തര്‍ജ്ജനി

സാങ്കേതികം

ചില പുതുമാധ്യമ വിചാരങ്ങള്‍.

സീന്‍ ഒന്ന്‌:
മുത്തശ്ശി കഥ പറയാന്‍ തുടങ്ങി: "അങ്ങനെയിരിക്കുമ്പോള്‍ നാരദന്‌ ഒരു സംശയം. കൃഷ്ണന്‍ തന്റെ പതിനാറായിരത്തിയെട്ട്‌ ഭാര്യമാരില്‍ ആരോടാണ്‌ കൂടുതല്‍ ഇഷ്ടം കാണിക്കുന്നത്‌?" ഒരോരുത്തരുടെ താമസസ്ഥലത്തു ചെന്ന് പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചു നാരദന്‍. അങ്ങനെ ഒരോരുത്തരുടെ അടുത്ത്‌ ചെന്ന്‌ നോക്കിയപ്പോളും അവിടെയെല്ലാം കൃഷ്ണന്‍ ഒരുപോലെ ഒരേസമയത്ത്‌ രസിച്ച്‌ ഇരിക്കുന്നു.
കേട്ടിരിക്കുന്ന കുട്ടികള്‍ക്ക്‌ സംശയം:
(1)പതിനാറായിരത്തിയെട്ട്‌ ഭാര്യമാരോ?
(2)എങ്ങനെ എല്ലാവരോടും ഒപ്പം ഒരേസമയം വെവ്വേറെ മന്ദിരങ്ങളില്‍ കൃഷ്ണന്‌ കളിയ്ക്കാന്‍ പറ്റും?

കുട്ടികളുടെ ഇടപെടലിനനുസരിച്ച്‌ മുത്തശ്ശി കഥകള്‍ പറഞ്ഞുകൊടുക്കുന്നു
ഇവിടെ കേള്‍വിക്കാര്‍ക്ക്‌ പ്രാധാന്യം. ആഖ്യാനം നടത്തുന്ന മുത്തശ്ശി കേള്‍ക്കുന്ന കുട്ടികളുടെ ഇംഗിതത്തിനനുസരിച്ച്‌ കഥകള്‍ പറയുന്നു.

സീന്‍ രണ്ട്‌:
ചാക്യാര്‍ താന്‍ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ക്ക്‌ സപ്പോര്‍ട്ട്‌ എന്ന നിലയില്‍ കഥകളും ഉപകഥകളും പറഞ്ഞ്‌ കഥനം നടത്തുന്നു. കഥ പറയുന്ന ചാക്യാരുടെ നിയന്ത്രണത്തിലാണ്‌ കാര്യങ്ങള്‍. മറ്റൊന്ന്‌, പുരാണേതിഹാസമായ മഹാഭാരതം വായിക്കൂ. അവിടെ കഥ പറയുന്ന രീതി, ഒന്നില്‍നിന്നും ഒന്നിലേക്ക്‌ ചാടി ചാടി കഥകളും ഉപകഥകളുമായി ഒരു പ്രധാന കഥയെ പറഞ്ഞ്‌ ഫലിപ്പിച്ചിരിക്കുന്നു. ആദ്യാവസാനം തുടര്‍ച്ചയുണ്ടെങ്കിലും ഒരോ കഥകളും പ്രമേയപരമായി സ്വാതന്ത്ര്യം പുലര്‍ത്തുന്നുണ്ട്‌.

പറഞ്ഞുവരുന്നത്‌ നമ്മുടെ വിവിധ മാധ്യമങ്ങളിലെ ആഖ്യാന രീതികളെപ്പറ്റിയാണ്‌.
പരമ്പരാഗതമായി നാം ഇതുവരെ അനുഭവിച്ചറിഞ്ഞ പഴയ മാധ്യമങ്ങളായ കടലാസ്‌, ടീ വി, റേഡിയോ തുടങ്ങിയവയില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു ആഖ്യാന രീതി ഡിജിറ്റല്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്‌. എത്ര നവീനമായാലും വ്യതിരിക്തമാണ്‌ എന്ന്‌ തോന്നിയാലും സൂക്ഷിച്ചു നോക്കിയാല്‍ അവയിലും പഴയതിന്റെ ഒരു തുടര്‍ച്ച കാണുവാന്‍ കഴിയും.

