തര്‍ജ്ജനി

കവിത

തെളിവ്

തെളിവ്

വീടുകളില്‍-
ഭിക്ഷക്കാരന്‍,
ആള്‍ക്കൂട്ടത്തില്‍
ഭ്രാന്തന്‍,
തെരുവോരങ്ങളില്‍
തെണ്ടി,
വിശപ്പിന്നടിമയാകുമ്പോള്‍
എച്ചിലിലക്കൂനയില്‍
ഒരു പെറുക്കി.

എന്തും സഹിക്കാം...
പക്ഷേ എന്റെ നേര്‍ക്ക്
അനാഥനെന്ന
വാക്കുകൊണ്ടെറിയരുത്

നിങ്ങള്‍ക്കുള്ളതുപോലെ
എനിക്കുമുണ്ടൊരു
പൊക്കിള്‍ച്ചുഴി

മൈലാഞ്ചി

പാവാടയില്‍
ഊരിയിട്ട്
പാടവരമ്പു വഴിയോടി
അമ്മ കാണാതെ
ആട്ടുകല്ലിലിട്ടരച്ച്-
ചിരട്ടയിലാക്കി-
ക്കൊണ്ടു വരും.

മുന്നിലേക്കു നീട്ടിയ
കൈയ്യില്‍പ്പിടിച്ച്
കണ്ണുകളിലേക്കൊന്നു
പാളിനോക്കിയാല്‍ക്കാണാം
മൈലാഞ്ചിയിട്ടതിനേക്കാള്‍-
മൂന്നിരട്ടി
ചുവന്നിരിക്കുന്ന
അവളുടെ മുഖം.

യാത്ര

യാത്ര പോവാം നമുക്ക്
ഇടവും, വലവും തിരിഞ്ഞ്,
കരയും കടലും കണ്ട്,
പൂരവും -
പുഴകളും താണ്ടി,
കാറ്റേറ്റ്,
മഴ നനഞ്ഞ്
വെയിലത്ത് വിയര്‍ത്ത്
മഞ്ഞത്ത് വിറച്ച്
മരണത്തിന്റെ കറുത്ത-
കയറിന്‍ കുരുക്കില്‍
അകപ്പെടുന്നതുവരേയും
പോകാമൊരുമിച്ചൊരു യാത്ര.

പക്ഷേ അതിനുമുമ്പെനിക്കു നീ
വാക്കു തരണം
മുന്‍പേ നടക്കുന്നയെന്റെ
കാലടിപ്പാടുകളില്‍-
പ്പതിയുന്നയടുത്ത കാലടി
എന്നും
നിന്റേതു മാത്രമായിരിക്കുമെന്ന്.

സുനില്‍കുമാര്‍ എം. എസ്
മുട്ടിക്കുളങ്ങര തപാല്‍
പാലക്കാട്
Subscribe Tharjani |