തര്‍ജ്ജനി

കഥ

ഭ്രാന്തി

കോളേജിലെ ‘നിയമ’പ്രകാരം അവളും റാഗ് ചെയ്യപ്പെട്ടു.

റാഗിങ്ങുകാര്‍ പ്രകൃതിസ്നേഹികളായിരുന്നതു കൊണ്ട് ഒരു കാടിന്റെ മറവില്‍ വെച്ച് പീഡനം അനുഭവിക്കാനുള്ള അപൂര്‍വ്വഭാഗ്യം അവള്‍ക്കുണ്ടായി.

നാണത്തിന്റെയും മൌനത്തിന്റെയും ചരടുകള്‍ വലിച്ചു പൊട്ടിച്ച് കാളക്കൂറ്റന്മാരെപ്പോലെ അവര്‍ ആ ശരീരത്തില്‍ ആടിത്തിമര്‍ത്തു. ശേഷം പുതിയ ഇരയെത്തേടി വിറളിപിടിച്ചോടി...

എല്ലാം ഉറക്കെ വിളിച്ചു പറഞ്ഞ അവളോട് ‘കോടതി’ എന്ന മൂന്നക്ഷരം ആവശ്യപ്പെട്ടത് സാക്ഷികളെയും തെളിവുകളെയുമായിരുന്നു.

യവനികയായിരുന്ന കാട്ടിനുള്ളില്‍ അവളെത്തി... ഒരു പിടി മണ്ണും ഒരു മരച്ചില്ലയും കുറെ കരിയിലകളുമായി അവള്‍ തിരിച്ചു പോന്നു. കോടതിയില്‍ ന്യായാധിപന്റെ നേരെ അവ നീട്ടി അവള്‍ പറഞ്ഞു:

“ഇവരാണ് സാക്ഷികള്‍. എന്റെയീ ശരീരമാണ് തെളിവ്”

പൊടുന്നനവെ കോടതിക്കു ചുറ്റുമുള്ള സമൂഹം ഒരുളുപ്പുമില്ലാതെ ഉറക്കെ ചിരിച്ചു. ഒരിക്കലും നിലയ്ക്കാത്ത ആ ചിരി അവളെ നാല് ചുവരുകള്‍ക്കുള്ളിലേയ്ക്ക് വട്ടം ചുറ്റി വീഴ്ത്തി.

അജിജേഷ് പച്ചാട്ട്
പച്ചാട്ട്
പള്ളിക്കല്‍
മലപ്പുറം
Subscribe Tharjani |