തര്‍ജ്ജനി

യാത്ര

തപോവനം

മേരു ഹിമധാരയുടെയും ഗംഗോത്രി ഹിമധാരയുടെയും ഇടയിലൂടെ ഗോമുഖില്‍നിന്നു് മൂന്നു കിലോമീറ്ററോളം മുകളിലോട്ടു കയറിയാല്‍ തപോവനം എന്ന വിശാല മൈതാനമായി. കയറ്റം ഇത്തിരി പ്രയാസംതന്നെയായിരുന്നു. പലയിടത്തും കുത്തനെയുള്ള കയറ്റമാണു്. ശ്വാസം കിട്ടാതെ ഗായത്രി വിഷമിച്ചു. തിരിച്ചിറങ്ങിയാലോ എന്നുവരെ ചിന്തിക്കാതിരുന്നില്ല. എന്റെ നിരന്തരമായ പ്രോത്സാഹനം ഗായത്രിക്കു് ഊര്‍ജ്ജമായെന്നു തോന്നുന്നു.പെട്ടെന്നു മഴക്കാറു വന്നു നിറഞ്ഞപ്പോള്‍ ഞങ്ങള്‍ ഭയക്കാതിരുന്നില്ല.

അന്നു് രണ്ടു വിദേശീയരായ ചെറുപ്പക്കാരും ഞങ്ങളും മാത്രമേ തപോവനത്തിലേക്കു കയറാന്‍ ഉണ്ടായിരുന്നുള്ളു. അവര്‍ നേരത്തെ കയറിപ്പോയിരുന്നു. ഹിമാവൃതമായ മലനിരകള്‍. ശക്തിയായി വീശുന്ന കാറ്റിന്റെ ഹുങ്കാരം. ഒരുഭാഗത്തു് ഉരുണ്ടു കൂടുന്ന കറുത്ത മേഘങ്ങള്‍. മുകളില്‍ നിന്നും താഴേക്കു വീഴാന്‍ സാധ്യതയുള്ള കല്ലുകള്‍. ഹിമധാരയ്ക്കു മുകളിലൂടെയാണു് കയറുന്നതു്. അതെങ്ങാനും ഇടിഞ്ഞു താഴെവീണാലോ? ജീവിക്കാനുള്ള കൊതി മരിക്കാനുള്ള ഭയം തുടങ്ങി നമുക്കില്ലെന്നു പറയാറുള്ള എല്ലാ മനോഭാവങ്ങളും ഉയര്‍ന്നു വരുന്നു. നരേഷു് പറയുന്നതുപോലെ ‘നാം എത്ര നിസ്സാരര്‍.’ ഹിമാലയത്തിനു മുമ്പില്‍ മനുഷ്യന്‍ അവന്റെ എല്ലാ അറിവുകളുടെയും ബലഹീനത തിരിച്ചറിയും. താര്‍ക്കികതയുടെ നിരര്‍ത്ഥകത മനസ്സിലാക്കും. അറിയാതെ വിനീതനായിപ്പോകും.

ഞങ്ങള്‍ ഒരുവിധം മുകളിലെത്തി. മുകളില്‍നിന്നു് താഴോട്ടു നോക്കിയപ്പോള്‍ ഇനി തിരിച്ചിറങ്ങുമ്പോള്‍ താഴേക്കു് പതിച്ചതുതന്നെ എന്നുറപ്പിച്ചു. അനേകം തപസ്വികളുടെ പാദസ്പര്‍ശ്ശമേറ്റ ആ പുണ്യഭൂമിയില്‍ നെറ്റിതൊട്ടു നമസ്കരിച്ചു. ബംഗാളി ബാബ താമസിക്കുന്ന ലാല്‍ ബാബ ആശ്രമത്തിലേക്കു നടന്നു.

അതാ ശിവലിംഗപര്‍വ്വതം തലയുയര്‍ത്തി നില്‍ക്കുന്നു. ഇത്രയും ഉയരമുള്ള മഞ്ഞുമലയെ ഇത്രയടുത്തു ആദ്യമായി കാണുകയാണു്. കൈകൂപ്പി തൊഴാതിരിക്കാനായില്ല. തപോവനത്തില്‍ വന്നില്ലായിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടംതന്നെയായേനെ. പാറകളും കരിങ്കല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞ വിശാലമൈതാനംതന്നെ. ശിവലിംഗ പര്‍വ്വതത്തിലേക്കു് ഇന്നുവരെ ആരും കയറിയെത്തിയിട്ടില്ല. ഒരു ജാപ്പനീസ് പര്‍വ്വതാരോഹകന്‍ അതിനു ശ്രമിക്കാതിരുന്നില്ല. പക്ഷേ ആള്‍ മടങ്ങിവന്നില്ല.

