തര്‍ജ്ജനി

കഥ

മന്നാ പൊഴിയുന്ന ഇടങ്ങളിലൂടെ

സുവ്യക്തമായ ഒരു സ്വപ്നത്തിന്റെ തിരുശേഷിപ്പ് പോലെയായിരുന്നു ഏലിയാസിന്റെ ജീവിതത്തില്‍ അതു സംഭവിച്ചു തുടങ്ങിയത്. നേരം പുലര്‍ന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ. ട്രീസയും ആകെ അന്ധാളിപ്പിലായിരുന്നു. എങ്കിലും, അവള്‍ ഒന്നും ചോദിച്ചുമില്ല പറഞ്ഞതുമില്ല. രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെയും എളിയിലെടുത്ത് ആകെയുള്ള വീടിനു പുറത്തു വന്നു വാതിലിന് ഓടാമ്പലിടുമ്പോള്‍ മറ്റൊരു വാടകവീട് എവിടെയായിരിക്കുമെന്ന് ട്രീസ ആലോചിക്കുകയായിരുന്നു. ശരിക്കും രണ്ട് ദിനം കൂടി കഴിയാനുള്ള വാടകബാക്കി ഉപേക്ഷിച്ച് ഇത്ര ധൃതിയില്‍ ഏലിയാസ് തന്നെയും കുഞ്ഞിനെയും കൊണ്ട് എങ്ങോട്ടേയ്ക്കാണ് കൂടുമാറ്റം നടത്തുന്നതെന്നറിയാതെ അവള്‍ പരിഭ്രമിക്കുകയും ചെയ്തു. ഏലിയാസ് നടന്നു തുടങ്ങിയിരുന്നു. ട്രീസ ഇത്രയും നാള്‍ അന്തിയുറങ്ങിയിരുന്ന വീടിനെ ഒരു നോക്കുകൂടി കണ്ട്, ഏലിയാസിന്റെ നിഴല്‍ പോലെ അനുയാത്ര തുടങ്ങി.

രാത്രിയുടെ മദ്ധ്യയാമങ്ങളിലായിരുന്നു. ഒരു വെളിപാടു പോലെ ഏലിയാസ് ചാടിയെഴുന്നേറ്റ് ട്രീസയോട് അത് പറഞ്ഞത്:
“പൂര്‍വ്വികര്‍ നമ്മുടെ വഴികാട്ടിയായിരിക്കുന്നു. നമ്മുടെ വീട്... നമുക്ക് മാത്രമായി ഒരു വീട് ഒരുങ്ങിയിരിക്കുന്നു. പുലര്‍ച്ചയ്ക്കുമുമ്പേ നമ്മള്‍ ഈ വീട് വിടണം. ഇവിടെ തുടരേണ്ട ആവശ്യം ഇനി നമുക്കില്ല.”

അല്ലെങ്കിലും രണ്ടു പകലുകളും രണ്ട് രാത്രികളും മാത്രമേ നമുക്കിവിടെ കഴിയാനുള്ള അവകാശമുള്ളല്ലോ എന്ന് ട്രീസ മനസ്സിലോര്‍ക്കുകയും ചെയ്തു. അല്ലെങ്കില്‍, മൂന്നാം പകലില്‍ വാടക പിരിക്കാനെത്തുന്നയാളിന്റെ കൂര്‍ത്ത നോട്ടത്തിനു മുമ്പില്‍ താന്‍ കൊരുത്തു തൂങ്ങിക്കിടക്കേണ്ടി വരുമല്ലോ.

നേരം പുലര്‍ന്നു വരുന്നതേയുള്ളൂ. തെരുവുകള്‍ ശബ്ദാനമായകമാകുകയാണ്. എളിയിലിരിക്കുന്ന കുഞ്ഞിനെ വിശപ്പ് വിഴുങ്ങുന്നത് അവളറിഞ്ഞു. ഏലിയാസ് നടക്കുകയായിരുന്നു. അനുയാത്ര ചെയ്യുന്ന തനിക്ക് പ്രത്യേകിച്ച് ക്ഷീണമൊന്നുമില്ലെന്നറിഞ്ഞ് അവള്‍ അഭിമാനം പൂണ്ടു.

