തര്‍ജ്ജനി

ചാക്യാര്‍കൂത്ത് - അവതരണരീതി

'സര്‍‍വ്വകാലവും ഭഗവന്നാമങ്ങളെ ഉച്ചരിച്ച്, ഉച്ചരിച്ച് ഇരുന്നാല്‍ ജന്മജന്മന്തരാര്‍‍ജ്ജിതങ്ങളായിരിക്കുന്ന ദുരിതരാശികള്‍ യഥാവലേ സംഹൃതങ്ങളായിച്ചമയും എന്നു നിയമാത്രമല്ലോ ആകുന്നത്. എന്നതു കൂടാതെകണ്ട് മറ്റസാരങ്ങളായി, അനിത്യങ്ങളായി, അല്പസുഖപ്രദങ്ങളായിരിക്കുന്ന ഓരോ അര്‍‍ത്ഥപുത്രകളത്രമിത്രാദികളില്‍ ഭ്രമിച്ച് വൃഥാതന്നെ കാലക്ഷേപംചെയ്തു ദുരിതമാര്‍ജ്ജിച്ചുപോകയല്ലോ ചെയ്യുന്നത്. മനുഷ്യജന്മം എളുതായിട്ടു ലഭിക്കുന്നൊരു വസ്തുവെന്നാല്‍ ആയതൊക്കവെയും കൊള്ളാം. സുകൃതദുഷ്കൃതങ്ങള്‍ തുല്യങ്ങളായിരിക്കുന്ന സമയത്തുങ്കലെ മനുഷ്യജന്മം ലഭിപ്പൂ എന്ന ജന്മത്തെ ദൈവഗത്യാ ലഭിച്ചവര്‍ പക്ഷം വ്യര്‍ത്ഥമാക്കികളയാതെകണ്ട് ഒരവസരം വരുന്ന സമയത്തുങ്കല്‍ ഈശ്വരസേവചെയ്തു ദുരിതനിവൃത്തി വരുത്തി ഗതിവരുത്തിക്കൊള്ളുവാനായിക്കൊണ്ടു വേണമത്രെ എല്ലാ ജനങ്ങളും എല്ലാ സമയത്തുങ്കലും പ്രയത്നം ചെയ്തു കൊള്ളുവാന്‍ . ആയതത്രെ ഇവിടെ ജന്മസാഫല്യമാകുന്നത്.'

പിന്നെ ഏതെങ്കിലും ഒരു ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് കഥാബന്ധം വരുത്തുകയായി. വിഷ്ണുവിന്റെ കഥയാണെങ്കില്‍ , രാമായണത്തിനു 'സഃ രാമചന്ദ്രഃ വഃ പായാല്‍ ' കൃഷ്ണകഥയ്ക്കു 'സഃ വാസുദേവഃ വഃ പായാല്‍ ' എന്നും ശിവന്റെ കഥയാണെങ്കില് 'സഃ ചന്ദ്രചൂഡഃ വഃ പായാല്‍ ' എന്നും ഉറക്കെ ചൊല്ലി 'അവ്വണ്ണമെല്ലാമിരിക്കുന്ന രാമചന്ദ്രന്‍ (വാസുദേവന്‍ , ചന്ദ്രചൂഡന്‍ എന്ന് അതാതുകഥയെ അനുസരിച്ച്) ഭവാന്മാരെ രക്ഷിക്കട്ടെ, ഭവാന്മാര്‍ക്ക് പലപ്രകാരവും ഉണ്ടാകുമല്ലോ സങ്കടങ്ങള്‍ . ആദ്ധ്യാത്മികങ്ങളായും ആധി ഭൌതികങ്ങളായി ഇങ്ങനെ പല പ്രകാരേണയും ഉണ്ടാകുന്ന സങ്കടങ്ങളെ ആസകലവുംതന്നെ യഥാവേല ദൂരത്തുങ്കല്‍ കളഞ്ഞ് ഇഹലോകത്തിങ്കല്‍ സൌഖ്യത്തെയും പരലോകത്തേയ്ക്കു ശ്രേയസ്സായിരിക്കുന്ന മോക്ഷത്തേയും പ്രാപിപ്പിക്ക ആയതല്ലോ രക്ഷയുടെ പൂര്‍ത്തിയാകുന്നത്. എന്നിരിക്കുന്ന രക്ഷയിങ്കല്‍ ആരിവിടെ രക്ഷിതാവെന്നല്ലേ? "സഃ രാമചന്ദ്രഃ വഃ പായാല്‍ "അവ്വണ്ണമെല്ലാമിരിക്കുന്ന രാമചന്ദ്രന്‍ ഭവാന്മാരെ രക്ഷിക്കട്ടെ' എന്ന മാതിരി അര്‍ത്ഥം പറയും. പിന്നെ മറ്റൊരാളെന്ന് നടിച്ച്, 'ഈ, എന്തെന്താണ് ഭവാന്‍ പറഞ്ഞത്?' എന്നുചോദിക്കും. വീണ്ടും ആദ്യത്തെ ആളായി 'സഃ രാമചന്ദ്രഃ വഃ പായാല്‍ ' എന്നതു ഒന്നുകൂടെ ഉറക്കെച്ചൊല്ലി 'അവ്വണ്ണമെല്ലാമിരിക്കുന്ന രാമചന്ദ്രന്‍ ഭവാന്മാരെ രക്ഷിക്കേണമേ! രക്ഷിക്കേണമേ! എന്നാകുന്നു ഇവിടെ പ്രാര്‍ത്ഥിച്ചത്.'
മറ്റേയാളായി നടിച്ച് "ഏ! ആരെയാണ് രക്ഷാകര്‍ത്താവായിക്കൊണ്ട് കല്പിച്ചത്?"
ആദ്യത്തെ ആളായിട്ട്: 'രാമചന്ദ്രനെത്തന്നെ'
മറ്റേ ആളായിട്ട്:'അങ്ങനെയുണ്ടോ ഒരു ചന്ദ്രന്‍ ! പൂര്‍ണ്ണചന്ദ്രന്‍ ,പഞ്ചമിച്ചന്ദ്രന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. രാമചന്ദ്രന്‍ എന്നൊരു ചന്ദ്രനെ ഇതുവരെ കേട്ടിട്ടിലാ. അതാരെന്നു പറഞ്ഞുകേട്ടുവെങ്കില്‍ കൊള്ളാമായിരുന്നു'
ആദ്യത്തെ ആളായി നടിച്ച്:"എങ്കില്‍ ഞാന്‍ പറയാം.എന്തിനിത്ര വളരെ സംശയിക്കുന്നത്? സൂര്യവംശാലാങ്കാരഭൂതനായി ദശരഥപുത്രനായി രാവണാന്തകനായിരിക്കുന്ന രാമചന്ദ്രനെത്തന്നെ ആകുന്നു
ഭവാന്മാരുടെ രക്ഷയ്കായിക്കൊണ്ടു കല്പിച്ചത്"
ആയതു കൊള്ളാം. നല്ല ശിക്ഷ. വഴി പോലെ ബോധിച്ചു. ഇത്ര രക്ഷാസാമര്‍ത്ഥ്യമുണ്ടായിട്ടു തന്തിരുവടിയെപ്പോലെ മറ്റാരും തന്നെയില്ല. എങ്കിലും അവ്വണ്ണമെല്ലാമിരിക്കുന്ന രാമചന്ദ്രന്‍ എന്നല്ലോ പറഞ്ഞത്. ആയതു ഹേതുവായിട്ട് അവസ്ഥാഭേദവും കൂടി കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കില്‍ ഉപാസനയ്ക്കു ശക്തി ഏറാനുണ്ടായിരുന്നു. ആയതുണ്ടോ?"
"ആയതുണ്ട്. ആയവസ്ഥകൂടി കേള്‍ക്കണം."
"എങ്കിലോ ദശരഥപുത്രനായിരിക്കുന്ന ഭഗവാന്‍ രാമചന്ദ്രന്‍ വിശ്വാമിത്രസത്രത്രാണാനന്തരം വിശ്വാമിത്രമഹര്‍ഷിയോടും ലക്ഷ്മണനോടുംകൂടി സിദ്ധാശ്രമത്തിങ്കല്‍ നിന്നു പുറപ്പെട്ട് ഓരോരോ മാര്‍ഗ്ഗങ്ങളതിക്രമിച്ചു ഗംഗ കടന്നു ഗൌതമാശ്രമത്തിലകത്തു പുക്കു ശിലാരൂപിണിയായിരിക്കുന്ന അഹല്യയ്ക്കു ശാപമോക്ഷം കൊടുത്ത്
ജനകരാജധാനിയെ പ്രാപിച്ചു. തദനന്തരമാകട്ടെ...." ഇങ്ങനെ കഥയിലേക്കു പ്രവേശിക്കും.