മഴ തൂളാന്‍ തുടങ്ങി. ചാറ്റല്‍ മഴയാണങ്കിലും നല്ല തണുപ്പുണ്ടു്. നടത്തത്തിനു് അല്പം ഊക്കുകൂട്ടി. മഴ വന്നവഴി പെട്ടെന്നു പോവുകയും ചെയ്തു. അര കിലോമീറ്ററോളം നടന്നപ്പോള്‍ ഒരു കൊച്ചു കെട്ടിടത്തിന്റെ മുന്നില്‍ ഒരാള്‍ ഇരിക്കുന്നതു കണ്ടു. അതുതന്നെ ബംഗാളിബാബ എന്നുറച്ചു് അങ്ങോട്ടു് നടന്നു. ഞങ്ങളെ കണ്ടതും ആള്‍ മെല്ലെ എഴുനേറ്റ് അകത്തേക്കു് പോയി. ഇനി എന്തു ചെയ്യും എന്നു ചിന്തിച്ചു നില്‍ക്കുമ്പോള്‍ ആള്‍ രണ്ടുഗ്ലാസു് ചൂടുവെള്ളവുമായി പുറത്തു വന്നു. അമൃതു് കുടിക്കുന്നതുപോലെയാണു് ഞങ്ങള്‍തു് അകത്താക്കിയതു്. പുറത്തു വച്ചിരിക്കുന്ന കമ്പിളിയില്‍ ഞങ്ങളെ വിശ്രമിക്കാനിരുത്തിയിട്ടു് ആള്‍ അകത്തുപോയി. കുറച്ചുനേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ഞങ്ങള്‍ മെല്ലെ അകത്തേക്കു കയറി. നീളത്തിലുള്ള ഒരു ചെറിയ ഹാള്‍. അവിടെ നിറയെ കമ്പിളി കൂട്ടിയിട്ടിരിക്കുന്നു. അതിനു തൊട്ടടുത്തുള്ള മുറിയില്‍ എന്തോ ശബ്ദം കേട്ടു. ഞങ്ങളെ കണ്ടതും ആള്‍ പറഞ്ഞു “രണ്ടു മിനിറ്റിനുള്ളില്‍ ശരിയാകും. ചോറ്‌ ആയിക്കഴിഞ്ഞു. കറികൂടി വേവാനുണ്ടു്.”

നല്ല വിശപ്പുണ്ടായിരുന്നു. വലിയ പാത്രം നിറയെ വിളമ്പിത്തന്ന ചോറും ഉരുളക്കിഴങ്ങുകറിയും ചീരയും അങ്ങനെതന്നെ അകത്താക്കി. എന്തൊരു രുചി. പാത്രം കഴുകാന്‍ അദ്ദേഹം സമ്മതിച്ചില്ല. ആള്‍ തന്നെ എല്ലാം കഴുകി. സ്ഥലമൊക്കെ കാണണമെന്നുണ്ടങ്കില്‍ അഞ്ചുമണിക്കുമുമ്പേ നടന്നു കാണണമെന്നും അഞ്ചുമണി കഴിഞ്ഞാല്‍ നല്ല കാറ്റു വരും, തണുപ്പു കൂടും, നടന്നാല്‍ ശ്വാസം കിട്ടുകയില്ല, ഇവിടെ ഓക്സിജന്‍ വളരെ കുറവാണു് എന്നൊക്കയും പറഞ്ഞു.

ഞങ്ങള്‍ ഇറങ്ങി നടന്നു. ഇരു ഭാഗങ്ങളിലും വിരാജിക്കുന്ന ശിവലിംഗ ഭാഗീരഥ പര്‍വ്വതങ്ങളകലെ കാണാവുന്ന നന്ദന്‍ വനമെന്ന സമതല പ്രദേശം. ചുറ്റും ഹിമാവൃതമായിക്കിടക്കുന്ന പാര്‍വ്വതികള്‍. ചതുരംഗി ഹിമധാര വഴി ഇവിടെനിന്നും ബദരീനാഥിലേക്കു് സാഹസികരായ യാത്രികര്‍ നടന്നു പോകാറുണ്ടത്രെ . ഭാഗ്യവാന്മാര്‍ . കേദാര്‍നാഥിലേക്കും ഇവിടെനിന്നും യാത്ര പോകാം ‍.

പ്രത്യേകലക്ഷ്യമൊന്നുമില്ലാതെ ഞങ്ങള്‍ തപോവനത്തില്‍ ചുറ്റി നടന്നു. നിരീശ്വരവാദികളായ ഒരു സ്പെയിന്‍ ദമ്പതിമാരെ കണ്ടുമുട്ടി. പ്രകൃതിയുടെ മനോഹാരിത മാത്രമേ ഞങ്ങളെ ആകര്‍ഷിക്കുന്നുള്ളൂ എന്നും പാവപ്പെട്ടവരെ ചൂഷണം ചെയ്യാനായി പുരോഹിതവര്‍ഗ്ഗം സൃഷ്ടിച്ച സങ്കല്‍പ്പമാണു് ദൈവമെന്നും വിഡ്ഡികള്‍ മാത്രമേ അതു വിശ്വസിക്കുന്നു എന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ ദൈവം, ചെകുത്താന്‍ തുടങ്ങി മനുഷ്യന്റെ അന്ധവിശ്വാസങ്ങള്‍വരെ പല വിഷയങ്ങളും സംസാരിച്ചു. നാരയണാഗുരുവിന്റെ ദൈവദശകം ചൊല്ലി അര്‍ത്ഥം പറഞ്ഞു കൊടുത്തപ്പോള്‍ അവര്‍ക്കു് അത്ഭുതമായി. ഇങ്ങനെ ഒരു ദൈവസങ്കല്പം എവിടെയും കേട്ടിട്ടില്ലന്നും ഇതു ഞങ്ങള്‍ക്കും സമ്മതമാണനന്നും പറഞ്ഞു് ഗുരുവിനെക്കുറിച്ചറിയാന്‍ അവര്‍ കൂടുതല്‍ ഔത്സുക്യം കാണിച്ചു. ഗാരിഡേവിസിന്റെയും നടരാഗുരുവിന്റെയും ഏകലോകസിദ്ധാന്തവും പറയാന്‍ ഞാന്‍ മറന്നില്ല. അവര്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു.

