തര്‍ജ്ജനി

സാമൂഹികം

സ്വാശ്രയകോളേജു വിവാദം - ചില കപട നാടകങ്ങള്‍.

ഗുരുതരമായ സാമൂഹിക അസമത്വങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വിദ്യാസമ്പന്നര്‍ക്ക് മാത്രം പ്രാപ്യമാകുന്ന ഒരു വസ്തുവായി പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷത്തിലാണ് നാം. സമൂഹത്തിലെ മറ്റേതൊരു തുറയിലുമെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവ് അനുദിനം വികസിക്കുകയാണ്. അറിവ് പൂണൂല്‍ ധരിച്ച ബ്രാഹ്മണനു മാത്രം അനുവദിക്കപ്പെട്ടിരുന്ന ഇവിടെ, കൊളോണിയല്‍ വാഴ്ചയോടു കൂടിയാണ് അതു ലംഘിക്കപ്പെടുന്നത്. പുത്തന്‍ അധിനിവേശശക്തികള്‍ക്ക് തങ്ങളുടെ ഭരണസംവിധാനം ചലിപ്പിക്കുന്നതിനാവശ്യമായ ഒരു ‘ഗുമസ്തപ്പട’യെ സൃഷ്ടിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. അദ്ധ്വാനത്തെയും മണ്ണില്‍ പണിയെടുക്കുന്ന വര്‍ഗത്തെയും പുച്ഛിക്കുന്ന, നിരസിക്കുന്ന വരേണ്യ വര്‍ഗ മൂല്യങ്ങളാണ് ഇവ ഉത്പാദിപ്പിച്ചിട്ടുള്ളത്.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം എല്ലാവിധ അധീശത്വങ്ങളില്‍ നിന്നുമുള്ള വിമോചനമാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തില്‍ നിന്ന് നേരിട്ട് ഉയരുന്നതാണ്. നൂറ്റാണ്ടുകളായി വിശാലജനത എല്ലാവിധ സാമൂഹികമായ അടിച്ചമര്‍ത്തലിനും വിധേയമായിരിക്കുമ്പോള്‍ വിദ്യാഭ്യാസരംഗത്തു ‍ മാത്രം മൌലികമായ സ്വാതന്ത്ര്യം ജനങ്ങള്‍ക്കു ലഭിക്കുമെന്നു കരുതുന്നത് തെറ്റായിരിക്കും. ഇതാകട്ടെ നമ്മുടെ രാജ്യത്തിന്റെ വിമോചനവും ജനങ്ങളുടെസ്വാതന്ത്ര്യപോരാട്ടവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആഗോളചൂഷണക്രമത്തിന്റെ വസ്തുനിഷ്ഠ പ്രക്രിയകളുടെ ഭാഗമായി ഈ രംഗത്ത് അവര്‍ നടപ്പാക്കി വരുന്ന പരിഷ്കരണങ്ങളെ മൌലികമായ ഒന്നില്‍ നിന്നുള്ള തിരിച്ചുപോക്കും മഹാദുരന്തവുമായിക്കണ്ട് പരിഷ്കരണവാദികള്‍ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ നാം അനുഭവിക്കുന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെക്കുറിച്ച് പര്യാലോചിക്കേണ്ടതുണ്ട്. വ്യക്തിയുടെ മുഴുവന്‍ കഴിവും സാമൂഹിക പുരോഗതിയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കണം വിദ്യാഭ്യാസം. അതിനുതകുന്ന സാമൂഹികവത്കരണവും രാഷ്ട്രീയവത്കരണവും പ്രദാനം ചെയ്യുന്ന ഒന്നായിരിക്കണമത്. വാസ്തവത്തില്‍ ഇവിടെ നിഷേധിക്കപ്പെടുന്നത് ഈയൊരു സ്വാതന്ത്ര്യമാണ്.

അരനൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ ഭരണവര്‍ഗം കൈകാര്യം ചെയ്തുവരുന്ന വിദ്യാഭ്യാസനയം രാജ്യത്തെമൊത്തം ജനസംഖ്യയുടെ അന്‍പതു ശതമാനത്തെ നിരക്ഷരതയിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരളാമോഡലിനു കീഴില്‍ പോലും നിരക്ഷരത ശക്തമായിരുന്നു. അത് ഉച്ചാടനം ചെയ്യാനെന്ന പേരില്‍ സാമ്രാജ്യത്വ കിഴിക്കെട്ടിന്റെ പിന്‍ബലത്തില്‍ ഇവിടെ നടപ്പാക്കിയ യജ്ഞം ജനങ്ങള്‍ക്ക് പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം നല്‍കുന്ന ഉത്തരവാദിത്വം ഭരണകൂടം കൈയൊഴിയുന്നതിലേയ്ക്കാണ് നീങ്ങിയത്. അദ്ധ്വാനിക്കുന്ന വര്‍ഗത്തിനു ഭരണകൂടങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതിരിക്കുകയും നാമമാത്രമായ ചില പരിരക്ഷകള്‍ പോലും ജനങ്ങളില്‍ നിന്നു കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ചിത്രമാണ് നമുക്കു മുന്നിലുള്ളത്. സമസ്തമണ്ഡലങ്ങളും സ്വകാര്യ വത്കരണത്തിനും കച്ചവടവത്കരണത്തിനും അടിപ്പെടുത്തുന്ന ഒരു സവിശേഷ സാഹചര്യത്തില്‍ അതിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നു വിദ്യാഭ്യാസ മേഖലയും മുക്തമല്ല.

വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകള്‍
വിദ്യാഭ്യാസത്തെ ഒരു വിപണനവസ്തുവായി പരസ്യമായി പ്രഖ്യാപിക്കുന്നത് രാജീവ് ഗാന്ധിയുടെ സര്‍ക്കാരാണ്. 1986-ല്‍ അദ്ദേഹം മുന്നോട്ടു വച്ച ‘പുത്തന്‍ വിദ്യാഭ്യാസനയം’ മറ്റു മണ്ഡലങ്ങളില്‍ ആവിഷ്കരിക്കപ്പെട്ട പരിഷ്കാര നടപടികളുടെ ഭാഗമായിരുന്നു. 80കളില്‍ കേന്ദ്ര സര്‍ക്കാന്‍ നിബന്ധനകളോടെ സ്വീകരിച്ച ഐ. എം .എഫ് വായ്പയെ തുടര്‍ന്നാണ് സമ്പദ്ഘടനയില്‍ ക്രമീകരണ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. കടക്കെണിയിലകപ്പെട്ട മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് സാമ്രാജ്യത്വശക്തികള്‍ നല്‍കിയ വായ്പയുടെ മുതലും പലിശയും തിരിച്ചു പിടിക്കുന്നതിനുള്ളതായിരുന്നു ആ പദ്ധതി. ആരോഗ്യ-വിദ്യാഭ്യാസ-സേവന മേഖലകളില്‍ സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപം തിരിച്ചുവരവ് ഇല്ലാത്ത ഒന്നാണ്. ആയതിനാല്‍ അത്തരം നഷ്ടക്കച്ചവടത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക. ഇവിടെ ജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങള്‍ക്ക് മതിയായ വില നല്‍കാന്‍ അവരെ നിര്‍ബന്ധിക്കുക. ബജറ്റ് വിഹിതം ക്രമേണ വെട്ടിച്ചുരുക്കുകയും നിശ്ചിതസമയപരിധിക്കുള്ളില്‍ അവ പൂര്‍ണ്ണമായി റദ്ദ് ചെയ്യുകയും ചെയ്യുക. എന്നിവയായിരുന്നു ഈ പരിഷ്കാര നിര്‍ദ്ദേശങ്ങളില്‍ മുന്നിട്ടു നിന്നിരുന്നത്. ഇതുവഴി സാമ്രാജ്യത്വ ആഗോളീകരണങ്ങളുടെ സുഗമമായ വേരോട്ടത്തിന് സമ്പദ്ഘടന ഒട്ടാകെ ക്രമീകരിക്കുകയും ചെയ്യുക. ഇവ ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ ശിരസ്സാവഹിച്ചതിന്റെ പ്രത്യക്ഷഫലങ്ങളാണ് ആരോഗ്യ-വിദ്യാഭ്യാസരംഗത്ത് നാം അഭിമുഖീകരിക്കുന്നത്. 60കളിലും 70കളിലും ലോകബാങ്കും വിദേശഏജന്‍സികളും മുന്നോട്ടു വച്ച ലോകവിദ്യാഭ്യാസ പദ്ധതിയുടെ നയപരമായ അംഗീകാരമായിരുന്നു മേല്‍പ്പറഞ്ഞ വിദ്യാഭ്യാസ നയം.

സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നല്‍കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഭരണകൂടത്തിന്റെ ചുവടുമാറ്റമാണ് ഈ നിയമത്തില്‍ പ്രധാനമായിട്ടുള്ളത്. ഇതു തുടര്‍ന്ന് നടപ്പിലാക്കുന്നതിന് ഒരു ദേശീയ സാക്ഷരതാമിഷനു നിയമം രൂപം നല്‍കുകയും ചെയ്തു. അങ്ങനെ പ്രാഥമിക വിദ്യാഭ്യാസം അനൌപചാരിക വിദ്യാഭ്യാസത്തിന്റെ പട്ടികയിലേയ്ക്ക് തള്ളിമാറ്റി. സാമ്രാജ്യത്വ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രീകൃതമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിന് സംസ്ഥാനപ്പട്ടികയിലുള്‍പ്പെടുത്തിയിരുന്ന വിദ്യാഭ്യാസം, കേന്ദ്ര-സംസ്ഥാന സംയുക്തപ്പട്ടികയിലുള്‍പ്പെടുത്തി. ഒരു വശത്ത് അനൌപചാരിക വിദ്യാഭ്യാസത്തിലൂടെ നിരക്ഷരതാനിര്‍മ്മാര്‍ജനവും മറുവശത്ത് ‘അണ്‍ ഇക്കണോമിക്‘ മാനദണ്ഡമുപയോഗിച്ച് സര്‍ക്കാര്‍/ എയിഡഡ് വിദ്യാലയങ്ങള്‍ അടച്ചു പൂട്ടല്‍ നിര്‍ദ്ദേശങ്ങളും. ഇതോടൊപ്പം ജില്ലകള്‍ തോറും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷങ്ങള്‍ മുതല്‍മുടക്കി നവോദയ സ്കൂളുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇവ നേടിയെടുക്കുന്നതിന് കപട ഇടതുപക്ഷങ്ങള്‍ മത്സരിക്കുകയായിരുന്നല്ലോ.

പൊതുവിദ്യാഭ്യാസത്തിന്റെ കശാപ്പ്
പൊതുവിദ്യാഭ്യാസത്തിന്റെ മരണമണി മുഴക്കുന്നതിലേയ്ക്കു നയിച്ച അണ്‍ ഇക്കണോമിക് മാനദണ്ഡം’ പ്രയോഗിക്കുന്നതിനു മുന്‍പ് നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ അവസ്ഥ പരിശോധിക്കുന്നതു നന്നായിരിക്കും. 1947-ലെ അധികാരകൈമാറ്റത്തെത്തുടര്‍ന്ന് രാജ്യം ഭരിച്ച എല്ലാ ഭരണാധികാരികളും സാര്‍വത്രിക-പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ മുറയ്ക്ക് നടത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാലമത്രയും അധികാരത്തിലിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരിടത്തും അതു പൂര്‍ണ്‍നമായി നേടിയെടുക്കാനായിട്ടില്ല. വാസ്തവത്തില്‍ ഓരോ വര്‍ഷവും യു പി തലം വരെ അഖിലേന്ത്യാ തലത്തില്‍ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിക്കുകയായിരുന്നു.പ്രാഥമിക വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക സ്കൂളുകളുടെ എണ്ണ വര്‍ദ്ധനവിനോ കുട്ടികളുടെ പ്രവേശന നിരക്ക് വര്‍ദ്ധനവിനോ സഹായകമായില്ല. മറിച്ച് സ്ഥാപനത്തിന്റെ നടത്തിപ്പു ചെലവിലേയ്ക്കാണ് സിംഹഭാഗവും സ്വാംശീകരിക്കപ്പെട്ടത്. ഈ ഭാഗത്ത് സര്‍ക്കാര്‍ മുടക്കിയ പണത്തിന്റെ 60%എയിഡഡ് സ്ഥാപനങ്ങളിലെ സ്വകാര്യമാനേജുമെന്റുകള്‍ ഗ്രാന്റു രൂപത്തില്‍ കൈവശപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനങ്ങളിലും സ്റ്റാഫ് നിയമനങ്ങളിലും സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ല. ഈ സ്ഥിതി വിശേഷത്തെ കൂടി നേരിടാന്‍ ലക്ഷ്യം വച്ചതായിരുന്നു മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നയം. കുപ്രസിദ്ധമായ വിമോചനസമരം വഴി ഇതു് അട്ടിമറിക്കപ്പെട്ടു. ഇപ്പോഴും എയിഡഡ് സ്കൂളുകളും കോളെജുകളും കച്ചവടവ്യവസായത്തിന്റെ വിളനിലങ്ങളാണ്. മാത്രമല്ല നിലവാരമുള്ള മാനേജുമെന്റ് സ്ഥാപനങ്ങളില്‍ പണ്ടേ തന്നെ തലവരി പരസ്യമായ രഹസ്യമാണ്. ഇങ്ങനെ മുന്‍പേ തന്നെ ആരംഭിച്ച കച്ചവട രാഷ്ട്രീയ ബാന്ധവം വിദ്യാഭ്യാസമേഖലയെ മൂല്യതകര്‍ച്ചയ്ക്ക് അടിപ്പെടുത്തി. ‘അണ്‍‍ ഇക്കണോമിക് ‘ മാനദണ്ഡം പ്രയോഗിക്കുന്നതിനു തൊട്ടു മുന്‍പുള്ള അവസ്ഥയായിരുന്നു ഇത്.