കൃഷ്ണന്‍ ഒരേസമയം ഒരുപോലെ പതിനാറായിരത്തിയെട്ട്‌ ഭാര്യമാരുമായി രസിച്ചിരുന്നു എന്ന്‌ മുത്തശ്ശി പറയുമ്പോള്‍, ഡിജിറ്റല്‍ മാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ നമുക്ക്‌ ഈ കൃഷ്ണനെ ഒരു സോഫ്റ്റ്‌വേയര്‍ കൃഷ്ണനായി കാണാം. കോമ്പാക്റ്റ്‌ ഡിസ്ക്‌ എന്ന മാധ്യമത്തിലിറങ്ങുന്ന സോഫ്ട്‌വേയറുകള്‍ വാസ്തവത്തില്‍ ഒറിജിലെന്നോ ഡ്യൂപ്ലിക്കേറ്റെന്നോ യാതൊരു വ്യത്യാസവുമില്ലാതെ ഉല്‍പ്പാദിപ്പിക്കുന്നവയാണ്‌. പതിനാറായിരത്തിയെട്ടല്ല അതിലധികവും സീ ഡീകള്‍ എങ്ങനെ വ്യത്യാസമില്ലാതെ ഉല്‍പ്പാദിപ്പിക്കാം. നിലനില്‍പ്പ്‌ കണക്കാക്കി, മൈക്രോസോഫ്ട്‌ തുടങ്ങിയവര്‍ യന്ത്രവിദ്യ ഉപയോഗിച്ച്‌ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തരം തിരിക്കുന്നുണ്ടെങ്കിലും, മൈക്രോസോഫ്ട്‌ തന്നെ ഒറിജിനല്‍ വിന്‍ഡോസ്‌ സീഡീകള്‍ മില്ല്യണ്‍ കണക്കിനാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌.

ഇനി വേറൊരു പ്രത്യേകത നോക്കാം. നാം സാധാരണ ചിന്തിക്കുമ്പോള്‍ യുക്തി വിചാരത്തിന്‌ വലിയ കാര്യമില്ല. അതിനാലാണ്‌ ഒരു നിമിഷം ആനയെക്കുറിച്ച്‌ ചിന്തിച്ചതിനുശേഷം വളരെ പെട്ടെന്നു തന്നെ കടലിനെക്കുറിച്ചും ആലോചിക്കാന്‍ കഴിയുന്നത്‌. ആലോചനയില്‍ വന്ന മാറ്റം ബാഹ്യസാഹചര്യങ്ങളാല്‍ ഉണ്ടായതാകാം. അപ്പോഴും ആനയും കടലും തമ്മിലുള്ള ബന്ധമോ ബന്ധമില്ലായ്മയേയോ കുറിച്ച്‌ നാം വിചാരിക്കാറില്ല. യുക്തി വിചാരം ഇല്ലാതെ ഒരു വിഷയത്തില്‍ നിന്നും മറ്റൊരു വിഷയത്തിലേക്ക്‌ ബുദ്ധി സഞ്ചരിക്കുന്നു.മുത്തശ്ശി കഥ പറയുമ്പോള്‍ യുക്തിയ്ക്കനുസരിച്ച്‌ ഒരുവിഷയത്തില്‍ നിന്നും മറ്റൊരു വിഷയത്തിലേക്ക്‌ ചാടുന്നു. മുകളില്‍ പറഞ്ഞ രണ്ട്‌ അവസ്ഥകളില്‍, നമ്മുടെ ബുദ്ധി ഒരു സംഭവത്തില്‍ നിന്നോ വിഷയത്തില്‍ നിന്നോ മറ്റൊരു സംഭവത്തിലേയ്ക്കോ വിഷയത്തിലേയ്ക്കോ ചാടുന്ന അവസ്ഥയുണ്ട്‌.

