തര്‍ജ്ജനി

എം. രാഘവന്‍

മണിയമ്പത്ത്, മാഹി 673310.
വെബ്ബ്: എം. രാഘവന്‍
ഫോണ്‍: 0490-2333029

Visit Home Page ...

കഥ

ഒരു ഗോപുരം ഇടിഞ്ഞു വീഴുന്നു

“നാട്ടില്‍ എത്ര ചെറുപ്പക്കാരുണ്ട്...?”
അകത്തു നിന്ന് അച്ചന്റെ ക്ഷീണിതമായ വാക്കുകള്‍ കേട്ടു. പതിവുപോലെ അച്ഛന്‍ തുടങ്ങി വയ്ക്കുക മാത്രമേ ചെയ്തുള്ളൂ.

“അതല്ലേ ഞാനും പറേന്നത്” ഭര്‍ത്താവിന്റെ ഓരോ ചിന്തയുടെയും ആദ്യവും അന്ത്യവും മുന്‍‌കൂട്ടിക്കാണുന്ന അമ്മ സംഭാഷണം ഏറ്റെടുക്കുന്നു. “നമ്മുടെ അറിവില്‍ എത്ര കുട്ട്യേളു പണി കിട്ടി സുഖായി കഴിയുന്നു. ഇവിടത്തെ സുധാകരനു മാത്രം...”

അമ്മയും നിര്‍ത്തി. വെറുതെ ആവര്‍ത്തിച്ചിട്ടെന്തു കാര്യം.

കോലായിലിരുന്നു നിരത്തിലേയ്ക്ക് കണ്ണുമിഴിച്ചുകൊണ്ട് കേള്‍ക്കുന്നു. വേദനയും നിരാശയും തുളുമ്പി നില്‍ക്കുന്ന ശബ്ദങ്ങള്‍. അച്ഛനമ്മമാര്‍ പത്രങ്ങള്‍ അരിച്ചു പെറുക്കി വായിക്കുന്നു. അവര്‍ കാണാറുണ്ട്, ബാങ്കളൂരില്‍ ആവശ്യമുള്ളതു പതിനായിരം പേരെ. ഹൈദരബാദില്‍ എണ്ണായിരം. പിന്നെയും എവിടെയൊക്കെയോ ഉണ്ട്. എന്നിട്ടും തങ്ങളുടെ ഏകമകന്‍ സുധാകരനു മാത്രം... അതാണവരുടെ പരിഭ്രമം.

ദുബായിലുള്ള അമ്മയുടെ മച്ചുനന്‍ മാസത്തില്‍ പതിനായിരമാണ് കുടുംബത്തിലേക്ക് അയക്കുന്നത്. വിവാഹങ്ങള്‍ക്കും വീട്ടുപണികള്‍ക്കും വേറെയും. ഉറ്റസുഹൃത്തും അയല്‍ക്കാരനുമായ ചന്ദ്രശേഖരന്‍ ചെന്നെയില്‍ നാല്പതായിരം വാങ്ങുന്നുവത്രെ. കൊല്ലത്തിലല്ല, മാസത്തില്‍. “ഇത്രേം വല്യസ്ഥാനത്തിരുന്നിട്ടും”, അമ്മ ഇടയ്ക്ക് ആവലാതി പറയും, “ആ ശേഖരന്‍ നമ്മളെ മോനെപ്പറ്റി ആലോചിക്കാത്തതെന്താ. എന്തായാലും അവനും സുധാകരനും ഒന്നിച്ചു കളിച്ചു വളര്‍ന്നവരല്ലെ” ശേഖരന്‍ പഠിച്ചു വലിയ എഞ്ചിനീയറായി അമ്മയുടെ പൊന്നാരമോന്‍ വെറും കാഴ്ചക്കാരനായിക്കഴിഞ്ഞു. അതാണു വ്യത്യാസം. അമ്മ കാണാത്തതും അതുതന്നെ.