കുറച്ചുദൂരം നടന്നപ്പോള്‍ ഒരു കെട്ടിടം കണ്ടു. അതു സിം‌ലബാബയുടെ ആശ്രമമാണു്. ഇത്തിരി പ്രായമുള്ള മനുഷ്യന്‍. അവിടെ നിന്നും ചായ കുടിച്ചു. ഗായത്രി അദ്ദേഹവുമായി സംസാരിച്ചു. എനിക്കെന്തോ ഒന്നും കേള്‍ക്കാന്‍ തോന്നിയില്ല. ഈ രണ്ടു് ആശ്രമങ്ങളിലാണു് തപോവനത്തിലെത്തുന്നവര്‍ താമസിക്കുക. കഴിയുന്നതും ആളുകള്‍ രാത്രി തങ്ങാതെ തിരിച്ചു പോകും. ഇവിടുത്തെ തണുപ്പും ഓക്സിജന്റെ കുറവും കാരണം രാത്രിവാസം അല്പം സാഹസികം തന്നെയാണു്. സിം‌ലബാബയുടെ ആശ്രമത്തിനോടു് ചേര്‍ന്നുള്ള വിഷ്ണുദാസ് മഹാരാജാവു് തപസ്സുചെയ്തിരുന്ന ഗുഹയും ഞങ്ങള്‍ സന്ദര്‍ശിച്ചു.

അഞ്ചുമണിയായപ്പോള്‍ ബംഗാളിബാബ പറഞ്ഞതു് ശരിയാണന്നു് ബോദ്ധ്യമായി. പെട്ടന്നു കാറ്റു വന്നു. എങ്ങും മൂടല്‍ മഞ്ഞു നിറഞ്ഞു. രണ്ടടി മുമ്പിലുള്ളതുപോലും കാണാതായി. തണുത്തുവിറച്ച് ഞങ്ങള്‍ ആശ്രമത്തിലെത്തി. രാത്രി ചോറും കടലയും അടിച്ചു. ഇദ്ദേഹം കൈപ്പുണ്യവും മനപ്പുണ്യവും ഉള്ള പാചകക്കാരന്‍തന്നെ. സ്നേഹത്തോടെ ഭക്ഷണം തരുന്ന ആ രീതിതന്നെ നമ്മുടെ വയറു നിറയ്ക്കും.

പൂര്‍വ്വാശ്രമത്തെക്കുറിച്ചു് ആരും ചോദിക്കുന്നതോ പറയുന്നതോ ഇഷ്ടമില്ലാത്തയാളാണു് ബംഗാളിബാബ. നാല്പതിനും നാല്പത്തിയഞ്ചിനും ഇടയില്‍ പ്രായം വരും. രാംഭക്തനാണു്. ദിവസവും രാമായണം വായിക്കും. ‘മര്യാദ’യാണ് ബാബയുടെ സാധന. അതു രാമന്റെ വഴിയാണു്. രാ‍മായണത്തില്‍ രാമന്റെ മര്യാദയെ സംബധിച്ചു വരുന്ന ഭാഗമെല്ലാം അദ്ദേഹം വീണ്ടും വീണ്ടും വായിക്കാറുണ്ടത്രെ. അടുത്തുവരുന്ന മനുഷ്യരോട് മര്യാദയോടെ പെരുമാറുക, മല കയറി വരുന്ന ക്ഷീണിതന് ചോദിക്കാതെതന്നെ വേണ്ടത് കണ്ടറിഞ്ഞ് സ്നേഹത്തോടെ നല്‍കുക എന്നിവയാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം.

ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം ഉണ്ടാകുന്ന താമര പോലെയുള്ള വളരെ വലിയ വെളുത്ത പൂവാണ് ബ്രഹ്മകമലം. അതിന്റെ പിന്നിലെ കഥ ബംഗാളിബാബ ഞങ്ങളോട് പറഞ്ഞു. രാവണനുമായി യുദ്ധം ചെയ്യുന്നതിനു മുമ്പു് രാമന്‍ 108 ബ്രഹ്മകമലം വെച്ചു് ശിവനെ തപസ്സു ചെയ്തുവത്രെ. ശിവന്‍, രാമനെ പരീക്ഷിക്കാനായി എലിയെ വിട്ടു് ഒരു ബ്രഹ്മകമലം എടുത്തുമാറ്റി. ബ്രഹ്മകമലം എണ്ണത്തില്‍ കുറഞ്ഞതുകണ്ട രാമന്‍ തന്റെ ഒരു കണ്ണ് അതിനുപകരം ചൂഴ്ന്നു കൊടുക്കാന്‍ ഒരുമ്പെട്ടു. രാമന്റെ തീവ്രഭക്തിയില്‍ സന്തുഷ്ടനായി ശിവന്‍ പ്രത്യക്ഷപ്പെട്ട് രാമനെ അതില്‍ നിന്നും വിലക്കി എന്നാണ് കഥ. അതിനുശേഷം ബ്രഹ്മകമലം പൂജനീയയായി.

