തര്‍ജ്ജനി

കവിത

കലാപകാലത്തെ പ്രണയം

നീ പിരിഞ്ഞു പോയത്
നഗരത്തില്‍ കലാപം പടര്‍ന്ന
സായാഹ്നത്തിലായിരുന്നല്ലോ

ഇവിടെ കലാപം ആഘോഷപൂര്‍വം നടന്നു.
മനുഷ്യാവയവങ്ങള്‍ തോരണം പോലെ
എങ്ങും അറുത്തുതൂക്കിയിരുന്നു.
ആളും വാളുമല്ലാതെ മറ്റൊന്നും ഉയര്‍ന്നു നിന്നില്ല.
നട്ടെല്ല്
പണ്ടൊക്കെ ഫലാഗമത്താലാണ്
കുനിഞ്ഞിരുന്നത്.
ചോരയില്‍ ചവിട്ടാതെ
നടക്കുവാന്‍ കഴിയുമായിരുന്നില്ല.

ജീവിതം ജീവിതം എന്നു കവിത വരുന്നത്
ഓര്‍മ്മകള്‍ നോവുമ്പോഴാണ്.
നമ്മുടേത് പൂക്കളില്ലാത്ത കാലമാവുമോ
പുഴ പുഴുത്തത്.

ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍
വിരഹവും ഭീതിയുമാണ്.
നഗരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍
കലാപവും പീഡയുമാണ്.
ദുഃഖങ്ങള്‍ പൂച്ചക്കാല്‍ വച്ചോടുകയാണ്.
നമ്മുടെ ഹൃദയവും നാമറിയാതെ വിഷലിപ്തമായിട്ടുണ്ടാവുമോ?
അയവില്ലാതെ
തലച്ചോറു കലിക്കുമ്പോള്‍
മറ്റെന്താണ് ഓര്‍ക്കാനുള്ളത്..
പക്ഷേ നീയിതെവിടെയാണ്....

ഡി. യേശുദാസ്
Subscribe Tharjani |