ശേഖരന്റെ കത്തുകള്‍ ആദ്യമൊക്കെ വരാറുണ്ടായിരുന്നു. പിന്നെ അതൊക്കെ നിന്നു. അവന്റെ വിരലുകള്‍ക്ക് ഇപ്പോള്‍ എഴുതാനറിയില്ലാത്രെ. അവയുടെ അറ്റം ചില കട്ടകളില്‍ മൃദുവായി തൊടുവിയ്ക്കുക. പിന്നെ അവരുടെയാ തീപ്പെട്ടിയന്ത്രമെടുത്ത് ചെവിയില്‍ വയ്ക്കുക, അതില്‍ വായിട്ടടിക്കുക. ഇതിനാണ് അവന്റെ അക്കൌണ്ടില്‍ പ്രതിമാസം അരലക്ഷത്തോളം വീഴുന്നത്. തന്റെ വീട്ടിലും തീപ്പെട്ടിയുണ്ട്, അടുപ്പ് കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ഒരു സാധാരണ ഫോണ്‍ പോലും ഇവിടെയില്ല. പിന്നെ ശേഖരനെങ്ങനെ വിളിക്കും. എന്നിട്ടും ഈയിടെ അവന്റെ വക ഒരു കത്തു വന്നു. അതു ഇതുവരെ ഇവിടെയാരെയും കാട്ടിയിട്ടില്ല.

“അമ്മേ” മെല്ലെ വിളിച്ചു. “ഇന്നു മോനെപ്പറ്റി സങ്കടം പറയലേയുള്ളൂ. വല്ലതും കത്തലടക്കാന്‍... എനിക്കൊന്നു പുറത്തു പോകണം”
വീട്ടിലടച്ചിരുന്നിട്ടെന്തുകാര്യം. ഇടുങ്ങിയ വഴിയിലിറങ്ങുക. അടുത്തുള്ള മുട്ടുശാന്തിക്കടയില്‍ കയറിയിരിക്കുക. സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന പെണ്‍കുട്ടികള്‍ക്ക് അലോസരമാകുക. മുന്നിലൂടെ പോകുന്നവരോട് “രാവിലെത്തന്നെ എങ്ങോട്ടേക്കാ മൂപ്പരെ” എന്നു ലോഗ്യം പറയുക. അത്യാവശ്യം ചിരിക്കുക. ഇതൊക്കെയാണു തൊഴില്‍. വീട് മടുപ്പുളവാക്കുന്നു. നാടും.

“ഇതാ, വെച്ചിരിക്കുന്നു, മോനെ”
അമ്മയുടെ സംഭാഷണത്തില്‍ സ്നേഹത്തേക്കാള്‍ കൂടുതല്‍ അനുകമ്പയാണ് തോന്നിയത്. അതു വേണ്ടായിരുന്നു. വാസ്തവത്തില്‍ അമ്മയല്ലേ കുഴപ്പമുണ്ടാക്കുന്നത്. വെറുതെ ഇടയ്ക്ക് ദീര്‍ഘനിശ്വാസങ്ങള്‍ പുറപ്പെടുവിയ്ക്കുന്നതിനു പകരം രണ്ടു കുത്തുവാക്കുകള്‍ പറഞ്ഞാല്‍ മതി. മകന്‍ പടിയിറങ്ങും. വല്ലേടത്തുമെത്തി കിട്ടുന്ന പണിയെടുക്കും. പക്ഷേ, അതിനു സമ്മതിയ്ക്കില്ല. അമ്മയ്ക്ക് നാലാളുടെ മുന്നില്‍ തലപൊക്കി നടക്കണ്ടേ. ഒരു ക്ലാര്‍ക്ക് തന്നെയാവണം മകന്‍ എന്നു നിര്‍ബന്ധം. പാവം അമ്മ.

