തര്‍ജ്ജനി

കവിത

പ്രഭ തെളിഞ്ഞില്ല

അകലെ,
പൂര്‍വ്വദിക്കില്‍
പ്രഭ തെളിയാറായ്‌,
പുതിയ പുലരിക്കായ്‌
ഞാനുണരട്ടെ,
എന്നിലെ
ഭീകരചിത്രമറവില്‍
പുലരിയുണര്‍ത്തട്ടെ.

യുഗങ്ങള്‍ പിന്നിട്ടു-
വളര്‍ച്ചമുറ്റി ഞാന്‍,
വിളറി നില്‍ക്കുന്നു
മതത്തിന്‍
മതില്‍ക്കെട്ടിനുള്ളില്‍;
ഒരു രാജ്യം
വെട്ടിപ്പിളര്‍ക്കുവാന്‍;
മതത്തിന്‍
മഴുവുയര്‍ത്തി
നിണമൊഴുക്കുന്നു,
കൊലവിളി നടത്തുന്നു
ദിനരാത്രങ്ങളില്‍ ഞാന്‍!

ഒരിക്കല്‍ കെട്ടിയ
പെണ്ണിനെ
വലിച്ചെറിയുന്നു
ഒരുതുണ്ടു പേപ്പറില്‍
വിട ചൊല്ലിക്രൂരം!!

ദേവപ്രസാദം,
ലഭിക്കുവാന്‍ പിറന്നാളില്‍;
മൃഗബലി നടത്തുന്നു
മന്ത്രം ജപിച്ചു ഞാന്‍!!

മനസ്സിന്‍
ഇരുട്ടകറ്റുവാന്‍
തൂലികപ്പടവാളുയര്‍ത്തി
മതമൊരുക്കിയ
വിലങ്ങണിഞ്ഞു,
അകലെയജ്ഞാത-
കേന്ദ്രത്തിലന്നു ഞാന്‍;
മരണവും കാത്തു
കഴിഞ്ഞേറെ നാള്‍!!

ഉണര്‍ത്തു പാട്ടില്‍
ദരിദ്രവര്‍ഗ്ഗം
ഉണര്‍ന്നു നീങ്ങി
പുതിയ പാതയില്‍
ഉണര്‍ത്തുപാട്ടിന്റെ
ശില്‍പി ഞാനോ
മരിച്ചൊരിക്കല്‍
ഭ്രാന്തന്‍ പ്രഹരമേറ്റ്‌!!

അടിമത്വമോചനം
പിന്നിട്ടുവെങ്കിലും
പെറ്റമ്മകുഞ്ഞിനെ
വിറ്റു വിശപ്പില്‍!
അടിമത്വമോചനം
പിന്നിട്ടയല്‍ക്കാര്‍,
വികാസ-
ചക്രവാളങ്ങളില്‍
എത്തിപ്പിടിക്കുന്നു.

അകലെ
പൂര്‍വ്വദിക്കില്‍
പ്രഭ തെളിഞ്ഞില്ല!
പുത്തന്‍ പുലരിയായില്ല!!
എന്നിലെ
ഭീകര ചിത്രം
മാഞ്ഞില്ല!!

കണ്ണനാങ്കുഴി
Subscribe Tharjani |