തര്‍ജ്ജനി

കഥ

മിന്നാമിനുങ്ങിനെപ്പോലെ...

നജീം എന്റെ നാട്ടുകാരനാണെങ്കിലും പരിചയപ്പെടുന്നത്‌ റിയാദില്‍ വെച്ചാണ്‌. ഒരേ കമ്പനിയിലെ സഹപ്രവര്‍ത്തകരായി എട്ട്‌ വര്‍ഷം മുമ്പ്‌ മുംബയിലെ ഒരു റിക്രൂട്ട്‌മന്റ്‌ ഏജന്‍സിവഴി ഒരു സിസ്റ്റം അനലിസ്റ്റായിട്ടായിരുന്നു അവന്റെ നിയമനം. സൌമ്യനും അല്‍പം നാണം കുണുങ്ങിയുമായ നജീം തന്റെ ജോലിയില്‍ നല്ല മിടുക്കു കാണിച്ചിരുന്നു. സ്വന്തമായി ഒരു കാര്‍ വാങ്ങും മുമ്പ്‌, മിക്കവാറും ജോലികഴിഞ്ഞുള്ള തിരിച്ചു വരവ്‌ എന്റെ കൂടെയായിരുന്നു. ആ യാത്രകളില്‍ ഞങ്ങള്‍ കൂടുതല്‍ അടുത്തു. ഉള്ളു തുറന്ന് സംസാരിച്ചു. പലപ്പോഴും വിഷയങ്ങള്‍ തുടങ്ങി വെക്കുക നജീമായിരിക്കും, പരാജയപ്പെടുന്ന ദാമ്പത്യങ്ങള്‍ എന്ന വിഷയം! വിവാഹമോചനം നടത്തി അന്യരായി ജീവിക്കുന്ന സ്വന്തം മാതാപിതാക്കള്‍ തന്നെയായിരുന്നു അവന്റെ ആശങ്കയുടെ കാതല്‍. നജീമിന് ഇരുപത്‌ വയസ്സുള്ളപ്പോഴാണ്‌ അവര്‍ പിരിഞ്ഞത്‌. ഒറ്റപ്പെട്ടുപോയ പിതാവ്‌ തന്റെ കുടുംബത്തോട്‌ പ്രതികാരദാഹവുമായി ഒരു ഒറ്റയാനായി ജീവിക്കുകയായിരുന്നു. നജീമിന്റെ മനസ്സിലെ ആശങ്കയ്ക്ക്‌ ആക്കം നല്‍കാന്‍ വേറൊരു വിവാഹമോചന കഥ രചിക്കുന്ന ഒരേയൊരു ജ്യേഷ്ഠനും. വീട്ടുകാര്‍ തമ്മിലുള്ള വടം വലിയാണ്‌ മാതാപിതാക്കളുടെ ഇടയില്‍ മതില്‍ തീര്‍ത്തതെങ്കില്‍ തന്നെക്കാളും ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ജോലിയുമുള്ള ഭാര്യതന്നെ ആയിരുന്നു ജ്യേഷ്‌ഠനെ ഒരു സംശയരോഗിയാക്കി ജീവിതത്തില്‍ കനല്‍ക്കട്ടകള്‍ വാരി വിതറിയത്‌. ഭാര്യയുടെ ഓരോ വാക്കില്‍ പോലും ധിക്കാരത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയ ജ്യേഷ്‌ഠന്‍ സ്വയം എരിഞ്ഞൊടുങ്ങുകയായിരുന്നു.

പക്ഷേ നജീമിനെ പോലുള്ളൊരു ചെറുപ്പക്കാരന്‍ നിത്യബ്രഹ്മചാരി ആയിരിക്കല്‍ ഏതോ ഒരു പെണ്‍കുട്ടിയുടെ സുവര്‍ണ്ണ ദാമ്പത്യത്തിനുള്ള യോഗം മുടക്കലായിട്ടെനിക്ക്‌ തോന്നി. ഓരോ അവധിക്ക്‌ നാട്ടില്‍ പോകും മുമ്പ്‌ ഞങ്ങള്‍ കൂട്ടുകാര്‍ നജീമിനോട്‌ കല്യാണം കഴിച്ചിട്ടേ തിരിച്ച്‌ വരാവൂ എന്ന് ശക്തമായി ചട്ടം കെട്ടിയിരുന്നു. രണ്ട്‌ തവണയും ഒരു ബാച്ചിലറായി നജീം തിരിച്ച്‌ വന്നു. ഒടുക്കം മുന്നാം അവധിക്കാലം, സജ്ന എന്ന ഒരു ഭാഗ്യവതിക്ക്‌ നറുക്ക്‌ വീണു നജീമിന്റെ ബെറ്റര്‍ ഹഫ്‌ ആവാന്‍. ഒരു കൊച്ചുമണവാളന്‍ ആയി കൂടുതല്‍ നാണം കുണുങ്ങിയും സുന്ദരനുമായി നജീം തിച്ചെത്തി. എനിക്കു പനി പിടിച്ചതിനാല്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക്‌ പോവാന്‍ പറ്റിയില്ല. വന്ന അന്ന് തന്നെ നജീം വീട്ടില്‍ വന്നു. കൈ നിറയെ നാടന്‍ പലഹാരങ്ങളുമായി. വാതില്‍ തുറന്നപ്പോള്‍ അഹ്ലദത്തില്‍ വിടര്‍ന്ന കണ്ണുകളും മുഖവുമായി അവന്‍ എന്നെ ആശ്ലേഷിച്ചു. നജീമിന്റെ ശക്തമായ ആ പിടുത്തത്തില്‍ നിശ്ശബ്ദമായ്‌ ആ കുറച്ചു നിമിഷങ്ങളെ ഭജ്ഞിക്കാതെ നജീമിന്റെ നെഞ്ചിടിപ്പിന്റെ താളം കേട്ടുകൊണ്ട്‌ അവന്റെ പുറത്ത്‌ പതിയെ തട്ടിക്കൊണ്ട്‌ ഞാന്‍ നിന്നു.

