തര്‍ജ്ജനി

കഥ

പക്കാലന്‍

തോട്ടത്തില്‍ എല്ലാ ഫലവൃക്ഷങ്ങളും വള്ളിച്ചെടികളുമുണ്ട്‌. പ്രകൃത്യാരാധന കൊണ്ടല്ല അയാള്‍ അങ്ങനെയൊരു തോട്ടമുണ്ടാക്കിയത്‌. വിവിധ ഫലങ്ങള്‍ സ്വന്തമായി കൃഷിചെയ്തുണ്ടാക്കി അനുഭവിക്കാനുള്ള ആര്‍ത്തികൊണ്ടാണ്‌. കായ്കനികളുണ്ടാകാത്ത ചില അപൂര്‍വ്വ വൃക്ഷങ്ങളും തോട്ടത്തിലുണ്ട്‌. എണ്ണക്കായ്കള്‍ക്കെന്നപോലെ ഇലകള്‍ക്കും വിലകിട്ടുന്ന കാലമാണിത്‌. ചില ദേവീക്ഷേത്രങ്ങളില്‍ തെരളിയുണ്ടാക്കാനെടുക്കുന്നത്‌ വയണയിലയാണ്‌. പണ്ട്‌ പായസത്തില്‍ ചേര്‍ക്കുന്നത്‌ ഈ ഇലയായിരുന്നു. ഹൃദയഹാരിയായ ഒരു മണം വയണയിലയിലുണ്ട്‌.

തന്റെ അറിവോസമ്മതമോ കൂടാതെ ഒരുറുമ്പോ കിളിയോ മറ്റേതെങ്കിലും ജീവിയോ ഇഴജന്തുക്കളോ തോട്ടത്തില്‍ പ്രവേശിക്കുന്നത്‌ അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നേരം വെളുത്താല്‍ സന്ധ്യവരെ അയാള്‍ തെറ്റാലിയുമായി തോട്ടം ചുറ്റിക്കൊണ്ടിരിക്കും. ഒരണ്ണാനോ കിളിയോ ഇഴജന്തുവോ കണ്ണില്‍പ്പെട്ടാല്‍ തെറ്റാലികൊണ്ട്‌ അടിച്ചിടും. ഇറച്ചിക്കൊതി മൂക്കുമ്പോള്‍ വല്ലപ്പോഴും കാട്ടുമുയലുകളെ വേട്ടയാടും. തോട്ടത്തില്‍ നിന്നും മുയല്‍ക്കൂട്ടത്തെ പൂര്‍ണ്ണമായി ആട്ടിയകറ്റിയിട്ടില്ല.

അയാള്‍-പക്കാലന്‍-കുടവയറിനുതാഴെ മുട്ടോളമെത്തുന്ന ഒരു തോര്‍ത്തുചുറ്റി, ഉണ്ടത്തലയില്‍ തൊപ്പിവെച്ച്‌ കയ്യില്‍ തെറ്റാലിയുമായിട്ടാണ്‌ നടത്തം. ഉയരം കുറഞ്ഞു വണ്ണമുള്ള അയാള്‍ നടക്കുകയല്ല ഉരുണ്ടുരുണ്ടു പോവുകയാണെന്നേ തോന്നുകയുള്ളൂ.

അയാളുടെ തോട്ടത്തില്‍ ഫലങ്ങളൊഴിഞ്ഞ കാലമില്ല. ഒന്നുമാറി ഒന്നുമാറി എപ്പോഴും പൂവും കായും പഴങ്ങളുമുണ്ടായിരിക്കും. ദിവസേന അയാള്‍ തെറ്റാലികൊണ്ടടിച്ചിടുന്ന അണ്ണാനും കിളികള്‍ക്കും കയ്യും കണക്കുമില്ല. പ്രാണികളെ ഇത്ര നിര്‍ദ്ദയം കൊന്നൊടുക്കുന്ന ഒരു മനുഷ്യന്‍ ഈ നാടിലും മറുനാട്ടിലും കാണുകയില്ല. അതുകൊണ്ടാണ്‌ നാട്ടുകാര്‍ അയാളെ പക്കാലന്‍ എന്നുവിളിക്കുന്നത്‌. പ്രാണികളുടെ കാലന്‍ എന്ന വിളിപ്പേര്‌ പ്രക്കാലന്‍ എന്നായി ചുരുങ്ങി. അത്‌ പിന്നേയും ചുരുങ്ങി പക്കാലനായി.

