തര്‍ജ്ജനി

കവിത

പിടിവാശി

വാശികളെല്ലാമൂരി വച്ച്
നഗ്നമായ മനസ്സുമായി
അമ്മയിന്നലെ
വിടവാങ്ങി
വേണ്ടേ വേണ്ടേയെന്ന
വീറു മാറ്റിവച്ച്
വയറു നിറച്ചു
കഞ്ഞി കുടിച്ചിരുന്നു.
ചുരുട്ടിമാത്രം പിടിക്കാറുള്ള
കൈവിരലുകള്‍
നാക്കില പോലെ
നിവര്‍ത്തി വച്ചിരുന്നു

കൂര്‍പ്പിച്ചു മാത്രം കാണാറുള്ള മുഖം
മന്ദസ്മേരം കൊണ്ടു
മനോജ്ഞമായിരുന്നു
ചുവന്നു തിളങ്ങുന്ന പട്ടുടുത്തു മാത്രമേ
പുറത്തിറങ്ങുകയുള്ളൂ എന്ന
പിടിവാശിമാത്രം
എന്തുകൊണ്ടോ അവര്‍
പിടിവിട്ടു കളഞ്ഞില്ല.

ശിവകുമാര്‍ എം
ചിറ്റൂര്‍ -678101
Subscribe Tharjani |