തര്‍ജ്ജനി

പുസ്തകം

ഉദ്യാനപ്രവേശം

ഏതൊരു ജനതയെയും പോലെ കേരളത്തിലെ മാപ്പിളമാരും, മുന്തിയ സാഹിത്യ-സാംസ്കാരിക പാരമ്പര്യം കൈമുതലായിട്ടുള്ളവരാണ്‌. അവരുടെ പുത്തന്‍ ജീവിത ദര്‍ശനം മാപ്പിളപ്പാട്ടുകളില്‍ (മാപ്പിള സാഹിത്യം) നന്നായി പതിഞ്ഞിട്ടുണ്ട്‌.

അറബികള്‍ക്ക്‌ കേരളവുമായി പുരാതനകാലം മുതല്‍ക്കേ കച്ചവട ബന്ധമുണ്ടായിരുന്നു. ഇസ്ലാം മതത്തിന്‌ കേരളത്തില്‍ വേരോട്ടമുണ്ടായത്‌ ഈ ബന്ധങ്ങളിലൂടെയാണ്‌. അറബികളുടെ ഭാഷയും സംസ്കാരവും നമ്മുടെ ജനസംസ്കൃതിയെ ഊര്‍ജ്സ്വലമായ നിരവധി മിശ്ര പരിഗണനകള്‍ക്ക്‌ വിധേയമാക്കുകയുണ്ടായി. ഇത്തരത്തില്‍ ഉത്ഭുതമായ സാംസ്കാരിക സമന്വയത്തിന്റെ അനന്തരഫലമായിരുനു അറബി-മലയാളവും അതിന്റെ സാഹിത്യവും. പ്രാമാണികരായ ഗവേഷകരില്‍ പലരും അറബി മലയാള സാഹിത്യത്തിന്‌ ക്രിസ്തുവര്‍ഷം ഒന്‍പത്‌-പത്ത്‌ ശതകത്തോളം പഴക്കം കല്‍പിക്കുന്നുണ്ട്‌. ഇന്ത്യയിലെക്കുവന്ന പേര്‍ഷ്യന്‍ മുസ്ലീമുകളെ അനുകരിച്ചാണ്‌ ഇത്തരമൊരു ഭാഷയും സാഹിത്യവും വളര്‍ന്നു വന്നതെന്നും ചിലര്‍ക്ക്‌ അഭിപ്രായമുണ്ട്‌. അറബികള്‍ മതപ്രചരണത്തിനു കടന്നു ചെന്നിടത്തെല്ലാം ഇതുപോലൊരു മിശ്രഭാഷയും സാഹിത്യവും ഉണ്ടായതിന്‌ നിരവധി തെളിവുകളുണ്ട്‌. ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ വിശിഷ്യാ ബംഗാളി, തമിഴ്‌,കന്നട തുടങ്ങിയ ഭാഷകളിലെല്ലാം അറബി-മലയാളത്തെ പോലെ മിശ്രഭാഷയും അതിന്റെ സാഹിത്യവും സമ്പുഷ്ടമാണ്‌. വ്യക്തമായ ലിപി സമ്പ്രദായവും വ്യാകരണ മുറയുമുള്ള മിശ്രഭാഷകള്‍, ഒരു പ്രാദേശിക ഭേദം (Dialect) എന്നതിലുപരിയായി ദേശഭാഷയുടെ ഊടും പാവും സ്വീകരിച്ച്‌ നില ഭദ്രമാക്കുന്നതാണ്‌ അനുഭവം. "കൊടുങ്ങല്ലൂരിനും,കാസര്‍ഗോഡിനുമിടയ്ക്കുള്ള പ്രദേശമാണ്‌ പരിധി. വിവ്ധ ഭാഷകളില്‍നിന്നും സശ്രദ്ധം തിരഞ്ഞെടുത്ത്‌, അലകും പിടിയും മാറ്റി, മലയാളീകരിച്ച്‌, അര്‍ത്ഥസമ്പുഷ്ടമായ പദങ്ങളാലും ശലി വിശേഷങ്ങളാലും സമ്പുഷ്ടമത്രേ അറബി-മലയാള ഭാഷ." എന്ന്‌ ഒ. ആബുവിനെപ്പോലുള്ള സാഹിത്യ ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഗാനരീതിയാണ്‌ മാപ്പിളപ്പാട്ടുകള്‍ പിന്‍തുടരുന്നത്‌. കവിയേക്കാള്‍ പാടുന്നവര്‍ക്കാണ്‌ പ്രാധാന്യം നല്‍കുന്നത്‌. മാപ്പിള സാഹിത്യത്തിലെ പല കവികളും അജ്ഞാതനാമങ്ങളായിത്തീരാന്‍ ഇതൊരു കാരണമായിട്ടുണ്ട്‌. ഒരു സമുദായത്തിന്‌ മതേതരമായ പൊതുമണ്ഡലത്തിലേക്ക്‌ (Common Sphere) വരാന്‍ കളമൊരുക്കുന്നതില്‍ കലയ്ക്കും സംസ്കാരത്തിനും പ്രധാന പങ്കുണ്ട്‌. പ്രാന്തവത്കൃത ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ അത്‌ അടുപ്പിക്കുന്നു. അതോടൊപ്പം കലയിലൂടെയും സാഹിത്യത്തിലൂടെയും ഒരു പ്രത്യേക ജനതയുടെ വിശ്വാസങ്ങളും, ആചാരങ്ങളും മിത്തോളജിയും മുഖ്യധാരയിലേയ്ക്ക്‌ പ്രസരിക്കുന്നു. കേരളത്തിലെ മിശ്രജീവിൂത വ്യവസ്ഥയെ (കൂട്ടു ജീവിതം)പ്രോത്സാഹിപ്പിക്കുന്നതില്‍ ഇത്തരം കല-സാഹിത്യാദികള്‍ക്കുള്ള പങ്ക്‌ ചെറുതല്ല. അറബി ഗോത്രവര്‍ഗ്ഗക്കാരുടെ നിരവധി ഈണങ്ങളുടെയും അറബി ബെയ്ത്തിന്റെയും ദ്രാവിഡമായ ശീലുകളുടെയും കൂടിക്കലരലിലൂടെ ഒരു പൊതുസാമൂഹിക താളത്തെ അവ നെയ്തുണ്ടാക്കി. മാപ്പിളപ്പാട്ടുകള്‍ ഒരു സമുദായത്തിന്റെ മാത്രമാകാതെ, ജനസംസ്കൃതിയുടെ തന്നെ ഭാഗമായി മാറുന്നതും അതിനാലാണ്‌. കമ്പി, കഴുത്ത്‌,വാല്‍ക്കമ്പി,വാലുമെല്‍ കമ്പി, ... തുടങ്ങിയ പ്രാസങ്ങളുടെ കര്‍ക്കശ പുനഃസ്ഥാപനത്തിലൂടെ അറബി-മലയാള സാഹിത്യം തനതായ ഈണവ്യവസ്ഥ സ്ഥാപിച്ചെടുത്തു. സാംസ്കാരിക സമ്മിശ്രതയോടൊപ്പം അനന്യമായൊരു തനിമ സൂക്ഷിക്കുന്നതിലൂടെ അവ വേറിട്ടു നില്‍ക്കുകയും ചെയ്യുന്നു.

സാമൂഹിക നിര്‍മിതിയില്‍ മാപ്പിള സാഹിത്യത്തിനും കലകള്‍ക്കുമുള്ള പങ്ക്‌ ചെറുതല്ല. നിരവധി വിജ്ഞാനങ്ങളുടെ വിളനിലമാണത്‌. സ്വാശീകരണത്തിലൂടെ ഒരു കൂട്ടുവ്യവഹാര മാതൃക സൃഷ്ടിച്ചെടുക്കാന്‍ അതിനു കഴിയുന്നു. മനുഷ്യ സംസ്കാരത്തിനെ സുഗന്ധങ്ങളെ തടയിറ്റുന്ന പലതിനേയും അത്‌ കൈയൊഴിയുന്നു. എന്നിട്ടും, ഇത്തരം കലകളും സാഹിത്യവും, അരികുകളിലേക്ക്‌ മാറ്റപ്പെട്ടത്‌ എന്തു കൊണ്ടാണ്‌?

