തര്‍ജ്ജനി

പുസ്തകം

ബെസ്‌ പുര്‍ക്കാന

“നാടുഗദ്ദിക“യെന്ന നാടകത്തിനും “മാവേലി മന്‍‌ട്ര“മെന്ന നോവലിനും “ഗുഡ“യെന്ന സിനിമയ്ക്കും ശേഷം കെ. ജെ. ബേബിയുടെ പുതിയ നോവല്‍ ബെസ് പുര്‍ക്കാന ഈ മാസം ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിക്കുന്നു. നോവലില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

'മലബാറെന്താ മലമ്പൂതോ?'

ഉണ്ടപ്ലാഞ്ചോട്ടില്‍ കുര്യന്‍ അമ്മയോട്‌ ചോദിച്ചു. മലബാറ്‌ കാണാന്‍ പോയതായിരുന്നു കുര്യന്‍, പെയിലോയുടെ മകന്‍ കൊച്ചേപ്പുമുണ്ടായിരുന്നു. രണ്ടാളും വന്നിങ്ങ്‌ കേറീട്ടേയുള്ളൂ. ആറ്റിപ്പോയി അലക്കിക്കുളിച്ചിട്ട്‌ വരാന്ന്‌ - കുര്യന്‍. വേണ്ട മരുന്നുവെള്ളം ഇവിടെ തെകത്തീട്ടുണ്ടെന്ന്‌ - അമ്മ - തെയ്യാമ്മ. അമ്മയുടെ ഉള്ളിലിരിപ്പ്‌ കുര്യന്‌ മനസ്സിലായി. അമ്മയ്ക്ക്‌ പേടിയാണ്‌ - മലബാറി പോന്നൂന്നറിഞ്ഞപ്പൊ മുതല്‌ അമ്മ നൊളിക്കാന്‍ തൊടങ്ങിയതാണ്‌. മലബാരി - മലമ്പൂതങ്ങള്‌ - മലമ്പാമ്പ്‌ - വസൂരി - മരണം - പള്ളീല്‌ പോകുമ്പം ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞ്‌ പേടിപ്പിച്ചിരിക്കുന്നു!

അമ്മേ മലബാറ്‌ കണ്ട ഞങ്ങള്‌ പറയുന്നതാണോ അതോ കാണാത്തോര്‌ പറയുന്നതാണോ വിശ്വസിക്കേണ്ടത്‌?'

കുര്യന്‌ മലബാറിനെക്കുറിച്ച്‌ ഒരുപാട്‌ പറയാനുണ്ടായിരുന്നു അപ്പളത്തെനും പര്യമ്പ്രത്ത്ന്ന്‌ കുട്ട്യാമ്മ വിളിച്ചു.

'ചേട്ടാ വാ വെള്ളം തണുത്ത്‌ പോകും....'

'കെട്ട്യോളതിലും കേമി......'

കുര്യന്‍ കൊച്ചേപ്പിനോട്‌ പറഞ്ഞ്‌ ചിരിച്ചു.

'അവരേതായാലും തെകത്തീതല്ലേ, ആ മരുന്ന്‌ വെള്ളത്തി പോയൊന്ന്‌ കുളിക്ക്‌....' മാഞ്ചോട്ടില്‍, മഞ്ഞള്‌ നന്നാക്കിയിരുന്ന അപ്പന്‍ - ചാക്കോയും അവരെ പിന്താങ്ങി.

'കൊച്ചേപ്പേ..... നീ പോയി കുളിച്ച്‌ ഒറങ്ങി വാ....... ഞാനും ഒന്ന്‌ കുളിച്ചൊറങ്ങട്ടെ'

കുര്യന്‍ കുളിയ്കാനൊരുങ്ങി.

'രണ്ടാക്കും ഇവിടെ വെള്ളം തെകത്തീട്ടൊണ്ട്‌ -' തെയ്യാമ്മയുടെ ഗൗരവം കുറഞ്ഞിരുന്നില്ല.