നാടുമുഴുവന്‍ വെയിലില്‍ കരിഞ്ഞു വറുതി വന്നാലും മഴയില്‍ കുതിര്‍ന്നു പട്ടിണിയില്‍ ചുരുങ്ങിയാലും തോട്ടം ഫലസമൃദ്ധമായിരിക്കും.
തോട്ടം പണിക്കാരില്‍ ഒരാളായ പരമു ഒരിക്കല്‍ പറഞ്ഞു "ചുറ്റുവട്ടത്തൊരിടത്തും ഇങ്ങനെയൊരു തോട്ടമില്ല. ജന്മീടെ കാലശേഷം ഇതെങ്ങനെ നിലനില്‍ക്കും?"

പക്കാലന്‍ പരമുവിനെ രൂക്ഷമായൊന്നു നോക്കി. ഭാഗ്യംകൊണ്ട്‌ പരമു ദഹിച്ചില്ലെന്നുമാത്രം. പക്കാലന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ചോദ്യമാണത്‌.
തോട്ടത്തില്‍ വന്നു വിശപ്പടക്കി വിശ്രമിക്കുന്ന പരശ്ശതം പ്രാണികളെ കൊന്നൊടുക്കുന്ന പക്കാലനെ മക്കള്‍ ഇഷ്ടപ്പെടുന്നില്ല. പിതാവിനെ ഈ ദുഷ്കൃത്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവര്‍ പലതവണ ശ്രമിച്ചു. പക്കാലന്‍ അതിനുവഴിപ്പെട്ടില്ല.
"എന്റെ തോട്ടം. ഞാന്‍ പണം മുടക്കി അദ്ധ്വാനിച്ചുണ്ടാക്കുന്ന ഫലമൂലങ്ങള്‍. അത്‌ കവര്‍ന്നെടുക്കാന്‍ ഞാന്‍ ഒരു ചെറുപ്രാണിയെപ്പോലും സമ്മതിക്കില്ല. നിനക്കൊക്കെ അത്ര വെഷമമാണെങ്കില്‍ സ്വന്തമായി ഒരു തോട്ടമുണ്ടാക്കി പ്രാണികള്‍ക്കു വിട്ടുകൊടുക്ക്‌.."
"പ്രകൃതി മനുഷ്യനുമാത്രമുള്ളതല്ലല്ലോ.. അതച്ഛന്‍ മറക്കുന്നതെന്തിന്‌?"
ഇതാണുനിങ്ങടെ വിചാരമെങ്കില്‍ നിങ്ങടെ സ്വത്ത്‌ കണ്ട കാക്കയ്കും പരുന്തിനും വീതിച്ചുകൊടുത്തിട്ടു തെണ്ടാന്‍ പോ.." അയാള്‍ മക്കളെ പരിഹസിച്ചു.
തോട്ടത്തിനുചുറ്റും വേലികെട്ടി അടച്ചതുകൊണ്ട്‌ കള്ളന്മാരുടെ ശല്യമില്ല.

പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും ഏതു വേലിയും കടന്നു പോരാം. മറ്റൊരു ശല്യം തോടാണ്‌. അഞ്ചേക്കര്‍ തോട്ടത്തെ രണ്ടായി പിളര്‍ന്നുകൊണ്ടാണ്‌ തോടൊഴുകുന്നത്‌. തോടിന്റെ ഉയര്‍ന്ന കരകളിലൊന്ന്‌ നട വഴിയാണ്‌. പണ്ടേയുള്ള വഴിയായതുകൊണ്ട്‌ അതടയ്ക്കാന്‍ കഴിഞ്ഞില്ല. ഭൂനിരപ്പില്‍നിന്ന്‌ വളരെയധികം താണൊഴുകുന്നതുകൊണ്ട്‌ തോട്ടിലെ വെള്ളം തോട്ടത്തിലേയ്ക്ക്‌ ചാലുവെച്ചൊഴുക്കാന്‍ കഴിയുന്നില്ല. എങ്കിലും തോട്ടില്‍ അണക്കെട്ടി തടഞ്ഞ വെള്ളം പമ്പുസെറ്റിന്റെ സഹായത്തോടെ തോട്ടത്തിലെത്തിക്കുന്നു.
പക്കാലന്‍ തോടിന്റെ ഒരു കരയില്‍നിന്ന്‌ മറുകരയിലേക്ക്‌ നോക്കി ചിന്തിയ്ക്കും. തോടിന്റെ ഭാഗം കൂടി തോട്ടത്തെ ഒന്നാക്കുന്ന സമനിരപ്പുഭൂമിയായിരുന്നെങ്കിലോ...