പുതിയ മാധ്യമമായ ഇന്റര്‍നെറ്റില്‍ ഹൈപ്പര്‍ലിങ്ക്‌ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഇത്തരം "ചാടുന്ന അവസ്ഥകള്‍" നിര്‍മ്മിച്ചിരിക്കുന്നു. ഹൈപ്പര്‍ലിങ്ക്‌ സമ്പ്രദായം ഒരു സന്ധിയാണ്‌, വാതില്‍പ്പടി പോലെ. ഹൈപ്പര്‍ലിങ്കിംഗ്‌ സമ്പ്രദായം എഴുത്തില്‍ നിലവില്‍ വന്നപ്പോള്‍ നിലവിലുള്ള വായനാസമ്പ്രദായ രീതിയെ അത്‌ മാറ്റിമറിച്ചു. ഇത്രയും നാള്‍ ഒരു പുസ്തക വായന എന്നത്‌ ലീനിയര്‍ റീഡിംഗ്‌ ആയിരുന്നു. അതായത്‌ ആദ്യം മുതല്‍ അവസാനം വരെ; ആദ്യവും അന്ത്യവും നിര്‍ബന്ധം. എന്നാല്‍ ഹൈപ്പര്‍ലിങ്ക്‌ ചെയ്ത ടെക്സ്റ്റില്‍ ക്ലിക്ക്‌ ചെയ്ത്‌ വായന പുരോഗമിക്കുമ്പോള്‍ ആദിയന്തങ്ങളുടെ പഴയ തരത്തിലുള്ള നിര്‍ബന്ധങ്ങള്‍ പോയി. ഒന്നില്‍ നിന്നും ഒന്നിലേക്ക്‌ ക്ലിക്ക്‌ ചെയ്ത്‌ അന്തമില്ലാതെ നാം പുതിയ പുതിയ വായനയുടെ ലോകങ്ങളിലേക്ക്‌ എത്തിച്ചേരുന്നു. വായനയുടെ ആരംഭത്തില്‍ തുടങ്ങിയ പ്രമേയം തന്നെ മാറി തികച്ചും പുതിയ, ബന്ധമില്ലാത്ത ഒരു വിഷയത്തിലെത്തിപ്പെട്ടെന്നു വരാം.

അതുമാത്രമാണോ പ്രത്യേകത? ലീനിയര്‍ റീഡിംഗ്‌ രീതി മാറിയതു മാത്രമല്ല. വായന തുടങ്ങിയത്‌ ഒരു പ്രത്യേക വെബ്സൈറ്റിലെ പ്രത്യേക വിഷയത്തെക്കുറിച്ചുള്ള പേജിലെ ടെക്സ്റ്റില്‍ നിന്നാകാം. ഹൈപ്പര്‍ലിങ്കിലൂടെ പോയി പുതിയ ലോകത്തെത്തിപ്പെടുമ്പോള്‍ ആരംഭത്തിലെ ടെക്‍സ്റ്റുകള്‍ എഴുതിയ എഴുത്തുകാരനില്‍നിന്നും പുതിയ ഒരെഴുത്തുകാരനിലേക്ക് എത്തുന്നു. ഇവിടെ നഷ്ടമാകുന്നത്‌ എഴുത്തുകാരന്റെ പ്രാധാന്യമാണ്‌. ഒരെഴുത്തുകാരന്‍ നിര്‍വ്വചിച്ച പാതയിലൂടെയല്ല വായനക്കാരന്റെ വായന പോകുന്നത്‌. വായനയുടെ പുതിയ മാനങ്ങള്‍ തേടി ഹൈപ്പര്‍ലിങ്കുകളിലൂടെ അവന്‍ മുന്നേറുന്നു. ഹൈപ്പര്‍ലിങ്കുകളിലൂടെയുള്ള ഈ വായനയെ ഒരു യാത്രയാട്‌ ഉപമിക്കാം. ഒരു യാത്രയില്‍ നാം എത്ര തരത്തിലുള്ള കാഴ്ച്ചകള്‍ കാണുന്നു! ടെക്‍സ്റ്റുകള്‍ക്ക്‌ (പാഠങ്ങള്‍ക്ക്‌) പുതിയ അര്‍ഥങ്ങള്‍ തന്നെ ഈ യാത്രയില്‍ ഉരുത്തിരിഞ്ഞു വരുന്നു. അങ്ങനെ ഒരു പുതിയ വായനാനുഭവം ഹൈപ്പര്‍ലിങ്കുകള്‍ നമ്മുടെ മുന്നില്‍ കാഴ്ച്ചവെയ്‌ക്കുന്നു. വിവരസാങ്കേതികയുഗത്തിലെ "ഇന്‍ഫൊര്‍മേഷന്‍ സൂപ്പര്‍ഹൈവേ" എന്നാണല്ലോ നാം ഇന്റര്‍നെറ്റിനെക്കുറിച്ച്‌ പറയാറുള്ളത്‌. ഹൈപ്പര്‍ലിങ്കിംഗ്‌ സമ്പ്രദായത്തിലൂടെ ടെക്‍സ്റ്റുകളെ മാത്രമല്ല ബന്ധിപ്പിക്കാനാകുന്നത്‌. ചിത്രങ്ങളും, ശബ്ദങ്ങളും, എന്തിന്‌ വീഡിയോ ക്ലിപ്പുകള്‍കൂടെ ബന്ധിപ്പിക്കാം. മനുഷ്യന്റെ ബോധമണ്ഡലം ഉടലെടുക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നത്‌ അവന്റെ കാണാനും കേള്‍ക്കാനുമുള്ള ഇന്ദ്രിയങ്ങളാണ്‌ എന്ന കാര്യം ഓര്‍ക്കുക.