ബ്രഹ്മകമലം ഹിമാലയത്തിലെ വീടുകളിലും ആശ്രമങ്ങളിലും ബാബമാരുടെ ഗുഹകളിലും ഉണങ്ങി തൂങ്ങിക്കിടക്കുന്നതു കാണാം. അതു് വളരെ പവിത്രമാണെന്നാണ് വിശ്വാസം. ബ്രഹ്മാവിന്റെ നാഭിയില്‍ നിന്നു ജനിച്ചതാണത്രേ ബ്രഹ്മകമല്‍.

രാത്രി ബംഗാളിബാബയോടൊത്തു താമസിച്ചു. ആശ്രമത്തിനോടു ചേര്‍ന്നു് ഒരു ഗുഹയുണ്ട്. ശങ്കര്‍ഗിരി മഹാരാജ് എന്ന യോഗിയാണ് അവിടെ താമസിച്ചിരുന്നത്. ശങ്കര്‍ഗിരി മഹാരാജ് മഞ്ഞുകാലത്തു് തപോവനത്തില്‍ നിന്നും മലയിറങ്ങുമ്പോള്‍ മഞ്ഞിടിച്ചിലില്‍ പെട്ടു മരിച്ചു. ആശ്രമം കെട്ടിയതിനുശേഷം ഉടുപ്പിയിലുള്ള ഒരു മാതാജിയാണ് അവിടെ ആദ്യമായി താമസിച്ചത്. സുഭദ്ര മാതാജി എന്നും ദരാലി മാതാജി എന്നും അവര്‍ അറിയപ്പെടുന്നു. ആറു വര്‍ഷം ഇവിടെ താമസിച്ചു. മഞ്ഞുകാലത്തു പോലും മലയിറങ്ങിയില്ല. തണുപ്പിന്റെ ആധിക്യം കൊണ്ട് എല്ലിനുള്ളിലെ മജ്ജയിലും ഹൃദയത്തിലും വെള്ളം കയറി. മഞ്ഞു കാലത്തു് ആവശ്യത്തിനുവേണ്ട വസ്ത്രമൊന്നും ധരിക്കാത്തതിനാലാണത്രേ അങ്ങനെ സംഭവിക്കുന്നത്.

അമ്മയെക്കുറിച്ച് ഞങ്ങള്‍ കേട്ടിരുന്നു. അവര്‍ തപോവനത്തിലുണ്ടെന്നു ചിലര്‍ പറഞ്ഞപ്പോള്‍ കാണണമെന്നു കരുതിയതാണ്. ഇപ്പോഴവര്‍ ദരാളിയിലുള്ള ലാല്‍ബാബാ ആശ്രമത്തിലാണു് താമസമെന്നറിഞ്ഞപ്പോള്‍ കാണാനുള്ള സമയമായിട്ടുണ്ടാവില്ല എന്നു ആശ്വസിച്ചു.

രാത്രി ഒരു പോള കണ്ണടച്ചില്ല. ഏഴു കമ്പിളി ഇട്ടു പുതച്ചിട്ടും സൂചികൊണ്ടു കുത്തുന്ന തണുപ്പായിരുന്നു. ഗായത്രിക്കു ഇടയ്ക്കിടെ ശ്വാസതടസ്സവും അനുഭവപ്പെട്ടു. രാത്രിയുടെ അന്ത്യയാമത്തില്‍ ആശ്രമത്തിലെ കുഞ്ഞുജനല്‍ തുറന്നു് പുറത്തോട്ടുനോക്കിയിരുന്നു. ഘനീഭവിച്ചു നില്‍ക്കുന്ന ആ മൌനം ഭ്രാന്തു പിടിപ്പിക്കുമെന്നു തോന്നി. മൂടല്‍ മഞ്ഞിനിടയിലൂടെ ചന്ദ്രന്റെ നേരിയ നിഴല്‍ കാണാം.

നേരത്തെ എഴുന്നേറ്റു എന്നു പറയാനാവില്ല. തലേന്നു രാത്രിയില്‍ ബംഗാളിബാബ പറഞ്ഞ ആകാശഗംഗ കാണാന്‍ പോകാമെന്നു കരുതി എട്ടുമണിയോടെ പുറത്തിറങ്ങി. ചെറുതും വലുതുമായ കല്ലുകള്‍ കൂട്ടിയിട്ടതുപോലുള്ളൊരു കുന്നു കയറണം. പ്രത്യേക വഴിയൊന്നുമില്ല. കയറ്റം അത്ര ബുദ്ധിമുട്ടുള്ളതല്ലെങ്കിലും അപകടകരമാണു്. കല്ലുകള്‍ എപ്പോഴും ഇളകിവീഴാം. നോക്കിപ്പോയാല്‍ മതി എന്നു ബാബ ഉപദേശിക്കാതിരുന്നില്ല.