'എടാ കൊച്ചേപ്പേ, മഞ്ഞളും കുരുത്തോലയൊക്കെയിട്ട്‌ തിളപ്പിച്ച വെള്ളാ...... കുളിച്ചിട്ട്‌ പോ....' ചാക്കോയും പറഞ്ഞു.

' പേരപ്പാ, വല്യമ്മച്ചി ഇതേപോലെ അവിടേം കെകത്തീട്ടൊണ്ടാവും - അവിടെ പോയി രണ്ടാം കുളി കുളിക്കേണ്ടി വരും'.

' എന്നാപിന്നെ നിന്റെ ഇഷ്ടം പോലെ വരും.' ചാക്കോ മുറുക്കാന്‍ പുറത്തേയ്ക്ക്‌ തുപ്പി.

' വല്യപ്പനെവിട്യാപ്പ വലയുവായി പോയേക്ക്ന്നേയ് ?'

പര്യമ്പ്രത്തേയ്ക്ക്‌ പോകുന്നതിനിടയില്‍ കുര്യന്‍ അപ്പനോട്‌ ചോദിച്ചു. വല്യപ്പന്‍ മീനച്ചിലിന്റെ എവിട്യാന്നാര്‍ക്ക്‌ പറയാനാവും? ആറ്റിലെ കുറുവ എവിയട്യാന്ന്‌ ചോദിക്കുന്ന പോലാവും

'ദാ വെള്ളം തണുത്തേ. പിള്ളെരിങ്ങ്‌ എത്തുന്നെന്‌ മുന്നം കുളിച്ചാ മിടുക്ക്ന്നിരിക്കും.'

കുട്ട്യമ്മ വെള്ളത്തിന്‌ കാവല്‌ നിക്കാന്‍ തൊടങ്ങീട്ട്‌ കൊറച്ച്‌ നേരമായി എന്തെങ്കിലും കുരുത്തോല ഇട്ടിരിയ്ക്കുന്നത്‌....... കുര്യന്‍ കുളിയ്ക്കാനെത്തി തേച്ച്‌ കുളിപ്പിയ്ക്കാന്‍ തന്ന്യാണ്‌ കുട്ട്യാമ്മേടെ ഭാവം. പള്ളിക്കുടത്തി പോയിരുന്ന കുഞ്ഞുപെണ്ണും പിള്ളാരുമെത്തി. വന്നതെ അപ്പനോടൊരു ലോഹ്യവും പറഞ്ഞ നേരെ അടുക്കളേലോട്ട്‌ കേറി ചക്കപ്പാത്രത്തി കയ്യിട്ടതിന്‌, ചക്ക കീന്തുകയായിരുന്ന തെയ്യാമ്മേടടുതക്കേന്ന്‌ നല്ല ശകാരോം കേട്ട്‌, കിട്ട്യതും കൊണ്ട്‌ പുറത്തേക്ക ചാടി.

കുര്യന്‍ വന്നൂന്നറിഞ്ഞതേ കുഞ്ഞാഞ്ഞെന്നും പറഞ്ഞ്‌ അവര്‍ പര്യമ്പ്രത്തേക്കോടി.

'കുഞ്ഞാഞ്ഞ എപ്പളാ വന്നത്‌? തീവണ്ടി കേറ്യപ്പം പേട്യായോ? മലബാറില്‌ മനുഷ്യരുണ്ടോ?' കുഞ്ഞുപെണ്ണിന്‌ ഒരുപാട്‌ കാര്യങ്ങളറിയണം.

'കുഞ്ഞാഞ്ഞ ഇപ്പം കുളിച്ചിട്ടു വരും... നിങ്ങള്‌ പോയെന്തെങ്കിലും കഴ്ക്ക്‌....' കുട്ട്യമ്മ അത്ര സന്തോഷത്തിലല്ലാതെ പറഞ്ഞു.