'ഒരു നൂറ്‌ വര്‍ഷം മുമ്പ്‌ കെട്ടണമായിരുന്നു ഞാന്‍ സജ്നയെ' തമാശയുടെ ഒരംശംപോലുമില്ലാതെ മൊഴിഞ്ഞ നജീം എന്റെ കണക്ക്‌ കൂട്ടലുകള്‍ക്കപ്പുറത്തെവിടെയോ ആയിരുന്നു. ഇത്രയും തീവ്രമായ ഒരു കാമുകന്‍ ഈ നാണം കുണുങ്ങിയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുകയായിരുന്നുവോ? പിന്നീടും സജ്നയെ കുറിച്ച്‌ വര്‍ണ്ണിക്കുമ്പോള്‍ തുടക്കത്തിലെ ആവേശമായിരിക്കാം എന്ന് വിശ്വസിച്ച എനിക്ക്‌ വീണ്ടും തെറ്റി. നജീം നല്ല ഒരു ഭര്‍ത്താവുമായിരുന്നു.

കല്യാണത്തിന്‌ ശേഷം നജീമിന്റെ ജീവിതം പിന്നങ്ങോട്ട്‌ ധൃതി പിടിച്ചോടുകയായിരുന്നോ എന്നിപ്പോള്‍ തോന്നിപ്പോകുന്നു. ശമ്പളത്തിന്റെ നല്ലൊരു പങ്കും സജ്നയുമായി ഫോണില്‍ സംസാരിച്ചു തീര്‍ത്ത്‌ മാസങ്ങള്‍ ഏറെ പിന്നിട്ടും കൊതി തീരാതെ അവളെയോര്‍ത്ത്‌ മുറിയില്‍ ചെന്നിരുന്ന് കരഞ്ഞ രാത്രികളും ഏറെ. എട്ട്‌ മാസങ്ങള്‍ക്ക്‌ ശേഷം ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. കാരണം ജോലിയില്‍ പണ്ടെങ്ങുമില്ലാത്ത അശ്രദ്ധ. പക്ഷേ പെട്ടെന്ന് തന്നെ വേറെ നല്ല ഒരു ജോലി . മാസങ്ങള്‍ക്കം സജ്നയുടെ വിസ ഒരുങ്ങി. നജീം കാത്തിരുന്ന സജ്നയുമായുള്ള റിയാദിലെ ജീവിതം എന്റേതടക്കം മറ്റു കൂട്ടുകാരുടെ ഭാര്യമാരുമായും എത്ര പെട്ടെന്നാണ്‌ സജ്ന അടുത്തത്‌!

വാ തോരാതെ സംസാരിക്കുന്ന ഒരു കുസൃതിക്കുടുക്കയായിരുന്നു അവര്‍ക്ക്‌ സജ്ന. സജ്നയുടെയും നജീമിന്റെയും സൌന്ദര്യത്തിന്റെ ഏതൊക്കെയോ അംശങ്ങള്‍ പകുത്തുകൊണ്ട്‌ രണ്ട്‌ കുട്ടികളും ജനിച്ചു. മൂത്തത്‌ ആണ്‍കുട്ടി. സജ്‌നയുടെ മാതാപിതാക്കളെയും നജീമിന്റെ മാതാവിനെയും റിയാദിലേക്ക്‌ കൊണ്ട്‌ വന്നു. ഒരു നല്ല് വീടും പറമ്പും സ്വന്തമാക്കുക എന്ന സ്വപ്നസാക്ഷാല്‍ക്കാരം. സജ്നയും കുട്ടികളുമൊത്തുള്ള ഹജ്ജ്‌. അനവധി ഉംറ തീര്‍ത്ഥാടനങ്ങള്‍ കുറച്ച്‌ മാസങ്ങള്‍ക്കു മുമ്പ്‌ ഈജിപ്റ്റ്‌,സിറിയ,ജോര്‍ദാന്‍ തുടങ്ങിയ സ്ഥലങ്ങളീലേക്കുള്ള യാത്ര. തിരിച്ച്‌ വന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി ഒരുഗ്രന്‍ വിരുന്ന്‌. വിരുന്ന് കഴിഞ്ഞെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു"പിരമെഡിനെക്കുറിച്ചുള്ള സജ്‌നയുടെ വിവരണം ജോറായിരുന്നു ഞങ്ങള്‍ മമ്മിയുടെ മുന്നില്‍ നില്‍ക്കുകയാണൊന്ന്‌ തോന്നിപ്പോയി.