അമ്മ ഇടിച്ചുപൊടിച്ചുണ്ടാക്കിയ പുട്ടും തൊടിയിലെ വാഴക്കുലയില്‍ നിന്നുള്ള കദളിയും കൂട്ടിക്കുഴച്ച് ഉരുട്ടി വായിലിടവേ അത്ഭുതപ്പെട്ടു. പുതിയ വല്ലതും ഒരുവഴി തന്റെ മുന്നിലെപ്പോഴെങ്കിലും തുറന്നു കിട്ടുമോ? ദുബായിലെ കരുണേട്ടന്‍ വിചാരിച്ചാല്‍ അങ്ങോട്ട് കൊണ്ടു പോകാന്‍ കഴിയില്ലേ. ഒമ്പതുകൊല്ലം ബഞ്ച് ചൂടാക്കി ഓടിപ്പോയ ആളാണ്. താനാണെങ്കില്‍ സ്കൂളിലെ അവസാന കടമ്പ കഷ്ടിച്ച് കടന്നു വെറുതെയിരിക്കുന്നു. ഒരിക്കല്‍ വന്നപ്പോള്‍ കരുണേട്ടനോട് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നു പഠിക്കാനാണ് ആജ്ഞ ലഭിച്ചത്. ഏതെങ്കിലും ട്യൂട്ടോറിയലില്‍ ചേരുന്നതിന് എന്താണു തടസ്സം എന്നു ചോദ്യം. കരുണേട്ടന്റെ നിരവധി കടകളിലൊന്നില്‍ ഈയുള്ളവനെ നിര്‍ത്തിയാല്‍ മതി. അതിനുള്ള തടസ്സമെന്ത് എന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. സ്വന്തം നിലവാരത്തെക്കുറിച്ച് ലജ്ജിക്കുകയാണ് കരുണേട്ടന്‍ എന്നു സംശയം. കുടുംബത്തില്‍ നിന്നു കൊണ്ടു വരുന്നവരെങ്കിലും വിദ്യാസമ്പന്നരായിരിക്കണം എന്നായിരിക്കും. എന്തോ, പഠനം അസാദ്ധ്യമായിത്തോന്നി. പ്ലസ് ടൂ അപ്രാപ്യമെന്നും.

പതുക്കെ വെളിയിലിറങ്ങി. ഈ മണ്ണിലാണു ഒരു ദിവസം വീണുകിട്ടുക, ജീവിതത്തിന്റെ താക്കോല്‍. ആശയം എങ്ങനെ? ഉറക്കെയൊന്നു ചിരിക്കട്ടെ?

പീടികക്കോലായില്‍ കയറി. ആകെയുള്ള നാല്ക്കാലിയില്‍ മറ്റൊരുവന്‍ ആസനസ്ഥനായിരിക്കുന്നു. ഇനിയെന്തു ചെയ്യും. വീണ്ടും ഇറങ്ങി. നടന്നു. ഒരിക്കല്‍ കൂടി നിലത്തോട്ട് നോക്കി. ആ സമയം അതാ വരുന്നു അകലെ നിന്നു... ധൃതിയില്‍ കാലുകള്‍ ചലിപ്പിച്ചുകൊണ്ട്....

മറ്റൊരു പഴയ ചങ്ങാതി മാധവന്‍. തന്നെപ്പോലെ നാലഞ്ചു വര്‍ഷങ്ങളായി അലയുന്നവന്‍. അവന്‍ അവസാന പരീക്ഷയ്ക്ക് രണ്ട് പ്രാവശ്യം എഴുതി. പിന്നെ ക്ഷീണിച്ച് പിന്മാറി.

“എട, സുധാ.” അവന്‍ സന്തോഷം കൊണ്ട് തുള്ളുന്നു. കുറേക്കാലത്തിനുശേഷം സഹപാഠിയെക്കണ്ടതില്‍ ഇത്രയേറെ ആഹ്ലാദമോ.
“മാധവന്‍.. ഇപ്പോള്‍, ഇവിടെ?”