ക്രമേണ പകല്‍, ഏലിയാസ് കണ്ട് സ്വപ്നം പോലെ വികസിച്ചു വരുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഏലിയാസും താനും കുഞ്ഞും സൂര്യനോടൊപ്പമാണ് നടക്കുന്നതെന്ന് ട്രീസയ്ക്കു തോന്നി. ഏലിയാസ് ആകെയൊരുത്സാഹത്തിലായിരുന്നു. സ്വപ്നത്തില്‍ പ്രത്യക്ഷമായ ആദ്യത്തെ വീട് തന്റെ പൂര്‍വ്വികര്‍ വൈകിയാണെങ്കിലും വെളിവാക്കിത്തന്നുവല്ലോ. ഇനി തന്റെ കര്‍ത്തവ്യമാണ്. ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ വിശ്രമമില്ല.

യാത്ര പുറപ്പെട്ടിട്ട് ഏറെ സമയം പിന്നിട്ടിരിക്കുന്നു. വിശപ്പോ ദാഹമോ എന്തിന് കാലുകള്‍ക്ക് ചെറിയൊരു കഴപ്പു പോലുമോ തന്നെ ആക്രമിച്ചിട്ടില്ലെന്ന് ഏലിയാസറിഞ്ഞു. എല്ലാം പൂര്‍വ്വികന്റെ അനുഗ്രഹം കൊണ്ടാകാം. പെട്ടെന്നയാള്‍ ട്രീസയെയും കുഞ്ഞിനെയുമോര്‍ത്തു. യാത്രയാരംഭിച്ച നിമിഷം മുതല്‍ താനൊരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കിയില്ലല്ലോ എന്നയാള്‍ കുണ്ഠിതപ്പെട്ടു. എങ്കിലും ഒരു പിന്‍‌വിളി പോലും ട്രീസയില്‍ നിന്നുണ്ടായില്ലല്ലോ എന്ന് സഹതാപപൂര്‍വ്വം ഓര്‍ത്തുപോയി. ഏലിയാസ് പിന്തിരിഞ്ഞു നിന്നു. തന്റെ നാലഞ്ചു കാല്പാടുകള്‍ക്കു പിന്നിലായി ട്രീസ കുഞ്ഞിനെയുമെടുത്തു പെട്ടിയും തൂക്കി വരുന്നുണ്ടായിരുന്നു. തന്നെ ആക്രമിക്കാത്ത വിശപ്പും ക്ഷീണവും ട്രീസയെയും കുഞ്ഞിനെയും അലട്ടുന്നുണ്ടെന്ന് അയാള്‍ മനസ്സിലാക്കി. എങ്കിലും അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

“നിനക്ക് ക്ഷീണം തോന്നുന്നില്ലേ...?”
ഏലിയാസ് മന്ത്രിക്കുന്ന സ്വരത്തില്‍ ട്രീസയോട് ചോദിച്ചു. അവള്‍ ചിരിച്ചതേയുള്ളൂ.
“കുഞ്ഞിനെ ഇങ്ങു തരൂ...” അയാള്‍ കുഞ്ഞിനെ ഏറ്റു വാങ്ങി. പിന്നെ നടത്തത്തിനിടയില്‍ അയാള്‍ മന്ത്രിച്ചു.
“നിനക്കും കുഞ്ഞിനും വിശക്കുന്നുണ്ടാകും.. ഉടനേ വിശപ്പു മാറ്റാം”

