തര്‍ജ്ജനി

കവിത

മെട്രോപൊളിറ്റന്‍ കൌമാരം

അങ്ങേ കെട്ടിടത്തില്‍
പതിനൊന്നാം തട്ടിലെ
അല്‍‌സേഷന്‍ പതിനാറുകാരന്‍.
ഇങ്ങേ കെട്ടിടത്തിലെ
പതിനൊന്നാം തട്ടില്‍
പതിനാലുകാരി പൊമറേനിയന്‍.
സ്ഫടിക കാഴ്ചയിലെ
ആദ്യദര്‍ശനം.
നേര്‍ക്കുനേര്‍ തൊടുത്ത
നോട്ടക്കുരുക്ക്
അന്യോന്യം ഉടല്‍ പെരുത്ത്
വിദ്യുത്‌സ്പര്‍ശം
പങ്കുവെക്കപ്പെടാത്ത
വലിയൊരു വാല്‍നട്ട് കേക്ക്,
സമ്മാനിതയായ ആഹ്ലാദം
അവള്‍ക്ക്.
അവനോ,
ഡാഡിയുടെ കണിശക്കണ്ണ് തട്ടാതെ
ഊറ്റുന്ന വിസ്കി തുള്ളികള്‍
ഒന്നിച്ചൊരു ലാര്‍ജ് വീഴ്ത്തിയ കോരിത്തരിപ്പ്
ഒലി മുട്ടിച്ച് ചില്ലുമറ നീക്കാനൊരു
വിഫലശ്രമം അവന്റെ പക്ഷത്ത്
അവള്‍ക്ക്,
ജാലകമെന്നാല്‍ ചതുരത്തിലൊരു
ചില്ലു‌ചുമര്‍ മാത്രം.
ഉയരത്തില്‍ ഉയരത്തില്‍
ജനാലകള്‍
തുറന്ന് വരാത്തവയെന്ന തത്ത്വം അവര്‍ക്കജ്ഞാതം.
അതൊരു തണുപ്പന്‍ ഒഴിവുകാലം.
അവരുടെ സൃഷ്ടയന്ത്രങ്ങള്‍
അന്നം തിരയുന്ന നേരം
മെയ്യെത്തുമരികത്ത്
ഒരു ചുംബനത്തിനാര്‍ത്തി പെരുപ്പിച്ച്
ജനാലക്കരയില്‍
ഇരുന്നു വളര്‍ത്തു മൃഗങ്ങള്‍
പതിനൊന്നു നിലകള്‍ താണ്
അയല്‍ കെട്ടിട നോട്ടക്കാരനെ
തിരുത്തിവായിപ്പിച്ച്
പതിനൊന്നു നിലകളുയര്‍ന്ന്,
വാതില്‍ കണ്ടുപിടിച്ച്

ഓ-ഷിറ്റ്!
നിരാശമേലൊരിടി
പിന്നെ അസുതാര്യതയിലെ
ശരീര ബാക്കിയിലേക്ക് ഒരേന്തിവലിച്ചില്‍
ചലനത്തിലെ അശ്വശക്തി തൊട്ട
ഒരു പുഞ്ചിരി
സ്ഫടികം തിളയ്ക്കുന്നു.
അവന്റെ മൂര്‍ദ്ധാവില്‍
പനിനീര്‍ക്കുളിര്,
കല്ലറയില്‍ ഒരു കിളിച്ചിലപ്പ്
ഓ ഗോഡ്! മമ്മി...

അവള്‍ ശീലമറ താഴ്ത്തി
അവന്‍ കുളിമുറിയില്‍
കരകൌശലത്തില്‍ ശാന്തി തേടി.

ബിന്ദു സന്തോഷ്
Subscribe Tharjani |
Submitted by hari on Thu, 2006-11-09 22:29.

ബിന്ദുവിന്റെ കവിത നന്നായിരിക്കുന്നു. കാണാത്ത കാഴ്ചകള്‍... താമസിയാതെ കേരളത്തിലെ നഗരങ്ങളില്‍ കാണേണ്ടി വരുന്ന കാഴ്ചകള്‍...

കവിത പ്രവചിക്കുന്നതാണോ ഭാവികാലം?