തര്‍ജ്ജനി

പുസ്തകം

മറച്ചുപിടിച്ച ചിരി

ഇന്നു ഏറ്റവും അധികം പേര്‍ പ്രവൃത്തിക്കുന്ന സാഹിത്യശാഖ കവിതയാണെങ്കിലും ചെറുകഥ സജീവതകൊണ്ടു് വ്യത്യസ്തമാവുന്നു. ഒരുപക്ഷേ കവിതയെഴുതുന്ന കുറേപേരെ കാണാമെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട കഥകള്‍ പുസ്തകമാക്കുകയും തങ്ങളുടെ മാധ്യമത്തെ ഗൌരവത്തോടെ സമീപിക്കുകയും ചെയ്യുന്നു എന്നതാണു് കഥാകാരന്മാരെ സാഹിത്യപ്രവര്‍ത്തകന്മാര്‍ എന്ന നിലയില്‍ ഗണനീയരാക്കുന്നതു്. ഏറ്റവുമധികം സമകാലികമായിരിക്കുകയും യാഥാര്‍ഥ്യങ്ങളെ ബഹുമാനരീതിയില്‍ (Multi Dimension) അവതരിപ്പിക്കുന്നുവെന്നതും ചെറുകഥയുടെ മാത്രം പ്രത്യേകതയായിരിക്കുന്നു. വര്‍ത്തമാന പത്രങ്ങളിലും ചാനലുകളിലുമായി വരുന്ന ആനുകാലിക സംഭവങ്ങള്‍ വളരെ പെട്ടെന്ന് കഥകളായി നാം വായിക്കുന്നു.

കഥാശാഖ പുഷ്കലം തന്നെയെങ്കിലും പുതുതലമുറ നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്. അവരടങ്ങിയ ഇത്തിരിപ്പോന്ന വായനാസമൂഹം ചവിട്ടിനില്‍ക്കുന്നതു് പ്രാദേശിക ഇടങ്ങളിലല്ല, മറിച്ച് ആഗോളതലത്തിലാണു് എന്നതാണു് ആ വെല്ലുവിളി. ആരെയും ഞെട്ടിപ്പിക്കുന്നതും പിടിച്ചുലയ്ക്കുന്നതുമായ ഒരു കൃതി ഇനി സംഭവിക്കാനുള്ള സാധ്യതപാടേ നിരാകരിക്കുന്നുണ്ടു്, ഈ പുത്തന്‍ സാഹചര്യം.

ഈ സന്ദര്‍ഭത്തിലാണു് സി. ഗണേഷിന്റെ ക്രിയാത്മക കഥാപാത്രങ്ങള്‍ എന്ന കഥാസമാഹാരം നമ്മുടെ മുന്‍പിലെത്തുന്നതു്. എഴുതുന്ന കഥകളിലൊക്കെ കഥാകാരന്റെ ആത്മാംശം നിഴലിക്കുന്ന കഥകള്‍ ‍പഠിക്കുമ്പോള്‍ ആ നൂലിഴ വിദദ്ധമായി ഇഴ പിരിച്ചു് ഋജുരേഖ തയ്യാറാക്കുക എളുപ്പമാണു്, പഴയതലമുറയിലെ എഴുത്തുകാരുടെപുസ്തകം വായിക്കുമ്പോള്‍. എന്നാല്‍ വിവിധ സ്വഭാവങ്ങളുള്ള കഥകളുടെ സമാഹാരം മുന്‍പേ ചൊന്ന പുത്തന്‍സാഹചര്യത്തില്‍ എളുപ്പത്തില്‍ വായിച്ചു നിര്‍ത്താനാവില്ല. അല്ലങ്കില്‍ വായിച്ചു നിര്‍ത്തുന്നിടത്തുനിന്നും തുടങ്ങുവാന്‍ പുതിയ കഥകള്‍ ‍വായനക്കാരനെ നിര്‍ബന്ധിക്കുന്നു. പുതിയ കഥകളെ പുതിയ വായനകൊണ്ടു മാത്രമേ നേരിടാനാവൂ.