91-ല്‍ കരുണാകര സര്‍ക്കാര്‍ ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ കമ്മീഷനെ നിയോഗിച്ചു. ഇതിനു മുന്‍പു തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്നതു ലക്ഷ്യം വച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എങ്കിലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നേരിട്ട് ആഘാതം ഏല്‍പ്പിച്ചത് ഈ കമ്മീഷന്‍ മുന്നോട്ടുവച്ച ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങളുടെ അംഗീകാരമാണ്. ഇത്തരത്തില്‍ യു പി തലം മുതല്‍ പോസ്റ്റു ഗ്രാജ്വേറ്റ് തലം വരെയും എഞ്ചിനീയറിംഗ്, മെഡിസിന്, മേഖലകളിലും പൊള്ളുന്ന ഫീസ് അടിച്ചേല്‍പ്പിക്കപ്പെട്ടു. മാറിമാറി വന്ന കേരളത്തിലെ സര്‍ക്കാരുകള്‍ ഫീസു വര്‍ദ്ധിപ്പിക്കുകമൂലം ഉന്നത വിദ്യാഭ്യാസം സാധാരണക്കരുടെ മക്കള്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായി. അതേ സമയം സര്‍ക്കാന്‍ എയിഡഡ് സ്കൂളുകളുടെ ഭരണച്ചെലവ് ഭീമമായി വെട്ടിക്കുറച്ചുക്കൊണ്ട് അവയെ അവഗണിക്കുകയും അപ്പുറത്ത് അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. സ്റ്റേറ്റ്, സി ബി എസ് സി, ഐ സി എസ് സി സിലബസ്സുകളിലുള്ള സ്കൂളുകള്‍ മുക്കിലും മൂലയിലും കൂണുകള്‍ പോലെ പൊന്തി. കനത്ത സംഭാവനയും ഫീസും വിദ്യാര്‍ത്ഥികളില്‍ നിന്നു പിഴിഞ്ഞെടുക്കുകയും അദ്ധ്യാപകര്‍ക്ക് നാമമാത്രമായ ശമ്പളം നല്‍കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നാട്ടില്‍ നടമാടുന്നത്. അദ്ധ്യാപകര്‍ക്ക് നല്‍കി എന്നു മാനേജുമെന്റ് രേഖകളില്‍ സൂചിപ്പിക്കുന്ന തുകയുടെ പകുതിപോലും യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നില്ല. അന്ന് നിലനിന്നിരുന്ന അരാജകമായ ഈ അവസ്ഥയെയാണ് മുണ്ടശ്ശേരി നിയമത്തിലൂടെ പ്രധാനമായും മറികടന്നത്. എന്നാല്‍ പൊതുവിദ്യാഭ്യാസരംഗത്തുനിന്നുള്ള സര്‍ക്കാര്‍ പിന്‍‌മാറ്റത്തോടെയും അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ ഈ രംഗം അടക്കി വാഴുന്നതോടും കൂടി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
അണ്‍ എയിഡഡ് സ്കൂളുകളുടെ പ്രവാഹത്തില്‍ ആയിരക്കണക്കിനു അദ്ധ്യാപകര്‍ തൊഴിലില്ലാതെ പ്രൊട്ടക്ടഡ് അദ്ധ്യാപകരായി. നൂറുകണക്കിനു സ്കൂളുകള്‍ ഡിവിഷനുകളില്ലാതെ അണ്‍ ഇക്കണോമിക് മാനദണ്ഡത്തില്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പലതും അടച്ചു പൂട്ടി. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകള്‍ സ്വയം പുറം തള്ളപ്പെടുന്ന അവസ്ഥയാണ് സംജാതമാവുന്നത്. പുത്തന്‍ പരിഷ്കാരത്തിലൂടെ പ്രതിസന്ധിയിലായ പ്രാഥമിക വിദ്യാഭ്യാസത്തെ ‘രക്ഷിക്കാന്‍‘ സാമ്രാജ്യത്വ സ്ഥാപനമായ അന്താരാഷ്ട്ര വികസന ഏജന്‍സി (ഐ ഡി എ) മുന്നോട്ട് വന്നു. ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സീഡി വെട്ടിക്കുറയ്ക്കുക എന്ന വ്യക്തമായ നിബന്ധനയോടെയാണ് അവര്‍ സഹായവാഗ്ദാനം ചെയ്തത്. ഒരു വശത്ത് ലോകബാങ്ക് അടിച്ചേല്‍പ്പിച്ച നയങ്ങളാല്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നു ചുവടുമാറാന്‍ ഭരണവര്‍ഗം നിര്‍ബന്ധിക്കപ്പെടുകയും മറുവശത്ത് ഐ ഡി എ വായ്പകളിലൂടെ പ്രാഥമിക വിദ്യാഭ്യാസ രംഗം സാമ്രാജ്യത്വ വായ്പയ്ക്കു കീഴ്പ്പെടുത്തുകയും ചെയ്തു. ഇതിന്റെ പ്രായോഗിക പദ്ധതിയായിരുന്നു ‘ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി’ എന്നറിയപ്പെട്ട ഡി പി ഇ പി. ലോകബാങ്ക് തയ്യാറാക്കിയ ഈ മാര്‍ഗരേഖയെ ആഴത്തിലും പരപ്പിലുമാക്കാന്‍ കപട ഇടതുപക്ഷങ്ങളും പരിഷത് സംഘങ്ങളും ജനകീയാസൂത്രണത്തിലൂടെ വഹിച്ച പങ്ക് പ്രസിദ്ധമാണ്. ഇത്തരം പ്രതിലോമ താത്പര്യങ്ങളുമായി ഘടനാ ക്രമീകരണം നടത്തിയ ഡി പി ഇ പിയെ വെറും പാഠ്യപദ്ധതി പരിഷ്കരണമായി തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. ഡി പി ഇ പി ദരിദ്രരുടെ മക്കളുടെ വിദ്യാഭ്യാസത്തെ വെറും ആനമയിലൊട്ടകം കളിയാക്കി മാറ്റി. ഇങ്ങനെ എഴുത്തും വായനയും പോലും സ്വായത്തമാക്കാനാവാതെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു തലമുറ രൂപപ്പെട്ടു വരികയാണ്.