ഈ വെബ്‌സൈറ്റുകളിലെ പേജുകളെല്ലാം പ്ലാന്‍ ചെയ്ത്‌ അടുക്കിവെച്ചവയാണെന്ന കാര്യം മറക്കുന്നില്ല. എങ്കിലും ഹൈപ്പര്‍ലിങ്ക്‌ ചെയ്തിരിക്കുന്ന ടെക്‍സ്റ്റുകള്‍ അടങ്ങിയ സൈറ്റുകള്‍ തമ്മിലോ അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ തമ്മിലോ ഒരു ബന്ധവും വേണമെന്നില്ല. ഒരു ചെറിയ സംഭവം മാത്രം അതിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ അര്‍ത്ഥമുണ്ടാകും. അങ്ങനെ ഓരോ സംഭവങ്ങള്‍ക്കും അതിന്റെ പശ്ചാത്തലത്തില്‍ അര്‍ത്ഥങ്ങളുണ്ടാകാം. പക്ഷേ എല്ലാ സംഭവങ്ങളെയും ഒരു വേറിട്ടകോണില്‍ നിന്ന്‌, അവലോകനം നടത്തിയാല്‍ ഈ സംഭവങ്ങള്‍ ഒരര്‍ത്ഥരൂപീകരണത്തിനായി അടുക്കിവച്ചതായി തോന്നുകയില്ല. ലോകം മുഴുവനായി എടുത്താല്‍ അര്‍ത്ഥശൂന്യമായ സംഭവങ്ങളുടെ ആകത്തുകയല്ലേ? അര്‍ത്ഥങ്ങള്‍ ഈ സംഭവങ്ങള്‍ക്ക്‌ നാം ആരോപിക്കുന്നവയല്ലേ? ഇന്റര്‍നെറ്റിന്റെ ലോകത്തും അതുതന്നെയാണ്‌ സംഭവിക്കുന്നത്‌. അനവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളും പേജുകളും. അവ ആകപ്പാടെ നോക്കിയാല്‍ ഒരടുക്കും ചിട്ടയുമില്ല. ലോകത്തുനടക്കുന്ന സംഭവങ്ങളെപ്പോലെ. ഇവയെല്ലാം എവിടെ സൂക്ഷിച്ചിരിക്കുന്നു? എങ്ങനെ നമ്മുടെ മുന്നിലെത്തുന്നു?

വെബ്‌സൈറ്റുകളെല്ലാം ഒരു സെര്‍വറില്‍ സൂക്ഷിച്ച്‌ (ഹോസ്റ്റിംഗ്‌) വിപുലമായ കമ്പ്യൂട്ടര്‍ ശൃംഖലകളിലൂടെ ആവശ്യത്തിന്‌ നമ്മുടെ ഡെസ്ക്‍ടോപ്പില്‍ (ക്ലയന്റ്‌) എത്തുന്നു. ഈ സെര്‍വര്‍-ക്ലയന്റ്‌ സമ്പ്രദായം, മനുഷ്യനും അവന്റെ സമൂഹവും തമ്മിലുള്ള ഒരു ബന്ധത്തിന്റെ ചെറിയ പതിപ്പാണ്‌. എത്ര തന്നെ സ്വതന്ത്രമനുഷ്യനായാലും അവന്‍ സമൂഹബോധത്താല്‍ ബന്ധിതനാണ്‌. സമൂഹവും മറ്റു പരിതസ്ഥിതികളും സൃഷ്ടിച്ച ബന്ധനങ്ങളില്‍ അവന്‌ ഒരിക്കലും മുക്തിനേടാനാകില്ല. സെര്‍വറുകളില്ലാതെ പീര്‍ ടു പീര്‍ (സ്വതന്ത്രമായ രണ്ടുകമ്പ്യൂട്ടറുകള്‍ തമ്മില്‍) നെറ്റ്‌വര്‍ക്കിംഗ്‌ സമ്പ്രദായം നാം സ്വപ്നം കാണുന്ന സോഷ്യലിസ്റ്റ്‌ സാമൂഹ്യ വ്യവസ്ഥിതിയുടെ ചെറിയ പതിപ്പാണ്‌. ഇനി ഈ പേജുകള്‍ വയിച്ച്‌ കഴിഞ്ഞ്‌ വേറൊരു പേജിലേക്ക്‌ പോയാലോ, അല്ലെങ്കില്‍ പെജുകള്‍ ഡിലീറ്റ്‌ ചെയ്താലോ അവയെല്ലാം എവിടേയ്ക്ക്‌ പോകുന്നു? തമോഗര്‍ത്തത്തിലേക്കോ? ബ്ലാക്ക്‌ ബോര്‍ഡിലെഴുതിയത്‌ മായ്ച്ചപോലെ.?