മുഖ്യധരാസമൂഹത്തില്‍ സംസ്കാരഥിന്റെ അപരങ്ങള്‍ സ്ഥനമുറപ്പിക്കുന്നതിനെക്കുറിച്ച്‌ സൂചിപ്പിച്ചുവല്ലോ. അതാത്‌ കാലങ്ങളില്‍ മലയാള സാഹിത്യത്തിലും കലയിലും മേല്‍ഗതി നേടിയ വിഷയിയെ അധാരമാക്കി മാത്രമേ അപര സാഹിത്യ മാതൃകള്‍ക്ക്‌ മുഖ്യധാരാസമൂഹത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയുകയുള്ളൂ. അറബി-മലയാള സാഹിത്യം അതിന്റെ ഇടം സ്ഥാപിക്കുന്നതില്‍ ചരിത്രപരവും-സാംസ്കാരികവും സാമൂഹികവും, വംശീയവുമായ നിരവധി കാര്യ-കാരണങ്ങളെ തുറന്നിട്ടു തരും. നാടോടിയെന്നോ, പ്രാദേശികമെന്നോ, ജാതീയമെന്നോ, മതകീയമെന്നോ ഒക്കെ വ്യവഹരിച്ചു പോരുന്ന കലാ-സാഹിത്യരൂപങ്ങള്‍ക്കെല്ലാം ചരിത്ര നിര്‍മ്മാണത്തില്‍ പ്രധാന പങ്കാളികളായിത്തീരാന്‍ കഴിയുമെന്ന്‌ ആധുനികോത്തര പഠനങ്ങള്‍ തെളിയിക്കുന്നു. മുഖ്യധാരയില്‍, നിലനില്‍പ്പിനായുള്ള സമരത്തെ സര്‍ഗ്ഗാത്മകമായി പിന്‍തുണച്ചുകൊണ്ടുമാത്രമേ ഇത്തരം സാഹിത്യാദികള്‍ക്ക്‌ സമൂഹത്തില്‍ സ്ഥാനം നേടാനാകുകയുള്ളൂ. പോര്‍ച്ചുഗീസ്‌ അധിനിവേശം(പാശ്ചാത്യ അധിനിവേശം)എഴുത്തച്ഛന്റെ കിളിപ്പാട്ടു നിര്‍മ്മാണത്തിന്‌(ഇന്ത്യയിലെ ഭക്തി സാഹിത്യ പ്രസ്ഥാനം) നിദാനമായ പല കാരണങ്ങളിലൊന്നാണല്ലോ. എന്ന മാതിരി പതിനെട്ട്‌-പത്തൊന്‍പത്‌ നൂറ്റാണ്ടുകളിലെ അധിനിവേശ/വിമോചന പോരാട്ട ചരിത്രത്തില്‍ (De-colonisation)കേരളത്തിലെ മുസ്ലീമുകള്‍ക്കുള്ള പങ്ക്‌ അറബി-മലയാള സാഹിത്യത്തില്‍ നന്നായി പ്രതിഫലിച്ചു കാണാം. പടപ്പാട്ടുകളിലും, ചരിത്രകാവ്യങ്ങളിലും മാലപ്പാട്ടുകളിലും ഈ സ്പര്‍ദ്ധയുടെ സര്‍ഗ്ഗാത്മകമായ ലീനധ്വനികളുണ്ട്‌.

