തര്‍ജ്ജനി

ചാക്യാര്‍കൂത്ത് - ചടങ്ങ്

ചാക്യാര്‍ അണിയറയിലിരുന്നു കാലു കഴുകി ആചമിച്ചു തലയില്‍ 'ചുകപ്പുതുണി' കെട്ടുകയാണ് ആദ്യത്തെ ചടങ്ങ്. പിന്നെ മുഖത്തു നെയ്യ് -ചാക്യാര്‍ ഭാഷയില്‍ ഉപസ്തരണം- തേച്ച്, അരി, മഞ്ഞള്, കരി എന്നിവകൊണ്ട് മുഖമണിഞ്ഞ്, ഒരു കാതില്‍ കുണ്ഡലമിട്ട് മറ്റേതില്‍ വെറ്റില തെറുത്തു തിരുകി ചെത്തി (തെച്ചി)പ്പൂവു തൊക്കിയിട്ട്, വസ്ത്രം -ചാക്യാര്‍ ഭാഷയില്‍ 'മാറ്റ്' എന്ന പദമാണ് ഉപയോഗിക്കുക- ഞൊറിഞ്ഞെടുത്ത് വസ്ത്രംകൊണ്ട് ആസനം പിന്നില്‍ വച്ചുകെട്ടി, കയ്യില്‍ കടകം, അരയില്‍ കടിസൂത്രം, തലയില്‍ കുടുമ്മ, ചുകപ്പു തുണി, പീലിപ്പട്ടം, വാസുകീയം എന്നിങ്ങനെ സംജ്ഞിതങ്ങളായ അലങ്കാരങ്ങള്‍ ധരിച്ച് രംഗപ്രവേശത്തിനു തയ്യാറാവും. അപ്പോള്‍ നമ്പ്യാര്‍ മാത്രം രംഗത്തില്‍ പ്രവേശിച്ചു മിഴാവു തൊട്ടു തലയില്‍ വെച്ച് മിഴാവിട്ടിരിക്കുന്ന 'കൂടിന്മേല്‍ ' കയറിയിരുന്ന്, 'മിഴാവൊച്ചപ്പെടുത്തുക'യായി. ഇത്, വാക്ക് (കൂത്ത്) തുടങ്ങാറായിയെന്നും സാമാജികന്മാര്‍ സദസ്സില്‍ സന്നിഹിതരാകണമെന്നും അറിവുകൊടുക്കുവാനാണ്. അതുകഴിഞ്ഞാല്‍ നങ്ങ്യാരോടുകൂടി ചാക്യാര്‍ രംഗത്തില്‍ പ്രവേശിക്കും. ചാക്യാരുടെ ആദ്യത്തെ ക്രിയ 'ചാരി'യെന്ന നൃത്തമാണ്. ദേവലോകത്ത് ദേവസഭയിലെ നടനത്തിന്റെ സ്ഥാനത്താണ് ഈ നൃത്തം ചെയ്യുന്നതെന്നാണ് സങ്കല്പം. ഈ നൃത്തം പിഴച്ചാല്‍ ചാക്യാര്‍ പ്രായശ്ചിത്തം ചെയ്യണം. നൃത്തം കഴിഞ്ഞാല്‍ വിദൂഷകസ്തോഭം നടിക്കുകയായി. വിദൂഷകസ്തോഭം എന്നാല്‍ പൂണൂല്‍ തുടയ്ക്കുക, കവിളു വീര്‍പ്പിച്ച് എന്തോ വായിലിട്ട് പോക്കിത്തിന്നുന്നതായി നടിക്കുക, അരയില്‍ ചുറ്റിയിരിക്കുന്ന രണ്ടാം മുണ്ടുകൊണ്ട് ദേഹത്തില്‍ വീശുക, കുടുമ്മ ചിക്കിക്കെട്ടിവെയ്ക്കുക എന്നൊക്കെയുള്ള പ്രവൃത്തികളാണ്. വിദൂഷകന്‍ അവ ചെയ്യുന്നതായി നടിക്കും. പിന്നെ രണ്ടാം മുണ്ട് അരയില്‍‍ത്തന്നെ പൂര്‍‍വ്വപ്രകാരം ചുറ്റിക്കെട്ടി പിന്നോക്കം കൈ എറിഞ്ഞ് കൊട്ടു നിര്‍ത്തിച്ച് അരയിലുള്ള രണ്ടാം മുണ്ടിന്റെ രണ്ടറ്റവും കൂട്ടി മുഖം പൊത്തി തൊഴുത് അവതാരികയോടുകൂടി ഈശ്വരപ്രാര്‍‍ത്ഥനയായി.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org