അച്ഛന്‍ മരിച്ചതില്‍ പിന്നെ മാധവന്റെ അമ്മ മക്കളെയും കൂട്ടി സ്വന്തം പുരയിലേക്ക് താമസം മാറ്റി. വല്ലപ്പോഴും അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞിരുന്നു. ആ സന്ദര്‍ശനം ഇതുവരെ നടന്നില്ല.

“എല്ലാം പറയാമെടാ.. നീ വാ...”

അവന്‍ കൈപിടിച്ച് വലിക്കുന്നു. എവിടെയ്ക്കായിരിക്കും. ചരലും പൊടിയും നിറഞ്ഞ ഉള്‍നാടന്‍ വഴി അവസാനിക്കുന്നതു കൂടുതല്‍ മോടിയുള്ള നിരത്തിലാണ്. അവിടെ ഏതാനും കടകളുണ്ട്. ഒരു ഫോണ്‍ ബൂത്തും. പിന്നെ ഒരു ചെറിയ ഹോട്ടലും. ഇവിടെയാണ് മാധവന്‍ കാലു കുത്തുന്നത്, കൂട്ടുകാരന്റെ കൈ തന്റേതില്‍ മുറുകെ പിടിച്ച് കൊണ്ട്.

ചായേം കടീം ഒന്നും വേണ്ടെന്നു പറഞ്ഞു നോക്കി.
“എത്ര കാലായിഷ്ടാ, നമ്മള്‍ കണ്ടിട്ട്. ചെറുതായൊന്നു ആഘോഷിച്ചൂടെ?”
മാധവന്റെ സ്നേഹം ചൊരിയുന്ന സംസാരം ഉള്ളില്‍ തട്ടുന്നു.
“നിനക്ക്...” അവനോട് പതുക്കെ ചോദിച്ചു. “പണിയെന്തോ തടഞ്ഞതു പോലെയുണ്ടല്ലോ, കണ്ടിട്ട്?”
“സുധയ്ക്ക് ആകാത്തതു പോലെയുണ്ട്, ശരിയല്ലേ?”
രണ്ടു പേരും ഒന്നു ചിരിച്ചു.

കുറേക്കാലം കറങ്ങി,മോനെ. മാധവന്‍ ചുരുളുകളഴിക്കുന്നു. ഒന്നും കിട്ടാതെ വലഞ്ഞു. ഒരിയ്ക്കല്‍ ഒരു പരസ്യം കണ്ടു. മുപ്പതുകിലോമീറ്റര്‍ അകലെ. നഗരത്തില്‍. നിര്‍മ്മാണമേഖലയിലെ ഒരു വലിയ പ്രോജക്ട്. പലതരം ഒഴിവുകള്‍. നേരില്‍ വരാന്‍ നിര്‍ദ്ദേശം. ചെന്നു നോക്കി. കൂടിക്കാഴ്ചയ്ക്ക് ലൈനില്‍ നിന്നു. അവര്‍ക്ക് പത്താം ക്ലാസ്സ് പാസ്സാകണമെന്നില്ല. പാസ്സായാലും വിരോധമില്ല. ഏല്പിക്കുന്ന കടമകള്‍ എന്തായാലും ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കണം. അത്രമാത്രം. കെട്ടിടത്തിന്റെ ഉത്തരങ്ങളില്‍ കയറി താഴെ നോക്കുമ്പോള്‍ തല ചുറ്റലുണ്ടോ. അങ്ങനെയൊക്കെയുള്ള ചില ടെസ്റ്റുകള്‍. സ്ഥാനാര്‍ത്ഥികളെ ഒറ്റനോട്ടത്തില്‍ അളക്കും അവര്‍. ഉടന്‍ നിയമനം തന്നു. തിരിച്ചു വീട്ടില്‍ പോകാന്‍ പോലും സമ്മതിച്ചില്ല. എന്താണ് എന്റെ പണി? മണ്ണു ചുമക്കുന്നു. മുന്‍‌കൂട്ടി തയ്യാറാക്കുന്ന തോട്ടങ്ങളില്‍ പുല്ലു പറിക്കുന്നു. വെള്ളം നനക്കുന്നു... മാധവന്‍ ചിരിച്ചുകൊണ്ട് തുടരുന്നു. എഴുതാനും വായിക്കുവാനും അറിയുമല്ലോ.. അതുകൊണ്ട് ചിലപ്പോള്‍ പേയ്ക്കറ്റുകള്‍ കൊറിയേഴ്സില്‍ കൊണ്ടു പോയേല്പിക്കുന്നു. പോസ്റ്റാപ്പീസ്സില്‍ പോകുന്നു. തന്റെ സത്യസന്ധതയില്‍ വിശ്വാസമുണ്ട്. അതുകാരണം ഇടയ്ക്ക് ബേങ്കില്‍ നിന്നും വലിയ സംഖ്യകള്‍ കൊണ്ട് വരുന്ന ചുമതലയുമുണ്ട്. ദിവസക്കൂലി ഇരുന്നൂറുറുപ്പിക. ഒരു വര്‍ഷം കഴിഞ്ഞു. അടുത്ത ഒന്നാം തിയ്യതി മുതല്‍ ശമ്പളം മാസത്തിലാവും. മൂവ്വായിരത്തി അഞ്ഞൂറ്. ബോണസ്സുമുണ്ടാവും.