കഥ പുരാണേതിഹാസാദികളില്‍ നിന്നു വസ്തു എടുത്തു കല്പിതമായ ഒരു സംസ്കൃതം ചമ്പുവില്‍ നിന്നാവും. അതിലെ ഒരു ഭാഗത്തുനിന്നു ഗദ്യപദ്യങ്ങള്‍ ക്രമേണ ചൊല്ലി അന്വയക്രമത്തില്‍ അവയുടെ അര്‍ത്ഥം വിസ്തരിച്ച് പദപ്രയോജനം കാണിച്ച് ഭാവാദികള്‍ സ്പഷ്ടമാക്കി പ്രതിപാദിക്കുകയാണ് വാക്കിലെ (കൂത്തിലെ) രീതി. ആ കൂട്ടത്തില്‍ സാമാജികന്മാരെ കഥാപാത്രങ്ങളായി സങ്കല്പിച്ചു സന്ദര്‍ഭാനുസരണം കളിയാക്കുകയും ചെയ്യും. വെറും കഥാകഥനം മാത്രമായിരുന്നു ഇതിന്റെ ആദികാലത്തെ രൂപം. കൂടിയാട്ടത്തിലെ തോലനും ചേരമാന്‍ പെരുമാളും കൂടി പരിഷ്കരിച്ച വിദൂഷകവൃത്തിയില്‍ സാമാജികന്മാര്‍ അത്യന്തം രസവും പ്രതിപത്തിയും കാണിച്ചപ്പോള്‍ , വിദൂഷകന്‍ ശ്ലോകാര്‍ത്ഥം പറയുന്ന മട്ടിലായിത്തീര്‍ന്നു. അതുകൊണ്ടാണ് കൂത്തിലും കഥ തുടങ്ങുന്നതിനു മുമ്പായി നൃത്തം കഴിഞ്ഞാല്‍ വിദൂഷകസ്തോഭം നടിക്കുക എന്ന ചടങ്ങ് കടന്നുകൂടിയത്. അതും പെരുമാളുടെ കാലത്തു തന്നെ അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളില്‍ ഒന്നായിരുന്നു. ഇത്തരത്തിലുള്ള അര്‍ത്ഥപ്രതിപാദനത്തിന്റെ കമനീയതയും മഹനീയതയും രസികത്വവും ആസ്വാദ്യതയും കേട്ട് അനുഭവിച്ചു തന്നെ അറിയണം.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org