തര്‍ജ്ജനി

കവിത

പാതിരാപ്പക്ഷി കരഞ്ഞത്‌

1.

വരൂ സഖേ
അളന്നു തരാനുണ്ടിനി
ഒരു നാഴി മിഴിനീരു കൂടി;
ശിശിരം,
ഞെട്ടു ഞെരിച്ച കിനാവിന്റെ
കസവുതട്ടം പോലെ...
വക്കുപൊട്ടിയ സിംഫണിയുടെ
വിളഞ്ഞു പാകമായ
ഒരു നുള്ള്‌ നിസ്വനം പോലെ
(അങ്കിളിനും ആരാച്ചാര്‍ക്കും
നേര്‍ച്ച വെച്ചതിന്റെ ബാക്കി)
മൗനത്തിന്റെ ഫോസിലുകളില്‍
കൊതുമ്പു ചീയുന്ന
വിതുമ്പലിന്റെ മുരള്‍ച്ചയ്ക്കും
ക്ലാവു പിടിച്ച പാഴമ്പാട്ടിന്റെ
ചോരപ്പടര്‍പ്പിനും
ഒരു എണ്ണഛായാചിത്രത്തിന്റെ വരള്‍ച്ചയില്‍
ഇനി കഫേ തുറക്കാം...
പക്ഷേ സഖേ
ഒന്നു നീ വരുമ്പോഴും
എന്റെ ഡയറിത്താളുകള്‍
വിശന്നൊട്ടിയിരിക്കും.
ഇരുട്ടു കാറിത്തുപ്പിയ
ഒത്തിരി ലിഖിത ഞരമ്പുകള്‍
വിളറി വിറയാര്‍ന്നിരിക്കും.

2.

അച്ചുകൂടങ്ങളില്‍
കോര്‍ത്തുനിര്‍ത്തിയ കബന്ധങ്ങളും,
സെല്ലുലോയ്‌ഡില്‍ ചീര്‍ത്തു വരുന്ന
അനാഥത്വത്തിന്റെ ചെകിളപ്പൂക്കള്‍ക്കും
ദൃശ്യാനുഭൂതിയുടെ
അറവുഗലികളിലേക്കു തന്നെയാണ്‌
വിന്യസിക്കപ്പെടുന്നതെന്ന്
ഞാന്‍ സാക്ഷ്യപ്പെടുത്താതിരിക്കാം.

എങ്കിലും സഖേ,
ആറിത്തണുത്ത മിഴിബാഷ്പത്തിന്റെ
തീറാധാരമെങ്കിലും
എനിക്കു വിട്ടുതരിക...
അന്യാധീനപ്പെടാന്‍,
കനവിന്റെ എല്ലിച്ചൊരു
അപരാഹ്നം പോലുമില്ലാതിരിക്കെ
അല്ലികള്‍ പിന്നിപ്പരിഞ്ഞ അക്ഷരങ്ങള്‍ക്ക്‌
തിരശ്ചീനമായി കിടക്കാന്‍
മൃതപ്രായമായ കണ്ണിന്റെ
ഒരു പനമ്പട്ട പോലുമില്ലാതിരിക്കെ...

ഹഷ്മി .ടി. ഇബ്രാഹിം
പത്തനംതിട്ട
Subscribe Tharjani |