ആശ്രമത്തിന്റെ മുറ്റത്തു നിന്നാല്‍ കുറച്ചു ദൂരെയായി ആ കുന്നു കാണാം. ഞങ്ങള്‍ അങ്ങോട്ടു നടന്നു. കുന്നിന്റെ അടിയിലെത്തിയപ്പോള്‍ ഞാന്‍ ഗായത്രിയോടു പറഞ്ഞു: “ഞാന്‍ കുറച്ചു ദൂരം കയറിനോക്കിയിട്ട് നിങ്ങള്‍ക്കു കയറാന്‍ കഴിയുമോ ഇല്ലയോ എന്നു പറയാം”

കുറച്ചു ദൂരം വലിയ പാറകളുണ്ടായിരുന്നു. അതില്‍ പറ്റിപ്പിടിച്ചു കയറുക ബുദ്ധിമുട്ടാണ്. ഞാന്‍ വിളിച്ചു പറഞ്ഞു: "You Can't Come".

അരമണിക്കൂറോളം കയറിയിട്ടുണ്ടാവും. മുകളില്‍ നിന്നു താഴെയുള്ള ആശ്രമത്തിലേക്കു നോക്കിയപ്പോള്‍ ഗായത്രി ആശ്രമത്തിനടുത്തു് നില്‍ക്കുന്നതു കണ്ടു. വരാന്‍ കഴിയാഞ്ഞതില്‍ ഒത്തിരി വിഷമിച്ചിട്ടുണ്ടാവും. താവോയുടെ നിശ്ചയമല്ലേ സംഭവിക്കുകയുള്ളൂ. ചുറ്റും കല്ലുകളാല്‍ നിറഞ്ഞ കുന്നാണു്. കുറച്ചു താഴോട്ടിറങ്ങിയപ്പോള്‍ ആകാശഗംഗ നിശ്ചലയായി കണ്ണാടി വിരിച്ചപോലെ കിടക്കുന്നതു കണ്ടു. ഒരു കുഞ്ഞു തടാ‍കം. ഞാന്‍ അതിന്റെ കരയില്‍ ശ്വാസമടക്കി ഇരുന്നു. മുകളില്‍ നീലാകാശവും താഴെ നീലത്തടാകവും മാത്രം. പിന്നെ ഞാനും. ആകാശവും ഗംഗയും. ചുറ്റും കുന്നിനാല്‍ മറഞ്ഞതിനാല്‍ ഒന്നും കാണാനില്ല. അമ്മയുടെ ഗര്‍ഭപാത്രത്തിലേക്കു തിരിച്ചു പോയതുപോലെ. ഞാന്‍ നിര്‍മ്മലയായ ആ ജലാശയത്തിനരുകില്‍ ഭക്തിയോടെ ഇരുന്നു. എന്റെ ശ്വാസോച്ഛാസം ചെന്നു തട്ടി തടാകത്തില്‍ ചലനമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. അവളുടെ മാറിലേക്കു് എടുത്തു ചാടണം എന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നു സ്പര്‍ശിക്കാന്‍ പോലും എനിക്കു തോന്നിയില്ല.

ഇന്നുതന്നെ തിരിച്ചിറങ്ങേണ്ടതാണ്. മനസ്സില്ലാമനസ്സോടെ ആ കുഞ്ഞു നിശ്ചലതടാകത്തൊട് യാത്ര പറഞ്ഞു. ഗായത്രിക്കു് വരാന്‍ കഴിയാതിരുന്നതില്‍ വളരെ വിഷമം തോന്നി. എങ്ങനെയെങ്കിലും കൊണ്ടുവരാമായിരുന്നു. ഒരു നേരിയ തരംഗം പോലുമില്ലാതെ ഇത്രയ്ക്കു നിശ്ചലമായ ഒരു തടാകം ഞാന്‍ ആദ്യമായി കാണുകയായിരുന്നു. തടാകത്തിന്റെ അടിത്തട്ടില്‍ കട്ടിയായ മഞ്ഞു് വീണ്ടു് കിടക്കുന്നതു് കാണാമായിരുന്നു.

കയറിയ വഴിയിലൂടെയല്ല തിരിച്ചിറങ്ങിയത്. പെട്ടെന്നു താഴെയെത്തി. ആശ്രമത്തില്‍ ചെന്നപ്പോള്‍ ഗായത്രിയില്ല. തപോവനത്തില്‍ കറങ്ങി നടക്കുന്നുണ്ടാകും. ബാബയോട് ചോദിച്ചപ്പോള്‍ “നിങ്ങള്‍ ഒന്നിച്ചല്ലേ പോയതു്. അവര്‍ പിന്നെ ഇങ്ങോട്ടു വന്നിട്ടില്ല” എന്നു പറഞ്ഞു. ഉള്ളിലൂടെ ഒരു കാളല്‍ മിന്നി. ഇങ്ങോട്ടു വരുന്നതു ഞാന്‍ കണ്ടതാണല്ലോ എന്നു ചോദിച്ചപ്പോള്‍ എന്നാല്‍ സിം‌ലബാബയുടെ അടുത്തു പോയിട്ടുണ്ടാകും എന്നു പറഞ്ഞു. ഞാന്‍ അങ്ങോട്ട് നടന്നു. അകലെ നിന്നു തന്നെ സിം‌ലബാബയെ കണ്ടു. ഗായത്രിയില്ല. “ഇന്നലെ നിങ്ങള്‍ ഒന്നിച്ചല്ലേ വന്നതു്. ഇന്നു് അവര്‍ ഇങ്ങോട്ടു വന്നില്ലല്ലോ”.