സംഭവങ്ങള്‍ക്കും സാധ്യതകള്‍ക്കുമൊക്കെ ഇന്നു് നിമിഷങ്ങളുടെ ആയുസ്സാണുള്ളതു്. വായനാ സമൂഹം ചുരുങ്ങുകയും വായിക്കപ്പെടേണ്ട അനുഭവങ്ങള്‍ ക്ഷണികങ്ങളായി മാറി മറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരുണത്തില്‍ ഗണേഷിന്റെ ഈ സമാഹാരത്തെ വ്യത്യസ്തമായ ഒരു വായനയ്ക്കു് വിധേയമാക്കുകയാണിവിടെ.

കാലം സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളെ വ്യക്തിയുടെ ഇമചലനത്തിലും കോരിത്തരിപ്പിലും കൂടി അനുധാവനം ചെയ്യുന്നതാണ് സാഹിത്യത്തിലെ സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനം. ഈ ഉത്തരവാദിത്വം സി. ഗണേഷിന്റെ കഥകള്‍ നിര്‍വഹിക്കുന്നുണ്ടെന്ന് അവതാരികയില്‍ കെ. പി. രാമനുണ്ണി പറയുന്നുണ്ട്. രാഷ്ട്രീയത്തില്‍ നിങ്ങള്‍ ഇടപെട്ടില്ലെങ്കില്‍‍ അതു നിങ്ങളുടെ ജീവിതത്തില്‍ കയറി ഇടപെടും എന്ന ലെനിന്റെ താക്കീത് ഓര്‍ക്കുക. രാഷ്ട്രീയം കഥകളുടെ ഏറ്റവും അടിയില്‍ നില്‍ക്കുന്നത് ഗണേഷിന്റെ കഥകളില്‍ കാണാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ വ്യക്തമായ ഒരു മാനുഷിക നിലപാടിനുമുകളിലാണ് ഗണേഷ് തന്റെ കഥകളെ പ്രതിഷ്ഠിക്കുന്നത്. കഥകളുടെ സത്തയായി രാഷ്ട്രീയം കരുപിടിപ്പിക്കുന്നത് പ്രത്യക്ഷസൂചനകളിലൂടെയല്ല എന്നത് ശ്രദ്ധേയമാണ്. ചിരിയിലൂടെയാണ് ഈ കഥാകാരന്‍ കഥാഭൂമികയെ ഭദ്രമാക്കുന്നത്. പുത്തന്‍ കഥവഴികളില്‍ ഈ ചെറുപ്പക്കാരന്റെ പാത തിരിഞ്ഞൊറ്റയാവുന്നത് ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ മാറി നിന്ന് ചിരിക്കാനുള്ള കഥാകാരന്റെ ശേഷി കൊണ്ടാണ്. ക്രിയാതന്ത്രങ്ങള്‍, ചങ്ങമ്പുഴയെ അറിയുക, ബസ്-ക്രിയാത്മക കഥാപാത്രം എന്നീ കഥകളില്‍ മറച്ചു പിടിച്ച ഈ ചിരി വളരെ പ്രകടമാണ്.

ക്രിയാ തന്ത്രങ്ങളിലെ മാതു എന്ന ചാനല്‍ ജോലിക്കാരി നില്‍ക്കുന്നത് ദുഷിച്ച കാലത്തിന്റെ കയത്തിനു നടുക്കു തന്നെ. സ്ഥിരനിയമനം എന്ന ലക്ഷ്യത്തിലേക്കുള്ള നെട്ടോട്ടത്തിനിടയിലും പക്ഷേ ഒരു ചിരി അവളുടെ ചെയ്തികളില്‍ സ്പഷ്ടമാകുന്നുണ്ട്. കഥ തുടങ്ങുന്നതും ഒടുങ്ങുന്നതും കഥാകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ തമാശ പോലെ രസകരവും ചില മഹത്തായ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതുമാണ്.