സ്വാശ്രയവിദ്യാഭ്യാസ നയം
സര്‍ക്കാരിന്റെ പിന്മാറ്റവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യവും കണക്കിലെടുത്ത് ഈ രംഗത്ത് മൂലധനനിക്ഷേപം നടത്താന്‍ സ്വകാര്യ ഏജന്‍സികളെ അനുവദിച്ചേ മതിയാവൂ എന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ നിന്നാണ് സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദയം കൊള്ളുന്നത്. ഇത്തരത്തില്‍ പ്രൊഫഷണല്‍ -സ്വാശ്രയ കോളേജുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് അവ നടത്തിക്കൊണ്ടു പോകാനുള്ള സാമ്പത്തികം വിദ്യാര്‍ത്ഥികളില്‍ നിന്നു ഫീസായി പിരിക്കണം എന്നാണ് നയത്തിലുള്ളത്. സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിനുള്ള ചെലവ് പൂര്‍ണ്ണമായി ഈടാക്കുക എന്നു വച്ചാല്‍ മുതല്‍മുടക്കും അതിന്റെ പലിശയും ലാഭവും സമാഹരിക്കുക എന്നാണ് അര്‍ത്ഥം. കോടികള്‍ നിക്ഷേപിച്ച് സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന്റെ പ്രേരക ഘടകം മുതലാളിത്ത യുക്തിയല്ലാതെ സാമൂഹിക പ്രതിബദ്ധതയാകാന്‍ തരമില്ല.

തലവരി പിരിച്ചും കനത്തഫീസ് ഈടാക്കിയും മറ്റ് അനുബന്ധ ചെലവുകള്‍ ചുമത്തിയുമുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ കച്ചവടം അന്യസംസ്ഥാനങ്ങളില്‍ വളരെ മുന്‍പേതന്നെ വ്യവസായമായി പരിണമിച്ചിരുന്നു. മെഡിക്കല്‍, എഞ്ചിനീയറിംഗ്, ദന്തല്‍, നേഴ്സിംങ്, പാരാമെഡിക്കല്‍ തുടങ്ങിയ കോഴ്സുകള്‍ക്കായി കോടിക്കണക്കിനു രൂപ പ്രതിവര്‍ഷം പുറത്തേയ്ക്കൊഴുകുന്നതു തടയുകയും കാര്യക്ഷമമായ വിദ്യാഭ്യാസം കാശുള്ളവര്‍ക്ക് ഇവിടെ തന്നെ ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യകാലത്തെ മുറവിളി. ഇതു ദരിദ്രനുള്ളതല്ല, മറിച്ച് പണമെറിഞ്ഞ് ഡിഗ്രിസമ്പാദിക്കാന്‍ കഴിവുള്ളവനെ ഉദ്ദേശിച്ചായിരുന്നു. ആഭ്യന്തര വിപണിയുടെ ആവശ്യങ്ങളെ മുന്നില്‍ക്കണ്ടായിരുന്നില്ല ഇത്തരം സ്ഥാപനങ്ങള്‍ തഴച്ചുവളര്‍ന്നത്. മുഖ്യമായും വിദേശകമ്പോളങ്ങളെ ലക്ഷ്യം വച്ചായിരുന്നു മാദ്ധ്യമങ്ങളാലും കോള്‍ സെന്ററുകളാലും കൃത്രിമമായി സൃഷ്ടിച്ചെടുത്ത തരംഗങ്ങളാണ് ഈ കോഴ്സുകളുടെ വിലനിശ്ചയിച്ചത്. വിദ്യാഭ്യാസത്തെ രാജ്യത്തിന്റെ സമഗ്രപുരോഗതിയ്ക്കു വിനിയോഗിക്കുക എന്ന സാമൂഹിക വീക്ഷണത്തെയാണ് ഇവ നിരാകരിക്കുന്നത്. എങ്ങനെയെങ്കിലും നാടുകടന്ന് നാലു കാശുണ്ടാക്കുക എന്ന മനോഘടനയാണ് ഈ കുത്തിയൊഴുക്കിനാധാരം. പതിനായിരക്കണക്കിനു ബിരുദധാരികളാണ് വര്‍ഷം തോറും നാടു വിടുന്നത്. ഇവരില്‍ പകുതിയോളം വിദേശമാര്‍ക്കറ്റിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് യാതൊരു മുതല്‍മുടക്കുമില്ലാതെ സുശിക്ഷിതരായ ഒരു വലിയ തൊഴില്‍ ശക്തിയെ നിഷ്കരുണം ചൂഷണം ചെയ്യാന്‍ ഭരണാധികാരികള്‍ വളംവച്ചുകൊടുക്കുന്നു. ഒരു ദരിദ്ര രാജ്യത്തിന്റെ ഭൌതികശേഷിയും സമ്പത്തും വിദേശരാജ്യങ്ങളാല്‍ ഊറ്റിയെടുക്കപ്പെടുന്ന മസ്തിഷ്കചോര്‍ച്ച മുന്‍‌കാലത്തേക്കാള്‍ ഭീകരമായിരിക്കുന്നു. രാജ്യത്ത് ആകെയുള്ളതില്‍ കേവലം 10% മാത്രമാണ് പൊതുജനാരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നത് അതു തന്നെ മുഖ്യമായും നഗരങ്ങളിലാണ്. വലിയൊരു പൊതുസമ്പത്ത് ഇവിടെ സ്വാംശീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.

