തര്‍ജ്ജനി

കഥ

ദൈവകല്പിതം

തികച്ചും ശാന്തവും സ്വപ്നതുല്യവും ദിവ്യത്വം നിറഞ്ഞു നില്‍ക്കുന്നതുമായ ഒരു സ്ഥലമായിരുന്നു അത്. അത്രയൊന്നും ആരും അറിയാതെയാണ് വിനയത്തിന്റെ ഒരു മണിമാളിക അവിടെ പണിതുയര്‍ന്നത്. അതിന്റെ മുന്നില്‍ സദാ എരിഞ്ഞു നില്‍ക്കുന്ന ഒരു ഭദ്രദീപമുണ്ടായിരുന്നു. ദേവസാന്നിദ്ധ്യമുള്ള അവിടുത്തെ മനുഷ്യര്‍ പരസ്പരം വിനയത്തോടും ശാന്തതയോടും കൂടിയാണ് ഇടപഴകിയിരുന്നത്.

നഗരത്തില്‍ നിന്നും അകലെ മാറിയുള്ള ആ മണിമാളിക തേടിയാണ് ദൂരെ സ്ഥലത്തു നിന്നു പോലും ആളുകള്‍ എത്തിക്കൊണ്ടിരുന്നത്. അവര്‍ പതിനെട്ടു വയസ്സിനും മുപ്പത്തിയഞ്ചു വയസ്സിനും മദ്ധ്യേയുള്ളവരായിരുന്നു. അവര്‍ ലോകത്തിന്റെ സുന്ദരികളും സുന്ദരന്മാരുമായിരുന്നു. എങ്കിലും അവര്‍ സന്ദേഹികളായിരുന്നു. പൊതു പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ പോകുന്ന ഉദ്യോഗാര്‍ത്ഥികളെപ്പോലെ തങ്ങള്‍ തിരസ്കരിക്കപ്പെടുമോ എന്നവര്‍ ആശങ്കപ്പെട്ടിരുന്നു. പരസ്യത്തിലെ ഡിമാന്റ് പ്രകാരം അവരുടെ സൌന്ദര്യത്തെക്കുറിച്ച്, വിശിഷ്യനഗ്ന സൌന്ദര്യത്തെക്കുറിച്ച് അവര്‍ ആശങ്കാകുലരായിരുന്നു. ചുറ്റും ആനകളുടെയും വ്യാളീമുഖങ്ങളുടെയും പൂക്കളുടെയും കൊത്തുപണികളുള്ള ദര്‍പ്പണത്തിനു മുന്നില്‍ അതുപലയാവര്‍ത്തി അവര്‍ പരീക്ഷിച്ചു. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെപ്പോലെ കുറവുകള്‍ പരിഹരിക്കുവാനും കൂടുതല്‍ മിഴിവേകുവാനും ആധുനിക ക്രീമുകളും കലാമിനുകളും അവര്‍ ഉപയോഗപ്പെടുത്തി.

കാരണം പരസ്യത്തില്‍ ഇപ്രകാരം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു:

നിങ്ങള്‍ ആദിമാതാപിതാക്കളായും ചേലയറ്റ ഗോപികമാരായും പുനരവതരിക്കപ്പെടുമ്പോള്‍ അതു നിങ്ങളേക്കാള്‍ മികവുറ്റതായ് മാറേണ്ടതുണ്ട്. അതു കാഴ്ചക്കാരനെ ആസ്വാദനത്തിന്റെ അപാര തലങ്ങളിലേക്കുയര്‍ത്തി ആനന്ദത്തിലാറാടിക്കേണ്ടതുണ്ട്. വദനങ്ങളുണര്‍ത്തുന്ന ഭാവസൌന്ദര്യം പോലെ സ്തനങ്ങളിലും ജഘനങ്ങളിലും പുരുഷന്റെ കരുത്തുകളിലും നിന്നുരുത്തിരിയുന്ന കാമസൌന്ദര്യങ്ങളില്‍ ആസ്വാദകര്‍ മതിമറന്ന് ഭൂമിക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ആകാശപേടകം പോലെ ഉയര്‍ന്നു നില്‍ക്കണം. നിങ്ങളുടെ വദനം സംസാരിക്കുന്നതുപോലെ ഉടലും മറ്റുള്ളവരോട് സംസാരിക്കണം.