വര്‍ത്തമാന പത്രങ്ങളെ നാം "പത്രങ്ങള്‍" എന്നുപറയുന്നത്‌ അത്‌ പ്രിന്റ്‌ ചെയ്തുവരുന്ന മാധ്യമത്തിനെ അടിസ്ഥാനമാക്കിയാണ്‌. പക്ഷേ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ നമ്മുടെ അടുത്തുവരുന്ന വര്‍ത്തമാന പത്രങ്ങളെ അങ്ങനെ വിളിക്കാമോ? ഉപയോഗം കൊണ്ട്‌ ഈ പേര്‌ പ്രചുരപ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ അവാസ്തവികലോകത്തുനിന്നും പ്രിന്റ്‌ മാധ്യമങ്ങളുടെ വാസ്തവലോകം ചിലത്‌ കടം കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്‌ ഒരു കാലം മുന്‍പുവരേയും (പലപത്രങ്ങളിലും ഇപ്പോഴും) മുഖപ്രസംഗം -എഡിറ്റോറിയല്‍- എഴുതുന്നത്‌ മുന്‍കൂട്ടി നിശ്ചയിച്ച ഒരാളാണ്‌. മിക്കവാറും അത്‌ മുഖ്യ പത്രാധിപരായിരിക്കും. എന്നാലിപ്പോള്‍ മുഖപ്രസംഗമെഴുതാന്‍, സ്വന്തം കര്‍മ്മമണ്ഡലത്തില്‍ പ്രസിദ്ധരായ മറ്റുപലരേയും ക്ഷണിക്കുന്ന ഒരേര്‍പ്പാട്‌ നിലവില്‍ വന്നിട്ടുണ്ട്‌. അതുപോലെ തന്നെ "മാതൃഭൂമി"യില്‍ കുറച്ചുമാസങ്ങള്‍ക്ക്‌ മുന്‍പ്‌ "പൗരവാര്‍ത്ത"എന്ന പേരിലുള്ള കോളത്തില്‍ ഒരോരോ ദേശത്തേയും ആളുകള്‍ അവരവര്‍ക്കറിയുന്ന കാര്യങ്ങളും നാട്ടിലെപ്രശ്നങ്ങളും, മാതൃഭൂമിയുടെ ഏതെങ്കിലും ഒരു സബ്‌ എഡിറ്ററുടെ സഹായത്തോടെ എഴുതി പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഇവിടെയെല്ലാം ഒരു കാര്യത്തില്‍ മാറ്റം സംഭവിച്ചു. ഒരെഴുത്തുകാരനും അനവധി വായനക്കാരും എന്നതില്‍നിന്നും മാറി, അനവധി എഴുത്തുകാരും അനവധി വായനക്കാരും എന്ന നിലയിലേക്കായി. നമ്മുടെ ബൂലോകത്തും അതുതന്നെയാണ്‌ സംഭവിക്കുന്നത്‌. വിക്കിപ്പീഡിയയും അങ്ങനെത്തന്നെയാണ്‌ വളരുന്നത്‌. ബഹുസ്വരതയുടെ കാലമാണല്ലോ ഇപ്പോള്‍. എത്ര സ്വതന്ത്രമാണ്‌ എന്ന്‌ പറഞ്ഞാലും ഒരു ശക്തിബിന്ദുവിന്റെ-അധികാര കേന്ദ്രത്തിന്റെ-സാമീപ്യം സൂക്ഷിച്ചു നോക്കിയാല്‍ കാണാം. ഡൊമൈന്‍ നേം സര്‍വീസിന്റെ ശക്തികേന്ദ്രം ഇപ്പോളും അമേരിക്കയാണ്‌. വിക്കിപീഡിയായില്‍ അധികാരമുള്ള എഡിറ്റര്‍മാരുണ്ട്‌, ബൂലോകത്ത്‌ അതാതുബ്ലോഗുകളുടെ സേവനദാതാക്കളുണ്ട്‌. (പിന്‍മൊഴിയ്ക്ക്‌ ഏവൂരാനുണ്ട്‌, ചിന്തയ്ക്ക്‌ പോളും, വിഷ്‌ണു രമയ്ക്ക്‌ ഉമയ്ക്ക്‌ ശിവന്‍... ഹ ഹ ഹാ)