വിദ്യാഭ്യാസരംഗത്തെ സ്വകാര്യ വത്കരണ നടപടിയിലൂടെ സാമ്രാജ്യത്വ ശക്തികള്‍ ഒരു വെടിയ്ക്ക് രണ്ടു പക്ഷികളെ വീഴ്തുകയാണ്. ഒന്ന്, കടക്കെണിയില്‍പ്പെട്ട രാജ്യങ്ങളിലെ നികുതിപ്പണം തങ്ങളുടെ വായ്പയുടെ മുതലും പലിശയും ചേര്‍ത്ത് തിരിച്ചു പിടിക്കുന്നതില്‍ ഉറപ്പുവരുത്തുക. മറ്റൊന്ന്, ആവശ്യമുള്ള സാങ്കേതിക പ്രൊഫഷണലുകളെ ചുളുവില്‍ കൈക്കലാക്കുക. ഇവര്‍ക്കാവശ്യമില്ലാത്ത വലിയൊരു നിര രാജ്യത്ത് നാമമാത്രമായാണ് സ്വാംശീകരിക്കപ്പെടുന്നത്. ഇതില്‍ ചെറിയൊരു ശതമാനമൊഴിച്ച് ബാക്കി നിസ്സാര വേതനം പറ്റി കഴിയാന്‍ നിര്‍ബന്ധിതരാകുന്നു. മറ്റൊരു വിഭാഗം തൊഴില്‍ നിഷേധിക്കപ്പെട്ട് കബളിപ്പിക്കപ്പെടുന്നു. സര്‍ക്കര്‍-എയിഡഡ് കോളേജുകളിലും സ്വാശ്രയകോളേജുകളിലും ഇത്തരം പ്രൊഫഷണല്‍ കോളേജുകളില്‍ ചേരുന്ന വിദ്യാര്‍ത്തികളില്‍ ഭൂരിപക്ഷവും ഇടത്തരക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും മക്കളാണ്. ഇവരാകട്ടെ വിദ്യാഭ്യാസചെലവിന് ബാങ്കു വായ്പയെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ഇതില്‍ തന്നെ ഒരു വിഭാഗത്തിന് കോഴ്സ് പൂര്‍ത്തിയാക്കി ബിരുദമെടുത്ത ശേഷം മതിയായ വേതനത്തോടു കൂടിയ തൊഴില്‍ ലഭിക്കാതെ, വായ്പ തിരിച്ചടയ്ക്കാനാവാത്ത ഒരു സ്ഥിതിവിശേഷത്തെ നിശ്ചയമായും അഭിമുഖീകരിക്കേണ്ടി വരും. ബാങ്കുകളുടെ കൊലക്കയറിനു മുന്നില്‍ ഈയൊരു വിഭാഗം മരവിച്ചു നില്‍ക്കുന്ന കാഴ്ച അതിവിദൂരമല്ലാതെ കേരളം കാണേണ്ടി വരും. ബാങ്ക്-ബ്ലയിഡ് സംഘങ്ങളുടെ ജപ്തികളിലൂടെയും കവര്‍ച്ചയിലൂടെയും തെരുവാധാരമാക്കപ്പെടുന്ന കുടുംബങ്ങളും കൂട്ട ആത്മഹത്യകളും ഇപ്പോള്‍ തന്നെ തീക്ഷ്ണമായിരിക്കുന്ന കേരളത്തില്‍ ആ നിരയിലേയ്ക്ക് പുതിയൊരു നിരയെക്കൂടി ഭരണകൂടം തള്ളി വിടുകയാണ്. അസ്വസ്ഥ്രായ ഈ യുവത്വം എല്ലാവിധ സാമൂഹിക തിന്മകളിലേയ്ക്കും വലിച്ചിഴയ്ക്കപ്പെടുകതന്നെ ചെയ്യും.

കഴിഞ്ഞ ഒന്നര ശതാബ്ദമായി രാജ്യം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രളയത്തിലാണ്. 2004 വരെ രാജ്യത്ത് 1346 എഞ്ചിനീയറിംഗ് കോളേജുകളാണ് ഉണ്ടായിരുന്നത്. ഇതിന്റെ എണ്ണം വികസിച്ചുക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ സര്‍ക്കാര്‍ എയിഡഡ് കോളേജുകള്‍ 191 എണ്ണം മാത്രമാണ്. ബാക്കി 1155 എണ്ണം സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളാണ്. ഇതിനുപുറമേ കേന്ദ്ര സര്‍ക്കാര്‍ 2003-2005 കാലത്ത് 170 കല്പിത സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി. ഇവയുടെ മേല്‍ യാതൊരുവിധ നിയന്ത്രണവും സക്കാരിനില്ല. ഇവിടത്തെ പ്രവേശനവും ഫീസു നിശ്ചയിക്കലും മാനേജുമെന്റുകള്‍ യഥേഷ്ടം നടത്തി വരുന്നു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇതിന്റെ മാതൃകയാണ്. കേരളത്തിലെ ചില സ്ഥാപനങ്ങള്‍ ഈ തരത്തിലേയ്ക്കു മാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍-എയിഡഡ് കോളേജുകളില്‍ പുതുതായി ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ എല്ലാം സ്വാശ്രയ കോളേജുകളാക്കാന്‍ യൂണിവേഴ്സിറ്റികള്‍ മത്സരിക്കുന്നു. കേന്ദ്ര സര്‍വകലാശാലകള്‍ക്ക് മൂലധനസമാഹരണം സാദ്ധ്യമാക്കുന്ന യു.ജി.സി റിപ്പോര്‍ട്ടും ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ കമ്മറ്റി റിപ്പോര്‍ട്ടും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വത്കരണത്തെ തീവ്രമാക്കുന്നവയാണ്. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസമാണ് ഈ സ്വാശ്രയപ്രളയത്തില്‍ ഒലിച്ചു പോകുന്നത്. കനത്തഫീസു നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖല ഇനി മുതല്‍ അപ്രാപ്യമാണ്.

ആഗോളീകരണത്തിന്റെ ഉത്തരഘട്ടത്തോടുകൂടി തീവ്രതയാര്‍ജ്ജിച്ച സ്വകാര്യ വത്കരണ നയങ്ങളെ തുടര്‍ന്ന് ഭരണകൂടം വിദ്യാഭ്യാസ രംഗത്ത് നിന്ന് ധൃതഗതിയില്‍ പിന്മാറിക്കൊണ്ടിരിക്കുകയാണ്. അണ്‍ ഇക്കണോമിക്കല്‍ മാനദണ്ഡവും ചെലവുചുരുക്കല്‍ പദ്ധതിയും വിദ്യാഭ്യാസത്തെ ഒരു വില്‍പ്പനച്ചരക്കാക്കി തീര്‍ത്തു. ഭരണകൂടത്തിന്റെ ഈ പിന്മാറ്റത്തിനനുസൃതമായി സാമ്രാജ്യത്വ ഏജന്‍സികള്‍ പ്രാഥമിക പൊതുവിദ്യാഭ്യാസരംഗത്ത് രൂപപ്പെടുത്തിയ സവിശേഷപാക്കേജുകള്‍ പോലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യക്കുത്തകകള്‍ക്ക് അനുയോജ്യമായ ക്രമീകരണപദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനകം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 1998-ല്‍ യുനെസ്കോയുടെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ട സമ്മേളനവും 2000-ല്‍ W B യും യുനെസ്കോയും സംയുക്തമായി ഇതു സംബന്ധിച്ചു മുന്നോട്ടു വച്ച റിപ്പോര്‍ട്ടും 2001-ല്‍ ലോക ബാങ്ക് പ്രസിദ്ധീകരിച്ച Knowledge Society റിപ്പോര്‍ട്ടും അതിനെ പിന്‍പറ്റി വന്ന അംബാനി - ബിര്‍ള റിപ്പോര്‍ട്ടും എല്ലാം ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവട വത്കരണത്തിനുള്ള മൂര്‍ത്തമായ മാര്‍ഗരേഖകളായിരുന്നു. ആവശ്യക്കാര്‍ അതിന്റെ വിലനല്‍കണമെന്ന ലോക ബാങ്ക് യുക്തിയാണ് ഇവിടെല്ലാം നാം അഭിമുഖീകരിക്കുന്നത്.