താല്പര്യമുള്ളവര്‍ പരസ്യം വന്ന് രണ്ടാഴ്ചയ്ക്കകം ബയോഡാറ്റാ സഹിതം പത്രത്തില്‍ പറഞ്ഞിരിക്കുന്ന വിലാസത്തില്‍ അപേക്ഷിക്കണം. താമസിക്കാനിടം തരും. അര്‍ഹമായ പ്രതിഫലവും ലഭിക്കും. കൂടാതെ ചിത്രങ്ങള്‍ വില്‍ക്കുന്നതിനനുസരിച്ചുള്ള വിഹിതവും. എല്ലാത്തിനേക്കാളും നിങ്ങളുടെ (നഗ്ന‌)സൌന്ദര്യം ആസ്വദിക്കപ്പെടുന്നതിന് നിങ്ങള്‍ കാരണക്കാരായിത്തീരുകയും ചെയ്യും.

പ്രമുഖദിനപ്പത്രങ്ങളില്‍ ക്ലാസിഫൈഡ് അഡ്വര്‍ട്ടൈസ്മെന്റ് വിഭാഗത്തില്‍ വന്ന ആ പരസ്യം വയിച്ച് അവര്‍ക്കാര്‍ക്കും ഞെട്ടലുണ്ടായില്ല. മറിച്ച് ഒരു ഉദ്യോഗാര്‍ത്ഥിയെപ്പോലെ ആ പരസ്യത്തിനനുസരിച്ച് ഒരുങ്ങാന്‍ അവര്‍ തയ്യാറായി.

ശരീരസൌന്ദര്യത്തിന്റെ ഏറ്റവും പുതിയ പാതകള്‍ തേടി വര്‍ പുസ്തകശാലകള്‍ കയറിയിറങ്ങി. ഡയറ്റ് കണ്ട്രോള്‍ കൊണ്ടും യോഗ കൊണ്ടും വ്യായാമം കൊണ്ടും അവരുടെ ശരീരഭാരം പാതിയായും കുറഞ്ഞു. പഴങ്ങളും പച്ചക്കറികളും അവരുടെ നിത്യാഹാരങ്ങളായി. സെക്സ് അപ്പീലില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ പ്രമുഖനടീനടന്മാരുടെയും കായികതാരങ്ങളുടെയും ജീവിതരീതികള്‍ സിനിമാവാരികകള്‍ തേടിപ്പിടിച്ച് അവര്‍ വായിച്ചറിഞ്ഞു. ദുര്‍മ്മേദസ്സുകള്‍ ശരീരത്തില്‍ നിന്നും അകന്നു. അനാവശ്യമായുണ്ടായിരുന്ന ചെറുമുഴപ്പുകളും പുള്ളികളും അപ്രത്യക്ഷമായി. ദേഹന്‍ സ്തൂലമായി. കേവലം രണ്ടാഴ്ച കൊണ്ട് അവര്‍ കാമദേവന്മാരും കാമമോഹിനികളുമായി. നഗ്നസൌന്ദര്യം വിളിച്ചോതുന്ന ദേവി-ദേവ, ദാരു ശില്പങ്ങള്‍ പോലെയായി. ദര്‍പ്പണത്തിനു മുന്നിലെ ഓരോ ദിവസത്തെയുമുള്ള വിലയിരുത്തലുകള്‍ കൊണ്ട് പരീക്ഷയില്‍ വിജയിയാകും എന്നു തന്നെ ആശങ്കകള്‍ക്കിടയിലും അവര്‍ പ്രത്യാശിച്ചു.

അങ്ങനെയാണ് പതിനഞ്ചാം ദിവസം അവര്‍ യാത്രയായത്.

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അങ്ങോട്ടേയ്ക്ക് ആളുകള്‍ ഒഴുകി. ബസ്സും ഓട്ടോയും ട്രെയിനുമെല്ലാം നിറഞ്ഞു.

"എന്താ ഇത്ര തിരക്ക്..." തിരക്കു മൂലം ബസ്സ് കിട്ടാതിരുന്ന വൃദ്ധന്‍ ചോദിച്ചു.
"അവിടെയെന്തോ പരീക്ഷയുണ്ടത്രേ..."

പരീക്ഷയെന്നു കേട്ടപ്പോള്‍ വൃദ്ധനും തൃപ്തനായി. എന്തു പരീക്ഷയെന്നോ ഏതു രീതിയിലുള്ള പരീക്ഷയെന്നോ ആരും തിരക്കിയില്ല.