തപോവനത്തിലെ ഓരോ കുന്നിലും കയറി നിന്നു് ഞാന്‍ ആവുന്നത്ര ഉച്ചത്തില്‍ ഗായത്രീ.. ഗായത്രീ എന്നലറാന്‍ തുടങ്ങി. അന്തരീക്ഷത്തില്‍ ആയിരം പ്രതിധ്വനികളായി അതു ചിന്നിച്ചിതറിയതല്ലാതെ മറുപടിയൊന്നും ഉണ്ടായില്ല. “വിഷമിക്കേണ്ട.എവിടെയെങ്കിലും ഉണ്ടാകും; കുറച്ചു കഴിഞ്ഞാല്‍ തിരിച്ചു വരും.” എന്നു പറഞ്ഞ് സിം‌ലബാബ തിരിച്ചു പോയി. ഞാന്‍ വീണ്ടും ബംഗാളിബാബയുടെ അടുത്തെത്തി. എന്റെ വിളറിയ മുഖം കണ്ടപ്പഴേ ആള്‍ക്കു കാര്യം പിടികിട്ടി. “ഇവിടെ പല സ്ഥലങ്ങളും അപകടകരമാണു്. ഇതിനു പിന്നിലുള്ള കുന്നു കയറിയിറങ്ങിയാല്‍ മൈതാനം പോലെ ഒരിടമാണ്. ആര്‍ക്കും ഓടിനടക്കാന്‍ തോന്നും. എന്നാല്‍ എപ്പോഴാണ് ഇടിഞ്ഞ് നമ്മളെയും കൊണ്ട് താഴോട്ടു പോവുകയെന്നു പറയാനാവില്ല. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് വളരെ ശ്രദ്ധിച്ചു നടക്കണം എന്നൊക്കെ പറഞ്ഞത്.”

എന്റെ സപ്തനാഡികളും തളര്‍ന്നു. ഞാന്‍ വീണ്ടും ഓടി. തപോവനത്തിലെ ഓരോ ഇഞ്ചുസ്ഥലവും ഞാന്‍ സ്പര്‍ശിച്ചിട്ടുണ്ടാവണം. വീണ്ടും വീണ്ടും ഞാന്‍ കൂകിവിളിച്ചു. അദ്ദേഹം പറഞ്ഞ ചതുപ്പുസ്ഥലത്തും ഞാന്‍ ചെന്നു. എവിടെയെങ്കിലും കുഴിപോലെയുണ്ടോ എന്നു ഭീതിയോടെ നോക്കി. ഇല്ല ഇവിടെയൊന്നും ആരും വന്നിട്ടില്ല.

ഒരു മണിക്കൂറോളമായിരിക്കുന്നു. ഞാന്‍ ആകെ തളര്‍ന്നു. അവര്‍ക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇനി നാട്ടിലേക്കു പോകുന്ന പ്രശ്നമില്ലെന്നു തന്നെ തീരുമാനിച്ചു. ഹിമാലയത്തിലെവിടെയെങ്കിലും ഒരു ഗുഹ കണ്ടെത്തി ശേഷകാലം കഴിയും. ധനരാജേട്ടന്‍ ഗീതയെ ചോദിച്ചാല്‍ ഞാന്‍ എന്തു പറയും?

ഞാന്‍ നിരാശയോടെ ആകാശഗംഗയുടെ അടിവാരത്തിലേക്കു നടന്നു. കുന്നുകയറാനായി തുടങ്ങിയപ്പോള്‍ മുകളില്‍ നിന്നും വടിയും കുത്തി ആള്‍ സാവധാനത്തില്‍ ഇറങ്ങി വരുന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വലിയൊരു ദീഘനിശ്വാസത്തോടെ ഞാന്‍ ആ മൈതാനിയില്‍ മലര്‍ന്നു കിടന്നു. തെളിഞ്ഞ ആകാശത്തിലൂടെ ഒഴുകി നീങ്ങുന്ന വെള്ളിമേഘങ്ങള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

ഗായത്രി മലയിറങ്ങി അടുത്തെത്തി. “നല്ല ആളാണ്. You can come എന്നു പറഞ്ഞിട്ട് എന്നെ കാത്തുനില്‍ക്കാതെ ഓടിക്കയറി അല്ലേ? ഞാനവിടെ എത്ര തിരഞ്ഞു? ആകാശഗംഗ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞു പോയി. കുറേ സമയം അടുത്തിരുന്നു. എന്തുമധുരമാണ് ആ ജലത്തിന്. എപ്പോള്‍ താഴെയെത്തി. എന്നെ എവിടെനിന്നെങ്കിലും വിളിച്ചിരുന്നോ? ആരോ വിളിക്കുന്നതു പോലെ എനിക്കു തോന്നി”