കോഴക്കോളേജും ഇടതു- വലതു തട്ടിപ്പുകളും.
കേരളത്തില്‍ സ്വാശ്രയ മോഡല്‍ കോഴക്കോളേജുകള്‍ക്ക് 91-96 കാലത്ത് അധികാരത്തിലിരുന്ന U D F സര്‍ക്കാരാണ് തുടക്കം കുറിച്ചത്. തിരുവനന്തപുരം ലോ-അക്കാദമി കോളേജില്‍ നിന്ന് തുടങ്ങി കണ്ണൂരില്‍ പരിയാരത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിലേയ്ക്കും അതു വ്യാപിച്ചു. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഈ കോഴക്കോളേജുകള്‍ക്കെതിരെ ഉയര്‍ന്നുവന്ന സമരങ്ങളുടെ പരിസമാപ്തിയായിരുന്നു കൂത്തുപ്പറമ്പില്‍ അഞ്ചു യുവാക്കളുടെ രക്തസാക്ഷിത്വത്തിലേയ്ക്കു നയിച്ച വെടിവയ്പ്. ഈ സമരത്തിന്റെ ബാക്കിപത്രമായി 96-ല്‍ അധികാരത്തിലേറിയ നയനാര്‍ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് തങ്ങള്‍ എന്തിനെയൊക്കെ എതിര്‍ത്തുവോ അവ വിശ്വസ്ഥതയോടെ നടപ്പാക്കി. പ്രീഡിഗ്രീ ബോര്‍ഡിന്റെ വകഭേദമായി തീര്‍ന്ന പ്ലസ് ടു കോഴ്സ്, മതസമുദായ ശക്തികള്‍ക്ക് നിര്‍ലോഭം നല്‍കുകയും സ്വാശ്രയ കോഴ്സുകള്‍ സഹകരണമേഖലയില്‍ ആരംഭിക്കുകയും ചെയ്തു. ഇത്തരത്തില്‍ പത്തോളം കോളേജുകള്‍ സ്ഥാപിക്കപ്പെട്ടു. നയനാര്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ ക്യാബിനറ്റു പോലും അറിയാതെ നിരവധി സ്വാശ്രയ കോളേജുകള്‍ പിന്‍ വാതിലിലൂടെ അംഗീകാരം കൈക്കലാക്കി. ഉന്നതവിദ്യാഭ്യാസം കനത്തഫീസുകൊടുത്താല്‍ മാത്രം ലഭ്യമാണെന്നു കപട ഇടതുപക്ഷവും തെളിയിച്ചു.

ഇതിന്റെയൊക്കെ ബലത്തിലായിരുന്നു 2001-ല്‍ അധികാരത്തിലേറിയ ആന്റണി സര്‍ക്കാര്‍ വാരിക്കോരി സ്വാശ്രയകോളേജുകള്‍ക്ക് എന്‍. ഒ.സി നല്‍കിയത്. വിദ്യാഭ്യാസമേഖലയിലെന്നപോലെ സാമ്പത്തിക മണ്ഡലങ്ങളിലും ആഗോളീകരണ നയങ്ങള്‍ മാനുഷിക മുഖത്തോടെ നടപ്പാക്കുകയായിരുന്നല്ലോ സി പി എം നേതൃത്വം! പുത്തന്‍ വിദ്യാഭ്യാസ നയവും അണ്‍ ഇക്കണോമിക് മാനദണ്ഡവും വിഭവകാര്യ കമ്മീഷന്‍ മുന്നോട്ടുവച്ച ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങളും സാക്ഷരതായജ്ഞവും നവോദയസ്കൂളുകളും ഡി.പി.ഇ.പിയും ജനകീയാസൂത്രണവും കപട ഇടതുപക്ഷം ശിരസ്സാവഹിച്ചതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് മുന്‍‌കാലങ്ങളില്‍ കപടമായി സൃഷ്ടിക്കപ്പെട്ടിരുന്ന ആശയപുകമറപോലും ആന്റണി അധികാരത്തിലേറുമ്പോള്‍ എല്‍.ഡി. എഫ്-ന് നഷ്ടപ്പെട്ടിരുന്നു.

ആന്റണി ഇവ നല്‍കുമ്പോള്‍ പറഞ്ഞ യുക്തി സര്‍ക്കാരിന്റെ കൈയില്‍ കാശില്ലാത്തതു കൊണ്ട് പിള്ളാര്‍ക്ക് പഠിക്കാന്‍ ഇതല്ലാതെ വേറൊരു മാര്‍ഗവും ഇല്ലെന്നാണ്. വര്‍ത്തമാന സാമ്രാജ്യത്വ സാമ്പത്തിക ശാസ്ത്രത്തിന്റെ യുക്തിയും സ്വകാര്യവത്കരണപ്രത്യയ ശാസ്ത്രവും ആന്റണി ലളിതമായി വ്യാഖ്യാനിച്ചു. രണ്ട് സ്വകാര്യ സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന മുദ്രാവാക്യത്തിലൂടെ തലവരിക്കൊള്ളയ്ക്കും അനിയന്ത്രിതമായ ഫീസു ചുമത്തലിനും എന്‍ ഒ സി നല്‍കപ്പെട്ടു. സ്വാശ്രയകോളേജുകളുടെ കാര്യത്തില്‍ ഒരു ക്രമം സൃഷ്ടിക്കുന്നതിന് തുടക്കമായി വര്‍ത്തിച്ച വിഖ്യാതമായ ഉണ്ണിക്കൃഷ്ണന്‍ വിധി (State of Andhra Pradesh 1993-sec/645) പ്രകാരം എല്ലാ സീറ്റിലേയ്ക്കും പൊതു മെരിറ്റ് ലിസ്റ്റില്‍ നിന്ന് ക്രമം അനുസരിച്ച് പ്രവേശനം നല്‍കുകയും ആയതിന് ഓരോ സംസ്ഥാനത്തും ഒരു പൊതു പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കണമെന്ന് അതു നിഷ്ക്കര്‍ഷിച്ചു. എങ്കിലും ഫീസ് ചുമത്തി വിദ്യാഭ്യാസം നല്‍കുന്ന രീതിയ്ക്ക് ഇതുവഴി സുപ്രീം കോടതി ഔദ്യോഗികമായി അംഗീകാരം നല്‍കുകയായിരുന്നു.