ഭാര്യയേക്കളും അഞ്ചുവയസ്സിനിളവാണെങ്കിലും 'എടീ' എന്നു വിളിച്ചേ സജ്‌ന വര്‍ത്തമാനം തുടങ്ങുകയുള്ളൂ. മദീന യാത്രകളില്‍ ഓരോ തവണയും പ്രവാചകന്റെ ഖബ്‌റിനരികില്‍ എത്തുമ്പോള്‍ വിതുമ്പുന്ന സജ്നക്ക്‌ മദീനാ നഗരത്തോട്‌ എന്തെന്നില്ലാത്ത ഒരു മാനസിക അടുപ്പമായിരുന്നു. അനേകം പുണ്യാത്മാക്കളെ ഖബറടക്കിയ പ്രവാചകപള്ളി അങ്കണത്തിലെ 'ബഖീഇ' എന്ന ശ്മശാനം അടുത്ത്‌ നിന്ന് കുറച്ചു നേരം നോക്കി നില്‍ക്കാന്‍ സജ്ന ഒരുപാട്‌ പ്രാര്‍ത്ഥിച്ചിട്ടൂണ്ട്‌. ആ ആഗ്രഹവും ഇക്കഴിഞ്ഞ റമദാനിലെ അവസാന ദിനങ്ങളില്‍ നടത്തിയ ഉംറ യാത്രയില്‍ സഫലമായി. അന്ന് നോമ്പ്‌ ഇരുപത്തിരണ്ടിന്‌ സുബ്‌ഹി നമസ്കാരം കഴിഞ്ഞുടനെ 'ബഖീഇ' ലേക്കുള്ള ഇരുമ്പ്‌ ഗേറ്റ്‌ തുറക്കപ്പെട്ടു. ആഹ്ലാദഹ്ത്തിമര്‍പ്പില്‍ സജ്ന അക്ഷരാര്‍ത്ഥം എല്ലാം മറന്നോടുകയായിരുന്നു. പുണ്യപുരാതനമായ ശ്മശാന ഭൂമിയിലേക്ക്‌ പരിഭ്രാന്തയായി ജനത്തിരക്കില്‍കൂടി കുട്ടികളെയും കൂട്ടി നജിം പടവുകയറി മുകളിലേക്ക്‌ നടന്നെത്തി.

ഖബറിസ്ഥാന്‌ ചുറ്റും കെട്ടിയിരിക്കുന്ന ഇരുമ്പ്‌ വേലിക്കരികില്‍ നിശ്ശബ്ദയായി സജ്ന അവിടെയൊരിടത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. ആ പവിത്രഭൂമിയില്‍ ചിതറിക്കിടക്കുന്ന ഖബ്‌റുകളില്‍കൂടി സജ്നയുടെ വിടര്‍ന്ന കണ്ണുകള്‍ പരതി നടന്നു. ഏതായിരുന്നു പ്രവാചക പുത്രി ഫാത്തിമയുടെ കുടീരം? ഇളം തണുപ്പില്‍ ശയിച്ച ആ ഭൂമിയില്‍ സൂര്യകിരണങ്ങള്‍ ഇനിയും എത്തിയിട്ടില്ല നിശ്ശബ്ദതയില്‍ ക്ഷമയുടെയും പാവനമായ ചരിത്രശകലങ്ങളുടേയും ത്യാഗങ്ങളുടെയും പ്രതീകമായി കുറെ പുണ്യാത്മാക്കളുടെ ഭൌതിക ശീരങ്ങള്‍ ആദരവോടെയും ഭദ്രതയോടെയും നൂറ്റാണ്ടുകളായി സംരക്ഷിച്ച്കൊണ്ട്‌ ആ ഭൂമി സന്ദര്‍ശകരുടെ മുമ്പില്‍ പരന്നു കിടന്നു. സന്ദര്‍ശകര്‍ എറിഞ്ഞു കൊടുത്ത ഗോതമ്പ്‌ മണികള്‍ പെറുക്കിയെടുക്കാന്‍ വന്നിരുന്ന പ്രാവിന്‍ കൂട്ടം മാത്രം ആ മൂകതയെ ഭജ്ഞിച്ചു.

'ഇവിടെ അന്ത്യ വിശ്രമ കൊള്ളുന്ന എല്ലാ മയ്യിത്തുകളും ഒരു പോറലും ഏല്‍ക്കാതെ അങ്ങിനെതന്നെ കിടക്കുകയാവും , തീര്‍ച്ച' ആ ഉറപ്പില്‍ സജ്നയുടെ കണ്ണുകള്‍ നിറഞ്ഞു, ചുണ്ടുകള്‍ വിതുമ്പി പ്രാര്‍ത്ഥനയില്‍ മുഴുകി...

'അഖീഅ്‌' ഖബറിസ്ഥാനില്‍ നിന്ന് ആയിരം കിലോമീറ്റര്‍ തെക്ക്‌ റിയാദിലെ നസീമിലുള്ള വിശാലമായ ഈ മഖ്ബറയില്‍, വന്‍ ജനാവലിയുടെ മധ്യത്തില്‍ ഈ പുതിയ ഖബ്‌റിനരികില്‍ നില്‍ക്കുന്ന നജീമിന്റെ കണ്ണുകള്‍ ചുവന്ന് നിറഞ്ഞപ്പോള്‍ സജ്നയെക്കുറിച്ചുള്ള എന്റെ ചിന്തകളുടെ ഓളങ്ങള്‍ മുറിഞ്ഞു. ആ പുതിയ ഖബര്‍ പൂര്‍ണ്ണമായി അടഞ്ഞിരിക്കുന്നു. 'പേടിക്കേണ്ട, നജീം നമ്മുടെ നിയന്ത്രണത്തില്‍തന്നെയാ' എന്ന് നേരത്തെ ഉറപ്പുതന്ന മജീദ്‌ സാഹിബ്‌ നജീമിന്റെ ചുമലില്‍ കൂട്‌ കൈയിട്ട്‌ അടുത്ത്‌ പിടിച്ചുകൊണ്ട്‌ പതിഞ്ഞ സ്വരത്തില്‍ നജീമിനെ ഓര്‍മ്മിപ്പു.
'നജീമേ, ഇപ്പോള്‍ സജ്നയ്ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയമാ'.