കൈയ്യില്‍ ഒരു ചില്ലിക്കാശു പോലും ഇല്ലാതിരിക്കേ ഏലിയാസ് അങ്ങനെ പറഞ്ഞതില്‍ അവള്‍ക്ക് അതിശയമൊന്നും തോന്നിയില്ല. മെല്ലെ, നഗരത്തിന്റെ മുഴുവന്‍ ശബ്ദങ്ങളും വേഗങ്ങളും തന്റെ ബോധമണ്ഡലത്തിലെത്തിയതായി ട്രീസ അറിഞ്ഞു. നഗരം മുഴുവന്‍ അധമന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് അവളറിഞ്ഞു. അവളിലെ മാംസഞൊറിവുകളില്‍ അധമന്മാരുടെ നേത്രാസ്ത്രങ്ങള്‍ മുറിവുകളുണ്ടാക്കുന്നുണ്ടായിരുന്നു. നിറം മങ്ങിയ സാരി വാരിപ്പുതച്ച് അവള്‍ ഏലിയാസിന്റെയും കുഞ്ഞിന്റെയും പിന്നാലെ നടന്നു. കുഞ്ഞ് ഒരു രക്ഷാകവചമായിരുന്നുവെന്ന് അവളപ്പോഴാണറിഞ്ഞത്. നഗരത്തിന്റെ നാഡീഞരമ്പുകളിലുടെയാണ്‍ ഇപ്പോള്‍ തങ്ങളുടെ പ്രയാണമെന്ന് ട്രീസ മനസ്സിലാക്കി. ഏലിയാസിനെ ആക്രമിക്കാത്ത വിശപ്പും ക്ഷീണവും ഇപ്പോള്‍ തന്നെ ബാധിക്കുന്നതായി അവള്‍ക്കു തോന്നി.

ഫ്ലാറ്റ് സമുച്ചയത്തിനു കീഴെയുള്ള തെരുവോരത്തെ ഒരു തണലില്‍ ഏലിയാസ് നിന്നു. ഒരൊഴിവുദിനത്തിന്റെ ഭോഗാലസ്യത്തിലായിരുന്നു നഗരം.

“നിനക്കു നല്ല ക്ഷീണമുണ്ടല്ലോ കുഞ്ഞിനും വല്ലാതെ വിശക്കുന്നുണ്ട്. അതെനിക്കറിയാം. നമുക്കിവിടെയിത്തിരി വിശ്രമിക്കാം.”
അയാള്‍ ആകാശത്തിലേക്കു നോക്കി. കാടപ്പക്ഷികളുടെ ചിറകടിയൊച്ചയ്ക്കായി കാതോര്‍ത്തു. ആകാശത്തില്‍ നിന്നു പൊഴിഞ്ഞു വീണേക്കാവുന്ന മന്നായുടെ കൊതിപ്പിക്കുന്ന ഗന്ധത്തിനായി നാസിക തുറന്നു വച്ചു. പിന്നെ ശബ്ദമില്ലാതെ പറഞ്ഞു:
“നമുക്ക് കാത്തിരിക്കാം. പൂര്‍വ്വികന്റെ പ്രവചനത്തിനു നമ്മള്‍ വില കല്പിക്കണം.”

തെരുവോരത്തെ ഗുല്‍മോഹര്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ ഏലിയാസിനോടൊപ്പം ട്രീസയുമിരുന്നു. കുഞ്ഞു മാനത്തെ ചുംബിക്കുന്ന വലിയ ഫ്ലാറ്റിന്റെ ഉച്ചിയിലേയ്ക്ക് കണ്ണയച്ച് വാ പൊളിച്ചു നിന്നു. ഏലിയാസ് കണ്ണുകളടച്ചു. ഒരു പകല്‍ സ്വപ്നത്തിലെങ്ങാനും പൂര്‍വ്വികര്‍ കടന്നു വന്നാലോ... സാമന്യം വലിപ്പമുള്ളൊരു പൊതിക്കെട്ട് വീഴുന്ന ശബ്ദം കേട്ടാണ് ഏലിയാസ് കണ്ണു തുറന്നത്. പ്രസന്നമായ മുഖത്തോടെ അയാള്‍ ചാടിയെഴുന്നേറ്റു. വേഗമതെടുത്തഴിച്ചു നോക്കി. റൊട്ടിയുടെ കരിഞ്ഞ അരികുകളും ഇനിയും ഇറച്ചിത്തുണ്ടുകളവശേഷിച്ച പുഴുങ്ങിയ കുറച്ച് കോഴിക്കാലുകളുമായിരുന്നു അത്. ഏലിയാസ് കുറച്ചതില്‍ നിന്നെടുത്ത് കുഞ്ഞിനും ട്രീസയ്ക്കും നല്‍കി.