എന്താണ്‌ ഫോക്‍ലോറുകള്‍ എന്നത്‌ നമുക്കൊരു ധാരണയുണ്ട്‌. തലമുറകളില്‍ കൂടെ വാമൊഴിയായി കടന്നു വരുന്ന നാടോടി സാഹിത്യമായി ഇത്‌ ബന്ധപ്പെട്ടുകിടക്കുന്നു. എന്നാല്‍ സാഹിത്യം മാത്രമല്ല പല ആചാരങ്ങളുമായും അനുഷ്ഠാനങ്ങളുമായും ഇവ ബന്ധപ്പെട്ടുകിടക്കുന്നു എന്നത്‌ ഫോക്‍ലോറിനെപ്പറ്റി പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകാവുന്നതാണ്‌. മനുഷ്യന്റെ അടിച്ചമര്‍ത്തപ്പെട്ടവികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രതിഫലനവും ഈ അസ്വാസ്ഥ്യത്തില്‍ നിന്ന്‌ ഭാവനയുടേതായ ലോകത്തിലേക്ക്‌ രക്ഷനേടാനുള്ള മാര്‍ഗവുമാണ്‌ ഫോക്‍ലോര്‍ എന്ന്‌ പണ്ഡിതന്മാര്‍ പറയുന്നു. ഫോക്‍ലോറുകളെപ്പറ്റി പറയുകയല്ല ഉദ്ദേശ്യം. പക്ഷേ അതിന്റെ ഒരു പ്രധാനപ്പെട്ട സവിശേഷതയെക്കുറിച്ച്‌ പറയുകയാണ്‌. അജ്ഞാതകര്‍ത്തൃത്വമാണ്‌ ഉദ്ദേശിച്ചത്‌.

അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ ഭാവനയുടെ ലോകത്തിലേക്ക്‌ മാറുമ്പോള്‍ കര്‍ത്താവിന്‌ പ്രസക്തിയില്ല. അത്‌ മനഃപ്പൂര്‍വ്വമാകാം അല്ലാതെയുമാകാം. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം അതു മനഃപ്പൂര്‍വം തന്നെ. അജ്ഞാതകര്‍ത്തൃത്വത്തിനുള്ള കാരണം ഒരു ബ്ലോഗറെസംബന്ധിച്ചിടത്തോളം മുകളില്‍ പറഞ്ഞുതന്നെയാവണമെന്നില്ല. വേറെ പലതിന്റേയും ന്യായീകരണങ്ങളായിരിക്കാം. ഇതിനുള്ള കാരണത്തെപ്പറ്റിയുള്ള അന്വേഷണം രസകരമായ ഒരു വസ്തുതയാണ്‌. കഥകള്‍ അനുഭവങ്ങളാണ്‌, അനുഭവങ്ങള്‍ നിര്‍വചനാതീതവും. ഇത്തരം ചില അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുകയാണ്‌ അപരനാമങ്ങളില്‍ എഴുതുന്ന ബ്ലോഗന്‍മാരും ബ്ലോഗിണികളും. അജ്ഞാതകര്‍ത്തൃത്വം എന്ന സവിശേഷത ഒരളവുവരെ ഇവരില്‍ കാണാം. അവാസ്തവിക സമൂഹത്തിലെ ബ്ലോഗ്‌ലോറുകളുടെ തുടക്കം ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം.

വേറൊരു സാങ്കേതിക വിദ്യയുണ്ട്‌. എക്സ്‌. എം. എല്‍ അല്ലെങ്കില്‍ ആര്‍.എസ്‌.എസ്‌. ഫീഡുകളും അവ വായിക്കാനുപയോഗിക്കുന്ന ഫീഡ്‌ റീഡറുകളും. പോസ്റ്റ്മാന്റെ പ്രവര്‍ത്തനമാണ്‌ ഫീഡ്‌ റീഡറുകള്‍ ചെയ്യുന്നത്‌. സൈറ്റ്‌ അപ്ഡേറ്റ്‌ ചെയ്തിട്ടുണ്ടോ എന്ന്‌ നോക്കി അപ്ഡേറ്റ്‌ ചെയ്ത വിവരങ്ങള്‍ നമ്മുടെ ഡെസ്ക്‍ടോപ്പിലെത്തിയ്‌ക്കുന്നു. നമുക്ക്‌ ഒരോരോ സൈറ്റുകളും എല്ലായ്പ്പോഴും സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. ഡിജിറ്റല്‍ മാധ്യമങ്ങളെ, പ്രത്യേകിച്ച്‌ ഇന്റര്‍നെറ്റിനെ വാസ്തവിക ലോകത്തിന്റെ കണ്ണാടി, അവാസ്തവിക ലോകം, ലോകത്തിന്റെ മച്ച്‌ എന്നിങ്ങനെയൊക്കെ പറയുന്നതില്‍ തെറ്റില്ല എന്നു തന്നെയാണ്‌ എനിക്ക്‌ തോന്നുന്നത്‌.