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. ഗായത്രിയുടെ കൈപിടിച്ചെഴുന്നേറ്റു. ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ കടന്നു പോയ മാനസികസംഘര്‍ഷങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്കുതന്നെ ചിരി വന്നു. ബംഗാളിബാബയോടു നമസ്കാരം പറഞ്ഞ് ഞങ്ങള്‍ മലയിറങ്ങി. കയറുന്നതിനേക്കാള്‍ പ്രയാസമായിരുന്നു ഇറക്കം. ഇരുന്നും നിരങ്ങിയും ഒക്കെ ചിലയിടത്തു ഇറങ്ങേണ്ടി വന്നു. ഇന്നലെ രാത്രിയിലെ മഴയില്‍ ചില ഭാഗമെല്ലാം ഇടിഞ്ഞു പോയിരിക്കുന്നു. ആകെ വളഞ്ഞു തിരിഞ്ഞാണ് താഴെയെത്തിയത്. വഴുതിവീഴാതിരിക്കാന്‍ ചെരിപ്പിടാതെയാണ് ഇറങ്ങിയത്. കാലൊക്കെ പൊട്ടി നാശമായി. നല്ല വെയിലും. കുപ്പിയില്‍ വെള്ളമെടുക്കാനും മറന്നു. ഗോമുഖിനടുത്തുള്ള ബാബയുടെ അടുത്തു നിന്നു കുടിയ്ക്കാമെന്ന് കരുതി അങ്ങോട്ടു നടന്നു.

മുകളിലോട്ട് വരുമ്പോള്‍ ബാബയുടെ ആശ്രമം കണ്ടിരുന്നു. ആരൊക്കെയോ അദ്ദേഹത്തിനോട് സംസാരിച്ചുകൊണ്ടിരുന്നതിനാലും പെട്ടെന്ന് തപോവനം എത്തണമെന്നുണ്ടായിരുന്നതിനാലും തിരിച്ചു വരുമ്പോള്‍ കയറികാണാം എന്നു കരുതി.

ബാബ കുറച്ചു പേരോട് സംസാരിച്ചിരിക്കുന്നത് അകലെ നിന്നു തന്നെ കാണാമായിരുന്നു. ഞങ്ങള്‍ അങ്ങോട്ടാണ് വരുന്നതെന്നറിഞ്ഞിട്ടാവണം ഒരു മൊന്തയില്‍ വെള്ളമെടുത്ത് അദ്ദേഹം ടെന്റിനു വെളിയില്‍ വച്ചു. ഞങ്ങള്‍ നമസ്കാരം പറഞ്ഞു. അദ്ദേഹം മൊന്തയിലേക്ക് വിരല്‍ ചൂണ്ടി അതെടുത്ത് കാല്‍ കഴുകി അകത്തുകയറി കമ്പിളി കിടക്കയില്‍ ഇരുന്നോളാന്‍ ആംഗ്യം കാണിച്ചു.

അതു ഇളം ചൂടുവെള്ളമായിരുന്നു. ചെറുതായി രക്തം പൊടിയുന്ന കാലില്‍ അതു സ്പര്‍ശിച്ചപ്പോള്‍ ആത്മാവുവരെ ശാന്തി അനുഭവപ്പെട്ടു. ഞങ്ങള്‍ അകത്തു കയറിയിരുന്നതോടെ ഒരു വലിയ മൊന്തയില്‍ കുടിക്കാനുള്ള വെള്ളം എടുത്തു തന്നു. ചുട്ടുപൊള്ളുന്ന വഴിയിലൂടെയാണ് ഇറങ്ങി വന്നതു്. തൊണ്ടയെല്ലാം വരണ്ടുണങ്ങിയിരുന്നു. വെള്ളം കുടിച്ചതോടെ തൊണ്ട മുതല്‍ ആസനം വരെ കുളിരണിഞ്ഞു. ഹിമാലയത്തില്‍ ചുട്ടുപൊള്ളുകയോ എന്നു ചോദിച്ചേക്കാം. ഞാനും മുമ്പ് ചോദിച്ചിരുന്നു. അനുഭവിയാതറിവീല എന്നാണല്ലോ ഗുരുവാക്യം. ഉച്ച സമയത്തെ വെയിലേറ്റാല്‍ സൂര്യാഘാതം വരെ ഉണ്ടാകാറുണ്ട്.

അദ്ദേഹം ഞങ്ങളോട് ഒന്നും പറയുന്നില്ല. ചുറ്റുമിരിക്കുന്ന ആളുകളോട് പ്രാണായാമത്തെക്കുറിച്ച് സംസാരിക്കുകയും അതോടൊപ്പം ഒരു പാത്രത്തില്‍ നിന്ന് അരിയും വേറൊരു പാത്രത്തില്‍ നിന്ന് പരിപ്പും എടുത്ത് കല്ലെല്ലാം പെറുക്കി കളയുകയും ചെയ്യുന്നുണ്ട്. ഉച്ചയൂണിനുള്ള പരിപാടിയായിരിക്കും. വിശന്നിട്ടു വയ്യ. ഞങ്ങള്‍ക്കും എന്തെങ്കിലും തരാതിരിക്കില്ല.