“എനിയ്ക്ക്.. അവിടെ വല്ലതും?”
പെട്ടെന്നാണ് അവന്റെ പ്രഭാഷണത്തില്‍ ഇടപെട്ടു കൊണ്ട് ചോദിച്ചത്. അവന്‍ ഒരു നിമിഷം സുഹൃത്തിന്റെ കണ്ണുകളിലേയ്ക്ക് നോക്കുന്നു. എന്നിട്ട് പറയുന്നു
“പത്താം ക്ലാസ് പാസ്സായവര്‍ക്ക് പറ്റിയ... അതായത് ആപ്പീസിലിരിക്കുന്ന പണി കുറവാണവിടെ.”
അവന്‍ കപ്പ് ചുണ്ടില്‍ തട്ടിച്ചുകൊണ്ട് അല്പനേരം നിശ്ശബ്ദനായി.

“നിനക്കറിയോ മാധവാ. എന്റെ അമ്മയുണ്ടല്ലോ അഭിമാനിയാ. മകന്‍ കൂലിപ്പണിയെടുക്കുകയോ! ആളുകളുടെ മുഖത്തു നോക്കണ്ടേ. നാളെ ഇവനൊരു പെണ്ണന്വേഷിക്കുമ്പം അവരോടെന്താ പറയ്ാ‍. ഞാന്‍ ചത്തുകളയും... ഇതാണു നിലപാട്. എന്നാലും ഇനി വേറെ വഴിയില്ലെടോ.. എനിയ്ക്ക് ഭ്രാന്തുപിടിയ്ക്കും. ഞാനും വരട്ടെ നിന്റെയൊപ്പം. നീ ചെയ്യുന്നതു പോലെ വല്ലതും...”

മാധവന്‍ ഒന്നും പറയുന്നില്ല. വലിയ ആലോചനയിലാണ്. അവസാനം ആ മുഖത്തു കാണുന്നത്... പ്രസന്ന ഭാവം തന്നെ. ആദ്യമായാണ് ജോലിയുടെ കാര്യം പറയുമ്പോള്‍ അനുകൂലമായ ഒരു പ്രതികരണമുണ്ടാകുന്നത്.

വീട്ടിലേയ്ക്ക് തിരിച്ചു വരവേ... അവന്‍ കൂടെ വന്നു. അച്ഛനുമമ്മയുമായി സംസാരിച്ചു. അമ്മയ്ക്ക് കരച്ചില്‍. അച്ഛനു ആശയക്കുഴപ്പം.
“അല്ലാ, മോനെ സുധാകരാ. മദിരാശീന്നു ശേഖരന്‍..?”
അമ്മയുടെ അവസാനത്തെ ചെറുത്തു നില്പ്. അല്ലാതെന്ത്. ശേഖരന്‍ വിളിപ്പിയ്ക്കുമെന്നാണ് ഇപ്പോഴും വിചാരം.
അപ്പോള്‍... അച്ഛനും അമ്മയ്ക്കും ചെറിയൊരു ഷോക്ക് കൊടുത്തു. കീശയില്‍ നിന്നു ചെന്നൈക്കാരന്റെ ലിഖിതം മെല്ലെ വലിച്ചെടുത്തു.