** *** *** *** ** **
അന്ന് തിരക്കുപിടിച്ചൊരു ദിവസമായിരുന്നു എനിക്ക്‌. റിയാദിന്‌ പുറാത്ത്‌ ഫോണ്‍ സന്ദേശങ്ങള്‍ക്കെത്തിപ്പെടാന്‍ ബുധിമുട്ടുള്ള ഒരു കസ്റ്റമര്‍ സൈറ്റില്‍ നിന്ന് ആറ്‌ മണിക്ക്‌ തിരിച്ച്‌ വരുമ്പോള്‍ എന്റെ മൊബെയില്‍ഫോണില്‍ കുറെ 'പ്ലീസ്‌ കോള്‍മി' സന്ദേശങ്ങളും മിസ്‌ഡ്‌കോളുകളും. ഭാര്യയുടേതും അനവധി. ഉടനെ വീട്ടിലേക്ക്‌ വിളിച്ചു.
'നിങ്ങള്‍ എവിടെയായിരുന്നു' പരിഭ്രാന്തി നിറഞ്ഞ അവളുടെ ശബ്ദം എന്റെ ഹൃദയമിടിപ്പ്‌
കൂട്ടി. 'എന്താ കാര്യം' എനിക്ക്‌ തിരിച്ച്‌ ചോദിക്കാനേ കഴിഞ്ഞുള്ളൂ.
'നമ്മുടെ സജ്ന...'
'സജ്ന....'
'ഇന്ന് നാല്‌ മണിക്ക്‌...' വിതുമ്പുന്ന എന്റെ ഭാര്യയുടെ സ്വരവും ഞെട്ടിക്കുന്ന ആ സത്യവും എന്റെ കൈകാലുകള്‍ തളര്‍ത്തി. ബാക്കി ഭാഗം കേട്ടത്‌ കാര്‍ ഒരുവശത്തേക്ക്‌ ഇറക്കി നിര്‍ത്തിയിട്ടാണ്‌.

ദല്ല ആശുപത്രിയില്‍ വൈകിട്ടാണ്‌ സജ്ന അന്ത്യശ്വാസം വലിച്ചത്‌. ഞാന്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഒരു വന്‍ ജനാവലി ഇരുപത്തിനാലാം നമ്പര്‍ മുറിയുടെ പുറത്ത്‌ കൂടിനില്‍ക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ മജീദ സാഹിബും. നജീമിനും എനിക്കുമൊക്കെ വഴികാട്ടിയായ ഒരു വലിയമനുഷ്യന്‍ ഇതിന്‌ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ അവശനായി നില്‍ക്കുന്നു.
'നജീമും മുനീറും പോലീസ്‌ സ്റ്റേഷനിലാ, പേപ്പറുകള്‍ ശരിയാക്കാന്‍' അദ്ദേഹം എന്നോട്‌ മന്ത്രിച്ചു.

മയ്യിത്ത്കാണാന്‍ ആരെയും അനുവദിക്കുന്നില്ല. മരിച്ചിട്ട്‌ കുറെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രക്തസ്രാവം നിലക്കാത്തതാണ്‌ കാരണം. സജ്നയ്ക്ക്‌ ആറ്‌ മാസം ഗര്‍ഭമായിരുന്നു. രാവിലെ വയറ്റിനകത്ത്‌ വെച്ചുതന്നെ കുഞ്ഞ്‌ മരിച്ചിരുന്നു. തുടക്കം മുതല്‍ പല വിഷമങ്ങളും നിറഞ്ഞതായിരുന്നു സജ്നയുടെ മൂന്നാമത്തെ ഗര്‍ഭകാലം വേദനനിറഞ്ഞതും പിറ്റേന്ന് രണ്ട്‌ മണി ആയപ്പോഴേക്കും ശവസംസ്കാരത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. നജീം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്‌ ഓടുകയായിരുന്നു വിശ്രമമില്ലാതെ. ആ തിരക്കില്‍ തനിക്ക്‌ സംഭവിച്ച ആ വന്‍ നഷ്ടത്തിന്റെ ആഴം തല്‍ക്കാലം നജീമിന്റെ മനസ്സ്‌ അളന്നില്ല. അല്ലെങ്കില്‍ അതിന്‌ സമയംകിട്ടിയില്ല.

അല്‍റാജിഹി പള്ളിയില്‍ നിന്ന് ആംബുലന്‍സ്‌ എത്തിയിരുന്നു പുറത്ത്‌ കൂടിനിന്നവരോട്‌ സൌദിജോലിക്കരന്‍ വിളിച്ച്‌ ചോദിച്ചു 'വെയ്‌ന്‍ സൌജ്‌?' ഭര്‍ത്താവ്‌ എവിടെ എന്ന്. അത്‌ വരെ തിരക്കു പിടിച്ച ഓട്ടത്തില്‍ മുഴുകിപ്പോയ നജീമിന്റെ ഹൃദയം കുറച്ച്‌ നേരത്തേക്ക്‌ മരവിച്ച്‌ പോയി. ആ മുഖം തുടുത്തു. കണ്ണുകള്‍ ഇറുങ്ങി ചുവന്നു. നജീമിന്റെ കൈകള്‍ പിടിച്ചു ഞങ്ങള്‍ ഉള്ളിലേക്ക്‌ നടന്നു. ഇടതു ഭാഗത്തെ മുറിയില്‍ നിന്ന് ഒച്ചയുണ്ടാക്കി ഉരുളുകളില്‍ നീങ്ങിയെത്തി ഞങ്ങളുടെ മുന്നില്‍ നിന്ന സ്റ്റെച്ചറില്‍ വെള്ളത്തുണിയില്‍ മുടി നല്ല നീളം തോന്നിക്കുന്ന ഒരു മയ്യിത്തുണ്ടായിരുന്നു.