ആയിരക്കണക്കിന്‌ പാതങ്ങളും കവികളും പാട്ടുകാരും പങ്കെടുക്കുന്ന ഒരു മഹാമണ്ഡലമാണ്‌ മാപ്പിളസാഹിത്യം, നിരവധി കവയത്രികളും ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നു. കര്‍ക്കശമായ മത പൗരോഹിത്യത്തിന്റെ ഒരു ഫ്യൂഡല്‍ കാലമുണ്ടായിരുന്ന മാപ്പിള സമൂഹത്തില്‍ സ്ത്രീകളുടെ ഈ സര്‍ഗാത്മകമുന്നേറ്റം അനുവാചകരുടെ ശ്രധയെ ആകര്‍ഷിക്കുന്നു.

പ്രാസ്ഥാനികരായി പല മാതൃകയിലും മാപ്പിള സാഹിത്യത്തെ വിഭജിക്കാവുന്നതാണ്‌. അത്തരത്തില്‍ പ്രാമാനികമായ ഒരു വര്‍ഗ്ഗീകരണമാണ്‌ ഈ കൃതിയില്‍ അവലംബിച്ചിട്ടുള്ളത്‌. അക്കാദമികവും ജനകീയവുമായ മാനദണ്ഡം ഒരുപോലെ പാലിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്‌. വിവിധ പ്രസ്ഥാനങ്ങളില്‍പ്പെടുന്ന പാട്ടുരൂപങ്ങളില്‍ മുന്തിയത്‌ തിരഞ്ഞെടുത്ത്‌ പ്രകാശിപ്പിക്കുവാന്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്‌. കൂടാതെ പുതിയ മാപ്പിളപ്പാട്ടുകളുടെ ഒരു വിഭാഗവും, ഈ സമാഹാരത്തിലുണ്ട്‌. ഒരു പക്ഷെ, മാപ്പിളപ്പാട്ടുകളിലെ തനിത്തങ്കമെന്നു വിശേഷിപ്പിക്കാറുള്ള നിരവധി ഇശലുകള്‍ ഈ സമാഹാരത്തിന്റെ പ്രത്യേകതയാണ്‌. മാപ്പിളപ്പാട്ടുകളെ ആരാധനാപൂര്‍വ്വവും ഗൗരവപൂര്‍വ്വം സമീപിക്കുന്നവര്‍ക്ക്‌ ഒരു പോലെ പ്രയോജനപ്രദമാകും ഈ ഗ്രന്ധമെന്ന്‌ പ്രത്യാശിക്കുന്നു.

ഈ സമാഹാര സൃഷ്ടിക്കു പിന്നില്‍ പലരോടും കടപ്പാടുകളുണ്ട്‌. മാലപ്പാട്ടുകളും ബയ്ത്തുകളും ഈണത്തില്‍ പാടുന്ന ഉമ്മയോട്‌. ബാല്യ-കൗമാര കാലങ്ങളില്‍ മാപ്പിളപ്പാട്റ്റുകള്‍ പാറ്റി കൊതിപ്പിച്ച പ്രശസ്തരായ മാപ്പിളപ്പാട്ടുഗായകരോട്‌. എന്റെ ഗ്രാമത്തിലെ പാട്ടുകാരനും കോല്‍ക്കളിക്കാരനുമായിരുന്ന എലാപ്പറമ്പന്‍ അബ്ദുറഹിമാനോട്‌. നല്ല കൈപ്പടയിലേയ്ക്ക്‌ പാഠങ്ങള്‍ പകര്‍ത്താന്‍ സഹായിച്ച ശോഭിത എന്ന വിദ്യാര്‍ഥിനിയോട്‌. കൂടാതെ, ഈ ഗ്രന്ധനിര്‍മ്മാണത്തിന്‌ പ്രേരിപ്പിച്ച റെയിന്‍ബ്ബൊയിലെ രാജേഷിനോടും ഇത്‌ മനോഹരമായി പ്രസിദ്ധീകരിച്ച റെയിന്‍ബോ ബുക്ക്‌ പബ്ലിഷേഴ്സിനോടും കടപ്പാട്‌ രേഖപ്പെടുത്തുന്നു.

ഉമര്‍ തറമേല്‍
Subscribe Tharjani |