മത്സരാര്‍ത്ഥികള്‍ ശരിക്കും വിലാസം കാണാതെ കുഴഞ്ഞു. എന്നിട്ടും പരസ്പരം സംസാരിക്കുകയോ അന്യരോട് ചോദിക്കുകയോ ചെയ്തില്ല. വിലാസം കണ്ടു പിടിക്കാനാവാതെ അവര്‍ അങ്ങോട്ടുമിങ്ങോട്ടും തിടുക്കപ്പെട്ടു നടന്നു.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------------

ഒരു മഹാപര്‍വ്വതത്തിനു താഴെ, ഒഴുകുന്ന അരുവിക്കരികെ, പുല്‍ത്തകിടിയില്‍ ഇടതുവശത്ത് മോസ്സസും വലതുവശത്ത് ജീസ്സസ്സും ഇരുന്നു. അവര്‍ക്കു മദ്ധ്യേ യഹോവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. നിശബ്ദത ഒരു വലിയ ശബ്ദമായി അവിടെ മുഴങ്ങുന്നുണ്ടായിരുന്നു. അതിലും വലുതായിരുന്നു യഹോവയുടെ മൌനം. രണ്ടു കൈകളും പിന്നില്‍ കെട്ടി തലകുനിച്ച് പിതാവായ ദൈവം തങ്ങള്‍ക്കും മദ്ധ്യേ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതായി ജീസസ്സിനും മോസ്സസ്സിനും അനുഭവപ്പെട്ടു. മോസ്സസ്സ് വളരെ ആശങ്കാകുലനായിരുന്നു. ജീസ്സസ്സാകട്ടെ പിതാവിന്റെ ഇഷ്ടം നിറവേറ്റാനുള്ള പാനപാത്രമായി മൌനത്തിനടിമപ്പെട്ടിരുന്നു.

“നമ്മുടെ പിതാവായ യഹോവയുടെ ഉദ്ദേശമെന്താണെന്നറിയാതെ ഞാന്‍ ആകെ ആശങ്കാകുലനാണ്. ജീസസ്സ് നീയെന്തു പറയുന്നു...”

മൌനത്തിന്റെ ചിതല്‍പ്പുറ്റുകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് മോസ്സസ്സിന്റെ വാക്കുകള്‍ ജീസസ്സിന്റെ മുന്നില്‍ തെറിച്ചു വീണു. അതു കേവലം വാക്കുക്കളല്ലെന്നും ഉള്ളില്‍ അലയടിക്കുന്ന ആശങ്കകളുടെ ബഹിര്‍സ്ഫുരണമാണെന്നും ജീസ്സസ്സിനറിയാമായിരുന്നു. ജീസ്സസ്സ് അക്ഷോഭ്യനായി നിലകൊണ്ടു.

“എല്ലാം അവിടുത്തെ ഇഷ്ടം പോലെ നടക്കട്ടെ...”
ജീസ്സസ്സിന്റെ വാക്കുകള്‍ ഇളം കാറ്റു പോലെ വായുവില്‍ തങ്ങി.
അതുകേട്ട് മോസസ്സ് പൊട്ടിത്തെറിച്ചു.

“അല്ലെങ്കിലും നീ അങ്ങനെയേ പറയൂ. കിഴുക്കാംതൂക്കായ് കെട്ടിത്തൂക്കിയപ്പോഴും നീയവരോട് ക്ഷമിക്കാനല്ലേ പ്രാര്‍ത്ഥിച്ചത്. ഞാനായിരുന്നെങ്കില്‍ കാണാമായിരുന്നു...”

മോസസ്സിന്റെ വാക്കുകള്‍ കോപജ്വാലയായി ആളിക്കത്തുമ്പോള്‍ കാടിനെ വിറപ്പിച്ചുകൊണ്ട് ഇടിയും മിന്നലുമുണ്ടായി. ഭൂമി രണ്ടായ് പിളര്‍ക്കുമാറുച്ചത്തില്‍ ആ വിളി ഉയര്‍ന്നു.

“മോസസ്സ്...”
യഹോവ മൌനം ഭഞ്ജിച്ചിരിക്കുന്നു.
“പ്രഭോ...”
മോസസ്സ് കരങ്ങള്‍ കൂപ്പി, വിളികേട്ടു.
“നീ അവനെതിരെ തിരിയേണ്ട. അവനെന്റെ പ്രിയപുത്രനാകുന്നു. അവന്‍ ചെയ്യാനുള്ളതെല്ലാം ഭൂമിയില്‍ എനിക്കു വേണ്ടി ചെയ്തതാണ്. ഇതിനപ്പുറം ഇനി ആര്‍ക്കും ഒന്നും ചെയ്യാനാവില്ല...”
“അതേ പ്രഭോ, സ്വന്തം പുത്രനെ ബലിയായ് കൊടുത്തിട്ടും എല്ലാ പാപങ്ങളും അവന്‍ ഏറ്റെടുത്തിട്ടും വീണ്ടും പാപങ്ങള്‍ പെരുകുകയാണല്ലോ... സോദോം-ഗൊമോറ നഗരങ്ങള്‍ അങ്ങ് നശിപ്പിച്ചതുപോലെ ഈ നാടിനെയും നശിപ്പിക്കണം പ്രഭോ...”
“മോസസ്സ്..”
വീണ്ടും ഇടിമുഴക്കത്തോടു കൂടിയുള്ള ദൈവത്തിന്റെ വിളി. മോസസ്സ് ഭയന്നു വിറച്ച് വിനീതനായ് നിന്നു.