'ഭര്‍ത്താവ്‌ മുഖം നോക്കി ഉറപ്പ്‌ വരുത്തുക' സൌദി ജോലിക്കാരന്‍ അറബിയില്‍ നിര്‍ദ്ദേശിച്ചു. നജീം പരിഭ്രമിക്കാതെ, മുഖഭാഗത്ത്‌ നിന്ന് തുണി മെല്ലെ നീക്കി.
അതെ, സജ്ന തന്നെ. നജീമിന്റെ സ്വതം സജ്ന. ഉറങ്ങിക്കിടക്കുമ്പോള്‍ തത്തിക്കളിച്ച വശ്യതയും ഊഷ്മളതയും നിറഞ്ഞ ആ മുഖം ഒരുപാട്‌ നോക്കി നിന്ന് ആസ്വദിച്ച നജീമിന്‌ ഇപ്പോള്‍ ആ മുഖത്തെ ആക്രമിച്ച്‌ കീഴ്പെടുത്തി നടമാടുന്ന മൃത്യുവിന്റെ നിശ്ചലതയും തമസ്സും താങ്ങാവുന്നതിലപ്പുറമായിരുന്നു. രക്ത ഓട്ടം നിലച്ചുപോയ ആ മുഖത്തിന്‌ താഴെയും കഴുത്തില്‍ അങ്ങിങ്ങായും ബാക്കി നില്‍ക്കുന്ന നിണമടയാളം, ജീവന്‍ വിട്ടുപോയ ശരീരത്തോടുള്ള ആശുപത്രി ജോലിക്കാരുടെ അവഗണനയുടെ ബാക്കി പത്രം പോലെ കിടന്നു.

ഞങ്ങള്‍ എല്ലാവരും കൂടി ശ്രദ്ധയോടെ മയ്യിത്ത്‌ താങ്ങിപ്പിടിച്ച്‌ ആംബുലന്‍സിലേക്ക്‌ നീക്കി. മയ്യിത്ത്‌ കുളിപ്പിക്കാന്‍ തീരുമാനിച്ച അല്‍രാജിഹി പള്ളിയെ ലക്ഷ്യം വെച്ച്‌ ആംബുലന്‍സ്‌ ആശുപത്രിക്ക്‌ പുറത്തേക്ക്‌ കടന്നു. എന്റെ കാര്‍ പാര്‍ക്ക്‌ ചെയ്തിടത്തേക്ക്‌ ഞാനും ഓടി. ഭാര്യയും അവരുടെ കൂട്ടുകാരും കാത്തിരിക്കുകയായിരുന്നു. എല്ലാവരും സജ്നയുടെ ഉറ്റ സ്നേഹിതകളായിരുന്നു. നിമിഷങ്ങള്‍ക്കകം ഞാനും ഹൈവേയില്‍ എത്തി. പക്ഷേ ആംബുലന്‍സിന്റെ പൊടിപോലും കാണാനില്ല. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഞങ്ങളില്‍ ഒരാളായി ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും തേരില്‍ ഓടിക്കളിച്ച സജ്നയുടെ ജീവന്‍ അടര്‍ന്ന് പോയ ശരീരത്തെ എത്രയും പെട്ടെന്ന് ആറടി മണ്ണിനടിയിലേക്ക്‌ താഴ്തി മണ്ണിട്ട്‌ മൂടാനുള്ള ജീവിച്ചിരിക്കുനവരുടെ ധൃതി ആംബുലന്‍സിന്റെ ഡ്രൈവറുടെ വ്യഗ്രതയില്‍ മുഴച്ചു നിന്നു.

അല്‍രാജിഹി പള്ളിക്ക്‌ മുമ്പില്‍ വേറെയും കുറച്ചു ആംബുലന്‍സുകള്‍ ഉണ്ടായിരുന്നു. ഇന്നലെ വരെ ഞങ്ങളില്‍ പെട്ടവരായി ഇപ്പോള്‍ 'അവനിലേക്ക്‌ മടക്കപ്പെടുന്നു' എന്ന വലിയ സത്യം വീണ്ടും സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌ സജ്നയുടെ കൂടെ ഈ മണ്ണിന്റെ ഭാഗമാകാന്‍ പോകുന്നവര്‍. ജീവിതത്തിന്റെയും മരണത്തിന്റെയും വരമ്പുകള്‍ക്കിടയില്‍ ഏതോ ഒരു 'നോ മേന്‍സ്‌ ലന്റില്‍' കുടുങ്ങിപ്പോയ ചിന്ത. ആക്സിലേറ്ററില്‍ നിന്ന് എന്റെ കാലിനെ മേലോട്ട്‌ വലിച്ച്‌ പിടിച്ചിരിക്കുകയായിരുന്നു. വേഗത പൂജ്യത്തോടടുത്തിട്ടും റോഡിന്‌ നടുവില്‍ ഇഴഞ്ഞ കാര്‍ ക്ഷോഭ്യനാക്കിയ, എനിക്ക്‌ പിറകില്‍ വന്ന സൌദി തുരുതുരാ ഹോണ്‍ അടിച്ചപ്പോഴാണ്‌ എന്റെ കാല്‍ ആക്സലേറ്ററില്‍ അമര്‍ന്നത്‌. വഴി മാറിക്കൊടുത്തിട്ടും ആംഗ്യത്തില്‍ കൂടി ക്ഷമാപണം ചെയ്തിട്ടും സമ്പന്നനായ ആ സൌദി കൈ പുറത്തേക്കെറിഞ്ഞ്‌ ഉറക്കെ ശകാരിച്ചുകൊണ്ട്‌ തന്റെ പുത്തന്‍ ലാന്റ്ക്രൂസര്‍ പറപ്പിച്ചുപോയി. ഒരു പക്ഷേ സജ്നയുടെ മയ്യിത്ത്‌ കൊണ്ടുവന്ന ആംബുലന്‍സിനേക്കള്‍ വേഗതിയില്‍ വഴിയരികെയില്‍ ഒതുക്കിയിട്ട എല്ലാ ആംബുലന്‍സുകളേെയും കൊഞ്ഞനം കാട്ടിക്കൊണ്ട്‌.