മൂന്നാം മുറകളും മന്ത്രങ്ങളും മാട്ടലും ഒക്കെ കൊണ്ടു നടന്നിട്ടുള്ള മാതുവിന്റെ മുത്തശ്ശന്‍ വിയര്‍പ്പൊഴുക്കി നേടിത്തന്ന നാടിന്റെ സ്വാതന്ത്ര്യം അതിന്റെ അതേ ഗൌരവത്തോടെ തന്നെയാവണം മാതു പരിഗണിച്ചിട്ടുള്ളത്. അതു കൊണ്ടാണല്ലോ പാരമ്പര്യം തുണയാവുന്നതിന്റെ ത്രില്ല് മാതുവിന്റെ കഥാപാത്രത്തിന്റെ പ്രവൃത്തികളില്‍ അടങ്ങിയിട്ടുള്ളത്. മലബാര്‍ ലഹളയിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്തിട്ടുള്ള മുത്തശ്ശന്‍ എരുമച്ചോര കൊണ്ടും മൃഗവിസര്‍ജ്ജങ്ങളിലൂടെയും നേടിത്തന്ന സ്വാതന്ത്ര്യം തനിക്കുവേണ്ടിയായിരുന്നു എന്ന മാതുവിന്റെ പ്രായോഗിക ചിന്തയില്‍ ആ ചിരി ഒന്നുകൂടെ പ്രത്യക്ഷമാവുന്നുണ്ട്. അരച്ചെടുത്ത മുളകും കടുകും വിഗ്രഹത്തില്‍ തേച്ച് ഊതിയ ചെമ്പുതകിട് കുഴിച്ചിട്ട് ക്ലമന്റ് സായ്പിനെ മാട്ടലിലൂടെ നാടുകടത്തുന്ന മുത്തശ്ശന്‍ മാതുവിന്റെ ചരിത്ര ബോധമാണ്. മുത്തശ്ശനില്‍ നിന്നുള്ള അറിവിന്റെ ധാരാളിത്തത്തിലാണ് മൂളിപ്പാട്ടു പാടാനും ജോലിസ്ഥിരതയ്ക്കുള്ള ഊര്‍ജ്ജം സംഭരിച്ചെടുക്കാനും അവള്‍ക്ക് സാധിക്കുന്നത്.

ചങ്ങമ്പുഴയെ അറിയുക എന്ന കഥയിലെ നിഷയും സനലും തേടുന്നതും കലുഷകാലത്തിന്റെ സരളമായ ഇടവഴികള്‍ തന്നെയാണ്. ക്ഷണികസംഭവങ്ങളുടെ വിഷ്വലുകളായി കാലം ചുരുങ്ങുമ്പോഴും അവര്‍ക്കത് നര്‍മ്മത്തോടെ തിരിച്ചിടാനാവുന്നുണ്ട്. അതേ സാരള്യത്തിന്റെ കരുത്തു കൊണ്ടാവണം കഥാകാരന് തീയറ്ററിനു മുമ്പിലെ നിരത്ത് എന്ന വിഷ്വലിനെ പ്രണയക്കടലാസ്സാക്കി മാറ്റുവാനും അവരെ (പുതു തലമുറയെ) അതില്‍ എവിടെ വേണമെങ്കിലും ചേര്‍ക്കാവുന്ന ചിഹ്നമാക്കി മാറ്റുവാനും സാധിക്കുന്നത്.

ബസ്സ് - ക്രിയാത്മക കഥാപാത്രം എന്ന കഥയിലാവട്ടെ ചിരി സമൃദ്ധമാണ്. ഊമയായ പോക്കറ്റടിക്കാരന്റെ പോക്കറ്റില്‍ പണിപ്പെടാതെ തന്നെ വന്നു ചേരുന്ന നോട്ടുകെട്ട്, തര്‍ക്കിക്കുമ്പോള്‍ തെറിച്ചു പോകുന്ന വൃദ്ധന്റെ വെപ്പുപല്ല്, തടിച്ചിയും മെലിച്ചിയും കൈമാറുന്ന നോട്ടങ്ങള്‍ എന്നിവയില്‍ അപരജീവിതത്തിന്റെ ചിരിയുണ്ട്. അപരജീവിതത്തിന്റെ ചിരി കണ്ടെത്തുന്നത് കഥയുടെ മര്‍മ്മമാകുന്നു.