“കഴിക്കൂ... ലക്ഷ്യം വരെ ഇതാണ് നമ്മുടെ ആഹാരം. ആകാശത്തു നിന്നും പൊഴിച്ചു തരുന്ന വസ്തുക്കളെ ധിക്കരിക്കാതിരിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്...” ഏലിയാസ് പറഞ്ഞു.

ഫ്ലാറ്റിന്റെ മുകളിലത്തെ ഏതോ ഫ്ലോറില്‍ നിന്ന് ആരോ താഴേയ്ക്കെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങളാണ് അവയെന്ന് ട്രീസ മനസ്സിലാക്കിയിരുന്നു. എങ്കിലും അവളും കുഞ്ഞും ആര്‍ത്തിയോടെ അത് ഭക്ഷിച്ചു. ഏലിയാസിന്റെ കണ്ണുകള്‍ ഭക്തിപൂര്‍വ്വം കൂമ്പിയടഞ്ഞു. അയാളുടനെ മുട്ടുകുത്തി നിന്ന് ഒരു വിലാപ പ്രാര്‍ത്ഥന നടത്തുമോ എന്നവള്‍ ഭയന്നു. കാരണം, നഗരം ഇപ്പോള്‍ തങ്ങളെ കൂടുതല്‍ ശ്രദ്ധിക്കുന്നതായി അവള്‍ക്ക് തോന്നി.

യാത്ര വീണ്ടും തുടരവേ, ക്രമേണ പകലിനു തിളക്കം നഷ്ടപ്പെട്ടു വന്നു. സന്ധ്യയുടെ ചുവപ്പ് കറുത്തു വന്നു. രാത്രി പടരാന്‍ തുടങ്ങിയിരുന്നു. സ്വസ്ഥതയോടെ ഒന്ന് തലചായ്ക്കാനായി എവിടെയാണ് ഒരു സുരക്ഷിതസ്ഥലം കണ്ടെത്തുക എന്നതായിരുന്നു ട്രീസയുടെ ആശങ്ക. തെരുവോരങ്ങളില്‍ മിന്നമിനുങ്ങുകള്‍ ഉലാത്താനാരംഭിച്ചിരുന്നു. ട്രീസയുടെ തോളില്‍ കുഞ്ഞുറങ്ങുകയായിരുന്നു. കുഞ്ഞിനെയും കിടത്തി തനിക്കും എവിടെയെങ്കിലും ഒന്നു കിടക്കനമെന്നുണ്ടായിരുന്നു അവള്‍ക്ക്. പക്ഷേ രാത്രിയുടെ മറ പറ്റി ഏലിയാസ് നടന്നു നീങ്ങുകയായിരുന്നു. തുടര്‍ന്ന് രാത്രി കനത്തു വന്നു.