സുനില്‍ കുമാര്‍ എം. ബി
Subscribe Tharjani |
Submitted by ralminov on Mon, 2006-10-09 17:14.

കൃഷ്ണന്റെ അനവധി ലിങ്കുകളാണ് നാരദന്‍ കണ്ടത് എന്നാവും കൂടുതല്‍ നല്ലതെന്ന് തോന്നുന്നു..

തര്‍ജ്ജനിയിലെ ഈ കുറിപ്പ് പോലെ !!!

Submitted by Sunil on Mon, 2006-10-09 19:31.

Not like that Ralmi. Duplicate or original, naradan was not sure. He saw same krishna in many places! Like Windows OS CDs.
At least that is what I wanted to say. If there is some chance of misunderstanding, the problem is with my writing.
Sorry for the english since my Keyman is not working now (nee restarting of winodws!)

Submitted by kevinsiji on Thu, 2006-10-12 18:47.

സുനിലേ, നന്നായിരിക്കുന്നു.

Submitted by ralminov on Thu, 2006-10-12 21:44.

ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ....ഈ പോസ്റ്റ് അമേരിക്കയിലോ മറ്റോ ഒരു സെര്‍വറില്‍ കിടക്കുന്നു.. അതിന്റെ ലിങ്കുകള്‍ ഉപയോഗിച്ച് ലോകത്തെമ്പാടുമുള്ളവര്‍ ഇത് വായിക്കുന്നു. എല്ലാവരും വായിക്കുന്നത് ഒറിജിനല്‍ തന്നെ...
ഹൈപര്‍ലിങ്കുകളെ പറ്റിയുള്ള പോസ്റ്റില്‍ ഈ താരതമ്യമാകും നന്ന് എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ...സംഭവത്തിന്റെ മെറിറ്റിലേക്ക് ഞാന്‍ കടന്നിട്ടില്ല..
വെറുതേയാണോ എന്റെ പോസ്റ്റുകള്‍ക്ക് കമന്റ്സ് വരാത്തത്....ദുര്‍ഗ്രാഹ്യം തന്നെ!!!

Submitted by Sunil on Sat, 2006-10-14 11:46.

അപ്പോ മനസ്സിലായി സുഹൃത്തേ...
പോസ്റ്റില്‍ കമന്റുവരാതിരിക്കുന്നതിനെപ്പറ്റി ദുഃഖിക്കേണ്ട. വായിക്കുന്നവര്‍ എല്ലാവരും കമന്റും എന്ന് പ്രതീക്ഷിക്കരുത്‌. ദുര്‍ഗ്രാഹ്യം എന്നൊന്നില്ല, എന്റെ ലൈന്‍ ഓഫ് തോട്സ് നിങളുടേതുമായി കൂട്ടിമുട്ടിയില്ല എന്ന്‌ വിചാരിച്ചാല്‍ മതി. എപ്പോഴും അങ്ങനെ വേണമെന്നില്ലല്ലോ. എന്റേയും കുഴപ്പമകാം.
കെവീ നന്ദി... പ്രസന്റേഷന്‍ എങ്ങനെയുണ്ടായിരുന്നു?

Submitted by Anonymousവേണു (not verified) on Sat, 2007-03-03 11:00.

അത്ഭുതങ്ങളുടെ ഒരു ഭണ്ടാരം രസാവഹമായി തുറന്നു വച്ചിരിക്കുന്നു. ലളിതമായ ഭാഷ.

Submitted by jyothirmayi (not verified) on Wed, 2007-03-28 13:14.

കൊള്ളാം.
അപ്പോള്‍ എന്റെ ലോകം എന്നാല്‍ എന്റെ ആലോകം തന്നെ അല്ലേ? ഞാന്‍ നോക്കുന്നതു ഞാന്‍ കാണുന്നു... നോക്കിയില്ലെങ്കില്‍ കാണില്ല.... തെരയൂ.... നോക്കൂ‍....കാണൂ....
അപ്പൊ എന്റെ ലോകം, എന്റെ കാഴ്ചക്കനുസരിച്ച്.... ഉം... ശരി...
നന്ദി, പോസ്റ്റിന്.
ജ്യോതിര്‍മയി.