ബി. മുരളിയും സിതാരയും എന്നെ മോഷ്ടിക്കുന്നു എന്ന രചനയില്‍ യുവകഥാകൃത്തുക്കളും ആദിവാസിയും ചേര്‍ന്നു നടത്തുന്ന ചിരിയാണ് കാണുന്നത്.

എല്ലാ കഥകളിലും ചിരിക്കിടയില്‍ കറുത്ത കാലത്തിന്റെ അസ്ഥി തെളിഞ്ഞു വരുന്നുണ്ട്. നിഷ-സനല്‍, ഭാസ്കരന്‍‌നായര്‍-ചന്ദ്രിക ദ്വന്ദ്വങ്ങള്‍ സംഗമിക്കുന്ന സിമന്റു ബഞ്ചില്‍ തുരുമ്പിച്ച കമ്പികള്‍ തെളിഞ്ഞു വരും പോലെ.

താഴെ പറയുന്ന കഥാമുഹൂര്‍ത്തങ്ങള്‍ ശ്രദ്ധിക്കുക:

1. അന്തരിച്ചു, നിര്യാതയായി, അന്ത്യശ്വാസം വലിച്ചു, മരിച്ചു... മരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പര്യായപദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മലയാളിയുടെ ഹിപ്പോക്രസി അമ്മയുടെ മുമ്പില്‍ തോറ്റു പോവട്ടെ - (അരുത്)

2. ലിഫ്റ്റ് സത്യനാഥനെ താഴോട്ട് കൊണ്ടു പോയി, അകത്തെ ചൂടുവായുവിനോടൊപ്പം പുറത്തേക്ക് തള്ളിയത് അനാവശ്യമായ സാധനത്തെ വലിച്ചെറിയുന്നതു പോലെയാണ്. ഓര്‍മ്മകളും പഴങ്കഥകളും പേറുന്നവരെ സാധാരണയായി കമ്പനി ചെയ്യാറുള്ളതാണെന്നാലോചിക്കാതെ അയാള്‍ സന്ദര്‍ശകരുടെ മുറിയില്‍ കയരി ഒരിടത്തിരുന്നു. - (ചുറ്റുപാടുകള്‍)

3. ഫങ്ഷന്‍ തീര്‍ന്നപ്പോള്‍ തെദോരിയസ് കോണ്‍‌വെന്റിന്റെ നാലാം നിലയിലെ മിന്നല്‍ രക്ഷാകവചത്തിനും ഉയരത്തിലേക്ക് ഒരായിരം ബലൂണുകള്‍ ഉദിച്ചുപൊങ്ങി. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ പാതിരിക്ക് അഞ്ച് നൂറ്റാണ്ടിനു ശേഷം കുട്ടികള്‍ ജയ് വിളിച്ചു. - (തിരോധാനം)

മേല്പറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മറച്ചു പിടിക്കുന്ന ചിരി കരച്ചിലമര്‍ത്താനുള്ള തന്ത്രമാണെന്നും വരുന്നു.

ഒരേ സമയം ഒഴുക്കിനൊത്തു പോവുകയും മാറി നിന്ന് നിരീക്ഷിക്കുകയും ചെയ്യുക എന്നത് ചിരിയോ കരച്ചിലോ എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്നു. കഥകളിലുടനീളം കഥാകാരന്‍ ഇഴചേര്‍ത്തു വച്ചിരിക്കുന്ന ഇത്തരം ചിരി/കരച്ചില്‍ നിരീക്ഷണങ്ങള്‍ കാലത്തിന്റെ കോമാളി മുഖത്തിനു നേര്‍ക്കു പിടിക്കുന്ന കണ്ണാടിയാവുന്നുണ്ട്. പുതിയ കഥാസമാഹാരങ്ങളില്‍ ആര്‍ജവത്തോടെ നമ്മെ വീണ്ടും വീണ്ടും വായിപ്പിക്കുന്ന പുസ്തകമായി ക്രിയാത്മക കഥാപാത്രങ്ങള്‍ മാറുന്നു.

മഹേന്ദര്‍,
പാലക്കാട്.
Subscribe Tharjani |