നഗരാതിര്‍ത്തിയിലെ ഒരു മരച്ചുവട്ടിലായിരുന്നു ഏലിയാസ് കിടക്കാനൊരിടം കണ്ടെത്തിയത്. പൊതി തുറന്ന് ശേഷിച്ച ഭക്ഷണം ട്രീസയ്ക്കും കുഞ്ഞിനും പങ്കിടുമ്പോള്‍ ഇന്നിങ്ങനെ കഴിഞ്ഞു പോയതില്‍ അയാള്‍ സന്തോഷവാനായിരുന്നു. നളെ വീണ്ടും മന്നാവര്‍ഷം ഉണ്ടാകുമെന്നതിന് അയാള്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ട്രങ്കുതുറന്ന് ട്രീസ ഒരു പുതപ്പെടുത്ത് വിരിച്ചു. കുഞ്ഞിനെ കിടത്തി. കുഞ്ഞിനോട് ചേര്‍ന്ന് അവളും അവളോട് ചേര്‍ന്ന് ഏലിയാസും കിടന്നു. ആകാശത്തില്‍ നിലാവ് അലസഗമനം നടത്തുന്നുണ്ടായിരുന്നു. ഇലകള്‍ക്കിടയിലൂടെ നിലാവിന്റെ അങ്കിയുടെ നൂലിഴകള്‍ താഴേയ്ക്കു വന്നു. ഏലിയാസിന്റെ ചൂടിനായി തന്റെ ശരീരം ദാഹിക്കുന്നതായി ട്രീസയറിഞ്ഞു, പിന്നെ ഏലിയാസിന്റെ കൈകള്‍ തന്നെ വരിഞ്ഞു മുറുക്കുന്നതും. അവള്‍ കിടന്നു പുളഞ്ഞു. അവള്‍ കുഞ്ഞിന് പുറം തിരിഞ്ഞ് ഏലിയാസിനഭിമുഖമായി കിടന്നു. പിന്നെ ഒരു നിമിഷം കൊണ്ട് ഏലിയാസവളെ വിവസ്ത്രയാക്കി. മരത്തില്‍ ചേക്കേറിയിരുന്ന പക്ഷികള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. നിലാവ് എവിടേയ്ക്കോ മറഞ്ഞു. വിവസ്ത്രരായ ഏലിയാസിന്റെയും ട്രീസയുടെയും മേല്‍ ഇരുട്ട് ഒരു കരിമ്പടം വലിച്ചിട്ടു.

നേരം പുലരുമ്പോഴും ഏലിയാസും കുഞ്ഞും ട്രീസയും നടക്കുകയായിരുന്നു. തലേ രാത്രിയിലെ നിലാവനാഥമാക്കിയ ആകാശത്തിനു കീഴെ തന്റെ നഗ്നമേനിയില്‍ ഏലിയാസ് കെട്ടിപ്പുണര്‍ന്നുകിടക്കുമ്പോള്‍ തന്റെ ചെവിയില്‍ കടിച്ചു പിടിച്ച് മന്ത്രിച്ചത് അവളോര്‍ത്തു.

“ട്രീസ... നമ്മുടെ സ്വന്തം വസതിയിലേക്ക് നമ്മളെത്തിച്ചേരുന്നതിനു മുമ്പേ ഒരു പക്ഷേ, ഞാന്‍ വീണു മരിച്ചേക്കാം. അങ്ങിനെയാണെങ്കില്‍ നീയും മോളും ഒറ്റയ്ക്കാകരുത്. നിനക്കൊരാണ്‍ തുണ വേണം. ഇനി നിനക്കുണ്ടാകുന്നത് ആണ്‍കുഞ്ഞാണ്.”

അയാള്‍ പറഞ്ഞതിന്റെ പൊരുളില്‍ ട്രീസ മുഴുകി. പിന്നെ സ്വയമാശ്വസിച്ചു. പൂര്‍വ്വികന്റെ വാക്കുകളാകാമിത്.

വീണ്ടുമൊരു പകലിന്റെ ആവര്‍ത്തനത്തില്‍ സംഭവിക്കാനുള്ളതെല്ല്ലാം സംഭവിക്കുന്നുണ്ടായിരുന്നു. വീണ്ടും ഭക്ഷണാവശിഷ്ടങ്ങളുടെ പൊതി, അയാള്‍ക്കും അവള്‍ക്കും കുഞ്ഞിനും മന്നയായി. ഗ്രാമത്തിലെത്തുമ്പോള്‍ ഏലിയാസ് ക്ഷീണിച്ചിരുന്നു. ഗ്രാമത്തിലെ ആല്‍ത്തറയില്‍ ഇരുട്ടിന്റെ തണുത്ത പച്ചപ്പില്‍ ട്രീസയും കുഞ്ഞും ഉറങ്ങുമ്പോള്‍ ഏലിയാസ് തുറന്ന കണ്ണില്‍ ഒരു സ്വപ്നം കണ്ടു. പൂര്‍വ്വികന്‍ തന്നോട് സംസാരിക്കുന്നു.