പള്ളിക്കകത്ത്‌ പ്രത്യേകം സജ്ജീകരിച്ച അറകളില്‍ പുതിയ മയ്യിത്തുകള്‍ സൂക്ഷ്മത്യോടെയും പാവനതയോടെയും കിളിപ്പിക്കപ്പെടുകയാണ്‌. അന്ത്യചമയം. പക്ഷേ ആര്‍ഭാടങ്ങളില്ലാത്ത ചമയവസ്ത്രം വെറും മൂന്ന് കഷണം വെളുത്ത തുണി. അടിമുതല്‍ മുടി വരെ അതിനകത്ത്‌ ഒരു സല്‍ക്കാരമോ ഒത്തുകൂടലോ അല്ല ലക്ഷ്യം. ആഴത്തിലുള്ള ഒരു കുഴി ആറടി താഴ്ചയില്‍. പുറത്ത്‌ കൂടി നിന്നവരോട്‌ പള്ളിയില്‍ കയറാന്‍ പറഞ്ഞ സുരക്ഷാജോലിക്കാരുടെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട്‌ ഞാനും പള്ളിയിലേക്ക്‌ കയറി. വിശാലമായ, സുന്ദരമായ പള്ളി അകത്തളം.സുലൈമാന്‍ അല്‍രാജിഹി എന്ന കോടോശ്വരന്‍ പണിത പള്ളി. നിലത്ത വിരിച്ച പതുപതുത്ത ആര്‍പറ്റില്‍ കാല്‍ വെച്ചപ്പ്പോല്‍ തന്നെ അവ എത്രത്തോളം വിലപിടിച്ചതായിരിക്കുമെന്ന് ഊഹിച്ചു. മുകളില്‍ തൂങ്ങിക്കിടക്കുന്ന കൂറ്റന്‍ ചാന്റ്ലിയര്‍ വിളക്കുകളും വിലപിടിച്ച മരത്തില്‍ തീര്‍ത്ത കവാടങ്ങളും ചുമരിലേയും തൂണുകളിലേയും കൊത്തുപണികളും അവയുടെ കമനീയത വിളിച്ചോതി. ഒപ്പം പള്ളിയുടെ പ്രൌഡിയും. എന്റെ മനസ്സ്‌ മന്ത്രിച്ചു ഒരു പക്ഷേ, അല്‍രാജിഹി എന്ന സൌദി, ദൈവത്തിന്റെ പ്രീയപ്പെട്ടവരുടെ പട്ടികയില്‍ ആയിരിക്കും ഇപ്പോള്‍.

മൂന്ന് മുപ്പതിന്‌ അസ്‌ര്‍ നമസ്ക്കാരത്തിന്‌ നേതൃത്വം നല്‍കാന്‍ ഇമാം എത്തി. നമസ്ക്കരത്തിന്‌ ശേഷം മുഅദ്ദ്ന്‍ മൈക്കില്‍ കൂടി വിളിച്ചു പറഞ്ഞു.
'സ്വലാത്തുല്‍ അംവാത്ത്‌'
പിന്നിലേക്കു തുറക്കുന്ന വലിയ വാതില്‍ അദ്ദേഹം മെല്ലെ തുറന്നു. ഞാന്‍ എഴുന്നേറ്റ്‌ നിന്നു. ആ വലിയ അറയില്‍ മയ്യിത്തുകള്‍ പ്രാര്‍ത്ഥനയ്ക്ക്‌ സാക്ഷ്യം വയ്ക്കാനും ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലത്തിന്റെ ഗുണകാംഷികളാകാനും, മൂടപ്പെട്ടപെട്ടികളില്‍ മരവിച്ച്‌ കിടന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിയവരായിരുന്നു അവര്‍. മൂന്നെണ്ണം സൌദികള്‍. ആകെ ഒമ്പത്‌ മയ്യിത്തുകള്‍. മയ്യിത്ത്‌ നമസ്കാര ശേഷം മയ്യിത്തുകളേയും വഹിച്ച ആംബുലസുകള്‍ വീണ്ടും ചീറിപ്പാഞ്ഞു. ഞാനും നസീം കബറിസ്ഥാനിലേക്ക്‌ തിരിച്ചു. കരഞ്ഞു വീര്‍ത്ത മുഖങ്ങളുമായി ഭാര്യയും കൂട്ടുകാരികളും കാറില്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക്‌ പ്രവേശനമില്ലാത്തതിനാല്‍ കാര്‍ പുറത്ത്‌ പാര്‍ക്ക്‌ ചെയ്തു. ഖബറിസ്ഥാനിനകത്തേക്ക്‌ നടന്നു. വിശാലമായ നസീം ഖബറിസ്ഥാന്‍. പാവപ്പെട്ടവനേയും പണക്കരനെയും സ്വദേശീയെയും വിദേശിയേയും ഒരു പോലെ സ്വാഗതം ചെയുന്ന അനന്തമായി പരന്നു കിടക്കുന്ന ആ ശ്മശാന ഭൂമിയില്‍ കുറച്ചകലെ കുറെ ആള്‍ക്കാര്‍ ചെറിയ ചെറിയകൂട്ടമായി നില്‍ക്കുന്നു. വഴിയില്‍ പുതിയ ഒഴിഞ്ഞ കുഴികള്‍ അനവധി കണ്ടു.