കുഞ്ഞിപെണ്ണും പിള്ളാരും തിണ്ണയിലെത്ത്യപ്പൊഴേയ്ക്കും വല്യപ്പന്‍ എത്തിയിരുന്നു. മീങ്കൂടെ കുടഞ്ഞിട്ടതേ പിള്ളാരതിന്‌ ചുറ്റിലുമായി. ആരോന്‍ - മുഷി - കുറുവാ.... കുറച്ച്‌ പരലുകള്‌ വല്യപ്പനെ കെട്ടിപ്പിടിച്ച്‌ പണ്ടി വയറില്‍ തലോടി.

'ഇന്നെന്നാ കള്ള്‌ വിട്ടില്ലേ? പണ്ടി ചുങ്ങ്യാണല്ലോ....' വല്യപ്പന്‍ ചിരിച്ചു.

'നീ പോയേപ്പിന്നെ ഇന്നാ ഇങ്ങനെ ചിരിക്ക്ന്നേ......' ചാക്കോ പറഞ്ഞു.

' ആന്നോടാ കള്ളാ?'

കുര്യന്‍ വല്യപ്പനെ ഇക്കളിയിട്ടു. കുര്യനും കുഞ്ഞുപെണ്ണുമൊക്കെ ഇങ്ങനെ ഇടപെടുന്നതാണ്‌ വല്യപ്പന്റെ ഏറ്റവും വലിയ ഇഷ്ടം.

' എല്ലാവരും വന്ന്‌ വല്ലതും കഴിക്ക്‌...'

അടുക്കളയില്‍ നിന്ന്‌ തെയ്യാമ്മ വിളിച്ചു.

കുര്യന്‍ കോഴിക്കോട്ട്ന്ന്‌ വാങ്ങിയ ആലുവ അമ്മയെ ഏപ്പിച്ചപ്പോ പിള്ളാര്‌ ചുറ്റും കൂടി.

'ഞാല്‍ ചോദിക്കുന്നേനുത്തരം പറയ്ന്നോര്‍ക്ക്‌ മാത്രം ആലുവ....'

ചക്കക്കുരുക്കറീം മീഞ്ചുട്ടൊതുക്കിയ ചമ്മന്തീം കൂട്ടി ചോറുതിന്നുന്നതിനിടയില്‍ കുര്യന്‍ കുഞ്ഞുപെണ്ണിനോട്‌ കുറച്ച്‌ ചോദ്യങ്ങള്‍ ചോദിച്ചു.

പള്ളിക്കുടത്തി പോന്നതിന്‌ കാര്യൊണ്ടോന്നറിയാണല്ലോ......

തിരുവിതാംകൂറെന്ന്‌ പറഞ്ഞാല്‌?

കൊച്ചി മുതല്‌ കന്യാകുമാരി വരെയുള്ള രാജ്യം

ഇപ്പോഴിവിടെ രണ്ട്‌ ഭരണങ്ങളുണ്ട്‌ - ആരുടെയൊക്കെ?

ബ്രിട്ടീഷ്കാരുടെ - പിന്നെ തിരുവിതാംക്കൂര്‍ രാജവിന്റെം.......

പൈസ ആരുടേത്‌? കാശ്‌ ആരുടേത്‌?

പൈസ ബ്രിട്ടീഷുകാരുടെ. കാശ്‌ തിരുവതാംകുര്‍ക്കാരുടെ

എത്ര ഇടങ്ങഴിയാ ഒരു പറ?

പത്തിടങ്ങഴി.

ഒരിടങ്ങഴിയിലെത്ര നാഴി?

നാല്‌ നാഴി

എത്ര തുടമാണ്‌ ഒരു കുപ്പി?

പന്ത്രണ്ട്‌ തുടം.

ഒരു ചോതനയോ?

എഴുപത്തിരണ്ട്‌ തുടം

ഒരു ചക്രം എത്ര കാശാണ്‌?

പതിനാറ്‌.

ഒരു രൂപയ്കെത്ര അണ വേണം?

പതിനാറ്‌.

ഒരു പകല്‍ എത്ര നാഴിക?

മുപ്പത്‌ നാഴിക.