ചോറും പരിപ്പും മസാലയും എല്ലാം ഇട്ട് ഒന്നിച്ചാണ് വേവിക്കുന്നത്. അതു രണ്ട് പാത്രത്തിലാക്കി ഞങ്ങളുടെ മുന്നില്‍ വച്ചു തന്നു. ബാബ കഴിക്കുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ ‘ഉച്ചയ്ക്കൊന്നും കഴിക്കാറില്ല, രാവിലെ കഴിച്ചു എന്നു പറഞ്ഞു. കിട്ടിയതത്രയും അകത്താക്കി. അദ്ദേഹം വീണ്ടും ആളുകളോട് സംസാരിച്ചുകൊണ്ടിരുന്നു. പാത്രം കഴുകാനായി എഴുന്നേറ്റപ്പോള്‍ ‘വേണ്ട നിങ്ങള്‍ നടന്നു തളര്‍ന്നു വരികയല്ലേ തല്‍ക്കാലം വിശ്രമിക്കൂ’ എന്നു പറഞ്ഞ് പാത്രം അദ്ദേഹം തന്നെ കഴുകിവെച്ചു.

അപ്പോഴേക്കും ആളുകള്‍ യാത്ര പറഞ്ഞിറങ്ങിയിരുന്നു. അദ്ദേഹം ഞങ്ങളുടെ നേര്‍ക്കു തിരിഞ്ഞിരുന്ന് സംസാരിക്കാന്‍ തുടങ്ങി. “നിങ്ങള്‍ അങ്ങോട്ട് പോകുമ്പോള്‍ കണ്ടിരുന്നു. തിരിച്ചു വരുമ്പോള്‍ വരുമെന്നറിയാമായിരുന്നു. നന്നായി. ഏതാശ്രമത്തില്‍ നിന്നാണ്?”

കുറെ സമയം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഗംഗയുമായി ബന്ധപ്പെട്ട പുരാണപ്രസിദ്ധങ്ങളായ എല്ലാ ഐതിഹ്യങ്ങളും അദ്ദേഹം ഞങ്ങളുമായി പങ്കു വച്ചു. സമയം ഒഴുകി മറഞ്ഞത് അറിഞ്ഞതേയില്ല. തണുപ്പു കൂടിക്കൂടി വന്നപ്പോഴാണ് കാലബോധമുണ്ടായത്.

“നാളെ പോയാല്‍ മതി. ഇതിനപ്പുറത്ത് മലയിടുക്കില്‍ എന്റെ ഒരു ടെന്റുകൂടിയുണ്ട്. നിങ്ങളെപ്പോലെ സാധകന്മാര്‍ വരുമ്പോ താമസിക്കാനായി ഉണ്ടാക്കിയതാണ്. സ്വന്തം വീട് പോലെ കരുതിയാല്‍ മതി. അവിടെ ആവശ്യത്തിനു കമ്പിളിയൊക്കെയുണ്ട്. ഗംഗാമായ്ക്കുള്ള പൂജ കഴിഞ്ഞ് ഭക്ഷണമുണ്ടാക്കി കഴിച്ച് ഞാന്‍ അവിടെ കൊണ്ടാക്കിത്തരാം. എന്താ സമ്മതമല്ലേ?”

ഗോമുഖിന്റെ മടിത്തട്ടില്‍ ഒരു രാത്രി താമസിക്കാന്‍ അവസരം ലഭിച്ചാല്‍ അതല്ലേ ഏറ്റവും വലിയ അനുഗ്രഹം. നിയതി ഒരുക്കിത്തന്ന ആ അനുഗ്രഹത്തില്‍ അത്യാഹ്ലാദത്തോടെ കഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ആറുമണിയായപ്പോള്‍ ഗോമുഖിനടുത്തുതന്നെ അദ്ദേഹം വെച്ചിട്ടുള്ള ഗംഗാദേവിയുടെ ചിത്രത്തിനുമുമ്പില്‍ ഞങ്ങള്‍ മൂന്നുപേരും ചെന്നുനിന്നു. തണുത്തുറഞ്ഞ ഗംഗയില്‍ നിന്ന് ബക്കറ്റില്‍ വെള്ളം കോരിയെടുത്ത് കുളിച്ചു വന്നു് അദ്ദേഹം മാതാവിനു മുമ്പില്‍ നിന്ന് ആരതിയുഴിഞ്ഞു. എങ്ങുനിന്നോ പാഞ്ഞു വരുന്ന കാറ്റും ഗോമുഖില്‍ നിന്നും ഉയര്‍ന്നു വരുന്ന ഇടിനാദവും മന്ത്രോച്ചാരണങ്ങളായി. നമ്രശിരസ്കരായി ഞങ്ങള്‍ നിന്നു. വലിയവലിയ ഐസുകട്ടകള്‍ കൂട്ടിയിടിച്ച് ഞങ്ങള്‍ക്കു മുമ്പിലൂടെ പാഞ്ഞു പോകുന്നു. എങ്ങും മൂടല്‍മഞ്ഞു നിറഞ്ഞിരിക്കുന്നു. പുരാണങ്ങളില്‍ വര്‍ണ്ണിച്ചിട്ടുള്ള ദേവലോകത്തു നില്‍ക്കുന്നതുപോലെയാണ് തോന്നിയത്. ഈ രാത്രി ഒരിക്കലും പുലരാതിരുന്നെങ്കില്‍.

ഷൌക്കത്ത്
Subscribe Tharjani |