തോടിന്റെ മറുകരയില്‍ നിരനിരയായി നട്ടിരിക്കുന്നത്‌ ആനമുന്തിരിയും ആത്തിയും നാടന്‍ മുന്തിരിയുമാണ്‌. ഒക്കെ നിറച്ചുപൂത്തു കായ്ച്ചിരിക്കുന്നു! ആനമുന്തിരിയില്‍ പറന്നിറങ്ങിയ കിളികളെ തെറ്റാലികൊണ്ടടിച്ചുവീഴ്ത്തിയിട്ടും രക്ഷയില്ല. സാധാരണയായി ഒന്നുരണ്ടെണ്ണം ചത്തുകഴിഞ്ഞാല്‍ മറ്റുള്ളവ പറന്നകലും. പക്കാലന്‍ തോട്ടിനക്കരെ മരം മറഞ്ഞുനിന്ന്‌ തെറ്റാലിയില്‍ കല്ലുവെച്ച്‌ ആത്തിയിലിരുന്ന്‌ പഴം കൊത്തിത്തിന്നുന്നുകയായിരുന്ന കിളികളെ തുരുതുരെ അടിച്ചിട്ടു. ഉടന്‍ ആശ്വാസത്തോടെ സംതൃപ്തിയോടെ മടങ്ങിപ്പോരികയും ചെയ്തു.

പക്കാലന്റെ ഒരു ദിവസം ആരംഭിക്കുന്നത്‌ ഏതെങ്കിലും വൃക്ഷത്തിലിരിക്കുന്ന ഒരണ്ണാനെ അടിച്ചിടുന്നതോടുകൂടെയാണ്‌. ഇന്നുസംഭവിച്ചതു മറിച്ചാണ്‌.
ചുറ്റുപാടുമുള്ള തെങ്ങിന്തോപ്പുകളില്‍ നിന്നാണ്‌ നിത്യേന അസംഖ്യം അണ്ണാന്മാരെത്തുന്നത്‌. എത്ര തുരത്തിയാലും ചലിച്ചു ബഹളം വെച്ചുതിരിച്ചെത്തും. തോട്ടത്തില്‍ നിന്നല്ല ഭൂമുഖത്തുനിന്നുതന്നെ അവറ്റയെ താന്‍ തുരത്തുന്നു. ഇക്കാലത്തിനിടയില്‍ എത്രയെത്ര ജീവജാലങ്ങളെ ഒടുക്കിയിരിക്കുന്നു!

ചില്‍...ചില്‍...ചില്‍...
ആത്തിയില്‍ രണ്ടണ്ണാന്മാര്‍ ശബ്ദം വെച്ചു കേറുന്നു. ആത്തിക്കാപ്പഴമാണവറ്റകളുടെ ലക്ഷ്യം.
"ആ പഴത്തില്‍ തൊട്ടാല്‍ ഇപ്പോ വീഴ്ത്തും.." ഒരാജന്മശത്രുവിനോടെന്നപോലെ പക്കാലന്‍ വിളിച്ചു പറഞ്ഞു.
രണ്ടണ്ണാന്മാര്‍ ആത്തിച്ചക്കപ്പഴത്തിന്റെ രണ്ടറ്റത്തുമായെത്തി. അപ്പോഴേയ്ക്കും പക്കാലന്റെ കയ്യിലെ കല്ലുകള്‍ തീര്‍ന്നിരുന്നു. മുന്നോട്ടുനീങ്ങിച്ചെന്ന്‌ ഒരു കല്ലെടുത്തു തെറ്റാലിയില്‍ വെച്ച്‌ അണ്ണാനെ ലക്ഷ്യമാക്കി നോക്കി. നില്‍പു ശരിയായില്ല. മുന്നോട്ട്‌ ഒരു കാലുനീട്ടിവെച്ചു. വെച്ചപാടെ താഴേയ്ക്ക്‌... അയാള്‍ താഴെ തോട്ടില്‍ കൂര്‍ത്തുമൂര്‍ത്ത പാറകള്‍ക്കുമീതെ വീണു നുറുങ്ങിയ ഒച്ചകേട്ടിട്ടും അണ്ണാന്മാര്‍ അനങ്ങിയില്ല. തിടുക്കത്തില്‍ അവറ്റകള്‍ ആത്തിച്ചക്കപ്പഴത്തിന്റെ തോല്‍ കരണ്ടുതുടങ്ങി.

കുളത്താമല്‍ ജഗന്നാഥന്‍
എച്ച്‌.എസ്‌.എ മലയാളം
ഗവണ്മെന്റ്‌ ഗേള്‍സ്‌ ഹൈ സ്കൂള്‍
നെയ്യാറ്റിന്‍കര
നെയ്യാറ്റിന്‍-കര പി.ഓ
തിരുവനന്തപുരം
Subscribe Tharjani |