സജ്നയുടെ ഖബ്‌റിനരികില്‍ എത്തി മയ്യിത്ത്‌ ഖബ്‌റിലേക്ക്‌ താഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഖബ്‌റിന്നടിത്തട്ടിലെ വീതികുറഞ്ഞ ഉള്‍ക്കുഴിയുടെ രണ്ട്‌ വശങ്ങളിലും കാലുകള്‍ വച്ച്കൊണ്ട്‌ നാലു ചെറുപ്പക്കാര്‍ സശ്രദ്ധം 'ബിസ്മില്ലാ.. വഅലാ മില്ലത്തില്ലാഹ്‌..' എന്നുരുവിട്ടു. അതേറ്റ്‌ പറഞ്ഞു മുകളില്‍ നിന്ന് ഞങ്ങള്‍ താഴ്ത്തിക്കൊടുത്ത മയ്യിത്ത്‌ അവര്‍ ഏറ്റ്‌ വാങ്ങി 'ലാ ഇലാഹ ഇല്ലല്ലാഹ്‌..' നീ അല്ലാതെ വേറെ ഒരു ദൈവം ഇല്ല എന്ന മന്ത്രം മാത്രം എല്ലാ കണ്‌ഠങ്ങളില്‍ നിന്നും ഉയര്‍ന്നു. ഉദ്വേഗത്തിന്റെ ഏതാനും നിമിഷങ്ങള്‍. ദൈവത്തിന്‌ സ്തുതി. രണ്ട്‌ സൌദികള്‍ അടക്കമുള്ള ആ നാല്‌ ചെറുപ്പക്കാരും, ആ മയ്യിത്തിനെ സൂക്ഷ്മതയോടെ ഉള്‍ക്കുഴിയില്‍ കിടത്തി. മയ്യിത്തിനെ വലത്തോട്ട്‌ ചരിച്ച്‌ കിടത്താന്‍ ഇപ്പോള്‍ ആ സൌദി ചെറുപ്പകാര്‍ മാത്രം താഴെ ബാക്കി. മുകളില്‍ ഞങ്ങള്‍ വിശാലമായ ഒരു വിരി നിവര്‍ത്തിപ്പിടിച്ചു. ആകാശഗോളങ്ങളില്‍ നിന്നും ആ മയ്യിത്ത്‌ മറഞ്ഞു. ഉള്‍ക്കുഴി അടക്കാനുള്ള നീണ്ട മണ്‍കല്ലുകള്‍ ഞങ്ങള്‍ ഓരോരുത്തരും താഴ്ത്തിക്കൊടുത്തു. പിന്നെ അവ തമ്മിലുള്ള വിടവുകള്‍ അടക്കാന്‍ നനച്ചുരുട്ടിയ മണ്ണിന്റെ ഉരുളകളും. ,നിമിഷങ്ങള്‍ക്കകം ആ ഉള്‍ക്കുഴി പൂര്‍ണ്ണമായി അടഞ്ഞിരിക്കുന്നു. ഇരുപത്തിനാലുവര്‍ഷം നീണ്ട മൊഞ്ചുള്ള ഏതോ ഒരു ഇശലിന്റെ ഈണത്തില്‍ ചാലിച്ച ഒരദ്ധ്യായത്തിന്‌ തിരശ്ശീല.

ശരീരം മുഴുവനും മണ്ണില്‍ കുളിച്ച്‌ കല്ല് വെട്ടുകാരെപ്പോലെ തോന്നിച്ച സൌദി ചെറുപ്പക്കാര്‍ മേലോട്ടു കയറാന്‍ കൈ നീട്ടിയപ്പോള്‍ സഹായിക്കാനായി കുറേ കൈകള്‍ താഴേക്ക്‌ താണു. 'അവര്‍ക്ക്‌ വല്ലതും കൊടുക്കേണ്ടേ' എന്നാരാഞ്ഞ എന്നോട്‌ വിസ്മയത്തോടെ മജീദ്‌ സാഹിബ്‌ പറഞ്ഞു. 'അയ്യോ കോടീശ്വരപുത്രന്മാരാണവര്‍'... ആള്‍ക്കൂട്ടത്തെ മുഴുവന്‍ നോക്കി' അസലാമു അലൈക്കും' എന്നു പറഞ്ഞവര്‍ പിരിഞ്ഞു. അവര്‍ നടന്നകലുന്നതും നോക്കി ഞാന്‍ കുറച്ചുനേരം നിന്നു. ദേഹം മുഴുവന്‍ പുരണ്ട അഴുക്ക്‌ ഒട്ടും അലട്ടാതെ കുറച്ചു ദൂരെ പാര്‍ക്കു ചെയ്ത കാറുകളില്‍ കയറി അവര്‍ പോയി. അതില്‍ ഒരെണ്ണം പുതിയ ഒരു ബെന്റ്ലി ആയിരുന്നു. അല്‍രാജിഹി പള്ളിയുടെ മുമ്പില്‍ വെച്ച്‌ കോപത്തോടെ പറാപ്പിച്ചു പോയ സൌദിയുടെ ലേന്റ്ക്രൂസറിനേക്കാളും രണ്ടിരട്ടിയെങ്കിലും വിലയുള്ളത്‌.