ചോദിച്ച ഓരോന്നുനും നല്ല കിളി പറയുമ്പോലെ കുഞ്ഞുപെണ്ണ്‌ മറുപടി പറയുന്നത്‌ കേട്ട്‌ തെയ്യാമ്മ അഭിമാനത്തോടെ മകളെ നോക്കി. തെയ്യാമ്മയ്ക്കൊന്നും പള്ളിക്കൂടത്തി പഠിക്കാനുള്ള ഒരവസരോം കിട്ടിയിരുന്നില്ല. ആലുവാ കഷ്ണിച്ചു കൊടുത്തപ്പോള്‍ വല്യ ഒരു കഷണം കുഞ്ഞുപെണ്ണിന്‌ കൊടുക്കുകയും ചെയ്തു. കാര്‍ന്നോന്മാര്‍ക്ക്‌ മലബാറിനെക്കുറിച്ച്‌ അറിയണമെന്നുണ്ടായിരുന്നു. കണ്ടറിഞ്ഞ മലബാറിനെക്കുറിച്ച്‌ കുര്യനും കുറേ പറയണമെന്നുണ്ടായിരുന്നു. പിള്ളാര്‌ മലബാറിന്റെ മധുരം നുണഞ്ഞ്‌ ചിരിച്ചു. പിള്ളാരെ അവരവരുടെ വീടുകളിലാക്കാനായി കുഞ്ഞുപെണ്ണ്‌ പുറപ്പെട്ടപ്പോള്‍, വല്യപ്പനും കുട്ടത്തിലറങ്ങി.

'കുഞ്ഞുപെണ്ണെ, വര്‍ക്കിയോടും പാപ്പച്ചനോട്‌ ഇങ്ങോടൊന്നിറങ്ങാന്‍ പറ...

കുര്യന്‍ വന്നിട്ടിട്ടുണ്ടല്ലോ.... പിന്നെ ചേച്ചമ്മേം തങ്കച്ചനും മോന്തിക്കിങ്ങെത്തൂന്ന്‌ പറഞ്ഞേരേ...'ചാക്കോ പറഞ്ഞു.

'കുഞ്ഞമ്മ വരുമ്പോ അവലോസുണ്ട കൊണ്ടുവരും......'

പിള്ളേറില്‍ അപ്പച്ചന്‍ പറഞ്ഞു.

ചേച്ചമ്മ വരുമ്പോഴൊക്കെ പിള്ളേര്‍ക്ക്‌ കോളാണ്‌. ചീപ്പപ്പം, കുഴലപ്പം, വട്ടയപ്പം, അവലോസുണ്ട ഇങ്ങനെ എന്തെങ്കിലും കൊണ്ടുവരും.

ചേച്ചി മെലിഞ്ഞിട്ടുണ്ടാകുവോ, തടിച്ചിട്ടുണ്ടാകുവോ? അതായിരുന്നു കുഞ്ഞുപെണ്ണിന്റെ വിചാരം.

പിള്ളേര്‍ക്ക്‌ സന്തോഷമായെങ്കിലും വല്യപ്പനെന്തോ വിഷമം പിടിച്ച പോലെ നടന്നു.

സാധാരണ പറമ്പിലിറങ്ങ്യാ എന്തെങ്കിലും ചെയ്യുന്നതാണ്‌. നല്ല സ്വഭാവാണെങ്കി പഴയ കുറേ കഥകള്‍ പറയും. കുടമുരുട്ടി മലയുടെ കഥ, വല്യവല്യപ്പന്‍ യോഹന്നാന്‍ കവണ മഹര്‍ഷി തപസ്സുചെയ്ത ആശ്രമം തേടിപ്പോയത്‌, മീമ്പിടുത്ത കഥകള്‌, പിശാച്‌ വലയില്‍ കുടുങ്ങിയത്‌...... അങ്ങനെയങ്ങനെ ഒരുപാട്‌ കഥകളും കാര്യങ്ങളും.

'വല്യപ്പാ ഇന്നെന്താ പേറ്റെത്‌?' കുഞ്ഞുപെണ്ണു പതിയേ ചോദിച്ചു.

'ങേഏ?'

'എന്താ പേറ്റെത്‌?'