“ഏലിയാസ്... നാളത്തെ പകലില്‍ നീ നിന്റെ വീട് കണ്ടെത്തും. നിന്റെ ഭാര്യയും കുഞ്ഞുങ്ങളും അവിടെയെത്തും. അതിനുമുമ്പ് നീ മരിച്ചു വീഴും. പിന്നെ അവരുടെ യാത്ര അവിടെ നിന്നും തുടങ്ങട്ടെ...”

പൂര്‍വ്വികന്റെ ശബ്ദം മറഞ്ഞപ്പോള്‍ ഏലിയാസ് മയക്കത്തില്‍ നിന്നെന്നവണ്ണം ഉണര്‍ന്നു. തൊട്ടടുത്ത പകലില്‍ തങ്ങളുടെ വാഗ്ദത്ത വസതി എത്തിയിരിക്കുന്നുവെന്നറിയാതെ തളര്‍ന്നുറങ്ങുന്ന ട്രീസയും കുഞ്ഞും. ഏലിയാസ് അവളുടെ ഉദരത്തില്‍ തലോടി. അവിടെ മറ്റൊരു ഏലിയാസിന്റെ ജീവന്‍ തുടിക്കുന്നതറിഞ്ഞ് അയാള്‍ ആഹ്ലാദിച്ചു.

നേരം നേരത്തെ പുലര്‍ന്നതായി ഏലിയാസിനു തോന്നി. അയാള്‍ പറഞ്ഞു:

“ട്രീസാ.. നീയിനി മുന്നില്‍ നടക്കുക. പിന്നാലെ ഞാനും നടക്കാം. നമ്മുടെ മണ്ണ് അടുത്തു തന്നെയാണ്.നമുക്കവകാശപ്പെട്ട വീട്... വേഗം നടക്കുക.”

ട്രീസയില്‍ ആവേശം പൂത്തു. തോളില്‍ കുഞ്ഞിനെയും ഉദരത്തില്‍ പുതിയൊരു ജീവനെയും വഹിച്ച് അവള്‍ നടന്നു നീങ്ങി. കാലദൂരങ്ങള്‍ പിന്നിടവേ, ഒരു വിളിപ്പാടകലെ അവള്‍ കണ്ടു. നാലു വശവും ചുറ്റുമതിലുള്ള ഭൂമിയുടെ ഒരു കഷണം. ട്രീസ സര്‍വ്വശക്തിയുമെടുത്ത് വേഗത്തില്‍ നടന്നു. മതില്‍ക്കെട്ടിനടുത്തെത്തി, ഇരുമ്പ് വാതില്‍ അവള്‍ തള്ളിത്തുറന്നു. അവള്‍ക്കു മുന്നില്‍ കുരിശുകള്‍ ചൂടിയ കുഴിമാടങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു തുണ്ട് ഭൂമി പ്രത്യക്ഷമായി. കുരിശുകളില്‍ അവ്യക്തമായി എഴുതി വച്ചിരിക്കുന്ന അജ്ഞാതലിപികളില്‍ അവളുടെ ചിന്തകളുടക്കി. ട്രീസയ്ക്കൊന്നും മനസ്സിലായില്ല. ട്രീസ പിന്‍‌തിരിഞ്ഞു നോക്കി. ഏലിയാസിന്റെ നിഴല്‍ പോലും അവിടെങ്ങുമില്ലായിരുന്നു.

പെട്ടെന്നാണ് അവള്‍ക്ക് പേറ്റുനോവ് ആരംഭിച്ചത്. ഒന്നും ലിഖിതപ്പെടാത്ത കുരുശു ചൂടിയ ഒരു കുഴിമാടത്തിനരികെ, അവള്‍ മലര്‍ന്നു കിടന്നു. ഒന്നുറങ്ങിയിരുന്നെങ്കില്‍.... ഏലിയാസ് പ്രവാചകനെ സ്വപ്നത്തിലെങ്കിലും ഒന്നു കാണാമായിരുന്നു എന്നവള്‍ വ്യാമോഹിച്ചു.

ബി. ജോസുകുട്ടി.
പന്തലില്‍ പറമ്പ്
ആലപ്പുഴ
Subscribe Tharjani |