തര്‍ജ്ജനി

അരുതു്‌ കടലമ്മേ, അരുതു്‌

പുത്തന്‍ പ്രതീക്ഷകളോടെ, പുതിയ സ്വപ്നങ്ങളോടെ രാവേറെ ചെന്നും ആടിയും പാടിയും ആഹ്ലാദപൂര്‍വ്വം പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഇക്കുറി ഞങ്ങള്‍ മറന്നുപോയി. 'സുനാമി' എന്ന് ശാസ്ത്രം വിളിക്കുന്ന ദുരന്ത പ്രതിഭാസം ഓര്‍ക്കാപ്പുറത്ത്‌ സംഹാര താണ്ഡവമാടിയപ്പോള്‍, പുതുവര്‍ഷ ലഹരി ഞങ്ങള്‍ക്കു വേദനയായി. അലറിക്കുതിച്ച തിരമാലകള്‍ തല്ലിത്തകര്‍ത്ത തീരങ്ങള്‍ ഇനിയും കരഞ്ഞു കഴിഞ്ഞിട്ടില്ല.

അനന്തമായ കടല്‍ത്തീരങ്ങളെ എന്നും നാം സ്നേഹിച്ചിരുന്നില്ലെ...?
കടലമ്മയെ എന്നും നാം വിശ്വസിച്ചിരുന്നില്ലെ...?
ഒരുദിവത്തെ അദ്ധ്വാനത്തിന്റെ ക്ഷീണമകറ്റാന്‍ മെല്ലെ മെല്ലെ നടന്നു നീങ്ങിയ കടലോരങ്ങളില്‍ കണ്ടെത്തിയിരുന്നതു്‌ ആശ്വാസമായിരുന്നില്ലെ....?
എന്നിട്ടും എന്തേ കടലമ്മേ ഞങ്ങളോടീ ക്രൂരത കാട്ടീ...?

ഒന്നു യാത്രപറയാന്‍ പോലും അവസരം നല്‍കാതെ, പ്രിയപ്പെട്ടവരെയും കൊണ്ട്‌ കടന്നുകളഞ്ഞ സുനാമിത്തിരകളെ, ആ പാവങ്ങളെത്തേടി അലയുന്ന കടല്‍ക്കാറ്റിന്റെ നെഞ്ചില്‍ കത്തുന്ന കദനം മാത്രം. എല്ലാം നഷ്ടപ്പെട്ടവര്‍, എല്ലാവരെയും നഷ്ടപ്പെട്ടവര്‍... അവര്‍ക്കു നല്‍കാന്‍, കടലമ്മേ, അവിടുത്തെ നെഞ്ചില്‍ സാന്ത്വനമുണ്ടോ....? ഉണ്ടെങ്കില്‍ എന്താണതിന്റെ ഭാഷ?

നീലക്കടലിന്റെ അഗാധതകളില്‍ നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് പഴമൊഴി. എങ്കിലും കടലമ്മേ, നിന്നെ വിശ്വസിച്ച പാവം കടലിന്റെ മക്കളെ നീ എന്തിനു ചതിച്ചു? രാത്രിയുടെ ഭയാനകമായ നിശബ്ദതയില്‍ തിരമാലകളുടെ ഇരമ്പല്‍ മാത്രം മുഴങ്ങുന്ന വിജനമായ കടല്‍ക്കരയിലെ ചെറുകൂരയില്‍ നിന്നും പൊട്ടിയ വലക്കണ്ണികള്‍ ചേര്‍ത്ത്‌ കെട്ടി, നാളത്തെ അന്നം തേടി, വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ മുക്കുവന്റെ പാവം മുക്കുവപ്പെണ്ണ്‍ നിന്നെ എത്രമാത്രം വിശ്വസിച്ചു. കടലമ്മേ... കടലിന്റെ മാറില്‍ മുങ്ങിയും പൊങ്ങിയും അവളുടെ കണവനേയും കൊണ്ട്‌ അകന്നുപോയ വള്ളം കണ്ണില്‍ നിന്നും മറയുംവരെ നോക്കിനിന്നപ്പോള്‍ അവളുടെ മനസ്സില്‍ എന്തു വിശ്വാസമായിരുന്നു. കരുത്തായിരുന്നു. ഒരിക്കലും "കടലമ്മ ചതിക്കില്ല, കടലമ്മ കാക്കും......." കടലമ്മേ, ആ പാവം പെണ്ണിനോട്‌ എന്തിനീ ക്രൂരത കാട്ടി...?

മാനം ഒന്നു കുലുങ്ങിയാല്‍ വിറകൊള്ളുന്ന കൂരകളില്‍, വറുതി കൊണ്ടു പൊറുതിമുട്ടുന്ന ആ
പാവങ്ങള്‍ കടലില്‍ ചാകരയെത്തുമ്പോള്‍ ഉത്സവത്തിമര്‍പ്പോടെ "കടലമ്മ കനിഞ്ഞു" എന്നാടിപ്പാടി സ്തുതിച്ചിരുന്നില്ലേ... അവിടുത്തെ ഹൃദയത്തില്‍ കനിവിന്റെ ഉറവകള്‍ വറ്റിപ്പോയോ? തിരമാലകളുടെ ആശ്ലേഷത്താല്‍ നനയുന്ന കാലുകളില്‍ ആശ്വാസം കണ്ടെത്തിയിരുന്ന ഞങ്ങള്‍ ഇന്നു കടല്‍ത്തീരങ്ങള്‍ കണ്ടു ഞെട്ടുന്നു.

