തര്‍ജ്ജനി

കവിത

അധിനിവേശത്തിനു ശേഷം


രക്തസാക്ഷിയായൊരു കുന്നിന്റെ
മുറിഞ്ഞ വേരിലെ ചലവുമായി
ലോറിജാഥയിലണി ചേര്‍ന്ന്
ചെമ്മണ്ണാണ് ആദ്യമെത്തിയത്.
പാതയുടെ വെളുപ്പിലേയ്ക്ക്
അത് മടിച്ചു മടിച്ചു വീണു.
ശകലിതമായ ദാര്‍ഢ്യത്തിന്റെ
സമാനതകളിലൂറ്റം കൊണ്ട്
ഘോരോക്തിയുമായെത്തി
പിന്നെ ഒരു ടിപ്പര്‍ കരിങ്കല്‍ച്ചരല്‍.
അലര്‍ച്ചയോടെ അതും...

വരും വര്‍ഷത്തില്‍ ചുവക്കേണ്ടവള്‍,
പാവം ഇളം പാത കിടുങ്ങി.

പോച്ചകളതിരിട്ട ഈ ഗ്രാമപാത
ഞങ്ങളുടെ സാമ്രാജ്യത്തിലേയ്ക്കുള്ള
രാജപാതയായിരുന്നു
കുരുത്തംകെട്ട ഞങ്ങളുടെ ജീവിതത്തിന്റെ
അശ്ലീലമായ വളര്‍ച്ചകളുടെ
പാദമുദ്രകള്‍ ഈ പൊടിമണ്ണിന്റെ
നഖക്ഷതങ്ങളായി
ഉപ്പുജലധാരയില്‍
തെറികളെഴുതിയും
ലഹരിയുടെ തേര്‍വാഴ്ചയില്‍
ആഞ്ഞുതുപ്പിയും
വല്ലാത്തൊരു വികാരത്തിന്റെ
വിമ്മിട്ടത്തോടെ ഞങ്ങളീ
പാതയെ കാമിച്ചിരുന്നു.

കുട്ടിക്കാലത്ത് പള്ളിക്കൂടങ്ങളിലേയ്ക്ക്...
കൌമാരത്തില്‍ സിനിമാകൊട്ടകകളിലേയ്ക്ക്...
യൌവനത്തില്‍ ജാഥകളിലേയ്ക്ക്
സ്വാതന്ത്ര്യത്തോടെ ഞങ്ങളെ
എത്തിച്ചതും ഈ പാതയായിരുന്നു.
ഈ വഴിയാണ് സഹനസമരത്തിന്റെ
കൊടികളുമായി സേനാനികള്‍ പോയത്
നാടിനെ ചുവപ്പിച്ച്
കെപി‌എ‌സി നാടകവണ്ടി പോയത്.
ഊന്നുവടിയിലോര്‍മ്മ കെട്ടുപിണഞ്ഞ
ഗ്രാമവാര്‍ദ്ധക്യങ്ങള്‍ ഈ പാതയോരത്തെ
പേരില്ലാമരങ്ങള്‍ക്ക് ചോട്ടിലിരുന്നാണ്
മുറുക്കാന്‍ ചവയ്ക്കുന്നത്.

പക്ഷേ,
കറുപ്പിലെല്ലാം ഒടുങ്ങുന്നു.
ഇനി
ആദ്യമൊരുപിടി ചരല്‍
വായ്ക്കരിപോലെ ചെമ്മണ്ണ്
ശേഷം കരിക്കോടിയിട്ട്
ടാറടക്കം

എങ്കിലും
മണ്ണടരുകളെ തകര്‍ത്ത്
ഉയിര്‍ത്തെഴുന്നേല്‍ക്കാനിരിക്കും
പച്ചപ്പുകളിലെവിടെയെങ്കിലും
അടയാളമായി കാണില്ലേ
ഞങ്ങളുടെ
തുപ്പലിന്റെ പശപ്പ്,
മൂത്രത്തിന്റെ ചൂര്,
രേതസ്സിന്റെ തുടിപ്പ്,
പാദത്തിന്റെ തഴമ്പ്

ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്
Subscribe Tharjani |