മയ്യിത്തിനുള്ള പ്രാര്‍ത്ഥനക്ക്‌ വിളിച്ചപ്പോഴാണ്‌ എന്റെ ശ്രദ്ധ തിരിച്ചു വന്നത്‌. സജ്നയുടെ ഖബര്‍ പൂര്‍ണ്ണമായിരിക്കുന്നു. മുകളില്‍ ചെറിയ ജെല്ലിക്കല്ലുകള്‍ കൂമ്പാരമായികിടക്കുന്നു. രണ്ടരത്തും മൂസാന്‍ കല്ലുകള്‍ ഒരടി ഉയരത്തില്‍ നില്‍ക്കുന്നു. നജീം വീണ്ടും വിവശനായി. ആശുപത്രിയില്‍ നിന്ന് മയ്യിത്തെടുക്കുമ്പോള്‍ കണ്ട അതേ മുഖം. കണ്ണുകള്‍ കൂടുതല്‍ വീര്‍ത്തിരിക്കുന്നു, കവിളുകളും.

നെഞ്ചോട്‌ ചേര്‍ത്ത കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥനയ്ക്ക്‌ ശേഷം മജീദ്‌ സാഹിബ്‌ കറുത്ത നിറത്തിലുള്ള സ്പ്രേ പെയിന്റ്‌ കൊണ്ട്‌ രണ്ട്‌ മീസാന്‍ കല്ലിലും പി.പി.എസ്‌ എന്നു വരച്ചു. പുത്തന്‍ പുരയില്‍ സജ്ന. തന്റെ പ്രിയതമയുടെ ഖബ്‌റിനെ മറ്റു ഖബറുകളില്‍ നിന്ന് വേറിട്ടറിയാന്‍ നജീ തന്നെ ആഗ്രഹിച്ച, നിര്‍ദ്ദേശിച്ച അടയാളം. ചുറ്റിലുമുള്ള പുതിയ ഖബറുകളില്‍ പുറത്ത്‌ പല അടയാളങ്ങളുമുണ്ടായിരുന്നു. കുത്തനെ നാട്ടിയ കൊച്ചു കമ്പുകള്‍,ചെടികള്‍, മീസാന്‍ കല്ലിനോട്‌ ചേര്‍ത്ത്‌ കട്ടിയ പ്ലാസ്റ്റിക്‌ കഷണങ്ങള്‍, കല്ലിന്‍ കഷണങ്ങള്‍ ..കാലത്തിന്റെ വക്കാലത്തുമായി വരുന്ന കാറ്റിനും മഴക്കും മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത ബലഹീനമായ നിശാനകാള്‍! ദൂരെ പഴയ ഖബറുകള്‍ക്കുമേല്‍ ജെല്ലിക്കല്ലുകളും മീസാന്‍ കല്ലുകളും മാത്രം ബാക്കി നില്‍ക്കുന്നു. അടിയില്‍ മൂടപ്പെട്ട ശരീരങ്ങള്‍ മണ്ണോട്‌ ചേര്‍ന്നിരിക്കുന്നുവെന്ന് വിളിച്ചോതും പോലെ.

സമയം അഞ്ച്‌. ആകാശം ചുവന്നിരിക്കുന്നു. ആ ശ്മശാനഭൂമിയില്‍ ഉച്ച കഴിഞ്ഞത്‌ മുതല്‍ കൂടിയിരുന്നവര്‍ തിരിച്ചുപോയിരിക്കുന്നു. മൂകത തളം കട്ടിനില്‍ക്കുന്ന കബ്‌റുകള്‍ക്കിടയിലൂടെ ഞാനും പുറത്തേക്ക്‌ നടന്നു. വൈകാതെ വരുന്ന ഇരുട്ട്‌ ആ മൂകതയുടെ മുഴക്കം കൂട്ടും. പുതിയ ശരീരങ്ങള്‍ ആ മണ്ണില്‍ ലയിക്കുന്ന പ്രക്രിയയുടെ വേഗതയും.

ഗേറ്റിനടുത്തെത്തിയപ്പോള്‍, അകലേക്ക്‌, സജ്നയുടെ ഖബര്‍കിടക്കുന്നിടത്തേക്ക്‌ ഞാന്‍ തിരിഞ്ഞു നോക്കി. അവധി കഴിഞ്ഞ്‌ ദൂരെ എവിടെയോ ഒരു ഹോസ്റ്റലില്‍ തിരിച്ചുകൊണ്ടാക്കിയ അനിയത്തിയോട്‌ വിടപറഞ്ഞിറങ്ങുന്ന നൊമ്പരത്തോടെ. പക്ഷേ ഈ അനിയത്തിക്ക്‌ ഇനി ഒരിക്കലും അവധി ഇല്ലെന്നോര്‍ത്തപ്പോള്‍ എന്റെ ഹൃദയം തേങ്ങി.

ഒരു മിനുങ്ങിനെപ്പോലെ ഞങ്ങളുടെ ഇടയില്‍ വന്ന് ഞൊടിയിടയില്‍ മറഞ്ഞ എന്റെ അനിയത്തീ...

അസ്മത്‌ അലി
Subscribe Tharjani |