പ്രൊഫഷണല്‍ കോളേജു സീറ്റുകളുടെ ഡിമാന്റ് സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നയപരമായ സമീപനത്തിലാണ് കോടതി കയ്യൊപ്പു വച്ചത്. സ്വാഭാവികമായും കനത്തഫീസുനല്‍കാന്‍ പ്രാപ്തിയില്ലാത്തവര്‍ക്ക് മുന്നില്‍ പ്രഫഷനല്‍ വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം സംജാതമാവും. ഇതിനെ അഭിമുഖീകരിക്കുക എന്നതായിരുന്നു ജസ്റ്റീസ് കുല്‍ദീപ്‌സിംഗ് ഫോര്‍മുല. ഇതുപ്രകാരം 50:50 എന്ന മാനദണ്ഡം അദ്ദേഹം മുന്നോട്ടു വച്ചു. പാതി ഫ്രീ സീറ്റും (സര്‍ക്കാര്‍ - എയിഡഡ് കോളേജുകളിലെ ഫീസ്) പാതി പേമെന്റ് സീറ്റും (മാനേജുമെന്റ് ഫീസ്) എന്നായിരുന്നു ഫോര്‍മുല. എന്നാല്‍ മാനേജുമെന്റുകള്‍ തൃപ്തരായിരുന്നില്ല. ഒന്നിനു പുറകേ ഒന്നായി അവര്‍ ഈ നിര്‍ദ്ദേശത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. ഏറ്റവും ശ്രദ്ധേയമായ കാര്യം ഉണ്ണിക്കൃഷ്ണന്‍ വിധി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മിക്കവാറും സ്വാശ്രയ കോളേജുകള്‍ എന്‍. ഒ. സി ക്ക് അപേക്ഷനല്‍കിയത്. കനത്ത ഫീസും തലവരിയും വാങ്ങി സ്ഥാപനം ലാഭകരമായി നടത്താന്‍ എന്നിടത്തേയ്ക്ക് ആയിരുന്നു ഈ നീക്കം. സുപ്രീം കോടതിയില്‍ മാനേജുമെന്റുകള്‍ സമര്‍പ്പിച്ച റിട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനു രൂപീകരിച്ച ജ.കൃപാല്‍ അദ്ധ്യക്ഷനായിട്ടുള്ള 15 അംഗ ബഞ്ച് പൈ ഫൌണ്ടേഷന്‍ കേസില്‍ നടത്തിയ വിധി (31.10.02) ഉണ്ണിക്കൃഷ്ണന്‍ വിധിയുടെ പരിരക്ഷകളെ അനാവശ്യം എന്നു വിലയിരുത്തി. ഈ വിധി ന്യായത്തില്‍ വിദ്യാഭ്യാസം നടത്തുക തൊഴിലാണെന്നും തൊഴിലെടുത്ത് ജീവിക്കാന്‍ ഉറപ്പു നല്‍കുന്ന ഭരണഘടനയിലെ 19(1ജി) വകുപ്പിന്റെ സംരക്ഷണം അതിനു കിട്ടണമെന്നും സ്ഥാപിച്ചു. സര്‍ക്കാര്‍ സഹായമില്ലാതെ സ്ഥാപിച്ചു നടത്തപ്പെടുന്ന വിദ്യാലയങ്ങളില്‍ ഗുണമേന്മയുടെ പേരിലല്ലാതെ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ല. അവിടെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതും ഫീസു നിശ്ചയിക്കുന്നതും മാനേജുമെന്റിന്റെ സ്വാതന്ത്ര്യത്തില്‍പ്പെടും. ഉണ്ണിക്കൃഷ്ണന്‍ വിധി മാനേജുമെന്റുകളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള അനാവശ്യമായ കൈകടത്തലും ഭരണഘടനാ വിരുദ്ധവുമാണെന്ന് അതു പ്രഖ്യാപിച്ചു. ഈ വിധിയെ ചോദ്യം ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന തലത്തില്‍ ഒരു സര്‍ക്കാരും മുന്നോട്ടു വന്നില്ല. ഈ വിധിയുടെ പിന്‍ബലവും അന്നത്തെ കേരള നിയമസഭയില്‍ ഇടതുപക്ഷവും വലതുപക്ഷവും സംയുക്തമായി പാസ്സാക്കിയ പുതിയ ആക്ടും ചേര്‍ന്ന് പ്രവേശനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്ന കമ്മിറ്റിയുടെ അധികാരം റദ്ദാക്കി. ഈ പശ്ചാത്തലത്തിലാണ് ആന്റണിഭരണകാലത്ത് സ്വാശ്രയമാനേജുമെന്റുകള്‍ കരിമ്പിന്‍ തോട്ടത്തില്‍ കയറിയ ആനകളെപ്പോലെ വിളയാടിയത്. അച്യുതാനന്ദന്‍ അധികാരത്തില്‍ കയറി മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വാശ്രയപ്രശ്നത്തിലുള്ള ഇരട്ടത്താപ്പ് വ്യക്തമായി.