ന്യായവില ഷോപ്പിന്റെ മുന്നിലെ നീണ്ട നിരയില്‍ ഒരുകാല്‍ മുറിച്ചുമാറ്റിയ കുഞ്ഞു മകനെയും ഒക്കെത്തെടുത്ത്‌ സൌജന്യ റേഷന്‍ വങ്ങാന്‍ കാത്തു നില്‍ക്കുന്ന ഒരുപാവം അമ്മയുടെ ചിത്രം ദിനപത്രത്തിന്റെ താളില്‍... അച്ഛനും അമ്മയും അദ്ധ്വാനിച്ചിട്ടും അരവയര്‍ മാത്രം നിറയാന്‍ വിധിച്ചവന്‍, അമ്മയുടെ തോളില്‍ വാടിക്കിടക്കുന്നു. ഒരു വിളിപ്പാടകലെ എങ്ങോ മുറ്റം അടിക്കുവാന്‍ പോയി മടങ്ങി വന്നപ്പോള്‍ തിരമാലകള്‍ വിഴുങ്ങിയതോ അവരുടെ ഭര്‍ത്താവിനെ, അവരുടെ മക്കളെ, അവരുടെ കൂരയെ. നിയതിയുടെ ഔദാര്യമായി ആ സ്ത്രീക്ക്‌ ലഭിച്ചതോ സുനാമിത്തിരകള്‍ ഒരു കാല്‍ ഒടിച്ചെടുത്ത അവരുടെ കൊച്ചുമകനെ. ഇനി ആ പാവം അമ്മ എത്രകാലം ആ കുഞ്ഞിനെ ഒക്കത്തെടുക്കണം. അവന്‍ വളരുമ്പോഴോ...? ഒരു പൊയ്ക്കാലെങ്കിലും വയ്ക്കുവാന്‍ അവനു ഭാഗ്യമുണ്ടാവുമോ...? ജീവിതത്തിലെ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുവാന്‍ അവനറിയില്ല. പ്രായം ആയില്ല. എങ്കിലും തിരമാലകള്‍ കഴുകിത്തുടച്ച പഞ്ചാരമണലില്‍ അമ്മയ്ക്കു പിന്നാലെ കുഞ്ഞിക്കാലുകള്‍ കൊണ്ട്‌ ഓടിക്കളിക്കുവാന്‍ കഴിയാത്ത നഷ്ടബോധം തീര്‍ച്ചയായും ആ കുരുന്നു മനസ്സിലും വേദന പകരില്ലേ...? ഉത്തരം നല്‍കൂ കടലമ്മേ... കടലിന്റെ ആഴം അറിയാത്ത, തിരകളുടെ ഉയരം അറിയാത്ത ഈ പിഞ്ചുകുഞ്ഞിനോട്‌ എന്തിനീ ധാര്‍ഷ്ട്യം കാട്ടി....?

അവിടുത്തെ ഈ കൊടും ക്രൂരതയ്ക്ക്‌ കര്‍മ്മസാക്ഷിയും കൂട്ടുനിന്നോ....? ഒരു പകലിന്റെ 'ചങ്ങാത്തം' കഴിഞ്ഞ്‌ ഒരു രാവിന്റെ മാത്രം 'അവധി' പറഞ്ഞ്‌ സാഗരം സാക്ഷിയാക്കി ആഴങ്ങളിലേക്ക്‌ അലിഞ്ഞുപോയ അര്‍ക്കബിംബവും അടുത്ത പ്രഭാതത്തില്‍ മടങ്ങിവന്നപ്പോള്‍ 'സുനാമി രഹസ്യം' ഞങ്ങള്‍ക്ക്‌ ചോര്‍ത്തി തന്നില്ലല്ലോ?

പുലരുന്ന ഓരോ പ്രഭാതവും ഞങ്ങള്‍ക്കു വേണ്ടി വച്ചുനീട്ടുന്നത്‌ കടെലെടുത്ത സഹോദരങ്ങളുടെ കരിവാളിച്ച മുഖങ്ങളെക്കുറിച്ചുള്ള ഭീതിദമായ ഓര്‍മ്മകളെയാണ്‌. ഞങ്ങള്‍ക്കു മറവിയില്ല...
ഞങ്ങളുടെ ഹൃദയത്തില്‍ മുറിപ്പാടുകള്‍, ഞങ്ങളുടെകണ്ണുകളില്‍ വറ്റാത്ത കണ്ണുനീര്‍, ഞങ്ങളുടെ സിരകള്‍ക്കു മരവിപ്പ്‌, ഞങ്ങളുടെ പാതകളില്‍ ചോരത്തുള്ളികള്‍... ഈ ദുഃഖഭൂമിയുടെ നടുവില്‍, എന്നെന്നേക്കുമായി വിടപറഞ്ഞ സഹോദരങ്ങള്‍ക്ക്‌ ആത്മശാന്തി നേരുമ്പോള്‍, കടലമ്മേ, അവിടുത്തെ കനിവിന്റെ കണാപ്പുറങ്ങള്‍ തേടുന്ന ഞങ്ങള്‍ക്ക്‌ ഖേദപൂര്‍വ്വം ഒരപേക്ഷ കൂടി... അരുതു്‌ കടലമ്മേ... അരുതു്‌... ഇത്തരം ആവര്‍ത്തനങ്ങള്‍ ഇനി അരുതു്‌.

ലളിത.എസ്‌. മേനോന്‍