“പ്രിയപ്പെട്ട സുധാ, കത്തെഴുതാനൊന്നും സമയമില്ല. ഒരു മാസമായി ആസ്ത്രേലിയായിലായിരുന്നു. അമ്മ പറഞ്ഞിരുന്നു നിന്റെ കാര്യം, പലതവണ. നിനക്കിതുവരെ ഒന്നും ആകാത്തതു കഷ്ടം തന്നെ. ഞങ്ങളുടേത് വലിയൊരു ഐ. ടി കമ്പനിയാണ്. ഒരു ക്ലോക്കില്‍ ഘടിപ്പിച്ചു വെച്ച കുറ്റന്‍ മെഷീനാണിത്. ഇവിടെ വ്യക്തിപരമായ പരിഗണനയൊന്നും ആര്‍ക്കും കിട്ടുന്നില്ല. സ്ഥാപനത്തില്‍ പത്താം ക്ലാസ്സുകാരായുള്ളതു ചായ കൊണ്ടുവരുന്നവര്‍ മാത്രം. ഇതിഷ്ടമാവുമോ നിനക്ക്? മൂന്നോ നാലോ ആയിരം കിട്ടും. പിന്നെ ഇവിടെ താമസത്തിന്റെ കാര്യം വലിയ പ്രയാസമാണ്. എനിക്കാകട്ടെ, അതൊന്നും നോക്കാന്‍ നേരം കാണില്ല. പതിനെട്ടു മണിക്കൂര്‍ ഞാന്‍ എന്റെ പണിയില്‍....”

അങ്ങനെ പോകുന്നു ശേഖരന്റെ വിലാപങ്ങള്‍. തല തിരിച്ചു അമ്മയെ നോക്കി. അവരുടെ ഉള്ളില്‍ ഒരു ഗോപുരം ഇടിഞ്ഞു വീഴുന്നു. അച്ഛനാകട്ടെ സ്ഥിരമായ ആശയക്കുഴപ്പം.

“മാധവാ” അറിയാതെ നാവില്‍ നിന്നു വാക്കുകള്‍ ഉതിര്‍ന്നു വീണു. “നമുക്ക് ഇന്നു.. ഇവിടെ... അമ്മയുണ്ടാക്കിയ ഭക്ഷണം കഴിക്കാം. എന്നിട്ട് ഞാന്‍ നിന്റെ കൂടെ വരുന്നു. മണ്ണു ചുമക്കാന്‍. വെള്ളം നനക്കാന്‍. പക്ഷേ...”
പുതിയൊരു ചിന്ത അയാളുടെ വാക്കുകളെ പിടിച്ചു നിര്‍ത്തി.
“മാധവാ, നഗരത്തില്‍... താമസത്തിന്റെ കാര്യം...”
“അതൊരു പ്രശ്നമല്ല, സുധാ. എന്റെ മുറിയില്‍ നമുക്ക് അടിച്ചു പൊളിക്കാം”
അച്ഛനുമമ്മയും സ്തംഭിച്ചു നില്‍ക്കവേ.. മുറിയില്‍ കയറി, അല്പം ചില തുണികളുള്ളതു പെറുക്കി പഴയ സഞ്ചിയിലാക്കി തിരിച്ചു വന്നു.

അച്ഛനു ഒന്നും മനസ്സിലാവുന്നില്ല. അമ്മ പുരികമൊന്നു ചുളിച്ചു. എന്നിട്ട് വെറുതെ തലതാഴ്ത്തിയിരുന്നു.

Subscribe Tharjani |