Submitted by ജ്യോതിര്‍മയി (not verified) on Wed, 2007-03-28 13:34.

കൊള്ളാം. :)
അപ്പോള്‍ എന്റെ ലോകം എന്നാല്‍ എന്റെ ആലോകം തന്നെ! ഞാന്‍ എന്തു നോക്കുന്നുവോ അതെനിക്കു കാണാം. എന്റെ ലോകം എങ്ങനെ വേണോ... അഥവാ എന്റെ ലോകത്തില്‍ എന്തൊക്കെ വേണോ... അതു ഞാന്‍ തെരയട്ടെ....നോക്കട്ടെ.... അപ്പോള്‍ അതൊക്കെ കാണാം... ആഹാ‍...എന്റെ കാഴ്ചശക്തിയനുസരിച്ച്‌, ഞാന്‍ തെരയുന്നത്, തെരഞ്ഞുകൊണ്ടേയിരിക്കുന്നതാണ്, എന്റെ കണ്മുന്നില്‍ വന്നു പെടുന്നത്‌ അല്ലേ...
ഉം..ശരി.
നന്ദി സുനില്‍‌ജീ, പോസ്റ്റിന്.
ജ്യോതിര്‍മയി

Submitted by സുനില്‍ -സു- (not verified) on Thu, 2007-03-29 11:20.

നന്ദി വെറുതേ കിട്ടുന്ന സാധനമാണോ ടീച്ചറേ? വെറുതെയായാലും അളന്നുകൊടുക്കണേ... (സ്മൈലി ഇടാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വായിച്ചു ചിരിക്കുക)
വായിച്ചവര്‍ക്ക് എന്റെ ഒരു നന്ദി കൂടെ...

ടീച്ചറെ, പറയുന്നത്‌ ശരിയല്ലേ?അവനവന്റെ ലോകം എന്നാല്‍നാം കാണുന്ന ലോകമല്ലേ? അങനെത്തനെയാണ് എന്നാണെന്റെ തോന്നല്‍.

ഹൈപ്പര്‍ ലിങ്കിങ്ങിന് നമ്മുടെ വിചാരരീതിയുമായി വളരെ സാമ്യമുണ്ടെന്നാണ് തോന്നുന്നത്‌. അവിടെ ലോജിക്കൊന്നും പ്രശ്നമില്ല. എഴുത്തുപോലെയല്ലല്ലോ ചിന്തകള്‍. അതിനെവിടെ കടിഞാണ്‍? അതങ്ങനെ പറക്കും ഇഷ്ടം പോലെ. ഹൈപ്പ്പര്‍ ലിങ്കിങ്ങിലൂടെയുള്ള വായന പോലെ തന്നെ. നെറ്റ് സര്‍ഫിങ് സമയത്ത്ത് പലപ്പോഴും തോന്നിയിട്ടുണ്ട്‌ എവിടെ നിന്നാണ് തുടങിയത്,എവിടെയാണ് എത്തിയത്‌ എന്ന്!

ഓണ്‍‌ലൈന്‍ ജീവിതവും ഓഫ്ഫ് ലൈന്‍ ജീവിതവും രണ്ട്‌ ലൈഫല്ല്ലേ നമുക്കുള്ളത്‌? രണ്ടഇനും പല മാനങ്ങളുമുണ്ട്‌. എല്ലാം എഴുതാന്‍ കഴിഞെങ്കില്‍! യഥാര്‍ത്ഥജീവിതത്തില്‍ തന്നെ ഓഫ് ലൈന്‍ ജീവിതം എന്നു പറഞാല്‍ എന്റെ സ്വന്തം ലോകം, ഓണ്‍ലൈന്‍ ജീവിതം എന്നുപറഞാല്‍ ഞാന്‍ മറ്റുള്ളവരുമായി സംവദിക്കുന്ന -പൊതു ഇടം- ലോകം. ഓഫ് ലൈനിലാ‍ാണോ ഓണ്‍ ലൈനിലാണോ നാം ശരിക്കും ജീവിക്കുന്നത്?രണ്ടും ഒന്നാണോ? പരസ്പര പൂരകങ്ങളാണോ? നെറ്റ് ഭാഷയിലൂടെ ഒന്നാലോചിച്ഛതാണ്..