“അല്ലെങ്കിലും നീ അങ്ങനെയേ പറയൂ. കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്നാണല്ലോ നിന്റെ സിദ്ധാന്തം. നിനക്കറിയില്ലേ മോസസ്സ് സോദോം-ഗൊമോറ നഗരങ്ങള്‍ നശിപ്പിക്കാന്‍ ഞാന്‍ ഒരുങ്ങിയപ്പോള്‍ പത്തു നല്ലയാളുകളെയെങ്കിലും ചൂണ്ടിക്കാട്ടി അതു ചെയ്യരുതേ എന്നപേക്ഷിക്കാന്‍ ഒരാളുണ്ടായിരുന്നു. മഹത്തും ശക്തവുമായ എന്റെ ജനതയെ നയിച്ച നല്ലവനായ അബ്രഹാം. ഇന്ന് അങ്ങനെ ചെയ്യാന്‍ ഞാനൊരുങ്ങിയാല്‍ അതിനെ തടയാന്‍ ഒരു മനുഷ്യനെങ്കിലുമുണ്ടാവുമോ? ഒരു നല്ല മനുഷ്യനെങ്കിലും...? അപ്പോഴാണ് നീയെന്നെ ലോകത്തെ നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. മനുഷ്യര്‍ നശിച്ചു കഴിഞ്ഞാല്‍ പിന്നെ ദൈവത്തിനെന്തു കാര്യം മോസസ്സ്?”

മോസസ്സിനു വീണ്ടും ക്ഷമ കെട്ടു.

“പ്രഭോ അങ്ങ് പറഞ്ഞതനുസരിച്ചാണല്ലോ ഞങ്ങള്‍ വന്നത്. അവിടെയതാ പരസ്യപ്രകാരം ആളുകള്‍ തടിച്ചു കൂടിയിരിക്കുകയാണ്. വിലാസം കണ്ടുപിടിക്കാനാവാതെ അവര്‍ നെട്ടോട്ടം ഓടുകയാണ്. നമ്മള്‍ എന്തെങ്കിലുമൊന്ന് ചെയ്തില്ലെങ്കില്‍ അവിടെ വലിയ കുഴപ്പങ്ങള്‍ ഉണ്ടാകും. അങ്ങെന്താണ് അതിനെക്കുറിച്ചൊന്നും പറയാത്തത്. അങ്ങൊന്നും കാണുന്നില്ലേ?”

“മോസസ്സ്, ഞാനത് കാണുന്നു. ഇവിടെ ഞാനും നിസ്സഹായനാണ്. ഉത്തരമില്ലാതെ ഞാനും അലയുകയാണ്. സാത്താനെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത്തരമൊരു പരസ്യം കൊടുക്കാന്‍ ഞാന്‍ അവനെ ചുമതലപ്പെടുത്തിയത്. പക്ഷേ ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല. മനുഷ്യന്‍ അവന്റെ നഗ്ന ശരീരം വിറ്റു കാശാക്കാന്‍ യാതൊരു ഉളുപ്പുമില്ലാതെ വരികയോ? ഇതിനുമപ്പുറം സ്വന്തം ആത്മാവിനെ അകറ്റിക്കൊണ്ട് അവന് എന്താണ് ചെയ്യനുള്ളത്? തന്റെ നഗ്നത മറ്റൊരാളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് ചിത്രങ്ങളാക്കി വിറ്റുകാശാക്കാന്‍ അവന്‍ തയ്യാറായെങ്കില്‍ ഇനി എനിക്കെന്താണ് അവര്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയുക?”