ന്യൂനപക്ഷാവകാശകമ്മീഷന്‍ കേരളം സന്ദര്‍ശിച്ച് ആറു സ്വാശ്രയകോളേജുകള്‍ക്ക് ന്യൂനപക്ഷപദവി നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.ഈ നടപടി ഇടതുപക്ഷസര്‍ക്കാരിന്റെ നയത്തിനു വിരുദ്ധമായിരുന്നു എന്നും സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള വിയോജിപ്പ് വിദ്യാഭ്യാസ സെക്രട്ടറി രേഖാമൂലം ഫാക്സ് സന്ദേശം വഴി കമ്മീഷനു വളരെ മുന്നേ തന്നെ അയച്ചു കൊടുത്തു എന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. വസ്തുതകള്‍ തീയതി വച്ച് പത്രദ്വാരാ വെളിച്ചത്തു വന്നപ്പോള്‍ ക്ലീന്‍ ബേബി ഫ്ലാറ്റാവുകയായിരുന്നു. എങ്കിലെന്ത്? കാര്യം നടന്നാല്‍ പോരേ! അരമന സന്ദര്‍ശനത്തിലൂടെ രഹസ്യമായി ന്യൂനപക്ഷപദവി ലഭിക്കുന്നതിനുള്ള എല്ലാ ഉറപ്പുകളും നല്‍കി പുറത്തു വന്ന് പുരോഗമനമേനി നടിക്കുകയായിരുന്നു അദ്ദേഹം. അവസാനം മന്ത്രിയെ ഉദ്യോഗസ്ഥന്മാര്‍ ചതിച്ചു എന്നു കുമ്പസരിച്ചു കൊണ്ട് വിഷയം ഒതുക്കി തീര്‍ത്തു. അവിടുന്നിങ്ങോട്ട് സ്വാശ്രയ കോളേജ് പ്രശ്നം ന്യൂനപക്ഷപദവി കേന്ദ്രീകരിച്ചുള്ള വാദത്തില്‍ തളച്ചിടപ്പെട്ടു. ഇത്രയും ധീരമായി പൂച്ചയ്ക്കു മണികെട്ടാന്‍ പുറപ്പെട്ട മന്ത്രിയെ കബളിപ്പിച്ച് മാനം കെടുത്തിയ ഉദ്യോഗസ്ഥ ദുഷ്പ്രഭുവിനെ സര്‍വീസില്‍ നിന്ന് എന്തുകൊണ്ട് പിരിച്ചുവിട്ടില്ല?

സ്വാശ്രയ കോളേജ് മേഖലയില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ട് വച്ച നടപടികളും മുന്‍‌കാലത്തേപോലെ കോടതി വഴി മാനേജുമെന്റുകള്‍ മറികടന്നു. അപ്പോള്‍ ജനവിരുദ്ധമായ കോടതിവിധിയില്‍ പ്രതിഷേധിച്ചും ജനകീയ പ്രതിരോധത്തില്‍ അടിയുറച്ചും ഈ പോരാട്ടം മുന്നോട്ട് നീക്കുമെന്ന് മന്ത്രിയും പാര്‍ട്ടിയും അവകാശപ്പെട്ടു. പക്ഷേ തെരുവില്‍ പ്രതിഷേധവുമായി അണിനിരന്ന സ്വന്തം വിദ്യാര്‍ത്ഥി സംഘടനയെ അതില്‍ നിന്നു വിലക്കുകയും ഇത്തരം സമരങ്ങള്‍ പാര്‍ട്ടി അറിവോടുകൂടിയല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഉയര്‍ന്നു വന്ന ന്യായമായ പ്രതിഷേധങ്ങളെ പോലും ഒതുക്കാന്‍ വെമ്പുന്ന സി പി എം ന്റെ കാപട്യമാണ് നാംകണ്ടത്. കൊട്ടിഘോഷിക്കപ്പെട്ട ഇപ്പോഴത്തെ സ്വാശ്രയ വിദ്യാഭ്യാസ നയം ആന്റണി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ സീറ്റിന്റെയും ഫീസിന്റെയും കാര്യത്തില്‍ മാനേജുമെന്റുകള്‍ക്ക് ആനുകൂല്യം നല്‍കുന്നതായിരുന്നു. ഈ വസ്തുത മറച്ചു വയ്ക്കാന്‍, നടപ്പിലാക്കാന്‍ ഉദ്ദേശിക്കാത്തതും പെട്ടെന്നു സാദ്ധ്യവുമല്ലാത്ത ന്യൂനപക്ഷപദവിയെ സംബന്ധിച്ചുള്ള പുതിയ ‘ക്ലോസു’കള്‍ ഉയര്‍ത്തി ജനശ്രദ്ധ തിരിച്ചു വിടുകയാണുണ്ടായത്. മാനേജുമെന്റുകളും ഈ വസ്തുത മറച്ചു വയ്ക്കാന്‍ വിവാദങ്ങളില്‍ ഏര്‍പ്പെടുകയാണു ചെയ്തത്. അങ്കമാലി കല്ലറയിലെ വിളംബരം പൊലിഞ്ഞുപോയതു ഇതുകൊണ്ടാണ്. ഈ കോലാഹലത്തിനിടയില്‍ റാങ്ക് ലിസ്റ്റിലെ മെരിറ്റ് അവഗണിച്ച് കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് സീറ്റ് വീതിച്ചു കൊടുത്തു. ഈ തിരിമറി തടയാന്‍ പോലും ഇടതു പക്ഷത്തിനു കഴിഞ്ഞില്ല. അവസാനം പ്രവേശനത്തിന്റെ സുതാര്യത പരിശോധിക്കാന്‍ ജ. പി എം മുഹമ്മദ് കമ്മറ്റിയെ നിയോഗിച്ചെങ്കിലും അദ്ദേഹത്തിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രവേശനത്തില്‍ തിരിമറി നടന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി സര്‍ക്കാരും മന്ത്രിയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മുന്‍പേപോലെ മാനേജുമെന്റു നടപടിയില്‍ പ്രതിഷേധിച്ചു. പക്ഷേ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ. പ്രവേശനം റദ്ദുചെയ്യണമെന്ന ഒച്ചപ്പാടുകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് സര്‍ക്കാരും മാനേജുമെന്റുകളും സമവായത്തിലെത്തി ! തത്ഫലമായി അനധികൃത പ്രവേശനം സാധുവാക്കുകയും പ്രത്യുപകാരമായി മെഡിക്കല്‍ കോളേജ് ഫ്രീ സീറ്റില്‍ പ്രവേശിക്കുന്ന 45% വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസ് ഈടാക്കാന്‍ മാനേജുമെന്റ് തയാറായി. അതേ സമയം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ-സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷത്തി പതിമൂവ്വായിരം രൂപ ഫീസു നിലനിര്‍ത്താനും തീരുമാനിച്ചു. വിദ്യാഭ്യാസക്കച്ചവടത്തില്‍ മാനേജുമെന്റുകള്‍ മാത്രമല്ല, സര്‍ക്കാരും ഒപ്പത്തിനൊപ്പം ഉണ്ടെന്നു തെളിയിക്കുന്നു ഇത്. ഇവിടെ ആരു തോറ്റു ആരു ജയിച്ചു എന്നു മനസ്സിലാക്കാതെ ജനം അന്തം വിടുകയാണ്.

സി പി റഷീദ്
Subscribe Tharjani |