളുടെ ജീവിതം കൂടുതല്‍ അസാധ്യമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ദുരന്തം കൂടി നമ്മെ അനുഭവിപ്പിയ്ക്കുകയാണ്‌ ഈ ചലച്ചിത്രം. സിനിമയുടെ തുടക്കത്തില്‍, അപകടത്തില്‍ കുടുങ്ങിയ കുട്ടികളുടെ ദുരന്തവാര്‍ത്ത പത്രത്തില്‍ വായിച്ചിരിക്കുന്ന അച്ചുതന്‍ കുട്ടിയുമായും ഈ സംഭവം ബന്ധിക്കപ്പെട്ടിരിക്കുന്നു. അപകടത്തിന്റെ ചിത്രീകരണം ചിത്രത്തിലെ ഒരു വഴിത്തിരിവാണു്‌. അപ്പോള്‍ മാത്രമാണ്‌ അതുവരെയുള്ള സംഭവങ്ങളെല്ലാം ഒരു മായ മാത്രമായിരുന്നു എന്നു നമ്മള്‍ മനസ്സിലാക്കുന്നത്‌. എന്നിട്ടും അച്ഛനും മകളും സ്കൂളിലേയ്ക്കുള്ള യാത്ര തുടരുകയാണു്‌, മാളു ജീവിച്ചിരിക്കുമ്പോഴെന്ന പോലെ.

സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ പരിഹാസത്തിന്റെ കറുത്ത ചിരിയുതിര്‍ക്കുന്ന മാളുവിന്റെ ഇംഗ്ലീഷ്‌ മീഡിയം സ്ക്കൂള്‍. അതു മാത്രമല്ല, നമ്മുടെ നീതിന്യായ വ്യവസ്ഥിതിയെയും ഈ സിനിമ ചോദ്യം ചെയ്യുന്നു. ഇന്നത്തെ നീതിന്യായ വ്യവസ്ഥ പണത്തിനു അടിമയായിരിക്കുകയാണു. വര്‍ത്തമാനകാലത്തെ സമൂഹത്തിന്റെ അത്യാഗ്രഹത്തെ ചോദ്യം ചെയ്യുകയാണു ഈ സിനിമയിലൂടെ. കരുണ ഒരു പരിഹാസപാത്രമാവുകയും നീതി കുരയ്ക്കുന്ന പട്ടിയുടെ ഒരു ചിത്രം പോലെ നിഷ്ക്രിയമാവുകയും ചെയ്യുന്നു.

മകളുടെ അപകടമരണത്തിനു നഷ്ടപരിഹാരം വാങ്ങാന്‍ നഗരത്തിലെത്തുന്ന അച്ചുതന്‍കുട്ടി, മകളുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ അവളുടെ സ്കൂളില്‍ ഒരു എന്‍ഡോവ്മെന്റ്‌ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നു. എന്നാല്‍ നഷ്ടപരിഹാരത്തിന്റെ സാന്ത്വനം ഒരു മരീചികപോലെ അപ്രത്യക്ഷമാവുകയാണു. തന്റെ മകളുടെ മരണം നികത്താനാവാത്ത ഒരു നഷ്ടമാണെന്ന്‌ ആ അച്ഛന്‍ മനസ്സിലാക്കുന്നു. അച്ഛനു ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത എവിടെയോ മകള്‍ ഒളിച്ചിരിക്കുന്നു. തിരിച്ച്‌ വീട്ടിലെത്തുന്ന അച്ഛന്‍, മകളുടെ ഉപയോഗിക്കാത്ത ഉടുപ്പുകള്‍ താലോലിക്കുന്ന അമ്മയെയാണ്‌ കാണുന്നത്‌. പതിയെ അച്ഛനും അമ്മയും മകളുടെ വിയോഗം അംഗീകരിച്ച്‌ ഒരു നഷ്ടപരിഹാരവും അതിനു പരിഹാരമവില്ലെന്നും മനസ്സിലാക്കുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വാതില്‍ അടയ്ക്കുന്ന മകള്‍. അവള്‍ അസ്തമന സൂര്യനിലേയ്ക്ക്‌ ലയിക്കുകയാണു്‌.

തികച്ചും അതുല്യമാണു സിനിമയുടെ ഘടന. ദു:ഖാര്‍ത്തരായ മാതാപിതാക്കളുടെ മനസ്സിലെ വിഭ്രാന്തി സാങ്കല്‍പ്പിക യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കുകയാണീ സിനിമ. വെറും പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ്‌ ഈ സിനിമയിലൂടെ എം.ജി.ശശി അവതരിപ്പിയ്ക്കുന്നത്‌, സൂര്യോദയം മുതല്‍ അസ്തമനം വരെ. വീട്ടില്‍ നിന്നും നഗരത്തിലേയ്ക്കും തിരിച്ചുമുള്ള യാത്ര ജീവിതയാത്രയായും യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള വളര്‍ച്ചയായും ചിത്രീകരിച്ചിരിക്കുന്നു. യാത്രയിലെ ദുരിതങ്ങളെ ലഘൂകരിക്കുന്ന താങ്ങും തണലും ഇവിടെ യാത്രക്കാര്‍ക്ക്‌ നിരസ്സിയ്ക്കപ്പെടുന്നു. ജീവിതം ദുര്‍ഘടമാണു്‌, നാറാണത്ത്‌ ഭ്രാന്തന്റെ ചിരിയാവണം ജീവിതത്തോടുള്ള സമീപനം എന്നതാണു സിനിമയുടെ സന്ദേശം.

അച്ഛന്റെ വേഷത്തില്‍ റ്റി. ജി. രവി അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയാണു്‌. മാളുവായി വരുന്ന ജാനുക്യഷ്ണ ഒരു അനുഗ്രഹീത ബാലപ്രതിഭയാണെന്നതില്‍ സംശയമില്ല. സിനിമയിലെ ബാക്കിയുള്ള എല്ലാവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു. വീട്ടിലെ ഒരംഗത്തെപ്പോലെ, വാതില്‍പ്പടിയിലുള്ള കുടയും ഇവിടെ ഒരു കഥാപാത്രമായി മാറുന്നു. യാത്രയുടെ തുടക്കത്തില്‍ മാളു കുടയെടുക്കുകയും യാത്രയിലുടനീളം അവര്‍ക്കിടയില്‍ അവരെ പരസ്പരം ബന്ധിപ്പിയ്ക്കുന്ന ഒരു കണ്ണിയായി കുട മാറുകയും ചെയ്യുന്നു. ഒടുവില്‍ അച്ചുതന്‍കുട്ടിയുടെ വിഭ്രാന്ത സ്വപ്നങ്ങളില്‍ മാളു തന്നെ അപകട സ്ഥലത്തുനിന്നു കണ്ടെടുക്കുന്ന കുട വാതില്‍പ്പടിയില്‍ തിരികെ തൂക്കുകയും ചെയ്യുന്നു, അവള്‍ക്ക്‌ പകരമെന്നോണം.

അതിസൂഷ്മമായി ചിത്രസംയോജനം നടത്തിയിരിക്കുന്ന ഈ സിനിമയുടെ പശ്ഛാത്തല സംഗീതം ശ്യാം ധര്‍മ്മന്റെതാണു്‌. കേരളത്തിന്റെ ഹരിതമനോഹാരിത ഒരു കവിത പോലെ കാട്ടിത്തരുന്ന ക്യാമറയും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

പത്മ ജയരാജ്‌, padmajayaraj@sancharnet.in
മൊഴിമാറ്റം: ഉല്ലാസ് കുമാര്‍, ullas.kumar@gmail.com