ദൈവത്തിന്റെ സ്വരത്തിലെ നിസ്സഹായതയുടെ ധ്വനികള്‍ മോസസ്സില്‍ തീരാവേദനയായി പടര്‍ന്നു കയറി. മോസസ്സിനു അടങ്ങിയിരിക്കുവാന്‍ കഴിയുമായിരുന്നില്ല. എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ. അല്ലെങ്കില്‍ ദൈവത്തിന്റെ പദ്ധതികളെപ്പോലും തുരങ്കം വയ്ക്കുന്ന സാമൂഹികവിരുദ്ധരുടെ പക്കലേക്ക് സാത്താന്‍ പടര്‍ന്നു കയറും. പിന്നെ കാര്യങ്ങള്‍ അവന് എളുപ്പമാവും. നാട് അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്യും.

മോസസ്സിന്റെ ചിന്തകള്‍ യഹോവയിലേക്ക് പടര്‍ന്നു കയറി.
“മോസസ്സ്”
“എന്തെങ്കിലും തീരുമാനമായോ പ്രഭോ?”
മോസസ്സ് വിനീതനായി ചോദിച്ചു.

“തീരുമാനമായി. സാത്താനുമായുള്ള വെല്ലുവിളിയില്‍ നിന്ന് ഞാന്‍ പിന്മാറുകയാണ്. ഇതിന്റെ പരിഹാരം ഞാന്‍ നിന്നെ തന്നെ ഏല്‍പ്പിക്കുന്നു. നീ അവരെയും കൊണ്ട് വാഗ്ദത്ത ഭൂമിയിലേക്ക് പോകുക. നിന്റെ പിന്നാലെ കുരിശും വഹിച്ച് ജീസസ്സും ഉണ്ടാവും. അവിടെ അവര്‍ക്ക് വൃക്ഷങ്ങളും തണല്‍ മറകളും പൂക്കളുടെ മനോഹാരിതയും നദികളുടെ കളകളനാദവും പഴങ്ങളുടെ സുലഭതയും അറിഞ്ഞ് ജീവിക്കാം. “

“അത്... പ്രഭോ...”
പതിവു പോലെ മോസസ്സ് തടസങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പ് ദൈവം ഇടപെട്ടു.
“വേണ്ട നീ നിന്നെക്കുറിച്ച് എന്നെ ബോദ്ധ്യപ്പെടുത്തേണ്ട. നിന്റെ സ്രഷ്ടാവ് ഞാനാകുന്നു.”
മോസസ്സിന് ഉത്തരം മുട്ടി. വിധാദാവിന്റെ കല്പനകള്‍ പൂര്‍ത്തിയായി.

(നഗ്ന)സൌന്ദര്യം വില്‍ക്കാന്‍ വന്ന യുവതീയുവാക്കളുമായ് മോസസ്സ് യാത്രതുടര്‍ന്നു. മൂന്നാം മാസം ഒന്നാം ദിവസം അവര്‍ വാഗ്ദത്ത ഭൂമിയിലെത്തി. അതൊരു പറുദീസ തന്നെയായിരുന്നു. നിറയെ വൃക്ഷലതാദികളും പഴങ്ങളും പൂക്കളും കളകളാരവം ഉയര്‍ത്തുന്ന കിളികളും കൊണ്ട് ആ ഭുപ്രദേശം വളരെ സമ്പന്നമായിരുന്നു. ചേലയറ്റ ഗോപികമാരായും ആദിമാതാപിതാക്കളായും സ്അവര്‍ സര്‍വ്വസ്വതന്ത്രരായി നടന്നു.

ചെറുപ്പക്കാര്‍ തങ്ങള്‍ എത്തിപ്പെട്ട പ്രദേശത്തെക്കുറിച്ച് ഏറ്റവും ഉത്സാഹികളായി. തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് അവരും ആ മനുഷ്യരുടെ കൂടെ കൂടി. മോസസ്സിനു മുന്നില്‍ അവര്‍ കൃതാര്‍ത്ഥരായി.

ദൈവം മനുഷ്യനെ നൂറ്റാണ്ടുകള്‍ പിന്നിലേക്കു തള്ളിവിട്ടു കൊണ്ടുള്ള കൊടും ശിക്ഷയാണ് കൊടുത്തതെന്ന് മോസസ്സിനു മനസ്സിലായി.

തന്റെ ദൌത്യം പൂര്‍ത്തിയാക്കിയ യഹോവയ്ക്ക് സ്തോത്രം ചൊല്ലി പിന്‍‌വാങ്ങവേ നൂറ്റാണ്ടുകള്‍ക്കകലെ കുരിശുമെടുത്ത് മെല്ലെ നടന്നു വരുന്ന ജീസസ്സിനെ ഒരു ചെറിയ കറുത്ത പൊട്ടു പോലെ മോസസ്സ് കണ്ടു.

മോനിച്ചന്‍ എബ്രഹാം
ആലപ്പുഴ
Subscribe Tharjani |