'എന്തോ ഒരുതുക്കൂട്ട്‌ .........' വല്യപ്പന്‍ പറഞ്ഞു.

എന്തോ ഒരിതുക്കൂട്ട്‌ കുഞ്ഞുപെണ്ണിനുമുണ്ട്‌. ഇതെല്ലാം വിറ്റു പെറുക്കി നമ്മളെ മലബാറിലേക്ക്‌ കൊണ്ടുപോകൂന്ന്‌ കേട്ടനാള്‍ മുതല്‍ തുടങ്ങീതാണ്‌. വിഷയം മാറ്റാനായി അപ്പച്ചന്‍ തണ്ണീര്‍ പന്തല്‍ പൊളിച്ച കാര്യം പറഞ്ഞു. തണ്ണീര്‍ പന്തലിന്റെ ചെറിയ തൂണുമ്മേ പടിച്ചു കളിച്ചതാണത്രേ എല്ലാങ്കൂടെ ഉരുണ്ട്‌ പെരണ്ട്‌ താഴെ വീണ്‌ സംഭാരപാത്രം പൊട്ടി.

....ടാ..... ഇത്‌ നേരാണോടാ... നേരാണോന്ന്‌ ചോദിച്ച്‌ വല്യപ്പന്‍ ദേഷ്യത്തോടെ അപ്പച്ചനെ പിടിക്കാന്‍ നോക്ക്യപ്പോഴേക്കും അപ്പച്ചന്‍ ഒള്ള ജീവനുംകൊണ്ട പമ്പ കടന്നു.

'നില്ലടാ.... നില്ലടാവിടെ... പിടീടാവനെ ..... ടോ....ട്രോ.....'

വല്യപ്പന്‍ വെറുതെ ഒച്ചയിട്ട്‌ ചിരിച്ചു.

'ഇവനെങ്ങന്യാണ്ടീ - ഈ കൊച്ച്‌....?'

വല്യപ്പന്‍ അപ്പച്ചന്റനിയന്‍ കൊച്ചിനെ പൊക്കി ചോദിച്ചു.

'അപ്പച്ചന്‍ മാന്ത്യേ അപ്പച്ചന്‍ നുള്ള്യേന്നും പറഞ്ഞ കൊച്ചെപ്പോഴും കരച്ചിലാ.'

കുഞ്ഞുപെണ്ണ്‌ പറഞ്ഞപ്പോള്‍ വല്യപ്പന്‍ കൊച്ചിനെ മോളിലോട്ട്‌ പൊക്കീട്ട്‌ പിടിച്ചു.

പിള്ളേര്‍ക്കെല്ലാം ഇഷ്ടൊള്ള പരിപാടിയാണിത്‌.

വല്യപ്പാ എന്നേം എന്നേം ന്ന്‌ പറഞ്ഞ്‌ എല്ലാവരും ചുറ്റും കൂടും.

ഓരോരുത്തര്‌ തുമ്പി പറക്കുമ്പോലെ മോളിലോട്ട്‌ - പിന്നെ ശ്വാസം മുട്ടി പേടിച്ച്‌ താഴോട്ട്‌. വല്യപ്പന്റെ കൈകളില്‍ വീണ്ടു വീണ്ടും ആശ്വാസം.

വല്യപ്പാ.... എന്നേം എന്നേമ്ന്ന്‌ പറഞ്ഞു- ഏലക്കുഞ്ഞ്‌ വന്ന്‌ തോണ്ട്യപ്പോഴേക്കും വല്യപ്പന്റെ ഇതുക്കൂട്ട്‌ പട്ടരുട സംഭാര പ്പാത്രം പൊട്ട്യപോലെ പൊട്ടിയൊഴുകി.

കുഞ്ഞുപെണ്ണിന്റേം പിള്ളാര്‍ടേം ചിരിക്കുടുക്കകളും പൊട്ടി.

കെ.ജെ. ബേബി
കനവ്‌, നടവയല്‍ തപാല്‍, വയനാട്‌ ജില്ല, കേരളം

Subscribe Tharjani |